മാക്സിം ഗോർക്കിയും ആയത്തുല്ല ഖുമൈനിയും!
text_fieldsയു.എസ് ഭീകരതക്ക്, മാനുഷികമായ ഇടപെടൽ പദവി നൽകുംവിധവും ഇറാൻ ജനതയുടെ നാശം അവർതന്നെ ആഗ്രഹിച്ചതാണെന്ന് അടയാളപ്പെടുത്തും വിധവുമാണ് സർവവിധങ്ങളിലുള്ള അധിനിവേശങ്ങൾക്കൊപ്പം ഇറാൻവിരുദ്ധ പ്രചാരണയുദ്ധവും സാമ്രാജ്യത്വ-സയണിസ്റ്റ് നേതൃത്വത്തിൽ കൊടുമ്പിരികൊള്ളുന്നത്. അമേരിക്കൻ സ്വാതന്ത്ര്യസമരകാലത്ത്, അമേരിക്ക ലോകത്തിന്റെ പ്രതീക്ഷയാണെന്ന് കരുതി, അതിനുവേണ്ടി ആശയതലത്തിൽ പൊരുതിയ തോമസ്പെയ്നും റിപ്പബ്ലിക്കിന്റെ സിംഹാസനത്തിൽ കോർപറേറ്റുകൾ കയറിയിരുന്നാൽ, അത് ജനായത്തത്തിന് അന്ത്യംകുറിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ അബ്രഹാം ലിങ്കണും ഇപ്പോൾ അമേരിക്കയിൽനിന്നും അപ്രത്യക്ഷമായിരിക്കുന്നു.
ഡൊണാൾഡ് ട്രംപ്, നെതന്യാഹു
അബ്രഹാം ലിങ്കൺ പക്ഷേ അപ്രത്യക്ഷമായിട്ടും ഒരു പടക്കപ്പലായി സർവ കൊള്ളരുതായ്മകൾക്കും നിസ്സഹായസാക്ഷിയായി സമുദ്രത്തിൽ നിൽക്കുന്നുണ്ട്! ഒന്നാം ലോകയുദ്ധ കാലത്ത് സമാധാനപ്രിയരായ അമേരിക്കൻ ജനതയെ, യുദ്ധോത്സുകരാക്കാൻ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ, ജോർജ് ക്രീളിന്റെ നേതൃത്വത്തിൽ ഒരു പ്രചാരണ കമീഷനെ നിയമിച്ചു. ഒരുവർഷംകൊണ്ട്, അവിശ്വസനീയമായി തോന്നും, സമാധാനപ്രിയരായ ഒരു ജനതയെക്കൊണ്ട്, ജർമൻ കുട്ടികളെപ്പോലും വെറുതെവിടരുതെന്ന് ആേക്രാശിപ്പിക്കാൻ, ക്രീൽ കമീഷന് കഴിഞ്ഞു. പി.ആർ വർക്കിന്റെ ശക്തി! എഴുപത്തി അയ്യായിരത്തോളം വരുന്ന, നാല് മിനിറ്റ് പ്രഭാഷകരെയും വെറുപ്പ് പ്രസരിപ്പിക്കുന്ന പോസ്റ്ററുകളും കേരളസ്റ്റോറി മോഡൽ സിനിമകളും മറ്റും വേണ്ടിവന്നു അന്നതിനെങ്കിൽ, ഇന്ന് ഇതൊന്നുമില്ലാതെതന്നെ സ്വന്തം ചെലവിൽ മുന്നേറാൻ കഴിയുംവിധം വിദ്വേഷം വളർന്നുകഴിഞ്ഞിരിക്കുന്നു. ജാഗ്രത നഷ്ടപ്പെടുന്ന ഏതൊരു മനുഷ്യനെയും കൂലിപോലും നൽകാതെ സ്വന്തം പ്രചാരകരാക്കിത്തീർക്കാനവർക്ക് ഇന്ന് കഴിയും.
