വംശഹത്യയെ അതിജീവിക്കുന്ന മാധ്യമശബ്ദങ്ങൾ
text_fieldsഖാൻയൂനിസിലെ അൽ നാസർ ആശുപത്രിയിൽ നടന്ന ഇസ്രായേലി ആക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ ഹസ്സൻ ഇസ് ലൈഹിന് ആദരമർപ്പിക്കുന്നവർ
‘‘ഈ വാക്കുകൾ നിങ്ങളിലേക്കെത്തിയെങ്കിൽ മനസ്സിലാക്കുക, ഇസ്രായേൽ എന്നെ കൊല്ലുന്നതിലും എന്റെ ശബ്ദം ഇല്ലാതാക്കുന്നതിലും വിജയിച്ചിരിക്കുന്നു’’- ആഗസ്റ്റ് പത്തിന് രക്തസാക്ഷിയായ അൽ ജസീറയുടെ ഫലസ്തീനി ജേണലിസ്റ്റ് അനസ് അശ്ശരീഫിന്റെ ഒസ്യത്ത് ലോകമെമ്പാടും ഗസ്സക്കുവേണ്ടി ശബ്ദമുയർത്തുന്നവർക്കുള്ള സന്ദേശവും കൂട്ടക്കുരുതിയിൽ മൗനം പാലിക്കുന്നവർക്കുള്ള മുന്നറിയിപ്പുമാണ്. മാധ്യമപ്രവർത്തകർ ജീവിച്ചിരിക്കുമ്പോഴേ എഴുതിവെക്കുന്ന മരണക്കുറിപ്പുകൾ അവരുടെ ജീവിതത്തിന്റെ നേർചിത്രമാണ്.
അനസ് ഉൾപ്പെടെ അൽജസീറയിലെ അഞ്ചുപേരെയും മുഹമ്മദ് അൽ ഖാലിദി എന്ന മറ്റൊരു മാധ്യമപ്രവർത്തനെയും ഇസ്രായേൽ കൊല ചെയ്തത് അൽശിഫ ആശുപത്രിക്ക് മുന്നിലുള്ള മാധ്യമ ടെന്റ് ഉന്നംവെച്ചുള്ള ബോംബാക്രമണത്തിലൂടെയാണ്.
ജനീവ കൺവെൻഷന്റെ 79-ാം ആർട്ടിക്കിളിൽ പറയുന്നത് യുദ്ധമേഖലകളിലെ മാധ്യമപ്രവർത്തകരെ സിവിലിയന്മാരായി കണക്കാക്കുകയും സംരക്ഷിക്കുകയും വേണമെന്നാണ്. ഇത്തരം കൊലകൾ ആവർത്തിക്കുകയും അതിന് കൂട്ടാളികളുടെ മൗനാനുവാദം നേടിയെടുക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഇസ്രായേൽ. വിശ്രമമില്ലാത്ത റിപ്പോർട്ടിങ്ങിലൂടെ അനസ് അറബ് ലോകത്തിനാകെ പരിചിതനായിരിക്കെ, അദ്ദേഹം ഹമാസ് സൈനിക സെല്ലിന്റെ നേതാവാണെന്ന ഇസ്രായേലി വാദം തെളിവൊന്നും നിരത്താതെ ആവർത്തിക്കുകയാണ് ബി.ബി.സിയും സി.എൻ.എന്നും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ചെയ്തത്.
ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും സാഹിത്യകാരും എന്നുവേണ്ട വംശഹത്യയുടെ മൂർച്ച കുറക്കാൻ അധ്വാനിക്കുന്ന സാധാരണ ജനങ്ങൾ പോലും ഇടതടവില്ലാതെ കശാപ്പു ചെയ്യപ്പെടുമ്പോൾ ആ ചോരപ്പുഴയിൽ നിന്നുകൊണ്ട് ലോകത്തോട് സത്യം വിളിച്ചുപറഞ്ഞതിന് 270 നടുത്ത് മാധ്യമപ്രവർത്തകരെയാണ് ഗസ്സയിൽ മാത്രം ഇസ്രായേൽ ഇല്ലാതാക്കിയത്.
