തിരുവനന്തപുരം ചിറയിൻകീഴ് താലൂക്കിലെ വക്കം എന്ന കടലോര ഗ്രാമമായ വക്കത്ത് വാവാക്കുഞ്ഞ്- ഉമ്മുസൽമാ ദമ്പതികളുടെ മകനായി 1917 മേയ് 25നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല രക്തസാക്ഷി വക്കം ഖാദറിന്റെ ജനനം. മഹാത്മജിയുടെ കേരള സന്ദർശന വേളയിൽ ചിറയിൻകീഴ് സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ വമ്പിച്ച ജനക്കൂട്ടത്തെയും കാവൽക്കാരെയും മറികടന്ന് സ്കൂൾ വിദ്യാർഥിയായിരുന്ന ഖാദർ ട്രെയിനിൽ ചാടിക്കയറി ഗാന്ധിജിയെ കെട്ടിപ്പുണർന്നു ചുംബിച്ച സംഭവം...
തിരുവനന്തപുരം ചിറയിൻകീഴ് താലൂക്കിലെ വക്കം എന്ന കടലോര ഗ്രാമമായ വക്കത്ത് വാവാക്കുഞ്ഞ്- ഉമ്മുസൽമാ ദമ്പതികളുടെ മകനായി 1917 മേയ് 25നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല രക്തസാക്ഷി വക്കം ഖാദറിന്റെ ജനനം. മഹാത്മജിയുടെ കേരള സന്ദർശന വേളയിൽ ചിറയിൻകീഴ് സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ വമ്പിച്ച ജനക്കൂട്ടത്തെയും കാവൽക്കാരെയും മറികടന്ന് സ്കൂൾ വിദ്യാർഥിയായിരുന്ന ഖാദർ ട്രെയിനിൽ ചാടിക്കയറി ഗാന്ധിജിയെ കെട്ടിപ്പുണർന്നു ചുംബിച്ച സംഭവം ചരിത്രമാണ്.
പത്താം ക്ലാസ് പാസായശേഷം അദ്ദേഹം അക്കാലത്ത് തന്റെ ബന്ധുക്കൾ ധാരാളമുണ്ടായിരുന്ന മലയായിലേക്ക് തൊഴിൽ തേടിപ്പോയി. അവിടെ പൊതുമരാമത്ത് വകുപ്പിൽ ഓവർസിയർ ജോലിയിൽ പ്രവേശിച്ചെങ്കിലും വിപ്ലവ വീര്യത്താൽ ഖാദർ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്ത ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിൽ വളന്റിയറായി ചേർന്നു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐ.എൻ.എ ഭടന്മാർക്ക് പ്രത്യേക പരിശീലനം നൽകാൻ രൂപവത്കരിച്ച സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിദഗ്ധ പരിശീലനം പൂർത്തിയാക്കിയ ഖാദർ ആത്മഹത്യാ സ്ക്വാഡിന്റെ ക്യാപ്റ്റൻ പദവിയിലേക്ക് നിയോഗിക്കപ്പെട്ടു. ബ്രിട്ടീഷ് സർക്കാറിനെതിരായ ആക്ഷനുകളിൽ പങ്കെടുക്കാൻ 1942 ഫെബ്രുവരി 18ന് ഖാദറിന്റെ നേതൃത്വത്തിൽ സിംഗപ്പൂരിൽ നിന്ന് അന്തർവാഹിനിയിൽ ഇന്ത്യയിലേക്ക് തിരിച്ച സന്നദ്ധ സംഘത്തെ ഒമ്പതു ദിവസത്തിനുശേഷം മലബാറിലെ താനൂർ കടപ്പുറത്തുവെച്ച് ബ്രിട്ടീഷ് പട്ടാളം പിടികൂടി. മദ്രാസിലെ പട്ടാള കോടതി ഖാദറിനെയും ഒപ്പമുണ്ടായിരുന്ന ബംഗാളി നായകൻ സത്യേന്ദ്ര ചന്ദ്ര ബർധാൻ, ഫൗജാ സിങ്, അനന്തൻ നായർ എന്നിവരെയും തൂക്കിലേറ്റാൻ വിധിച്ചു. 1943 സെപ്റ്റംബർ 10 റമദാനിലെ ഒരു വെള്ളിയാഴ്ച സുബ്ഹി സമയത്താണ് അവർ തൂക്കിലേറ്റപ്പെട്ടത്.
പുഞ്ചിരിതൂകി പട്ടാളക്കാരുൾപ്പെടെ കണ്ടുനിന്നവരെയെല്ലാം കണ്ണുനനയിച്ചാണ് ഖാദർ കൊലമരത്തിനടുത്തെത്തിയത്. ജയിൽ സൂപ്രണ്ടിന്റെ മുഖത്തുനോക്കി ഖാദർ ചോദിച്ചു, സമയമായി അല്ലേ എന്ന്. ഖാദറിന്റെ മുഖത്തുനോക്കാൻ ധൈര്യമില്ലാതെ സൂപ്രണ്ട് പറഞ്ഞു: ‘‘സമയമായി, താങ്കളുടെ അന്ത്യാഭിലാഷങ്ങൾ അറിയിക്കുക’’. മറുപടിയായി ഖാദർ പറഞ്ഞത്, എന്നോടൊപ്പം ഒരു ഹിന്ദു സഹോദരനെ വേണം തൂക്കിലേറ്റാൻ എന്നു മാത്രമാണ്. അതിൻപ്രകാരം ഖാദറിനെയും അനന്തൻ നായരെയും ഒന്നിച്ചു തൂക്കിലേറ്റാൻ തീരുമാനിച്ചു.
ഹിന്ദു മുസ്ലിം മൈത്രിയുടെ പ്രതീകമായി മരണ സമയത്തും മനക്കരുത്ത് പ്രകടിപ്പിച്ച ഖാദർ മതസൗഹാർദത്തിന്റെ സന്ദേശ വാഹകനായാണ് സമരപോരാളികൾക്കിടയിൽ വിശേഷിപ്പിക്കപ്പെട്ടത്. വക്കം ഖാദറിന്റെ രക്തസാക്ഷിത്വ ദിനമായ സെപ്റ്റംബർ 10 മതസൗഹാർദ ദിനമായി പ്രഖ്യാപിച്ച് ആ ധീരസേനാനിയുടെ വികാരോജ്ജ്വലമായ ഓർമ പുതുക്കാൻ മുന്നോട്ടുവരണമെന്ന് കേരള സർക്കാറിനോട് അഭ്യർഥിക്കുന്നു.