Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവേദിയിൽ മുഴങ്ങുന്ന...

വേദിയിൽ മുഴങ്ങുന്ന നാദനിർഘോഷവും കുലീനമായ നീലപ്പെൻസിലും

text_fields
bookmark_border
വേദിയിൽ മുഴങ്ങുന്ന നാദനിർഘോഷവും  കുലീനമായ നീലപ്പെൻസിലും
cancel
camera_alt

തൃശൂരിൽ നടന്ന മതാന്തര സംവാദപരിപാടിയിൽ ടി.കെ. അബ്​ദുല്ല സംസാരിക്കുന്നു (ഫയൽ)

''പ്രാചിയുടെ ചേതനയിൽ അതാ

ഒരു ഗാനസൂനം വിരിയുന്നു:

'അപ്​നീ മില്ലത്ത്​ പർ ഖിയാസ്​

അഖ്​വാമെ മഗ്​രിബ്​ സേ ന കർ

ഖാസ്​ ​ഹേ തർകീബ്​ മേ

ഖൗ​േമ റസൂ​േല ഹാശിമി

ഉൻകീ ജംഇയ്യത്ത്​ കഹീൻ

മുൽകോ നസബ്​ പർ ഇൻഹിസാർ

ഖുവ്വത്തെ മദ്​ഹബ്​ സെ മുസ്​തഹ്​കം

ഹേ ജംഇയ്യത്ത്​ തെരീ''

(പാ​ശ്ചാത്യരുമായി സ്വന്തം സമുദായത്തെ

താരതമ്യ​പ്പെടുത്താതിരിക്കുക.

ഘടനയിൽ സവിശേഷമാണ്​

ഹാശിം ഗോത്രത്തിലെ

ദൈവദൂത​ന്‍റെ ജനം

അവരുടെ സംഘം ഒരിടത്തും

ദേശഗോത്രങ്ങളിൽ ഒതുങ്ങുന്നവരല്ല

മതത്തി​െൻറ ശക്തിയാൽ നിർഭരം

നി​​െൻറ സംഘം സുഭദ്രം).

വേദിയിൽ മുഴങ്ങുന്ന ആ നാദനിർഘോഷം പതിറ്റാണ്ടുകൾ താണ്ടി ഇന്നും കാതിൽ അലതല്ലുന്നു. കാസർകോട്​ ആലിയ കോളജി​​െൻറ വാർഷിക സമ്മേളനത്തിൽ, വിദേശപ്രതിനിധികൾ നിറഞ്ഞ സ്​റ്റേജിൽ നിശ്ശബ്​ദം സാകൂതം ചെവികൂർപ്പിച്ച്​ കേൾക്കുന്ന ജനക്കൂട്ടത്തെ അഭിമുഖീകരിച്ച്​ ടി.കെ. അബ്​ദുല്ല സാഹിബ്​ ​പ്രസംഗിക്കുകയാണ്. അമ്പതിലേറെ ആണ്ടുകൾ പിന്നിട്ടിട്ടും ആ വാഗ്​ധോരണി ഓർമയിൽ ഓളംവെട്ടുന്നു. കാരണമുണ്ട്​; പ്രഭാഷണം ഒരു കലയാണെങ്കിൽ അതി​ന്‍റെ മൂർത്തമായ ഉദാഹരണമായിരുന്നു ടി.കെ. അക്കാലത്തെ വ്യത്യസ്​തരായ എണ്ണംപറഞ്ഞ പ്രഭാഷകരിലൊരാൾ.

രാഷ്​ട്രീയവേദിയിൽ സി.എച്ച്​. മുഹമ്മദ്​ കോയയും പി.പി. ഉമ്മർകോയയും സാഹിത്യ സാംസ്​കാരിക വേദികളിൽ സുകുമാർ അഴീക്കോടും തിളങ്ങിനിന്നപ്പോൾ ടി.കെ മറ്റൊരു തലത്തിൽ പ്രസംഗവേദിയിലെ ക്രൗഡ്​ പുള്ളറായി. രൂക്ഷപരിഹാസത്തി​ന്‍റെ ഭാഷാലീലയായിരുന്നു സി.എച്ചി​ന്‍റെ കൈമുതൽ. മർമത്തി​ൽ കൊള്ളുന്ന നർമം ടി.കെയുടെയും ആയുധമാണ്​. സി.എച്ചിൽനിന്ന്​ ഭിന്നമായി, ടി.കെയുടെ സൗമ്യമധുരമായ നർമം പൊട്ടിച്ചിരിപ്പിക്കുകയല്ല; ഒരു മന്ദസ്​മിതത്തിലേക്ക്​ നയിച്ച്​ ഉറക്കെ ചിന്തിപ്പിക്കുകയാണ്​ ചെയ്യുക.