2022 മേയ് പതിനൊന്നിന് പ്രശസ്ത മാധ്യമ പ്രവർത്തക ഷിറീൻ അബു അഖ്ലെയെ റിപ്പോർട്ടിങ്ങിനിടെ ജനീനിൽ വെച്ച് ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നത് അന്താരാഷ്ട്രതലത്തിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു, വൈകാതെ അവരെ ലോകം മറന്നു.
മേൽക്കുമേൽ കള്ളങ്ങൾ മെനഞ്ഞ് ഗസ്സയിൽ അതിക്രമിച്ചുകയറിയ ഇസ്രായേൽ സൈന്യത്തിന്റെ നിഷ്ഠുരതകൾ ആഗോള മുഖ്യധാരാ മാധ്യമങ്ങൾ മറച്ചുപിടിച്ചപ്പോൾ ഗസ്സയുടെ സ്വന്തം ലേഖകരിൽ നിന്ന് വന്നുകൊണ്ടിരുന്ന വാർത്തകളും ചിത്രങ്ങളും മനുഷ്യ ചരിത്രത്തിലാദ്യമായി ലോകം നേരിട്ടു കണ്ട ക്രൂരവംശഹത്യയുടേതായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിന്നിച്ചിതറിയ ശരീരവുമായി കാമറക്കുമുന്നിൽ വന്നുനിന്ന് അവർ പറഞ്ഞു ‘‘ഞങ്ങൾ അക്കങ്ങളല്ല നിങ്ങളെപ്പോലെ മനുഷ്യരാണ്’’.
ഇസ്രായേലാകട്ടെ, ഫലസ്തീനികൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ നിഷേധിക്കുകയും ഗസ്സയിലേക്ക് പുറത്തുനിന്നുള്ള മാധ്യമ പ്രവർത്തകരെ കടത്തിവിടണമെന്ന ആവശ്യം തള്ളി പുതുനുണകൾ പടച്ചുവിടുകയും ചെയ്തു. വിശ്വസനീയമല്ലാത്ത ഇസ്രയേലി വാദങ്ങളും കള്ളങ്ങളും പൊളിയുമെന്നതിനാലാണ് അവർ ആരെയും ഗസ്സയിലേക്ക് പ്രവേശിപ്പിക്കാത്തതെന്നാണ് ഫോറിൻ പ്രസ് അസോസിയേഷൻ പ്രസിഡന്റ് ഇയാൻ വില്യംസിന്റെ അഭിപ്രായം. രണ്ടാഴ്ച മുമ്പ് സഹായ വിതരണത്തിനെത്തിയ ജോർഡൻ വിമാനത്തിൽ പോകാനനുവാദം ലഭിച്ച ബി.ബി.സി, ഇൻഡിപെൻഡന്റ്, ന്യൂയോർക് ടൈംസ് എന്നീ പാശ്ചാത്യ മാധ്യമങ്ങളുടെ പ്രതിനിധികൾ തങ്ങളുടെ ഗസ്സ അനുഭവം വിവരിക്കുകയുണ്ടായി. കാമറയിൽ പകർത്താനനുവാദം ലഭിച്ചില്ലെങ്കിലും പത്ത് മിനിറ്റ് താൻ കണ്ടത് തനിക്ക് പരിചിതമായ ജനനിബിഡമായ, ദുരിതം നിറഞ്ഞതെങ്കിലും ജീവൻ തുടിക്കുന്ന ഗസ്സയല്ല, അവിടെ ഇപ്പോഴൊന്നും തന്നെ ബാക്കിയില്ല എന്നാണ് ബി.ബി.സി എഡിറ്റർ ജെറമി ബോവൻ പറഞ്ഞത്.
