മേയ് ഒമ്പതിന് നടക്കുന്ന മലേഷ്യയിലെ പതിനാലാമത് പൊതുതെരഞ്ഞെടുപ്പ് രണ്ടു പതിറ്റാണ്ടു മുമ്പ് സജീവ രാഷ്ട്രീയം സ്വയം ഒഴിഞ്ഞ മഹാതീറിെൻറ തിരിച്ചുവരവിന് തുടക്കം കുറിക്കുമോ എന്നാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. ജയിലിൽ കഴിയുന്ന തെൻറ രാഷ്ട്രീയ പ്രതിയോഗി അൻവർ ഇബ്രാഹീമിനോടൊപ്പം ചേർന്ന് 60 വർഷത്തെ സ്വന്തം പാർട്ടിയുടെ ഭരണം അവസാനിപ്പിക്കാൻ മഹാതീർ തീരുമാനിച്ചിരിക്കുന്ന വിരോധാഭാസകരമായ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.
മഹാതീർ മുഹമ്മദിന് മുമ്പുള്ള മലേഷ്യ ചരിത്രത്തിൽ അറിയപ്പെടാത്ത ഒരു തുണ്ട് ഭൂമി മാത്രമായിരുന്നു. 22 വർഷത്തെ ഭരണംകൊണ്ട് മലേഷ്യയുടെ ചിത്രം മാറ്റിവരച്ചു മഹാതീർ. എതിരഭിപ്രായങ്ങൾ പരിഗണിക്കാതെ സ്വന്തം ആശയപ്രപഞ്ചം കൈമുതലാക്കിയുള്ള ആ യാത്ര ലോകഭൂപടത്തിൽ നിഷേധിക്കാനാവാത്ത ഇടം നേടിയെടുക്കാൻ നടത്തിയ യാത്രതന്നെയായിരുന്നു. പലർക്കും വിയോജിക്കാമെങ്കിലും മലേഷ്യയിലെ മഹാഭൂരിഭാഗവും പ്രത്യേകിച്ച് മലായ് വംശജരിലെ ഉപരി മധ്യവർഗത്തിെൻറ പ്രതീക്ഷയും ആവേശവും തന്നെയായിരുന്നു മഹാതീർ.
ഉരുക്കുമുഷ്ടി കൊണ്ട് എന്തും സാധ്യമാവുമെന്ന് തെളിയിച്ച മഹാതീർ തെൻറ ഉറ്റമിത്രവും ഉപപ്രധാനമന്ത്രിയുമായിരുന്ന അൻവർ ഇബ്രാഹീമിനെ ദുരൂഹമായ കാരണങ്ങളാൽ ’88ൽ ഇേൻറണൽ സെക്യൂരിറ്റി ആക്ട് ഉപയോഗിച്ച് ജയിലിൽ അടച്ചതോടെയാണ് മലേഷ്യയുടെ രാഷ്ട്രീയം ബദൽ രാഷ്ട്രീയത്തിന് സാക്ഷ്യംവഹിക്കുന്നത്. സ്വാതന്ത്ര്യം നേടിയതു മുതൽ മലേഷ്യ ഭരിക്കുന്ന യുനൈറ്റഡ് മലായ്സ് ഓർഗനൈസേഷന് (അംനോ) എതിരെ പലപ്പോഴും നിലയുറപ്പിക്കാറുള്ള ഇസ്‌ലാമിക കക്ഷിയായ ‘പാസും’ ചൈനീസ് വംശജർക്ക് മേൽക്കോയ്മയുള്ള ഇടത് സെക്കുലർ കക്ഷിയായ െഡമോക്രാറ്റിക് ആക്ഷൻ പാർട്ടിയും ഉൾക്കൊള്ളുന്ന ഒരു മുന്നണിക്ക് അൻവർ ഇബ്രാഹീം തുടക്കം കുറിച്ചത് ഇതോ ടെയാണ്. അന്ന് മുതൽ മഹാതീർ ലക്ഷ്യംവെച്ചത് ‘അംനോ’വിെൻറ അപ്രമാദിത്വം ഉറപ്പുവരുത്താനായിരുന്നു.
22 വർഷത്തെ അധികാരം സ്വയം ഒഴിഞ്ഞ് തെൻറ പിൻഗാമിയായി അബ്ദുല്ല ബദാവി എന്ന ഇസ്‌ലാമിക പണ്ഡിതനെ അവരോധിച്ച് ഒരേസമയം വിമത നേതാവ് അൻവറിനെയും ഇസ്‌ലാമിക മുഖമുള്ള ‘പാസി’നെയും തുടച്ചുമാറ്റാനായി തൊട്ടുടനെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ മഹാതീർ^ബദാവി കൂട്ടുകെട്ടിന്. എന്നാൽ, 2009ലെ തെരഞ്ഞെടുപ്പിൽ ജയിൽമോചിതനായ അൻവർ നേരിട്ട് നേതൃത്വം നൽകിയതോടെ സ്ഥിതി മാറി. അഞ്ചു സ്റ്റേറ്റുകളും പാർലമെൻറിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും ഭരണസഖ്യമായ ‘ബാരിസാൻ നാഷനലി’ന് ആദ്യമായി നഷ്ടപ്പെട്ടു. ഇത് ഏറ്റവും രോഷാകുലനാക്കിയത് മഹാതീറിനെയായിരുന്നു. ദുർബലനായ പ്രധാനമന്ത്രിയെന്ന് കുറ്റപ്പെടുത്തി ബദാവിയുടെ രാജിക്കായി മഹാതീർ സമ്മർദംചെലുത്തി. സമ്മർദം ശക്തമാക്കാൻ സ്വന്തം പാർട്ടിയായ ‘അംനോ’വിൽനിന്ന് രാജിവെച്ചു. അവസാനം ബദാവി സ്ഥാനമൊഴിയുകയും മഹാതീറിെൻറ സ്വന്തം നോമിനി ഇപ്പോഴത്തെ പ്രധാനമന്ത്രി നജീബ് അബ്ദുറസാഖ് പ്രധാനമന്ത്രിയാവുകയും ചെയ്തു.