1982 നവംബറിൽ റിച്ചാർഡ്​ ആറ്റൻബറോയുടെ ഗാന്ധി ഫിലിം ഡൽഹിയിൽ പുറത്തിറങ്ങിയ കാലം. ബെൻ കിങ്​സ്​ലിയാണല്ലോ അതിൽ ഗാന്ധിവേഷമിട്ടത്​. 1983ൽ മലപ്പുറത്തെ ദഅ്​വത്ത്​ നഗറിൽ ചേർന്ന ജമാഅത്തെ ഇസ്​ലാമി സംസ്​ഥാന സമ്മേളനത്തിൽ രാജ്യത്തി​ന്‍റെ രാഷ്​ട്രീയാപചയത്തെ ചിത്രീകരിക്കവെ പ്രസംഗത്തിൽ ഗാന്ധി കയറിവന്നു.

'ഗാന്ധിജിയായി അഭിനയിക്കാൻപോലും ആളില്ലാതെ വിദേശത്തുനിന്ന്​ കടംവാങ്ങേണ്ട ഗതികേടിലാണ്​ ഇപ്പോൾ നമ്മുടെ രാജ്യം.' മറ്റൊരിക്കൽ, ബിഹാറിലെ പൊലീസ്​, തടുവുപുള്ളികളുടെ കണ്ണ്​ ചൂഴ്​ന്ന വാർത്ത പത്രങ്ങളിൽ നിറഞ്ഞുനിന്നപ്പോൾ 'മനുഷ്യത്വത്തി​ന്‍റെ കണ്ണ്​ നഷ്​ടപ്പെട്ട ബിഹാറിലെ പൊലീസിന്​ ആ കണ്ണ്​ നൽകാൻ പ്രാപ്​തമായ ഒരു സന്ദേശത്തിനു​വേണ്ടി ദാഹിക്കുകയാണ് നമ്മുടെ​ രാജ്യം...' എന്നിങ്ങനെ പോയി ടി.കെയുടെ പ്രസംഗം. ഇത്തരം എമ്പാടും ഉദ്ധരണികൾ ആ പ്രഭാഷണങ്ങളിൽനിന്ന്​ ഓർത്തെടുക്കാൻ കഴിയും. തികച്ചും കാലികമാണെന്നതായിരുന്നു അവയുടെ എടുത്തോതേണ്ട പ്രത്യേകത.

രാഷ്​ട്രീയം അതി​ന്‍റെ അകക്കാമ്പായി സ്​പന്ദിച്ചുകൊണ്ടിരിക്കും. ഇഖ്​ബാലി​​െൻറ ദാർശനികഗരിമയാർന്ന വരികളും അക്​ബർ ഇലാഹാബാദിയുടെ ഹാസ്യരസം തുളുമ്പുന്ന പദ്യശകലങ്ങളും അനർഗളമായ ആ വാക്​ പ്രവാഹത്തിന്​ അകമ്പടിയായെത്തും. ഭാഷയുടെ ലാവണ്യവും വാക്കുകളുടെ മഞ്​ജുള വിന്യാസവും ശരിക്കും കർണപീയൂഷമായിത്തന്നെ നമുക്ക്​ അനുഭവപ്പെടും.പ്രസംഗത്തെയും കവച്ചുവെക്കുന്നതാണ്​ ടി.കെയുടെ പഠന ക്ലാസുകൾ. സന്ദർഭോചിതമായ നർമോക്തികളും മനസ്സിൽ തറക്കുന്ന ഉദാഹരണങ്ങളും കൊണ്ട്​, പ്രമേയമേതുമാക​ട്ടെ, സദസ്സിനെ ജ്​ഞാനസ്​നാനം ചെയ്​തേ ആ ക്ലാസുകൾ അവസാനിക്കൂ.

