Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതയാറെടുപ്പോടെ...

തയാറെടുപ്പോടെ വര​​െട്ട ജില്ലകളിൽ മെഡിക്കൽ കോളജുകൾ 

text_fields
bookmark_border
തയാറെടുപ്പോടെ വര​​െട്ട ജില്ലകളിൽ മെഡിക്കൽ കോളജുകൾ 
cancel

2015 മേയ്​ദിനത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പി​​​െൻറ ഡയറക്​ടറായി ഒരു മാസത്തേക്ക് ചുമതലയേറ്റു മാസാവസാനം വിരമിച്ചു. ആദ്യ പ്രവൃത്തിദിവസമാണ്​അറിയുന്നത്​ പുതുതായി തുടങ്ങിയ രണ്ടു സർക്കാർ മെഡിക്കൽ കോളജുകളുടെ പ്രിൻസിപ്പൽമാരും ഡയറക്​ടറേറ്റിൽ തന്നെയിരുന്നാണ്​ പ്രവർത്തിക്കുന്നതെന്ന്​. അവർക്ക്​ ചുമതലയുള്ള തിരുവനന്തപുരം ജനറൽ ആശുപത്രി മെഡിക്കൽ കോളജിലോ കോന്നിയിലോ ഒാഫിസോ ഇരിക്കാൻ മുറിയോ ഇല്ല. അധ്യാപകർ മുതൽ ശിപായിവരെ ജീവനക്കാരില്ല. തസ്​തിക സൃഷ്​ടിക്കലോ നിയമനമോ നടപ്പായിട്ടില്ല. എങ്കിലും ഒാരോ ജില്ലയിലും ജനറൽ ആശുപത്രികളോട്​ ചേർന്ന്​ മെഡിക്കൽ കോളജുകൾ ആരംഭിക്കുകയെന്നത്​ അന്നത്തെ സർക്കാറി​​​െൻറ നയമായിരുന്നു. അത്​ നടപ്പാക്കാൻ ചിട്ടയായ പ്രവർത്തനങ്ങൾ ആരംഭിച്ചു. എല്ലാ പുതിയ മെഡിക്കൽ കോളജുകളും നേരിട്ടുള്ള പരിശോധന നടത്തി സമഗ്രമായി വിലയിരുത്തി.

തിരുവനന്തപുരം ജില്ല ആശുപത്രി മെഡിക്കൽ കോളജ്​ എന്നത്​ ജനറൽ ആശുപത്രിയുടെ മതിൽകെട്ടിനകത്ത്​ കെട്ടിടങ്ങൾക്ക്​ പിറകിൽ ഒരു വലിയ കുഴി മാത്രം. കെട്ടിടം പണിക്കുള്ള അസ്​തിവാരത്തിനുവേണ്ടി മണ്ണ്​ എങ്ങോ​േട്ടാ നീക്കിയതാണ്​. മറ്റൊന്നുമായിട്ടില്ല. അവിടേക്കാണ്​ പരിശോധനക്കായി സർവകലാശാലയെയും മെഡിക്കൽ കൗൺസിലിനെയും വിളിച്ചുവരുത്തിയത്​. കോന്നിയിൽ കുഴിയില്ല. പകരം കുന്നോളം ഉയരത്തിൽ കരിങ്കല്ലുകൾ കൂട്ടിയിട്ടിട്ടുണ്ട്​. അതും കെട്ടിടനിർമാണത്തിനാണ്​. അവിടെ മണ്ണ്​ നീക്കുന്ന ജോലി ആരംഭിച്ചിട്ടില്ല. ഇടുക്കിയിൽ വൈദ്യുതി ബോർഡ്​ വർഷങ്ങൾക്ക്​ മുമ്പ്​ ഡാം പണി കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചുപോയ കെട്ടിടങ്ങളിലാണ്​ മെഡിക്കൽ കോളജ്​ പ്രവർത്തിക്കുന്നത്​. താമസസൗകര്യം കുറവായതുകൊണ്ട്​ സ്​ഥിരതാമസക്കാരായ അധ്യാപകരില്ല.