ആയത്തുല്ല ഖാംനഈ
കൊല്ലപ്പെടുന്നവരിലും കീഴടക്കപ്പെടുന്നവരിലും കുറ്റംകാണാൻ കഴിയുന്നവരായി ഒരു വിഭാഗം മാറുമ്പോൾ, മറുവിഭാഗം ആശയാഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പരസ്പരം ഏറ്റുമുട്ടുന്നതിൽ അഭിരമിക്കുകയാണ്. വിയോജിക്കണമെങ്കിലും ആദ്യം അതിനുവേണ്ടിയെങ്കിലും ജീവിച്ചിരിക്കേണ്ടതുണ്ടല്ലോ എന്ന പ്രാഥമിക സത്യമാണ് വിസ്മരിക്കപ്പെടുന്നത്.
ആയത്തുല്ല ഖുമൈനി
വീട്ടുമുറ്റത്തേക്കുപോലും ബോംബ് വീഴാമെന്നൊരവസ്ഥ വന്നിട്ടും, മൗനം പുലർത്തുന്നവരെക്കുറിച്ച് നാസി നൃശംസതകളിലൂടെ കടന്നുപോയ ജർമൻകാർക്കിടയിലെ ആ പഴയ ചൊല്ല് മറ്റാർക്കും വേണ്ടിയല്ല നമുക്കെല്ലാവർക്കും വേണ്ടി നമ്മൾ ആവർത്തിക്കണം. അതിങ്ങനെ: ‘If nine people sit down a table with one Nazi without protest, there are ten Nazis at the Table’.
ആയത്തുല്ല ഖുമൈനിയും മാക്സിം ഗോർക്കിയും കൈകൊടുക്കുമ്പോൾ നമ്മുടെ മൗനംകൊണ്ട് നമുക്കിടയിലെ നാസികളുടെ എണ്ണം കൂടാതിരിക്കാനെങ്കിലും നമ്മൾ അവർക്കെതിരെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കണം. പറഞ്ഞിട്ടെന്ത് എന്നല്ല, പറയാതിരുന്നിട്ടെന്ത് എന്നാണ് നാം നമ്മോടും മറ്റുള്ളവരോടും നിരന്തരം ചോദിക്കേണ്ടത്.
യുദ്ധം നിർത്തൂ എന്ന് കഴുകനോടും/ കൂടെ ഞാനുണ്ട് എന്ന്/ ചിതറിപ്പോയ കുരുവികളോടും/ ദൂരങ്ങൾക്കിപ്പുറത്തുനിന്ന്/ ഞാൻ കരഞ്ഞ് പറയുമ്പോൾ/ ആരു കേൾക്കാൻ/ ആരു കേൾക്കാൻ എന്ന് നീ പരിഹസിക്കുന്നു/ ആരും കേൾക്കണ്ട, എന്റെ ഉള്ളിലെ പിശാചിനോടെങ്കിലും/ എനിക്ക് കലഹിക്കണം/ മുറിവേറ്റ എന്റെ പ്രാണനോടെങ്കിലും/ എനിക്ക് സമാധാനം പറയണം (സമാധാനം പറയണം: സോമൻ കടലൂർ).
ആയത്തുല്ല ഖുമൈനിക്കും മുമ്പ് അമേരിക്കയെ ചെകുത്താൻ എന്നു വിളിച്ചത് മാക്സിം ഗോർക്കിയാണ്. മഞ്ഞ ചെകുത്താന്റെ നഗരം എന്ന മാക്സിം ഗോർക്കിയുടെ പതിറ്റാണ്ടുകൾക്ക് മുമ്പേ എഴുതപ്പെട്ട ആ പുസ്തകം അമേരിക്കൻ സാമ്രാജ്യത്വം ശരിക്കും എന്താണെന്ന് മനസ്സിലാക്കാൻ ഇപ്പോഴും സഹായകമാണ്. അവസാനിക്കാത്ത ആർത്തിയാണ്, അധിനിവേശങ്ങളുടെ അടയാളം. സ്വപ്നങ്ങൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന അസാധാരണ വിപണിയും മനുഷ്യത്വത്തെ തുണ്ടംതുണ്ടമാക്കാനുള്ള പദ്ധതികൾ ആവിഷ്‍കരിക്കുന്ന സൈനികവ്യവസായവും ഒത്തുചേരുന്നതാണ് ആധുനിക അധിനിവേശം.