പാരമ്പര്യവും ആധുനികതയും

യാഥാസ്​ഥിതികമായ ഒരു ഗൃഹാന്തരീക്ഷത്തിലാണ്​ ടി.കെ വളർന്നത്​. പിതാവ്​ തറക്കണ്ടി അബ്​ദുറഹ്​മാൻ മുസ്​ലിയാർ അക്കാലത്തെ അറിയപ്പെടുന്ന സുന്നി പണ്ഡിതനും ആത്മീയ നേതാവുമായിരുന്നു. വലിയ്യിനെ ​േപാലെയാണ്​ ജനങ്ങൾ അദ്ദേഹത്തെ കണ്ടിരുന്നത്​. എങ്കിലും, പക്ഷപാത ബുദ്ധിയല്ലാത്ത അ​േദ്ദഹത്തി​ന്‍റെ ലൈബ്രറിയിൽ മക്​തി തങ്ങളുടെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന 'ഇശാഅത്ത്​' തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ കണ്ടതായി ടി.കെ തന്നെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്​.

പിതാവി​െൻറ മരണശേഷം കടവത്തൂരിലെ അമ്മാവന്മാർ ടി.കെയെ വിദ്യാഭ്യാസത്തിനയച്ചത്​ പാരമ്പര്യരീതിയിലുള്ള പള്ളി ദർസിലേക്കായിരുന്നു. മാട്ടൂൽ വേദാമ്പുറത്ത്​ പള്ളിയിൽ ദർസ്​ നടത്തിയിരുന്ന, പിതാവി​െൻറ ശിഷ്യനായ കീഴന കുഞ്ഞബ്​ദുല്ല മുസ്​ലിയാരായിരുന്നു ടി.കെയുടെ പ്രഥമ ഗുരു. വാഴ​ക്കാ​ട്​ ദാറുൽ ഉലൂമിലും പുളിക്കൽ മദീനത്തുൽ ഉലൂമിലും കാസർകോട്​ ആലിയ അറബിക്​ കോളജിലും അദ്ദേഹം പഠിച്ചു. മുജാഹിദ്​ പണ്ഡിതന്മാരായ എം.സി.സി സഹോദരന്മാരും കെ.സി. അലവി മൗലവി, സഹോദരൻ അബൂബക്കർ മൗലവി എന്നിവരും അധ്യാപകരായിരുന്നു. ആലിയ കോളജിൽ ത്വാഈ മൗലവിയിൽനിന്നാണ്​ അദ്ദേഹം ഉർദു ഭാഷ പഠിച്ചത്​. ഇഖ്​ബാലി​ന്‍റെ കാവ്യലോകത്തിലേക്ക്​ പ്രവേശിക്കുന്നത്​ അങ്ങനെ​. മാതൃഭാഷ പോലെത്തന്നെയായിരുന്നു അദ്ദേഹത്തിന്​ ഉർദു. വ്യത്യസ്​ത സാംസ്​കാരിക പശ്ചാത്തലങ്ങളോടുകൂടിയ ഈ വിദ്യാഭ്യാസം പിൽക്കാലത്ത്​ സന്തുലിതമായൊരു കാഴ്​ചപ്പാട്​ രൂപപ്പെടുത്തിയെടുക്കാൻ സഹായിച്ചിട്ടുണ്ടെന്നു​േവണം കരുതാൻ. കുട്ടിക്കാലത്തെ ജീവിതാനുഭവങ്ങളാകാം മുസ്​ലിം പൗരോഹിത്യമതത്തി​ന്‍റെ മിഥ്യാലോകത്തുനിന്ന്​ പുറത്തുപോകാൻ അദ്ദേഹത്തിന്​ പ്രചോദനമായത്​.