സൗകര്യങ്ങളില്ലാത്തതിനാൽ ക്ലിനിക്കൽ വിഭാഗങ്ങളിലെ അധ്യാപകർ ആരും ജോലിയിൽ പ്ര​േവശിക്കാൻ തയാറാകുന്നില്ല. ആരെങ്കിലും വന്നാൽപോലും ജില്ല ആശുപത്രിയിലെ ഡോക്​ടർമാരുടെ എതിർപ്പ്​ മറികടന്ന്​ ജോലിചെയ്യാൻ കഴിയുന്ന സാഹചര്യം ഉറപ്പുവരുത്തിയിട്ടില്ല. പാലക്കാട്​ കോളജ്​ കെട്ടിടം പണികഴിഞ്ഞ്​ പ്രവർത്തിച്ചുതുടങ്ങി. പക്ഷേ, ക്ലിനിക്കൽ വിഭാഗങ്ങളിലെ അധ്യാപകർക്ക്​ പ്ര​േവശനം ലഭിച്ചിട്ടില്ല. മഞ്ചേരിയിൽ കുറച്ചൊക്കെ നിസ്സഹകരണമുണ്ടെങ്കിലും ജില്ല ആശുപത്രിയിൽ മെഡിക്കൽ കോളജ്​ പ്രവർത്തിച്ചുതുടങ്ങിയിരിക്കുന്നു. കെട്ടിടം പണിയും ഏകദേശം തീർന്നിരിക്കുന്നു. 
ഇടുക്കിയിൽനിന്നാണ്​ ചില പ്രശ്​നങ്ങൾ ശ്രദ്ധയിൽ പെട്ടത്​. കോളജ്​ ലൈബ്രറിയെന്നുപറഞ്ഞ്​ മെഡിക്കൽ കൗൺസിലിനെ കാണിച്ച്​ മരാമത്ത്​ പണികൾക്ക്​ തയാറെടുക്കുന്ന കെട്ടിടംതന്നെ കെ.എം.എസ്​.സി.എല്ലി​​​െൻറ ജില്ലയിലെ മരുന്ന്​ ഗോഡൗണായി മാറുന്നു. കോളജ്​ ലൈബ്രറിയിലേക്ക്​ വന്ന പുസ്​തകങ്ങൾ അന്നത്തെ പ്രിൻസിപ്പൽ സ്വീകരിക്കാതെ തിരിച്ചയച്ചു. പുതിയ മെഡി.കോളജുകൾക്കായി 46 കോടി രൂപയോളം ചെലവിട്ട്​ കഴി​െഞ്ഞന്നു വിവരം കിട്ടി. അതിൽ ഒരു രൂപപോലും മെഡിക്കൽ വിദ്യാഭ്യാസവകുപ്പ്​ വഴിയായിരുന്നില്ല. ഒന്നും അതുവരെ ഒാഡിറ്റിങ്ങിന്​ വിധേയമായിരുന്നുമില്ല. 

അതിനിടയിൽ മെഡിക്കൽ കൗൺസിലി​​​െൻറ ആ വർഷത്തെ കൂടുതൽ പരിശോധനാഫലങ്ങൾ പുറത്തുവന്നു. വന്ന വെള്ളം ഉള്ള വെള്ളവും കൊണ്ടുപോയ അവസ്​ഥ. ഇടുക്കി, മഞ്ചേരി, പാലക്കാട്​ എന്നീ പുതിയ മെഡിക്കൽ കോളജുകളുടെയും നിലവിലെ ആലപ്പുഴ, കോഴിക്കോട്​ മെഡിക്കൽ കോളജുകളുടെയും അംഗീകാരം നഷ്​ടമായിരിക്കുന്നു. അടുത്ത ബാച്ച്​ (2015-2016) മുതൽ വിദ്യാർഥികളെ ​പ്രവേശിപ്പിക്കരുതെന്ന്​ നിർദേശം. ഒരു കണക്കുകൂട്ടലുമില്ലാതെ തൽക്കാല ആവശ്യത്തിന്​ പലരെയും തലങ്ങും വിലങ്ങും സ്​ഥലംമാറ്റിയതി​​​െൻറ സ്വാഭാവികഫലം. പ്രശ്​നം സ്​ഫോടനാത്​മകം. വാർത്ത പുറത്തറിഞ്ഞാൽ പൊതുജന പ്രതിഷേധം രൂക്ഷമാകാം. അന്നത്തെ​ വകുപ്പുസെക്രട്ടറി ബന്ധപ്പെട്ട എല്ലാ കോളജുകളുടെയും പ്രിൻസിപ്പൽമാരുമായി രായ്​ക്കുരാമാനം ഡൽഹിയിലേക്ക്​ പറന്നു. മെഡിക്കൽ കൗൺസിൽ പ്രസിഡൻറിനെ നേരിൽ കണ്ട്​ അവശ്യ നടപടികളെല്ലാം ഉടനെ പൂർത്തീകരിച്ചുകൊള്ളാമെന്ന്​ ഉറപ്പുനൽകി. കൗൺസിൽ സെക്രട്ടറിക്ക്​ ആ ഉറപ്പ്​ സത്യവാങ്​മൂലമായി നൽകി. അതി​​​െൻറയൊക്കെ വെളിച്ചത്തിൽ ഒരു തവണത്തേക്ക്​ ഇളവനുവദിച്ചുകിട്ടി. അടുത്ത ബാച്ചിനുകൂടി പ്രവേശനം നൽകാം.

