Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right‘ബഹിഷ്കരണ’ത്തിന്‍റെ...

‘ബഹിഷ്കരണ’ത്തിന്‍റെ നാനാർഥങ്ങൾ: ബി.ഡി.എസ് മാതൃക സൃഷ്ടിക്കുന്നു

text_fields
bookmark_border
‘ബഹിഷ്കരണ’ത്തിന്‍റെ നാനാർഥങ്ങൾ: ബി.ഡി.എസ് മാതൃക സൃഷ്ടിക്കുന്നു
cancel

ഇസ്രായേൽ- ഹമാസ് യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ പോരാട്ട വഴിയിലെ ഏറ്റവും പ്രഹരശേഷിയുള്ള ആയുധമായി ബഹിഷ്കരണം മാറിയിരിക്കുന്നു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഇത് നടപ്പിലാക്കുകയും വമ്പിച്ച ഫലം കാണുകയും ചെയ്യുന്നുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ ഏഴിനു ഇസ്രായേൽ- ഹമാസ് യുദ്ധം തുടങ്ങിയതു മുതൽ ബഹിഷ്കരണത്തിന്‍റെ ഏറ്റവും പുതിയ വർത്തമാനങ്ങളും കാമ്പയിനുകളും ചർച്ചയാവുകയാണ്. ഇസ്രായേൽ കമ്പനികൾക്കും അവരുടെ ഉത്പന്നങ്ങൾക്കും ലോകത്തുടനീളം നടപ്പിലാക്കുന്ന ബഹിഷ്കരണം ഇസ്രായേൽ സമ്പദ് വ്യവസ്ഥയെ അനുദിനം തകർത്തു കൊണ്ടിരിക്കുകയാണ്. മൂർച്ചയേറിയ ഈ ആയുധം ഉപഭോക്താക്കളിലും കോർപറേഷനുകളിലും പ്രയോഗികമായി നടപ്പിലാക്കുന്നതിന് വ്യത്യസ്തമായ രീതിശാസ്ത്രമുണ്ട്. ഇതിൽ വലിയ പഠനങ്ങളും ഗവേഷണങ്ങളും നടന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന യുദ്ധം 1948 മുതൽ ഇന്നുവരെ കാണാത്ത തകർച്ചയെയാണ് ഇസ്രായേൽ നേരിട്ട് കൊണ്ടിരിക്കുന്നത്. ഇതുവരെയുണ്ടായ യുദ്ധങ്ങൾ പോലെയല്ല ഇതെന്നും ഈ യുദ്ധം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചെന്നും ഇസ്രായേൽ സമ്മതിക്കുന്നുണ്ട്.