നീലപ്പെൻസിൽ

കാസർകോട്​ ആലിയ കോളജിൽ പഠിക്കുന്ന കാലത്താണ്​ അന്നത്തെ ജമാഅത്ത്​ അമീർ വി.പി. മുഹമ്മദലി എന്ന ഹാജി സാഹിബ്​ 'പ്രബോധനം' വാരികയിലേക്ക്​ ക്ഷണിക്കുന്നത്​. ഹാജി സാഹിബ്​ ത​െന്നയായിരുന്നു പത്രാധിപർ. എഴുപതുകളുടെ ആദ്യം ഈ ലേഖകൻ പ്രബോധനത്തിൽ ചേരു​േമ്പാഴും 1987ൽ വിടു​േമ്പാഴും ടി.കെ തന്നെയായിരുന്നു പത്രാധിപർ. രചനാ സംഭാവനകളുടെ അഭാവത്തിലും അച്ചടിച്ചുവരുന്ന മാറ്ററുകളിൽ എപ്പോഴും അദ്ദേഹത്തി​ന്‍റെ ഒരു കണ്ണുണ്ടാകാറുണ്ടായിരുന്നു. ചെറിയ അച്ചുപിഴയും ശൈലീഭംഗങ്ങളും ഭാഷാ വൈകല്യങ്ങളും അദ്ദേഹത്തിന്​ ഒട്ടും സഹിക്കാൻ പറ്റുമായിരുന്നില്ല. പൂർണത, പെർഫക്​ഷ​ൻ- ഇതിൽ ഇത്ര പെർഫെക്​ടായ ഒരു പത്രാധിപരെ ഞാൻ കണ്ടിട്ടില്ല. പ്രബോധനപരമായ വിശാല താൽപര്യങ്ങൾക്ക്​ വലിയ പ്രാധാന്യമാണ്​ അദ്ദേഹം കൽപിച്ചിരുന്നത്​.

അവർഗീയ സമീപനം

​'പ്രബോധന'ത്തി​െൻറ എഡിറ്റോറിയൽ ചുമതലയിലായിരിക്കെ, അദ്ദേഹം മുറിയിലേക്ക്​ എന്നെ വിളിപ്പിച്ചു. അതൊരു പതിവില്ലാത്ത വിളിയായിരുന്നു. കാരണം, വലിയ തോതിലൊന്നും എഡിറ്റോറിയൽ ഇടപെടലുകൾ അദ്ദേഹം അന്ന്​ നടത്താറില്ല. മതവും ലൈംഗികതയും മാധ്യമങ്ങളിൽ ചർച്ചാവിഷയമായ പശ്ചാത്തലത്തിൽ ഞാൻ എഴുതിയ ലേഖനമായിരുന്നു വിഷയം. ക്ഷേത്രഭിത്തികളിലെ രതിശിൽപങ്ങളു​ം വാത്സ്യായന മഹർഷിയുടെ കാമസൂത്രവും പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ ലൈംഗിക കേളികളുമൊക്കെയായിരുന്നു ലേഖനത്തിലെ പ്രതിപാദ്യം; അതിലെ വിവരങ്ങളാക​ട്ടെ നാലപ്പാട്ട്​ നാരായണമേനോൻ വിവർത്തനം ചെയ്​ത ഹാവ്​ലോക്​ എല്ലീസി​ന്‍റെ 'രതി സാമ്രാജ്യ'ത്തിൽനിന്ന്​ എടുത്തതും. തീർത്തും അക്കാദമിക സ്വഭാവത്തോടെ എഴുതപ്പെട്ട ഒരു രചനയായേ പത്രാധിപരുടെ മുന്നിൽ നിന്നപ്പോഴും എനിക്കതിനെപ്പറ്റി തോന്നിയുള്ളൂ. ആ നിലക്ക്​ ഞാനതിനെ ന്യായീകരിക്കാനും ശ്രമിച്ചു. പക്ഷേ, ടി.കെ അത്​ സമ്മതിച്ചില്ല. ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തുമെന്ന നിലപാടിൽതന്നെ അദ്ദേഹം ഉറച്ചുനിന്നു. ഞാൻ തർക്കിക്കാൻ മുതിർന്നപ്പോൾ ഒരാളെങ്കിലും അങ്ങനെ ഉണ്ടെന്ന്​ അദ്ദേഹം തറപ്പിച്ചുപറഞ്ഞു. പാലക്കാട്ടുകാരനായ രാമസ്വാമി അയ്യരായിരുന്നു അത്​.ഇടക്കിടെ അംബാസഡർ കാറിൽ വന്ന്​ ടി.കെയെ സന്ദർശിച്ചുപോകുന്ന ജമാഅത്തെ ഇസ്​ലാമിയുടെ 'ഗുണകാംക്ഷി'. എന്നുവെച്ചാൽ, ഇൻറലിജൻസ്​ ഡിപ്പാർട്​മെൻറിലെ ഡിവൈ.എസ്​.പി. ഇമ്മാതിരി ലേഖനങ്ങളൊക്കെ ഗുണത്തേക്കാളേറെ ദോഷമല്ലേ വരുത്തുക എന്ന്​ അദ്ദേഹം ചോദിച്ചുവത്രെ. ആ സന്ദർഭത്തിൽ ഇൻറലിജൻസി​​െൻറ പ്രതിനിധിയായല്ല, ശുദ്ധാത്മാവായ ഒരു പാലക്കാടൻ പട്ടരായാണ് ടി.കെ അ​േദ്ദഹത്തെ കണ്ടത്​.