സർക്കാർ മേഖലയിലെ മെഡിക്കൽ കോളജുകൾക്ക്​ പ്രത്യേക പരിഗണന വേണ്ടതാണ്​. പൊതുജനങ്ങളുടെ മുതൽമുടക്കാണ്​ അതിനു​പിന്നിൽ. അവിടെ പ്രവേശനം ലഭിക്കുന്നത്​ മിടുക്കരായ സാധാരണക്കാർക്കാണ്​. അവിടെനിന്ന്​ ചികിത്സ ലഭിക്കുന്നവർ ഏറെയും സമൂഹത്തിലെ താ​േഴത്തട്ടിൽനിന്നുള്ളവരാണ്​. പക്ഷേ, മറുവശം കൂടിയുണ്ട്​. ശരിയായ പഠനവും പരിശീലനവും ലഭിക്കാത്ത ഒരു വിദ്യാർഥി ഡോക്​ടറായാൽ സാമാന്യജനങ്ങളുടെ ജീവനാണ്​ അപകടസാധ്യത. മിടുക്കരായ വിദ്യാർഥികളെ കോളജിൽ ചേർത്ത്​ പഠിക്കാനവസരം നൽകാതെ ഡോക്​ടറാക്കി പുറത്തുവിടുന്നത്​ മറ്റൊരു നീതിനിഷേധം. ഒരു സൗകര്യവുമില്ലാത്ത സർക്കാർ കോളജുകൾക്ക്​ അനുമതി നൽകു​േമ്പാൾ കുറച്ചെങ്കിലും സൗകര്യമൊരുക്കിയ സ്വകാര്യ കോളജുകളെ എങ്ങനെ അനുമതി നൽകാതെ മാറ്റിനിർത്തും? കോടതികൾ ആരുടെ ഭാഗത്ത്​ ശരിയെന്ന്​ വിധിക്കും? ഇളവുകൾ എന്നത്​ സൗകര്യങ്ങൾ ഒരുക്കാതിരിക്കാനുള്ള ഒഴിവുകഴിവായി സർക്കാറുകൾതന്നെ കാണാൻ തുടങ്ങിയാലോ? അതുകൊണ്ടാണ്​ ഇളവുകൾ നൽകുന്നതിന്​ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും വേണമെന്ന ധാരണ മെഡിക്കൽ കൗൺസിലിൽ ഉണ്ടായത്. 