ബി.ഡി.എസിന്‍റെ പിറവി

മുക്കാൽ നൂറ്റാണ്ട് നീണ്ടു നിന്ന ഫലസ്തീൻ ഇസ്രായേൽ സംഘർഷവും ഇസ്രായേൽ നടത്തുന്ന കുടിയേറ്റവും കോളനിവത്കരണവും ഒരു ജനതക്കുമേലുള്ള നിരന്തരവും അക്രമാസക്തവുമായ അടിച്ചമർത്തലുകളും ബഹിഷ്കരണം ഫലപ്രദമായി നടപ്പിലാക്കുന്നതിനു വേണ്ട ചിന്തകൾ വ്യാപകമാകാൻ കാരണമായി. അങ്ങനെയാണ് 2005ൽ സ്വാതന്ത്ര്യം, നീതി, സമത്വം എന്നിവക്കായി ഫലസ്തീൻ കേന്ദ്രമാക്കി ഉമർ ബർഗൂത്തിയുടെ നേതൃത്വത്തിൽ ഒരുപറ്റം ചെറുപ്പക്കാർ ബി.ഡി.എസ് (Boycott divestment Sanction) എന്ന സംഘടനക്ക് രൂപം നൽകുന്നത്. ദക്ഷിണാഫ്രിക്കയിലെ വർണവിവേചന പ്രസ്ഥാനത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് രൂപീകരിച്ച സംഘടന, മഹാത്മ ഗാന്ധിജിയുടെ അഹിംസ മാർഗ്ഗമാണ് സ്വീകരിച്ചിക്കുന്നത്. ലോകത്തുള്ള മറ്റു മനുഷ്യരുടെ അതേ അവകാശങ്ങൾക്ക് ഫലസ്തീനികളും അർഹരാണെന്ന തത്വമാണ് ബി.ഡി.എസ് ഉയർത്തുന്നത്. ബഹിഷ്കരണത്തിനുമപ്പുറം ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് ഈ സംഘടന ലോകത്തിനു മാർഗനിർദേശം നൽകുന്നു. ഫലസ്തീനിന്‍റെ ഭൂമി ഇസ്രായേൽ കുടിയേറുകയും കോളനിവത്കരിക്കുകയും ചെയ്യുന്നു, ഇസ്രായേലിലെ ഫലസ്തീൻ പൗരന്മാരോട് വിവേചനം കാണിക്കുന്നു, ഫലസ്തീൻ അഭയാർഥികൾക്ക് സ്വദേശത്തേക്കും അവരുടെ വീടുകളിലേക്കും മടങ്ങാനുള്ള അവകാശത്തെ നിഷേധിക്കുന്നു തുടങ്ങിയ കാരണങ്ങൾ നിരത്തികൊണ്ടാണ് സംഘടനയുടെ രൂപീകരണം. അന്താരാഷ്ട നിയമങ്ങൾ അനുസരിക്കാൻ ഇസ്രായേലിനു മുകളിൽ സമ്മർദ്ദം ചെലുത്തുകയാണ് ബി.ഡി.എസ് ലക്ഷ്യമാക്കുന്നത്. 2005ൽ രൂപീകരിച്ച ഈ സംഘടനക്ക് വലിയ ആരവങ്ങളോടെയല്ലെങ്കിലും ലോകമെമ്പാടും യൂണിറ്റുകളും അക്കാദമിക വകുപ്പുകളും പ്രവർത്തിക്കുന്നുണ്ട്. ക്രിസ്ത്യൻ ചർച്ചുകൾ, പള്ളികൾ, താഴെക്കിടയിലുള്ള ചെറുസംഘങ്ങളുമായി ചേർന്നുമൊക്കെയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.

1948 മുതൽ മുക്കാൽ നൂറ്റാണ്ടായി ഇസ്രായേൽ ഫലസ്തീനികളുടെ മൗലികാവകാശങ്ങൾ നിഷേധിക്കുകയും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ വിസമ്മതിക്കുകയും ചെയ്തു. ഫലസ്തീൻ ജനതക്കുമേൽ നിരന്തരമായ കുടിയേറ്റം നടത്തുകയും സജീവമായ കോളനിവൽക്കരണത്തിനു അവരെ വിധേയമാക്കുകയും വർണ്ണവിവേചനത്തിന്റെയും അധിനിവേശത്തിന്റെയും ഭരണം കാഴ്ച്ചവെക്കുകയും ചെയ്യുന്ന ഇസ്രായേൽ ഭരണകൂടത്തിനാണ് ലോക രാജ്യങ്ങളുടെ സർവ പിന്തുണയും. ഫലസ്തീനികളെ അടിച്ചമർത്താൻ ലോകമെമ്പാടുമുള്ള കോർപറേഷനുകളും സ്ഥാപനങ്ങളും ഇസ്രായേലിനെ സഹായിക്കുകയാണ്. ഇസ്രായേലിനു അന്താരാഷ്ട്ര തലത്തിൽ വലിയ സ്വീകാര്യത കിട്ടുകയും ചെയ്യുന്നു. ഈ അനീതി തടയാനും ആഗോള പൗരന്മാരുടെ കൂട്ടായ പ്രതികരമുണ്ടാക്കുന്നതിനും ബി.ഡി.എസ് എന്ന ആശയം മുന്നോട്ട് വെച്ചുകൊണ്ട് ഫലസ്തീൻ പൗരസമൂഹം ഉണർന്ന് പ്രവർത്തിക്കുകയായിരുന്നു. ഈ ആശയം അന്താരാഷ്ട്ര സമൂഹത്തിൽ എത്തിക്കുന്നതിൽ അവരിൽ വലിയ സ്വാധീനമുണ്ടാക്കുന്നതിലും സംഘടന ലക്ഷ്യം കാണുകയുണ്ടായി.