നമ്മൾ പത്രം നടത്തുന്നത്​ വിനോദത്തിനോ കേവല വിജ്​ഞാന പ്രചാരണത്തിനോ അല്ലെന്നും അതിന്​ പ്രബോധനപരമായ ഒരു ദൗത്യമുണ്ടെന്നും ടി.കെ ഓർമിപ്പിച്ചു. അത്​ ഒരാളിൽ പരാജയപ്പെട്ടാൽ തീർത്തും പരാജയപ്പെട്ടതിന്​ സമമാണെന്നും അത്​ മറന്നുപോകരുതെന്നുമായിരുന്നു അദ്ദേഹത്തി​ന്‍റെ ഉപദേശം. എ​ന്‍റെ എഴുത്തു ജീവിതത്തിലെ വലിയൊരു പാഠമായിരുന്നു ആ ഉപദേശം. അതോടെ പ്രതിയോഗികളെ കടന്നാക്രമിക്കുന്നതിലെ 'ത്രില്ല്​' പാടെ ഉപേക്ഷിച്ചു. അതിന്​ ഫലവുമുണ്ടായി. പിന്നീട്​ മാതൃഭൂമി ആഴ്​ചപ്പതിപ്പ്​ ആർ.എസ്​.എസിനെ കുറിച്ച്​ സംഘടിപ്പിച്ച ചർച്ചയിൽ ലേഖനമെഴുതിയപ്പോൾ അനുദ്ധതമായ ശൈലിയോട്​ പ്രതിബദ്ധത പുലർത്താനായി.

കോഴിക്കോടുനിന്ന്​ രാമദാസ്​ വൈദ്യരും മാതൃഭൂമിയിൽനിന്നുതന്നെ ആർ.എം. മനക്കലാത്തും കെ.എ കൊടുങ്ങല്ലൂരും പ്രഫ. വി. മുഹമ്മദുമടക്കം ആ ലേഖനത്തെ അഭിനന്ദിച്ചു. ജമാഅത്തി​ന്‍റെ ഉർദു മുഖപത്രമായ 'ദഅ്​വത്തി'​ന്‍റെ പത്രാധിപർ മുഹമ്മദ്​ മുസ്​ലിം ആയിരുന്നു ടി.കെയുടെ റോൾമോഡൽ. ശങ്കർ ദയാൽ ശർമ, കുൽദീപ്​ നയാർ, ഭഗവാൻ സഹായ്​, കെ.എ. അബ്ബാസ്​, എ.എ. ഖുസ്രു, ഐ.കെ. ഗുജ്​റാൽ എന്നിവരൊക്കെ ആദരിച്ചിരുന്ന അദ്ദേഹത്തെ മാതൃകയാക്കാനാണ്​ ടി.കെ സദാ ഞങ്ങളെ ഉപദേശിക്കാറുണ്ടായിരുന്നത്​. 'നടന്നു​ തീരാത്ത വഴികൾ' അവസാനിക്കുന്നിടത്ത്​ ടി.കെ കുറിച്ചിട്ട ഇഖ്​ബാലി​​െൻറ വരികൾ ഉദ്ധരിച്ച്​ ഈ ഗുരു പ്രണാമവും അവസാനിപ്പിക്ക​ട്ടെ.

ജഹാനെ നൗ ഹോ രഹാഹെ പൈദാ

യെ ആല​േമ പീർ മർരഹാ ഹെ'

(ഉദിക്കുന്നു പുതുലോകം

മരിക്കുന്നു പഴകുമുലകം)

Show Full Article
TAGS:tk abdullah memories prabodhanam 
News Summary - memories of tk abdullah
Next Story