ഒരു സർക്കാർ മെഡിക്കൽ കോളജിലെ പ്രിൻസിപ്പലായി ചുമതലയേൽക്കു​േമ്പാൾ രാമചന്ദ്രൻ മാസ്​റ്ററായിരുന്നു സംസ്​ഥാനത്തെ ആരോഗ്യമന്ത്രി; ഡയറക്​ടറായി റിട്ടയർ ചെയ്യു​േമ്പാൾ വി.എസ്​. ശിവകുമാറും. അതിനിടയിൽ പലരും വന്നു. എല്ലാ മന്ത്രിമാരും ഒരുപോലെയായിരുന്നില്ല. പതിവുള്ള പ്രതിമാസ അവലോകന യോഗത്തിൽ കൃത്യമായി പ​െങ്കടുക്കുന്ന മന്ത്രിമാരുണ്ടായിരുന്നു. ചിലർ ചെറിയ ചെറിയ ഉദ്​ഘാടനങ്ങൾക്കും വിദ്യാർഥി ഹോസ്​റ്റലിലെ ഒാണാഘോഷത്തിനുപോലും ഒാടിയെത്തും. വരു​േമ്പാഴെല്ലാം കോളജിലെ വകുപ്പ്​ മേധാവികളുമായും ജീവനക്കാരുടെ പ്രതിനിധികളുമായുമെല്ലാം ഇടപഴകും. ഏതു തീരുമാനമെടുക്കു​േമ്പാഴും ആവശ്യമായ എല്ലാ വിവരങ്ങളും വിരൽതുമ്പിലുണ്ടായിരിക്കുമെന്നതാണ്​ ഗുണം. മറ്റു  പലരും അങ്ങനെയല്ല. 

നാലുവർഷം ഒരു മെഡിക്കൽ കോളജി​​​െൻറ പ്രിൻസിപ്പലായിരിക്കെ, 30 പ്രാവശ്യം മെഡിക്കൽ കൗൺസിൽ പരിശോധനക്ക്​ കോളജിനെ ഒരുക്കേണ്ട ചുമതലയുണ്ടായി -ആറുപ്രാവശ്യം എം.ബി.ബി.എസിനുവേണ്ടിയും 24 പ്രാവശ്യം പി.ജി കോഴ്​സുകൾക്കുവേണ്ടിയും. ആദ്യത്തെ പ്രാവശ്യം 30 ശതമാനം ഡോക്​ടർമാരുടെ കുറവുണ്ടായിരുന്നുവെങ്കിൽ അവസാനത്തെ പരിശോധനയ​ുടെ സമയത്ത്​ 22 ശതമാനം പേർ അധികമുണ്ടായിരുന്നു. അതിനിടയിൽ എം.ബി.ബി.എസ്​ 100ൽനിന്ന്​ 150 ആയും 18 പി.ജി സീറ്റുകൾ 108 ആയും വർധിച്ചു. ഇൗ കാലയളവിൽ ഒരു അധ്യാപക തസ്​തികപോലും പുതുതായി സൃഷ്​ടിക്കപ്പെട്ടില്ല. അനിവാര്യമായ ചില സ്​ഥാനങ്ങളിലേക്ക്​ ലഭ്യമായ ഫണ്ടുപയോഗിച്ച്​ കരാർ നിയമനങ്ങൾ നടത്തി​െയന്നു മാത്രം.

പ്രതീക്ഷിക്കുന്ന പരിശോധനക്ക്​ മൂന്നുമാസം മു​െമ്പങ്കിലും തയാറെടുപ്പുകൾ തുടങ്ങും. ഒാരോ ഡിപാർട്​മ​​െൻറും സ്വയം വിലയിരുത്തുന്നതിൽ ആരംഭിച്ചു തയാറെടുപ്പ്​. കോളജിൽതന്നെ മറ്റു വിഭാഗത്തിലുള്ളവരെക്കൊണ്ട്​ നടത്തിക്കുന്ന മോക്​ പരിശോധനയാണ്​ അവസാനം. സ്വന്തം ഡിപാർട്​മ​​െൻറിനെ ശരിയായി അവതരിപ്പിക്കാൻ എല്ലാവരും പഠിക്കും. പ്രധാന ശ്രദ്ധ അക്കാദമിക കാര്യങ്ങളിലേക്ക്​ കേന്ദ്രീകരിച്ചു. ഒാരോ ഡോക്​ടർക്കും പ്രഫഷനൽ സംതൃപ്​തി ലഭിക്കുന്നതിനുള്ള സാഹചര്യം പരമാവധി ഒരുക്കി. അതുകൊണ്ടു ആ കോളജിലേക്ക്​ വന്നവരിൽ ഭൂരിഭാഗവും തിരിച്ചുപോകാൻ തയാറാകാതെ തുടർന്നു. കൃത്യമായ ഗൃഹപാഠം നടത്തുകയും എല്ലാവരും കൂട്ടായി പ്രവർത്തിക്കുകയും ചെയ്​തതുകൊണ്ട്​ ‘പഠന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള​’ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടാൻ കഴിഞ്ഞു. അടിസ്​ഥാന സൗകര്യ വികസനത്തിനും ഉപകരണങ്ങൾ വാങ്ങുന്നതിനുമായി 24 കോടിയാണ്​ അന്ന്​ കേന്ദ്രത്തിൽനിന്ന്​ ലഭിച്ചത്​. പി.ജി സീറ്റുകൾ 108ലേക്ക്​ വർധിക്കുകയും എല്ലാ സീറ്റുകളും നിറയുകയും ചെയ്​തതോടെ ജൂനിയർ ഡോക്​ടർമാരുടെ പരിമിതി പൂർണമായും പരിഹരിക്കപ്പെട്ടു.