അമേരിക്കൻ ഐക്യനാടുകളിലെ എണ്ണ-ഉരുക്കു രാജാക്കന്മാരും മറ്റു തുറകളിലെ രാജാക്കന്മാരുമെല്ലാം എന്റെ ഭാവനയെ എപ്പോഴും ബുദ്ധിമുട്ടിച്ചിട്ടുള്ളവരാണ്. ഇത്രയേറെ വലിയ പണക്കാർ സാധാരണ നശ്വരജീവികളെപ്പോലെ ആയിരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അവർക്കെല്ലാം മൂന്നു ആമാശയങ്ങളും ഏതാണ്ട് നൂറ്റമ്പത് പല്ലുകളും വീതം ഉണ്ടായിരിക്കുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. ഒരു കോടീശ്വരൻ രാവിലെ ആറു മണി മുതൽ രാത്രി പന്ത്രണ്ടു മണി വരെയുള്ള സമയത്തെല്ലാം സദാ ആഹാരം കഴിച്ചുകൊണ്ടിരിക്കുകയായിരിക്കുമെന്നാണ് ഞാൻ ധരിച്ചുവെച്ചിരുന്നത്. അന്തിയാകുമ്പോഴേക്ക് തിന്നുതിന്ന് വാ കഴക്കുമ്പോൾ മുതൽ ആയാൾ തന്റെ ആഹാരം നീേഗ്രാ വേലക്കാരനെക്കൊണ്ട് ചവപ്പിച്ചെടുത്ത് വിഴുങ്ങുകമാത്രമാണ് ചെയ്യുന്നതെന്നും, ഒടുവിൽ തളർന്ന് പരവശനായി ശ്വാസം വിടാനാവാതെ വിയർപ്പിൽ മുങ്ങിക്കുളിക്കുമ്പോൾ ഈ നീേഗ്രാജോലിക്കാർ അയാളെ എടുത്ത് കിടക്കയിൽ കൊണ്ടുപോയി കിടത്തുമെന്നും, അടുത്തദിവസം രാവിലെ ആറുമണിക്ക് എഴുന്നേറ്റ് അയാൾ വീണ്ടും ഇതേ ദിനചര്യതന്നെ ആരംഭിക്കുമെന്നുമൊക്കെയായിരുന്നു എന്റെ വിചാരം.
ഇതൊക്കെയാണെങ്കിലും അത്ഭുതമെന്നു പറയട്ടെ, ഈ ഭീകരസത്വത്തിന്റെ ശിരസ്സെങ്ങനെയിരിക്കുമെന്നു സങ്കൽപിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. എന്നുമാത്രമല്ല, സർവതിൽനിന്നും സ്വർണം ഊറ്റിയെടുക്കാനുള്ള ഒരേയൊരു ആഗ്രഹത്താൽ ചലിക്കുന്ന ഇത്ര വലിയൊരു മാംസപിണ്ഡത്തിന് ശിരസ്സ് ഒരധികപ്പറ്റായിരിക്കുമെന്നാണ് എനിക്ക് തോന്നിയിരുന്നത്. മൊത്തത്തിൽ, കോടീശ്വരനെപ്പറ്റിയുള്ള എന്റെ ധാരണ വളരെ അസ്പഷ്ട മായിരുന്നെന്നു പറയാം. ചുരുക്കത്തിൽ ഇഷ്ടംപോലെ തിരിക്കാവുന്ന രണ്ടു