ബഹിഷ്കരണം ഫലം കാണണമെങ്കിൽ

ഫലസ്തീനിൽ പിടഞ്ഞുവീഴുന്ന പിഞ്ഞുകുഞ്ഞുങ്ങളുടെ മുഖം നിരന്തരമായി മുന്നിൽ വരുമ്പോഴും ഇസ്രായേൽ ഉത്പന്നങ്ങളെ ബഹിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ മനുഷ്യത്വം മരവിച്ചു പോയി എന്നാണ് മനസ്സിലാക്കേണ്ടത്. എന്നാൽ ബഹിഷ്കരണമെന്നത് ഏതെങ്കിലും ഉത്പന്നങ്ങൾ ഒരു സംഘർഷ-യുദ്ധ കാലത്ത് വാങ്ങാതെയിരിക്കുന്നതിൽ പരിമിതപ്പെടുത്തുന്നതല്ലെന്ന് ബി.ഡി.എസ് തെളിയിക്കുന്നു. കാലങ്ങളായി ഫലസ്തീനികളോട് കാണിക്കുന്ന അത്യന്തം വിവേചനപരമായ നടപടി കാണിക്കുന്ന ഇസ്രായേൽ ഭരണകൂടത്തെ പൂർണമായി ബഹിഷ്കരിക്കുന്നതിനുള്ള പ്രായോഗിക രീതികൾ അവർ നടപ്പിൽ വരുത്തി. ഇസ്രായേലിന്‍റെ കായികവും രാഷ്ട്രീയവും സാംസ്കരികവുമായ സ്ഥാപനങ്ങൾക്ക് യാതൊരു തരത്തിലുമുള്ള സഹകരണവും നൽകാതിരിക്കുക, ഇസ്രായേൽ നടത്തുന്ന അക്കാദമിക സ്ഥാപനങ്ങളുമായി ബന്ധം ഉപേക്ഷിക്കുക, അക്കാദമിക തലത്തിൽ ഏതെങ്കിലും ഇസ്രായേലി പണ്ഡിതന്‍റെ ബന്ധമുണ്ടാകുമ്പോൾ മനുഷ്യ നന്മയെ മുൻനിർത്തി അവരെ ബഹിഷ്കരിക്കുക, ഫലസ്തീന്‍റെ മനുഷ്യാവകാശം നിഷേധിക്കുന്ന ദേശീയവും അന്തർദേശീയവുമായ സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമുള്ള എല്ലാ പിന്തുണയും അവസാനിപ്പിക്കുക തുടങ്ങി ബഹിഷ്കരണം ഗ്രാസ് റൂട്ടിൽ നിന്ന് തുടങ്ങി രാഷ്ടീയവും സാംസ്കാരികവുമായ തലങ്ങളിലേക്ക് വ്യാപിപ്പിക്കുമ്പോൾ മാത്രമേ അത് പ്രയോജനം ചെയ്യുകയെള്ളൂവെന്നാണ് ബിഡി.എസ് വരച്ചുകാണിക്കുന്നത്.