കോളജുകളിൽ നിലവിലെ ഒഴിവുകളുടെ യഥാർഥ എണ്ണവും കോളജുകളിലെ ഒഴിവുകൾ എന്ന നിലയിൽ ഡയറക്​ടറേറ്റിലുള്ള പട്ടികയും തമ്മിൽ വലിയ അന്തരമുണ്ട്​. ഇത്​ ഒത്തുപോകാത്തിടത്തോളം ഒഴിവുകളിലെ നിയമനം തൃപ്​തികരമാവില്ല. വകുപ്പുതല പ്രമോഷൻ കമ്മിറ്റിയിലേക്കുവേണ്ടി (ഡി.പി.സി) തയാറാക്കുന്ന ലിസ്​റ്റുകളിൽ അറിയാതെയോ അറിഞ്ഞോ തെറ്റുകൾ കടന്നുകൂടുന്നതും അതി​​​െൻറ പേരിൽ തീരുമാനം അനന്തമായി നീളുന്നതും പതിവ്​. മിക്കവയും കോടതികളിലേക്ക്​ വലിച്ചിഴക്കപ്പെടുകയും ചെയ്യും. ചിലർക്ക്​ താൽപര്യമുള്ള സ്​ഥലങ്ങളിൽ നിയമനത്തിന്​ ഒഴിവുവരുന്നതുവരെ ഒരു ലിസ്​റ്റും പുറത്തിറങ്ങാതിരിക്കാം. താഴെത്തട്ടിലെ ഒഴിവുകൾ നിലനിർത്തി, അതി​​​െൻറ പേരിൽ മുകൾതട്ടിലുള്ളവരുടെ പെൻഷൻപ്രായം ഉയർത്താൻ ബോധപൂർവമായ ശ്രമങ്ങളുണ്ടെന്നുവേണം കരുതാൻ. 

സാമ്പത്തിക ബുദ്ധിമുട്ടില്ലെങ്കിൽ മെഡിക്കൽ കോളജിന്​ വേണ്ട കെട്ടിടങ്ങൾ പണിയുന്നതിനോ ഉപകരണങ്ങൾ വാങ്ങുന്നതിനോ തടസ്സങ്ങളില്ല. യോഗ്യതയുള്ള അധ്യാപകരുടെ ലഭ്യതക്കുറവ്​ മാത്രമാണ്​ പ്രശ്​നം. പി.ജി ബിരുദമുള്ളവരാണ്​ അതത്​ വകുപ്പുകളിൽ അധ്യാപകരാകുന്നത്​. മൂന്നുവർഷമാണ്​ പി.ജി പഠനത്തി​​​െൻറ കാലാവധി. അതുകൊണ്ടുതന്നെ പി.ജി സീറ്റുകൾ ആവശ്യത്തിനുണ്ടെങ്കിൽ മൂന്നുവർഷംകൊണ്ട്​ അധ്യാപകയോഗ്യതയുള്ള ഡോക്​ടർമാർ ധാരാളമുണ്ടാകും. ആദ്യം പി.ജി വർധിപ്പിക്കുകയും അതിനുശേഷം പുതിയ മെഡിക്കൽ കോളജുകളെക്കുറിച്ച്​ ചിന്തിക്കുകയുമാണ്​ ശരി. 

