അട്ടിമറിയിൽ 'മാസ്റ്റേഴ്സ് ബിരുദം' അഥവാ മെഡിക്കൽ പി.ജി പ്രവേശനം
text_fieldsസംസ്ഥാനത്തെ ഏഴു സർക്കാർ കോളജുകളിലായി ലഭ്യമായ 427 മെഡിക്കൽ പി.ജി സീറ്റുകളിൽ 31 എണ്ണവും പോയത് മുന്നാക്ക സംവരണത്തിന്. എസ്.സി വിഭാഗത്തിന് (32സീറ്റ്) സമാനമായ നേട്ടമാണ് പി.ജിയിൽ മുന്നാക്ക സംവരണക്കാർ നേടിയത്. എസ്.ടി വിഭാഗത്തിന് ലഭിച്ചത് എട്ടു സീറ്റുകൾ മാത്രം. അതേസമയം, ഇൗഴവ, മുസ്ലിം, ലത്തീൻ കത്തോലിക്ക, പിന്നാക്ക ഹിന്ദു, പിന്നാക്ക ക്രിസ്ത്യൻ, കുഡുംബി വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒ.ബി.സി വിഭാഗത്തിന് ആകെ ലഭിച്ചത് 36 സീറ്റുകളും. ഇതിൽ ജനസംഖ്യയിൽ മുന്നിൽ വരുന്ന മുസ്ലിം വിഭാഗത്തിന് ആകെ ഒമ്പതും ഇൗഴവ വിഭാഗത്തിന് 13ഉം സീറ്റുകളാണ് ലഭിച്ചത്. ലത്തീൻ കത്തോലിക്ക നാല്, പിന്നാക്ക ഹിന്ദു 5, പിന്നാക്ക ക്രിസ്ത്യൻ മൂന്ന്, കുഡുംബി മൂന്ന് എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങൾക്ക് ആകെ ലഭിച്ച സീറ്റ്.
മുന്നാക്ക സംവരണത്തിനുള്ള 31 സീറ്റുകളിൽ 13 എണ്ണവും അനുവദിച്ചത് കോഴിക്കോട് മെഡിക്കൽ കോളജിലാണ്. തിരുവനന്തപുരം ആറ്, കോട്ടയം ആറ്, ആലപ്പുഴ അഞ്ച് എന്നിങ്ങനെയാണ് മറ്റു മെഡിക്കൽ കോളജുകളിലെ മുന്നാക്ക സംവരണ കണക്കുകൾ. മെഡിക്കൽ പി.ജി സീറ്റുകളിലെ പ്രവേശനത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പ്രോസ്പെക്ടസ് പ്രകാരം ഏറ്റവും ഉയർന്ന സംവരണത്തിന് അർഹർ മുന്നാക്ക വിഭാഗമാണെന്നതാണ് (പത്തു ശതമാനം) ഏറെ ഞെട്ടിക്കുന്നത്. എസ്.സി വിഭാഗത്തിന് എട്ടു ശതമാനം സംവരണമെങ്കിൽ എസ്.ടിക്ക് രണ്ടു ശതമാനം. ഒ.ബി.സിക്ക് ആകെ സംവരണം ഒമ്പതു ശതമാനം. ഇതിൽ ഇൗഴവ മൂന്ന്, മുസ്ലിം രണ്ട്, പിന്നാക്ക ഹിന്ദു, ലത്തീൻ കത്തോലിക്ക, പിന്നാക്ക ക്രിസ്ത്യൻ, കുഡുംബി എന്നീ വിഭാഗങ്ങൾക്ക് ഒരു ശതമാനം വീതവുമാണ് സംവരണം. സാമൂഹിക, സാമ്പത്തിക അസമത്വങ്ങളോട് പൊരുതി സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് എത്താൻ ശ്രമിക്കുന്ന സംവരണ സമുദായങ്ങളോട് ഇതിലും വലിയ ചതി ഒരു ജനാധിപത്യഭരണകൂടത്തിന് ചെയ്യാനാകില്ല.