നീണ്ടകരങ്ങൾ മാത്രമാണ് കോടീശ്വരന്റെ പ്രാഥമിക സവിശേഷതയായി ഞാൻ കണ്ടിരുന്നത്. കാരണം, ഈ ഭൂഗോളം മുഴുവൻ തങ്ങളുടെ കൈകളിൽ ഒതുക്കിയിട്ട് അത് തങ്ങളുടെ ഗുഹപോലത്തെ വായോട് അടുപ്പിച്ചുകൊണ്ട് ചുട്ടെടുത്തയുടനെയുള്ള ഉരുളക്കിഴങ്ങ് തിന്നുമ്പോൾ ഈത്തയൊലിക്കുന്ന മാതിരി നമ്മുടെ ഈ ഭൂമിയെ ആർത്തിയോടെ കാർന്നുതിന്നുന്നവരാണല്ലോ ഇക്കൂട്ടർ (മഞ്ഞചെകുത്താന്റെ നഗരം: മാക്സിംഗോർക്കി)
ആകാശം കണ്ടിട്ടും കാണാത്ത മട്ടിൽ ശാന്തമായി മുകളിൽനിന്നു/ താഴെ മനുഷ്യർ, കാണാൻപോലുമാരുമില്ലല്ലോ എന്ന വേദനയിൽ/ ചോരയിൽ കുളിച്ചു താഴെ കിടന്നു/ ആകാശം ഒന്നും മിണ്ടിയില്ല/ അതു വെറുതെ നോക്കിനിന്നു-Legend of the dead Soldier: ‘The hidden hand of the market will never work without the hidden fist-McDonalds cannot flourish without McDonnell Douglas, the designer of the F.15...’(Thomas L Friedman)
വർണശബളമായ അധിനിവേശ വിപണി നിലനിൽക്കുന്നത് കണ്ണീരിലും ചോരയിലുമാണ്. ആഗോളവിപണിയുടെ പ്രതീകമായ മക്ഡോണാൾട്സും, ആയുധകമ്പനിയായ മക്ഡോണൽ ഡഗ്ലസും രണ്ടല്ല! സൈനികശക്തിയുടെയും മനഃശാസ്ത്രയുദ്ധത്തിന്റെയും പിന്തുണയില്ലാതെ, സാമ്രാജ്യത്വ വിപണിക്ക് നിലനിൽപില്ല. ഇറാന്റെ നേരെ സാമ്രാജ്യത്വ സയണിസ്റ്റ് ഫാഷിസ്റ്റ്ശക്തികൾ നടത്തുന്നത് യുദ്ധമല്ല, കടന്നാക്രമണവുമല്ല, സൈനിക, രാഷ്ട്രീയ സാംസ്കാരിക അധിനിവേശമാണ്. മൂല്യങ്ങളുടെ ശവപ്പറമ്പാക്കി ലോകത്തെ മാറ്റി. അമൂല്യമായ ജിവിതത്തെ ആനന്ദവാദത്തിന്റെ ആലയാക്കുന്ന, സാംസ്കാരിക ഉദാരവത്കരണത്തിന്റെ അജണ്ടകൂടി, അധിനിവേശശ്രമങ്ങൾക്കടിയിൽ കാണാൻ കഴിയും. ഇറാനെതിരെ ആയിരിക്കുമ്പോഴും ഇത് ഇറാനെതിരെ മാത്രമല്ല എന്ന തിരിച്ചറിവിനെ കൂടിയാണ് മൂലധന മാധ്യമങ്ങൾ മുക്കുന്നത്.