ഏതാനും വർഷങ്ങൾക്കുമുമ്പ്​ അനൗദ്യോഗികമായി ഒരു കണക്കെടുപ്പ്​ നടത്തി. അന്നാണ്​ മറ്റൊരവസ്​ഥ ശ്രദ്ധയിൽ പെട്ടത്​. അധ്യാപക തസ്​തികയിലാണെങ്കിലും മെഡിക്കൽ കൗൺസിലി​​​െൻറ ഒരു പരിശോധനയിലും പ​െങ്കടുക്കാത്തവർ തീരെ കുറവല്ല. 250 അധ്യാപകർ വേണ്ട ഒരു കോളജിൽതന്നെ അങ്ങനെ 28 പേർ. നിലവിലെ വകുപ്പുകളിൽ അധ്യാപകരായി സർവിസിൽ കയറിയവരാണ്​. വകുപ്പുകൾക്കകത്ത്​ മറ്റൊരു സ്​പെഷാലിറ്റിയുണ്ടാക്കി അതിൽ മാത്രമായി പ്രവർത്തിക്കുന്നു. അതിൽ പലതും മെഡിക്കൽ കൗൺസിലോ യൂനിവേഴ്​സിറ്റിയോ അംഗീകരിച്ചിട്ടുള്ളതല്ല. എല്ലാം ഏതെങ്കിലും ഒരു മെഡിക്കൽ കോളജിൽ മാത്രം പ്രവർത്തിക്കുന്നത്​. സേവനത്തി​​​െൻറ പേരിലാണെങ്കിലും വർഷങ്ങൾ പ്രവർത്തിച്ചിട്ടും മറ്റൊരു മെഡിക്കൽ കോളജിലും പുതിയ വിഭാഗത്തെ വളർത്തിയെടുത്തിട്ടില്ല. പൊതു സ്​ഥലംമാറ്റത്തിൽനിന്ന്​ രക്ഷപ്പെടാൻ സ്വാധീനമുപയോഗിച്ച്​ സൃഷ്​ടിച്ചെടുത്ത ആ വിഭാഗം ഒരൊറ്റ മെഡിക്കൽ കോളജിൽ മാത്രമേ നിലവിലുണ്ടാകൂ. അവരെക്കൂടി മുഖ്യ വിഭാഗത്തിൽ കണക്കാക്കുകയും (സ്വന്തം സൃഷ്​ടി മാത്രമായ) അവാന്തര സ്​പെഷാലിറ്റി ഒരു ഭാഗിക ഉത്തരവാദിത്തം മാത്രമായി മാറുകയും ചെയ്​താൽ മെഡിക്കൽ കോളജുകളിലെ അധ്യാപകരുടെ ലഭ്യത ഗണ്യമായി വർധിക്കും. എല്ലാ മെഡിക്കൽ കോളജുകളിലും അധ്യാപകരായി ആവശ്യത്തിനുള്ളതിനെക്കാൾ വളരെയേറെ പേർ കാണുമെന്ന ധനകാര്യവകുപ്പി​​​െൻറ കണ്ടെത്തൽ ശരിതന്നെ​. രോഗീചികിത്സയുടെ ഭാരമാണ്​ അതിനൊരു മറുവാദമായി ഉയരുക. മെഡിക്കൽ കോളജിൽ വരുന്ന രോഗികളിൽ ഭൂരിഭാഗം പേർക്കും ആവശ്യമായ ചികിത്സ സൗകര്യം ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രികളിലുമൊക്കെ ലഭ്യമാണെന്ന യാഥാർഥ്യമാണ്​ അതിന്​ മറുപടി.