വർജനത്തിന്‍റെ (ഡിവെർസ്മെന്‍റ്) ഊന്നൽ

ഇസ്രായേലിനെ സാമ്പത്തികമായി സഹായിക്കുന്ന ബാങ്കുകൾ, ഫൈനാൻസിങ് കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള ബന്ധം പൂർണമായി ഉപേക്ഷിക്കുക, ഇസ്രായേലുമായി ബന്ധപ്പെട്ട ടാക്സ് അടക്കാൻ വിസമ്മതിക്കുക, അവരുടെ സർവകലാശാലകളുമായി ചേർന്നുള്ള പഠനം, ജോലി തുടങ്ങിയവയിൽ നിന്നും വിട്ടുനിൽക്കുക, പ്രാദേശിക കൗൺസിലുകളും പള്ളികളും പെൻഷൻ ഫണ്ടുകളും ഇസ്രായേൽ ഭരണകൂടത്തിൽ നിന്നും ഇസ്രായേലി വർണവിവേചനം നിലനിർത്തുന്ന എല്ലാ ഇസ്രായേലി, അന്തർദേശീയ കമ്പനികളിൽ നിന്നും നിക്ഷേപം പിൻവലിക്കുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുക ചെയ്യുക തുടങ്ങി വിവിധങ്ങളായ ഉദ്ദേശങ്ങളാണ് ഡൈവേർസ്മെന്‍റിൽ (വർജനം) വരുന്നത്.

കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കോട്ടിയ ബാങ്കാണ് ബി.ഡി.എസ് കാമ്പയിന് ഇരയായ സാമ്പത്തിക സ്ഥാപനങ്ങളിൽ ഒന്ന്. ഇസ്രായേലി ആയുധ നിർമ്മാതാക്കളായ എൽബിറ്റിൽ നിക്ഷേപം നടത്തിയതിനാൽ ബാങ്ക് "വംശഹത്യക്ക് ഫണ്ട് നൽകുന്നു" എന്ന് പറഞ്ഞ് പ്രവർത്തകർ ബാനറുകൾ ഉയർത്തി. അത് സ്പോൺസർ ചെയ്യുന്ന ഗില്ലർ പ്രൈസ് ബുക്ക് അവാർഡിനെതിരെയും നടത്തിയ കാമ്പയിൻ വൻ വിജയമായിരുന്നു. തുടക്കത്തിൽ തന്നെ ഇത്തരത്തിലുള്ള കാമ്പയിനിങ്ങിലൂടെ പ്രമുഖ ബ്രാന്‍റുകളിൽ നിന്നും 650 മില്യൺ ഡോളർ നഷ്ടം വരുത്താൻ സാധ്യമായിരുന്നു. 2015 മുതൽ ഇസ്രായേൽ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഈത്തപ്പഴ കച്ചവടത്തിലൂടെ (11 മില്ല്യൺ കിലോഗ്രാം) 23 മില്ല്യൺ ഡോളർ ഉണ്ടാക്കിയിരുന്നു. ഒറ്റ വർഷത്തെ ബി.ഡി.എസ് കാമ്പയിനിലൂടെ അത് 30 ശതമാനം കയറ്റുമതി കുറവ് വരുത്താൻ സാധിച്ചു.