മാക്സിം ഗോർക്കി, തോമസ് എൽ. ഫ്രീഡ്മാൻ എന്നിവർ എഴുതിയത് പല സന്ദർഭങ്ങളിലാണെങ്കിലും, അതിലൊക്കെ കീഴ്മേൽ മറിക്കപ്പെടുന്ന ലോകത്തിന്റെ ശ്ലഥചിത്രങ്ങളാണ് തെളിയുന്നത്. സാമ്രാജ്യത്വ കൊലവിളികൾക്ക് മുന്നിൽ നിശ്ശബ്ദമാവുന്ന ഐക്യരാഷ്ട്രസഭപോലുള്ള സാർവദേശീയ സംഘടനകൾ; അക്രാമകമായ ആഗോളവത്കരണത്തിന്റെ, പോരാളികളാവാൻ കഴിയാത്തവിധം നിസ്സഹായമായിത്തീർന്ന ഇരകളാണ്. അവയിൽനിന്ന് കാര്യമായൊന്നും ഇനി ലോകത്തിന് പ്രതീക്ഷിക്കാനില്ല. നിനവുകളിൽപോലും കനലുകളെരിയാത്ത ഇരകൾ, മറവികൾക്കുള്ള തീറ്റകൾ മാത്രമായി മാറും. ജീവിച്ചിരിക്കുന്നു എന്നറിയാൻ മരണം വരെ കാത്തിരിക്കുന്ന ഒരവസ്ഥയോളം സഹതാപാർഹമായി മറ്റെന്തുണ്ട്? ഇത്രമേൽ അനീതി കൺമുന്നിൽ നടന്നിട്ടും, ഒന്നുമറിയാത്ത മട്ടിൽ കഴിയുന്ന ഐക്യരാഷ്ട്രസഭ, ഐക്യം നഷ്ടപ്പെടുത്തിയ ഒരധിനിവേശസഭയായി തീർന്നിരിക്കുന്നു. അമേരിക്കയെയും ഇസ്രായേലിനെയും അവർ നിരന്തരം ചെയ്തുകൂട്ടുന്ന പാതകങ്ങളുടെ പേരിൽ ഒന്നു ശാസിക്കാൻപോലും കഴിയാത്തവിധം നിഷ്പ്രഭമായ ഒരു ഐക്യരാഷ്ട്രസഭ ഇനിയും ലോകമനഃസാക്ഷിക്കു മുന്നിൽ നാണംകെടാൻവേണ്ടിമാത്രം എന്തിന് ജീർണിച്ച് നിലനിൽക്കണം.
1983ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ നേതൃത്വത്തിലാണ് ഒരു കൊച്ചുരാജ്യമായ ഗ്രനഡക്കെതിരെ അധിനിവേശം നടന്നത്. അന്ന് ഇന്നത്തെപ്പോലെ ഐക്യരാഷ്ട്രസഭ പൂർണമായും തളർന്നുപോയിരുന്നില്ല. ഗ്രനഡ അധിനിവേശത്തിനെതിരെ അവർ ചെറിയ പ്രതികരണങ്ങൾ നടത്തി. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് പക്ഷേ, അതിനെ പുച്ഛിച്ചുതള്ളുകയാണുണ്ടായത്. അന്നയാൾ അഹങ്കാരത്തോടെ പറഞ്ഞത്, ഇതൊന്നും ഞങ്ങളെ ബാധിക്കുകയേയില്ല എന്നാണ്. ഐക്യരാഷ്ട്രസഭയിലെ നൂറോളം രാജ്യങ്ങൾ, ഞങ്ങൾ ഉൾപ്പെടുന്ന ഏതാണ്ട് എല്ലാ കാര്യങ്ങളിലും ഞങ്ങളോട് വിയോജിച്ചിട്ടുണ്ട്. അതൊന്നും എന്റെ പ്രഭാതഭക്ഷണത്തെ ഒട്ടും ബാധിച്ചിട്ടില്ല.