ഇസ്രയേലി യുദ്ധക്കുറ്റങ്ങൾ ചൂണ്ടിക്കാണിച്ച് ഇസ്രായേലി മാധ്യമമായ ഹാരെസ് മുന്നോട്ടുവന്നിട്ടും ഗസ്സയിൽ നടത്തുന്നത് ക്രൂരവംശഹത്യയാണെന്ന് ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ ബറ്റ്സെലം വിളിച്ചുപറഞ്ഞിട്ടും ലോകത്തെമ്പാടുമുള്ള മുഖ്യധാരാ മാധ്യമങ്ങൾ ഫലസ്തീനിലെ കൊലകളെ വളച്ചുകെട്ടിയ ഭാഷാപ്രയോഗങ്ങളിൽ മറച്ചുവെച്ചു. അറിവിനെയും വിദ്യാഭ്യാസത്തെയും എന്ന പോലെ സത്യത്തെയും കൊല ചെയ്തുകൊണ്ടാണ് ഏതൊരു വംശഹത്യയും മുന്നേറുന്നത്. ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതുമൂലം ഒരു നഷ്ടപ്പെട്ട തലമുറയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് ഐക്യരാഷ്ട്രസഭക്ക് കീഴിലെ സന്നദ്ധ സംഘടനയായUNRWA മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, സത്യത്തിനൊപ്പം നിൽക്കാൻ വിദ്യാഭ്യാസത്തെക്കാളേറെ ധൈര്യമാണ് വേണ്ടതെന്ന് ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് പോലുമറിയാം. അവരും ഫോൺ കാമറയിൽ തങ്ങളുടെ വിശന്നു തളർന്ന ശരീരവും തളരാത്ത മനസ്സുമായി ലോകത്തെ മനസ്സാക്ഷിയുള്ളവരോടെല്ലാം അനീതിയുടെ കഥകൾ പറഞ്ഞുകൊണ്ടിരിക്കുന്നു. 11 വയസ്സുകാരി റെനാദും മൂന്നു വയസ്സുകാരി ലീനും അവരിൽ ചിലരാണ്.
ഇസ്രായേലിന്റെ പ്രധാന വംശഹത്യതന്ത്രം മാധ്യമഹത്യയും (Journocide) അതിലൂടെ സത്യഹത്യയുമാണ്. ഗസ്സയിൽ ബാക്കിയായ ചുരുക്കം മാധ്യമപ്രവർത്തകർ ഇപ്പോഴും വിശന്നു മരിക്കുന്നവരെക്കുറിച്ചും സഹായം തേടിയെത്തി വെടിയേറ്റു മരിക്കുന്നവരെക്കുറിച്ചും റിപ്പോർട്ട് ചെയ്യുന്നത് ഒരു കഷ്ണം റൊട്ടിയുടെ ബലത്തിലാണ്. എ.എഫ്.പിയിലെ ജേണലിസ്റ്റുകളുടെ സൊസൈറ്റി പറഞ്ഞത് അവർക്ക് യുദ്ധത്തിൽ ജേണലിസ്റ്റുകളെ നഷ്ടമായിട്ടുണ്ടെങ്കിലും മുമ്പെങ്ങും ഒരു സഹപ്രവർത്തകൻ വിശന്നു മരിച്ചത് ഓർമയിലേയില്ല എന്നാണ്.
ഒരിക്കൽ റിപ്പോർട്ടിങ്ങിനിടെ കരഞ്ഞുപോയ അനസിനോട് അരികിൽ നിന്ന ഒരാൾ പറഞ്ഞു ‘‘തുടരൂ, താങ്കളാണ് ഞങ്ങളുടെ ശബ്ദം’’. പ്രശസ്ത ഫലസ്തീനി ചിന്തകനും എഴുത്തുകാരനുമായ എഡ്വേഡ് സഈദ് ബുദ്ധിജീവികൾ (Intellectuals) എന്ന് വിളിച്ചത്, മറവിയിലേക്ക് തള്ളിയിടപ്പെട്ടവരുടെ ശബ്ദമാകുന്നവരെയും ആശയങ്ങൾക്കുവേണ്ടി സധൈര്യം നിലകൊള്ളുന്നവരെയുമാണ്. സത്യം അതിജീവിക്കുമെന്ന ഉറപ്പിൽ മരണം വരിച്ച ഗസ്സയിലെ മാധ്യമപ്രവർത്തകരോളം ആ പേര് ചേരുന്നവർ മറ്റാരുണ്ട് ഇന്നത്തെ ലോകത്ത്?
(എം.ഇ.എസ് മമ്പാട് കോളജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസറാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