ഉപരോധത്തിനുമുണ്ട് ദ്വിമാനങ്ങൾ

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ കമ്പനികളെ ഉപരോധിക്കുകയും ആഗോളാടിസ്ഥാനത്തിൽ റഷ്യൻ ധനകാര്യസ്ഥാപനങ്ങൾക്കെതിരെ രംഗത്തെത്തുകയും ചെയ്തത് അമേരിക്കയായിരുന്നു. പക്ഷെ ഫലസ്തീൻ വിഷയത്തിൽ ഉപരോധം കൊണ്ടുവന്നാൽ അതിനെതിരെ നിയമം കൊണ്ടുവരാനും മുന്നിൽ അമേരിക്കയാണ്. അമേരിക്കയിലെ 37 സ്റ്റേറ്റുകളിൽ ഇസ്രായേലിനെതിരെ ബഹിഷ്കരണം നടപ്പിലാക്കുന്നത് നിയമപരമായി ശിക്ഷാർഹമാണ്. ലോബിയിങ്ങുമായി എപ്പോഴും കൂടെതന്നെ ഇസ്രായേലുമുണ്ട്. ബി.ഡി.എസിനെതിരെ നിയമം (ആന്‍റി ബി.ഡി.എസ് ലോ) കൊണ്ടുവരുന്നതിൽ മില്യൺകണക്കിനു ഡോളറാണ് വർഷം തോറും ഇസ്രായേൽ ചെലവഴിക്കുന്നത്. അതേസമയം ഇസ്രായേലിന്‍റെ വർണ്ണവിവേചനം അവസാനിപ്പിക്കാനും അവരുടെ നിയമപരമായ ബാധ്യതകൾ നിറവേറ്റാനും ബി.ഡി.എസ് നടത്തുന്ന കാമ്പയിനുകൾ വമ്പിച്ച സ്വാധീനമാണ് ലഭിക്കുന്നത്. അമേരിക്കയിലും യൂറോപ്യൻ നാടുകളിലുമാണ് ഇത് ഏറെ വിജയകരമാകുന്നതെന്നാണ് കണക്കുകളും ഇതിനെതിരെ കൊണ്ടുവരുന്ന നിയമങ്ങളും സൂചിപ്പിക്കുന്നത്. ഇത് ലോകത്തുടനീളമുള്ള ഗവൺമെന്റുകളെ തെല്ലൊന്നുമല്ല സമ്മർദ്ദത്തിലാക്കുന്നത്. നിയമവിരുദ്ധമായ ഇസ്രായേലി കുടിയേറ്റവുമായുള്ള എല്ലാ തരത്തിലുള്ള വ്യാപാരം നിരോധിക്കുക, അത് സൈനിക വ്യാപാരമാകട്ടെ, സ്വതന്ത്ര-വ്യാപാര കരാറുകളാകട്ടെ, എല്ലാം പൂർണ്ണമായി അവസാനിപ്പിക്കുക, യു.എൻ പോലുള്ള അന്താരാഷ്ട്ര ഫോറങ്ങളിൽ ഇസ്രായേലിന്റെ അംഗത്വം താൽകാലികമായി നിർത്തിവെക്കാനുമായി ബി.ഡി.എസ് കാമ്പയിനുകളിലൂടെ ആഹ്വാനം ചെയ്യുന്നു.

ബില്ല്യൺ കണക്കിനു ഡോളർ നഷ്ടമായെന്നുള്ള സ്റ്റാർബക്സിന്‍റെ കണക്കുകൾ ഇക്കഴിഞ്ഞ ദിവസം പുറത്തുവരികയുണ്ടായി. വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഫീ ഭീമൻ വിപണിയിൽ വൻ തകർച്ച നേരിടുകയാണ്. തുടർച്ചയായി രണ്ടാഴ്ചയും സ്റ്റാർബക്സിന്‍റെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. 1992 ശേഷം നേരിടുന്ന ഏറ്റവും വലിയ ഇടിവാണിതെന്ന് കമ്പനി തുറന്നു പറഞ്ഞിരിക്കുന്നു. 84 രാജ്യങ്ങളിൽ 35,000ലധികം ശൃംഖലയുള്ള കമ്പനിക്ക് ഇസ്രായേൽ- അമേരിക്കൻ ബഹിഷ്കരണം നിമിത്തം നഷ്ടമായത് 12 ബില്യൺ ഡോളറാണ്. സമാനമായ അനുഭവങ്ങൾ മാക്ഡോണാൾസ് പോലുള്ള മുന്തിയ പല ബ്രാന്‍റുകൾക്കുമുണ്ട്. അവർ വിപണിയിൽ വലിയ തകർച്ചയെ നേരിട്ടു കൊണ്ടിരിക്കുന്നത്. ചിലർ യുദ്ധം നിർത്താൻ ഇസ്രായേലിനോട് ആവശ്യപ്പെടുന്ന ഘട്ടത്തിൽ എത്തിയിരിക്കുന്നു. ചിലർ അവരുടെ ഇസ്രായേൽ ബന്ധം ഉപേക്ഷിച്ചെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. ചിലർ ഫലസ്തീനും സഹായം പ്രഖ്യാപിക്കുന്നു.