1945 ആഗസ്റ്റ് ആറ്, ഒമ്പത് തീയതികളിൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബിട്ടതിനെക്കുറിച്ച്, താങ്കൾക്കതിൽ കുറ്റബോധമുണ്ടോയെന്ന് ചോദിച്ചപ്പോൾ, ഞാനന്ന് എന്നത്തേക്കാളും സുഖമായുറങ്ങി എന്നാണ് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ പറഞ്ഞത്! എന്നാൽ, ബോംബിടലിന് കാലാവസ്ഥ അനുകൂലമാണോ എന്ന് പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ക്ലോഡ് ഈതർലി എന്ന പൈലറ്റ്, ഹിരോഷിമയിൽ സംഭവിച്ച കൂട്ടക്കൊലയിൽ മനമുരുകി സമനിലതെറ്റി ആത്മഹത്യക്ക് ശ്രമിച്ചു. സ്വയം പീഡിപ്പിച്ച് തടവറയിലെത്താൻ തുനിഞ്ഞു. ട്രൂമാൻ ഭരണകൂടം ഹിരോഷിമയിലെ പശ്ചാത്തപിക്കുന്ന പൈലറ്റ് എന്ന നിലയിൽ പിന്നീട് പ്രശസ്തമായ ആ മനുഷ്യനെ ഭ്രാന്തനെന്ന് മുദ്രകുത്തി. അപ്പോഴാണ് ബർട്രണ്ട് റസ്സൽ പറഞ്ഞത്, നീ ഭ്രാന്തനല്ല. നിന്റെ മനസ്സ് ശരിയായാണ് പ്രവർത്തിക്കുന്നത്. നിന്നെ ഭ്രാന്തൻ എന്ന് വിളിക്കുന്നവരാണ് യഥാർഥ ഭ്രാന്തർ! ട്രൂമാന്റെ ഹിരോഷിമ ആഘോഷിക്കും വിധമുള്ള അഭിപ്രായപ്രകടനങ്ങളെ, ഒരു ഭ്രാന്തന്റെ ജൽപനങ്ങൾ എന്ന് പറയാൻ അന്ന് റസ്സലിന് കഴിഞ്ഞു. ഇന്ന് റൊണാൾഡ് ട്രംപിനെയും, നെതന്യാഹുവിനെയും ആവിധം മിനിമം ചോരകുടിഭ്രാന്തർ എന്ന് വിളിക്കാനെങ്കിലും എത്ര ധൈഷണികർക്ക്, മാധ്യമപ്രവർത്തകർക്ക് കഴിയും?
മാക്സിം ഗോർക്കി
ഡോണൾഡ് ട്രംപിന്റെ കഴുത്തിലെ ചുവന്ന പാടിനെക്കുറിച്ചല്ല, അയാളുടെ മനസ്സിലൊഴുകുന്ന അഴുക്കുചാലുകളെക്കുറിച്ചാണ് കാലം സംവാദം ആവശ്യപ്പെടുന്നത്. കുട്ടികളെ കൂട്ടത്തോടെ കൊന്നതിനുശേഷം യു.എസ് കുട്ടികൾക്കൊപ്പമെന്ന മെലനിയ ട്രംപിന്റെ കാപട്യമാണ് കടലിൽ മുക്കപ്പെടേണ്ടത്. ഇറാനിൽ ഭരണമാറ്റം വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ട്രംപും അയാളുടെ അടിമ റിസ പഹ്ലവിയുമല്ല, ഇറാൻ ജനതയാണ്. ഒരു രാഷ്ട്രത്തിന്റെ നേതൃത്വമായ അലി ആയത്തുല്ല ഖാംനഈയെ കൊന്നിട്ട്, മറ്റ് രാഷ്ട്ര നേതൃത്വങ്ങൾ മൗനംപാലിച്ചാൽ, നേരുപറയാത്തതിന്റെ പേരിൽ, അതെ, തത്സമയം പ്രതികരിക്കാത്തതിന്റെ പേരിൽ അവർ വിചാരണ ചെയ്യപ്പെടും. സമാധാനം ശക്തിപ്പെടുത്താനുള്ള നയതന്ത്രനീക്കങ്ങൾക്കിടയിലാണ് ആ മാപ്പർഹിക്കാത്ത കൊലനടത്തിയതെന്നുള്ളത്, ആരെത്ര മായ്ക്കാൻ ശ്രമിച്ചാലും ചരിത്രം അടയാളപ്പെടുത്തും. രക്തസാക്ഷിത്വം സമരസ്രോതസ്സായി അധിനിവേശ ശക്തികളുടെ അകത്തളങ്ങളിൽ സ്ഫോടനങ്ങൾ സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

