മന്നത്ത് പത്മനാഭന്: അന്ധകാരത്തില്‍നിന്ന് നായർ സമുദായത്തെ കരകയറ്റിയ ആചാര്യന്
text_fieldsമന്നത്ത് പത്മനാഭന്
അധഃപതനത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന നായര്‍ സമുദായത്തിന് ദിശാബോധം നൽകി സമുദായ നന്മക്കായി സമുദ്ധരിക്കുകവഴി സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മക്കായി പ്രവര്‍ത്തിക്കുക എന്നതായിരുന്നു മന്നത്ത് പത്മനാഭന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളാണ് നായർ സർവിസ് സൊസൈറ്റിക്ക് എന്നും കൈമുതലായുള്ളത്. നായര്‍ സർവിസ് സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനം കെട്ടിപ്പടുത്ത്, സ്വസമുദായത്തിന്റെ പുരോഗതിയിലൂടെ സമൂഹനന്മക്കായി അവസാനശ്വാസം വരെ കഠിനാധ്വാനം ചെയ്ത കര്‍മയോഗിയായിരുന്നു അദ്ദേഹം. തന്റെ കര്‍മപഥത്തിലൂടെ സഞ്ചരിക്കാന്‍ സമുദായത്തെ സജ്ജമാക്കിയ പ്രതിഭാധനനായിരുന്നു അദ്ദേഹം.
സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളില്‍ അദ്ദേഹം വരുത്തിയ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുര്‍വ്യയങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്നു അദ്ദേഹം.
മന്നത്തിന്റെ ജീവിതം സംഭവബഹുലമായിരുന്നു. 1878 ജനുവരി രണ്ടിനാണ് ജനനം. പെരുന്നയില്‍ മന്നത്ത് വീട്ടില്‍ പാര്‍വതിയമ്മയുടെയും വാകത്താനം നീലമന ഇല്ലത്ത് ഈശ്വരന് നമ്പൂതിരിയുടെയും പുത്രനായി ജനിച്ച അദ്ദേഹത്തിന് മാതാവിന്റെ വാത്സല്യം മാത്രമായിരുന്നു ആശ്രയം. വിദ്യാഭ്യാസത്തിനുശേഷം മജിസ്ട്രേറ്റ് പരീക്ഷയില്‍ പ്രൈവറ്റായി ചേര്‍ന്ന് ജയിച്ചിരുന്നതിനാല്‍, സനദെടുത്ത് ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ വക്കീലായി പ്രാക്ടീസ് ചെയ്ത അദ്ദേഹം അഭിഭാഷകവൃത്തിയിലും പേരെടുത്തു. തുടര്‍ന്ന് പെരുന്ന കരയോഗ ഉദ്ഘാടനം, ചങ്ങനാശ്ശേരി നായര്‍സമാജ രൂപവത്കരണം, നായര്‍ ഭൃത്യജനസംഘ പ്രവര്‍ത്തനാരംഭം... ഇങ്ങനെ ഒന്നിനുപിറകെ മറ്റൊന്നായി അദ്ദേഹത്തിന്റെ സമുദായപ്രവര്‍ത്തനമണ്ഡലം കൂടുതല്‍ വിപുലമായി. 1914 ഒക്ടോബര്‍ 31ന് നായര്‍ സമുദായ ഭൃത്യജനസംഘം രൂപവത്കരിച്ച് അധികം കഴിയുന്നതിനുമുമ്പ് അതിന്റെ നാമധേയം നായര്‍ സര്‍വിസ് സൊസൈറ്റി എന്നാക്കുകയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുകയും ചെയ്തു. സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു.
1924ലെ ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹം, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വൈക്കത്തുനിന്ന് കാല്‍നടയായി രാജധാനിയിലേക്ക് പുറപ്പെട്ട ‘സവര്‍ണജാഥ’, ഗുരുവായൂര്‍ സത്യഗ്രഹം തുടങ്ങിയവ അദ്ദേഹത്തിന്റെ സംഘടനാചാതുരിയെയും നേതൃപാടവത്തെയും പ്രക്ഷോഭ വൈദഗ്ധ്യത്തെയും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്. 1914 ഒക്ടോബര്‍ 31 മുതല്‍ 1945 ആഗസ്റ്റ് 17 വരെ 31 വര്‍ഷം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്നുവര്‍ഷം പ്രസിഡന്റായി. 1947ല്‍ സംഘടനയുമായുള്ള ഔദ്യോഗിക ബന്ധങ്ങള്‍ വേര്‍പെടുത്തി സ്റ്റേറ്റ് കോണ്‍ഗ്രസിനും ഉത്തരവാദഭരണ പ്രക്ഷോഭത്തിനും നേതൃത്വം നല്കി. മുതുകുളത്ത് ചേര്‍ന്ന സ്റ്റേറ്റ് കോണ്‍ഗ്രസ് യോഗത്തില്‍ ചെയ്ത പ്രസംഗത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. രണ്ടരമാസത്തിനുശേഷം ജയില്‍വിമോചിതനായി.