കാമ്പയിനുകൾക്ക് വമ്പൻ സ്വധീനം

പ്രമുഖ ബ്രാന്‍റുകളായ സ്റ്റാർബക്സ്, മെക് ഡോണാൾഡ്സ്, കെ.എഫ്.സി തുടങ്ങിയവയുടെ സ്റ്റാളുകൾ യുദ്ധം തുടങ്ങിയ ശേഷം പലപ്പോഴും കാലിയായി കിടക്കുന്നുവെന്ന് ഗൾഫ്, അറബ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോട്ടലുകളിൽ നിന്ന് പെപ്സിയും കോളയും പൂർണ്ണമായും മാറ്റിയ ഇന്‍റർനാഷനൽ ഗ്രൂപ്പുകൾ ഇപ്പോൾ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലുണ്ട്. മിഡിൽ ഈസ്റ്റിലെ ജനങ്ങൾ ഇസ്രായേലിനെ മാത്രമല്ല അമേരിക്കയേയും ഇസ്രായേലിനെ സഹായിക്കുന്ന മറ്റുരാജ്യങ്ങളുടെ ഉത്പന്നങ്ങളും ബഹിഷ്കരിക്കുകയാണ്. ഈ യുദ്ധത്തോടെ അമേരിക്ക കേവലം ഇസ്രായേലിന്‍റെ യുദ്ധ സഹായിയല്ല അവരാണ് മുന്നിൽ നിന്ന് യുദ്ധവും വംശഹത്യയും നയിക്കുന്നതെന്ന് ലോകത്തുടനീളമുള്ള ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. കാരിഫോർ പോലുള്ള സ്ഥാപനങ്ങളിൽ കച്ചവടം 25 ശതമാനം അധികം കുറഞ്ഞുവെന്ന് അനൗദ്യോഗിക കണക്കുകൾ പുറത്ത് വന്നിട്ടുണ്ട്. തുർക്കി ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടില്ലെങ്കിലും പൊതുജനങ്ങളുടെ പ്രതിഷേധം ചൂണ്ടിക്കാട്ടി തുർക്കി പാർലമെന്റ് ഈ മാസം ആദ്യം കൊക്കകോള, നെസ്‌ലെ ഉൽപ്പന്നങ്ങൾ രാജ്യത്തെ റെസ്റ്റോറന്റുകളിൽ നിന്ന് നീക്കം ചെയ്തു. ബഹിഷ്കരണ പ്രസ്ഥാനങ്ങളെ ഏറ്റവും ഭയക്കുന്നത് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമാണെന്നും അവരുടെ കച്ചവട ഭീമന്മാരുമാണെന്നും ഇതെല്ലാം അടിവരയിടുന്നു. സാമൂഹ്യമാധ്യമങ്ങളിൽ സെലിബ്രിറ്റികൾ ഇസ്രായേലിനും അമേരിക്കക്കുമെതിരെ പരസ്യമായ നിലപാടെടുക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഇറാഖി-അമേരിക്കൻ ബ്ലോഗറായ ഹുദാ കത്താൻ, നെതർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കിൻ തെറാപ്പിസ്റ്റ് അസ്മ റമദാനി തുടങ്ങിയവർ ഫലസ്തീനു വേണ്ടിയുള്ള കാമ്പയിനു മുന്നിലുണ്ട്. കിഴക്കൻ ജറൂസലേമിൽ പ്രവർത്തിക്കുന്ന ബേക്കറി കമ്പനിയായ പിൽസ്ബറിക്കെതിരെ നടത്തിയ ബഹിഷ്കരണ കാമ്പയിൻ വലിയ സ്വാധീനമുണ്ടായി. രണ്ട് വർഷത്തെ ബഹിഷ്‌കരണ കാമ്പയിന് ശേഷം, മാതൃ കമ്പനിയായ ജനറൽ മിൽസ് 2022ൽ ഈ സൗകര്യം ഉപേക്ഷിക്കാൻ തീരുമാനിക്കുകയും അതിന്റെ ഉൽപ്പന്നങ്ങളൊന്നും അവിടെ ഉൽപ്പാദിപ്പിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ലൂയിവിറ്റൊൺ (LVMH), ഇന്‍റൽ, ക്രിസ്റ്റ്യൻ ഡിയോർ, പ്രാഡ, ജില്ലറ്റ്, എച്ച്.പി, ഏരിയൽ, ഫൈരി, പാമ്പേർസ്, ടിഫാനി, പി ആന്‍റ് ജി എന്നീ കമ്പനികൾ നേരിട്ട് ഇസ്രായേലിന്‍റെ യുദ്ധത്തിനും വംശഹത്യക്കും സഹായിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. 2022ൽ എച്.പിയും പി ആന്‍റ് ജി പോലുള്ള കമ്പനികൾ 300 ബില്യൺ ഡോളർ വരുമാനമുണ്ടാക്കിയിട്ടുണ്ടെന്നും അതിലൊരു വിഹിതം ഇസ്രായേൽ സൈനികമായും സഹായിക്കുകയാണെന്നും പരസ്യമായി പറഞ്ഞതാണ് അതുവഴി ഫലസ്തീനെതിരെയുള്ള ബോംബ് വർഷങ്ങളിൽ ഇവർ ഭാഗവാക്കാവുകയാണ്. 2001 മുതൽ ഇവർ ഇസ്രായേൽ മാർക്കറ്റിലുണ്ട്. പ്രശസ്ത അന്താരാഷ്ട്ര ബ്രാന്‍റായ ലൂയിവിറ്റൊൺ ഇസ്രായേൽ ഡയമണ്ട് മാർക്കറ്റിലും ഇസ്രായേലി സെക്യൂരിറ്റി മാർക്കറ്റിലും വമ്പിച്ച നിക്ഷേപമിറക്കുന്നു. ഇസ്രായേൽ സമ്പദ് രംഗത്തെ താങ്ങിനിർത്തുന്നതിൽ അവിടെത്തെ ഡയമണ്ട് കച്ചവടത്തിനു വലിയൊരു പങ്കുണ്ട്. പ്രശസ്ത കമ്പ്യൂട്ടർ ബ്രാന്‍റായ എച്ച്.പിയാണ് ഇസ്രായേലി ഭരണകൂടത്തെ താങ്ങി നിർത്തുന്ന മറ്റൊരു ഭീമൻ ബ്രാന്‍റ്. ഫലസ്തീനിനെതിരായ വ്യവസ്ഥാപിതവും വംശീയവുമായ വേർതിരിവും വർണവിവേചനവും നിയന്ത്രിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതും എച്ച്.പിയുടെ നേതൃത്വത്തിലാണ്.