സർക്കാർ മെഡിക്കൽ കോളജുകളിൽനിന്ന്​ ഒാരോ വർഷവും പരമാവധി 40 പേരാണ്​ പെൻഷനായി വിരമിക്കുന്നത്​. കേരളത്തിലെ മെഡിക്കൽ കോളജുകളിൽനിന്ന്​ പുറത്തുവരുന്നത്​ 1260 ബിരുദാനന്തര ബിരുദമുള്ളവരാണ്​. അതിൽ 808 പേരും സർക്കാർ മെഡിക്കൽ കോളജുകളിൽനിന്നുതന്നെ. അവരിൽ പത്തുശതമാനം പേരെയെങ്കിലും മെഡിക്കൽ കോളജുകളിലേക്ക്​ ആകർഷിക്കാനും പിടിച്ചുനിർത്താനും കഴിഞ്ഞാൽ അധ്യാപകരുടെ ദൗർലഭ്യം പരിഹരിക്കാം. ശമ്പള​െത്തക്കാൾ അനുബന്ധ സൗകര്യങ്ങളുടെ ലഭ്യതയാണ്​ തുടക്കക്കാരെ സ്വകാര്യ മേഖലയിലേക്ക്​ ആകർഷിക്കുന്നത്. ​നിലവിലെ ഒഴിവുകളിലേക്ക്​ എംപ്ലോയ്​മ​​െൻറ്​ എക്​സ്​ചേഞ്ചു വഴിയുള്ള നിയമനവും സൃഷ്​ടിക്കപ്പെട്ടിട്ടില്ലാത്ത തസ്​തികകളിലേക്ക്​ കരാർ നിയമനവും പരീക്ഷിക്കാം.

കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഗുലാംനബി ആസാദാണ്​ ജില്ല ആശുപത്രികളെ പ്രയോജനപ്പെടുത്തി മെഡിക്കൽ കോളജുകൾ ആരംഭിക്കുന്നത്​ ആദ്യമായി പ്രഖ്യാപിച്ചത്​. ഗ്രാമങ്ങളിലെ സബ്​സ​​െൻററുകളിൽവരെ ഡോക്​ടർമാരെ ലഭ്യമാക്കലായിരുന്നു ലക്ഷ്യം. ജില്ല ആശുപത്രിയിൽ വരുന്ന രോഗികളെയും ലഭ്യമായ ഡോക്​ടർമാരെയും ഉള്ള കെട്ടിടങ്ങളും നിലവിലെ ഉപകരണങ്ങളും പ്രയോജനപ്പെടുത്തി മെഡിക്കൽകോളജുകൾ തുടങ്ങുകയായിരുന്നു പദ്ധതി. ഉള്ളവ മെച്ചപ്പെടുത്തുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനും അധികവേതനം നൽകുന്നതിനും കേന്ദ്രസഹായം ഉണ്ടാകും. അല്ലാതെ ജില്ലാ ആശുപത്രികളിൽ മെഡിക്കൽകോളജുകളിൽ നിന്നുള്ളവരെ നിയമിച്ച്​ അവിടെ സമാന്തരമായി മറ്റൊരാശുപത്രി സ്​ഥാപിച്ച്​ മെഡിക്കൽകോളജാക്കുക എന്നതായിരുന്നില്ല. 

കേവലം 20 ശതമാനം സീറ്റുകളുടെ അവകാശം നിലനിർത്തി  ജില്ല ആശുപത്രികൾ സ്വകാര്യ​ മേഖലക്ക്​ വിട്ടുകൊടുക്കാനുള്ള നിർദേശം എതിർത്ത്​ തോൽപിക്കേണ്ടതാണ്. ഒരു സർക്കാർ ആശുപത്രിയും വിട്ടുകൊടുക്കാതെ പകുതി സീറ്റുകളുടെ അവകാശം നേടുന്ന ‘കേരള മോഡലി’​​​െൻറ വിജയം ദേശീയശ്രദ്ധയിലെത്തിക്കുന്നത്​ അവസരോചിതമായിരിക്കും. താൽക്കാലിക തട്ടിക്കൂട്ടലുകൾ ഒഴിവാക്കി കൃത്യമായ തയാറെടുപ്പുകളിലൂടെ എല്ലാ ജില്ലയിലും മെഡിക്കൽ കോളജുകൾ ഉണ്ടാക​െട്ട. 

(സംസ്​ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്​ മുൻ ഡയറക്​ടറും കേരള ആരോഗ്യ-ശാസ്​​ത്ര സർവകലാശാല മുൻ ഡീനുമാണ്​ ലേഖകൻ)

Show Full Article
TAGS:medical college article malayalam news 
News Summary - Medical Colleges in All District - Article
Next Story