അധിക സീറ്റ് അനുവദിച്ചാണ് മെഡിക്കൽ പി.ജിയിൽ മുന്നാക്ക സംവരണം നടപ്പാക്കിയതെന്ന് വാദിക്കുന്നവരുണ്ട്. ഇൗ അധിക സീറ്റുകൾ എവിടെ നിന്ന് വന്നുവെന്നത് കൂടെ അറിയണം. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ നേരത്തേയുണ്ടായിരുന്ന ഡിേപ്ലാമ സീറ്റുകൾ പിൻവലിച്ച് പി.ജി സീറ്റുകളാക്കി മെഡിക്കൽ കൗൺസിൽ നൽകിയ 58 സീറ്റുകളിൽ നിന്നാണ് മുന്നാക്ക സംവരണത്തിനുള്ള 31 സീറ്റുകൾ എടുത്തത്. 31ൽ ഒരു സീറ്റ് മുന്നാക്കസംവരണ വിഭാഗത്തിലെ ഭിന്നശേഷി സംവരണത്തിന് നീക്കിവെച്ചെങ്കിലും അപേക്ഷകനില്ലാതെ ജനറൽ മെറിറ്റിലേക്ക് മാറ്റി. സംവരണ വിഭാഗങ്ങൾക്ക് കൂടെ അവകാശപ്പെട്ട ഡിേപ്ലാമ സീറ്റുകൾ പി.ജി സീറ്റുകളായി തിരികെ ലഭിച്ചപ്പോൾ അതിെൻറ പ്രധാന പങ്കും മുന്നാക്ക സംവരണക്കാർക്ക് തീറെഴുതി നൽകുകയായിരുന്നു സർക്കാർ.
ഡിമാൻറുള്ള കോഴ്സും കോളജും ഉറപ്പാക്കിയുള്ള കരുതൽ !
മുന്നാക്ക സംവരണത്തിലൂടെ മെഡിക്കൽ പി.ജി പ്രവേശനം നേടിയ 30ൽ 27 പേർക്കും ഏറെ ഡിമാൻറുള്ള ക്ലിനിക്കൽ വിഷയങ്ങളിൽ തന്നെ സർക്കാർ സീറ്റ് തരപ്പെടുത്തികൊടുത്തു. രണ്ടര ഏക്കർ വരെ ഭൂമിയും നാലു ലക്ഷം വരെ വരുമാനവുമുള്ള 'ദരിദ്ര കുടുംബ'ത്തിൽ നിന്ന് വരുന്ന ഇൗ വിദ്യാർഥികളുടെ കാര്യത്തിൽ എന്തൊരു കരുതലാണ് ഇൗ സർക്കാറിന്!
അഞ്ചു പേർക്ക് വീതം പീഡിയാട്രിക്സ്, ഗൈനക്കോളജി, അനസ്തേഷ്യ, നാല് പേർക്ക് ഒാർത്തോപീഡിക്സിലും മൂന്ന് പേർക്ക് ഒഫ്ത്താൽമോളജിയിലും രണ്ടു പേർക്ക് ഓട്ടോലാറിംഗോളജി(ഇ.എൻ.ടി)യിലും പ്രവേശനം ലഭിക്കുന്ന രീതിയിലാണ് പ്രവേശനത്തിനുള്ള റോസ്റ്റർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് തയാറാക്കി നൽകിയത്. റേഡിയോ ഡയഗ്നോസിസ്, റേഡിയോ തെറപ്പി, റസ്പിറേറ്ററി മെഡിസിൻ എന്നിവയിൽ ഒാരോരുത്തർക്കും പ്രവേശനം നൽകി. ഏതൊരു മികച്ച വിദ്യാർഥിയും മെഡിക്കൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന മുൻനിര സ്ഥാപനങ്ങളായ കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളജുകളിലാണ് 30ൽ 26 പേർക്കും പ്രവേശനം. നാല് പേർക്ക് ആലപ്പുഴയിലും.
(തുടരും)