അന്യായമായോ ദുർമാർഗ്ഗത്തിലൂടെയോ വംശീയമായോ ബി.ഡി.എസ് കാമ്പയിൻ ചെയ്യുന്നില്ല. അത് വ്യക്തിയെയോ ദേശത്തെയോ ദേശീയതയെയോ ആക്രമിക്കുന്നില്ല. അതുകൊണ്ട് തന്നെ ജൂതന്മാരടക്കമുള്ള പൊതുസമൂഹം കാമ്പയിനുമായി സഹകരിക്കുന്നുണ്ട്. മാറ്റങ്ങൾ കൊണ്ടു വരാനുള്ള ഫലപ്രദമായ ഉപകരണമെന്ന നിലയിൽ ഇത്തരത്തിലുള്ള കാമ്പയിനുകൾക്ക് ഇനിയും വമ്പിച്ച സ്വീകാര്യത ലഭിക്കുമെന്ന് തന്നെയാണ് പുതുതായി പുറത്ത് വരുന്ന കണക്കുകളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. നിയമങ്ങളൂടെ എല്ലാ അതിരുകളും ലംഘിച്ച് ഇസ്രായേൽ നടത്തുന്ന ഈ ആക്രമണത്തിന്റെ വ്യാപ്തി അഭൂതപൂർവമാണ്. അതിനാൽ, അറബ് തെരുവുകളിലായാലും അന്താരാഷ്ട്ര തലത്തിലായാലും അതിനുള്ള പ്രതികരണവും അഭൂതപൂർവമാകാതെ തരമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BDSIsrael Palestine ConflictBoycott Divestment SanctionIsreal Boycott
News Summary - Meanings of the Boycott: BDS Creates a Model
Next Story