പ്രായപൂര്‍ത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറില്‍ ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട നിയോജക മണ്ഡലത്തില്‍നിന്ന് വിജയിച്ച് അദ്ദേഹം നിയമസഭ സാമാജികനായി. 1949 ആഗസ്റ്റില്‍ ആദ്യമായി രൂപവത്കരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായി. തുടര്‍ന്ന് പത്തുകൊല്ലം സജീവരാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ സാമൂഹികപ്രവര്‍ത്തനങ്ങളിലും എന്‍.എസ്.എസിന്റെ വളര്‍ച്ചയിലും ബദ്ധശ്രദ്ധനായി. തിരുക്കൊച്ചി സംസ്ഥാനവും അനന്തരം കേരള സംസ്ഥാനവും രൂപംപ്രാപിച്ചപ്പോള്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമായി ഏര്‍പ്പെട്ടില്ല. രാഷ്ട്രീയസമരരംഗത്ത് അത്ഭുതം സൃഷ്ടിച്ച മഹാനായ സേനാനി എന്നനിലയില്‍ അദ്ദേഹം ലോകപ്രസിദ്ധനായി.
1970 ഫെബ്രുവരി 25ന് ഭൗതികമായി നമ്മില്‍നിന്ന് യാത്ര പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ആത്മസാന്നിധ്യം ജീവവായുവായി കരുതുന്ന സമുദായവും നായര്‍ സര്‍വിസ് സൊസൈറ്റിയും അതിനായി ക്ഷേത്രമാതൃകയില്‍തന്നെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമസങ്കേതം സ്ഥാപിച്ച് അദ്ദേഹത്തെ ഈശ്വരതുല്യം ആരാധിക്കുന്നു. ഇന്ന് സര്‍വസ് സൊസൈറ്റിയുടെ ഏതു നീക്കത്തിനും ആരംഭം കുറിക്കുന്നത് ആ സന്നിധിയില്‍നിന്നാണ്. സേവനപ്രവര്‍ത്തനങ്ങള്‍ മുഖ്യമായും നായര്‍ സമുദായത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നെങ്കിലും അതിന്റെ ഗുണഭോക്താക്കള്‍ നാനാജാതി മതസ്ഥരായ ബഹുജനങ്ങളാണെന്ന വസ്തുതയെ അംഗീകരിച്ച് 1966ല്‍ ഇന്ത്യ ഗവണ്മെന്റ് പത്മഭൂഷണ്‍ പുരസ്കാരം നല്കി ആദരിച്ചു. കൂടാതെ, 1989ല്‍ തപാൽ വകുപ്പ് അദ്ദേഹത്തിന്റെ സ്മാരകമായി സ്റ്റാമ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. വൈകിയാണെങ്കിലും 2014ല്‍ കേരള സർക്കാർ അദ്ദേഹത്തിന്റെ ജന്മദിനം പൊതുഅവധിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ഇപ്പോഴത്തെ സംസ്ഥാന സർക്കാർ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള അവധിയായി പ്രഖ്യാപിച്ചു.
മഹാകര്മപ്രഭാവത്താല് ശൂന്യതയില്‍നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിച്ച അവതാരപുരുഷനായിരുന്നു അദ്ദേഹം. സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്ന യോഗീശ്വരന്. മന്നത്ത് പത്മനാഭന്റെ നിലപാടുകള്‍ക്കും കാലാതീത ദര്‍ശനങ്ങള്‍ക്കും പ്രസക്തിയും പ്രശസ്തിയും വർധിക്കുന്നതായി നമുക്കു കാണാം. അദ്ദേഹത്തിന്റെ ഓരോ ജന്മദിനാഘോഷവും സര്‍വിസ് സൊസൈറ്റിയുടെ വളര്‍ച്ചയിലേക്കുള്ള പടവുകളാണ്. അദ്ദേഹത്തിന്റെ 149ാമത് ജയന്തി ജനുവരി രണ്ടിന് പതിവുപോലെ ആഘോഷിക്കുകയാണ്. അദൃശ്യസാന്നിധ്യംകൊണ്ട് ഇന്നും നമ്മെ അനുഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ ജയന്തി ആഘോഷങ്ങള്‍ക്ക് എന്‍.എസ്.എസിന്റെ ഭക്ത്യാദരപൂര്‍വമുള്ള ആശംസകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