മുൻഗാമിക്ക് പറ്റിയത് തനിക്കും സംഭവിക്കാതിരിക്കാൻ നജീബ് ചെയ്തത് മഹാതീർതന്ത്രങ്ങൾ തന്നെ. ഗുരുതരമായ ആരോപണമുന്നയിച്ച് അൻവറിെൻറ രാഷ്ട്രീയ പ്രവേശനം തടയാനും വീണ്ടും ജയിലിൽ അടക്കാനും നജീബിന് സാധിച്ചു. ഈ ആരോപണത്തിെൻറ പുകമറ നിലനിർത്തിക്കൊണ്ട് നടന്ന 13ാമത് പൊതുതെരഞ്ഞെടുപ്പിൽ മഹാതീറും നജീബും ചേർന്നാണ് അൻവർ ഇബ്രാഹീമിെൻറ മുന്നണിക്കെതിരെ പ്രചാരണം നയിച്ചത്. കേസിൽ അന്തിമവിധി വരാത്തതിനാൽ ജയിലിൽനിന്നും പുറത്തുനിന്നും പ്രചാരണം നയിച്ച അൻവർ തെൻറ ത്രികക്ഷി സഖ്യത്തെ അധികാരത്തിലേറ്റാൻ എല്ലാ ശ്രമവും നടത്തിയെങ്കിലും വിജയിക്കാനായില്ല. എന്നാൽ, കൂടുതൽ പോപുലർ വോട്ട് നേടി ഏറ്റവും കൂടുതൽ ജനപിന്തുണ തങ്ങൾക്കാണെന്ന് തെളിയിക്കാൻ അൻവറിന് സാധിച്ചു.
2018ൽ നടക്കാനിടയുള്ള 14ാമത് പൊതുതെരഞ്ഞെടുപ്പിൽ മലേഷ്യൻ പ്രതിപക്ഷ മുന്നണി അധികാരം വാഴുമെന്ന് അന്നുതന്നെ എല്ലാവരും പ്രവചിച്ചത് അങ്ങനെയാണ്. ഇതിനെ മറികടക്കാൻ ഒറ്റ മാർഗമേ ഉണ്ടായിരുന്നുള്ളൂ. അൻവർ ജയിലിലായിരിക്കെ തെരഞ്ഞെടുപ്പ് നടത്തുക. അൻവറിനെതിരെ വിധി വന്നതോടെ മഹാതീറും നജീബും ഏറ്റവും കൂടുതൽ ആശ്വസിച്ചുകാണും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നേതാവില്ലാത്ത പ്രതിപക്ഷം ദയനീയ പരാജയം രുചിക്കുന്നത് സ്വപ്നംകണ്ട നജീബും മഹാതീറും ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് പക്ഷേ, ഇപ്പോൾ സംഭവിച്ചത്. നജീബിെൻറ രാഷ്ട്രീയഗുരുവും അൻവറിെൻറ പ്രതിയോഗിയുമായ മഹാതീർ തന്നെ പ്രതിപക്ഷത്തിെൻറ പ്രധാനമന്ത്രി സ്ഥാനാർഥിയായിരിക്കുന്നു.
രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല എന്ന് പറയുന്നവർക്കുപോലും ഉൾക്കൊള്ളാനാവാത്ത ഒരു മലേഷ്യൻ ട്വിസ്റ്റാണിത്. ഇതിെൻറ നിമിത്തം നജീബ് റസാഖിനെതിരെ ഉയർന്ന ഭീകരമായ അഴിമതി ആരോപണങ്ങളാണ്. മറ്റൊരു മഹാതീർ ആവാനുള്ള നജീബിെൻറ ശ്രമവും മഹാതീറിനെ ചൊടിപ്പിച്ചുകാണും. ഏതായാലും വാശിയേറിയ ഒരു തെരഞ്ഞെടുപ്പിന് മലേഷ്യ സാക്ഷ്യം വഹിക്കുകയാണ്. അഴിമതി ആരോപണങ്ങൾ സത്യമാണെന്നും അതിനാൽ ഭരണകക്ഷിയെ രക്ഷിക്കാൻ കപ്പിത്താൻ മാറുകയോ അല്ലെങ്കിൽ മാറ്റുകയോ വേണമെന്നുമാണ് മഹാതീർ രണ്ടു വർഷം മുമ്പ് ആവശ്യപ്പെട്ടത്. ഉപപ്രധാനമന്ത്രി മുഹ്‌യിദ്ദീൻ യാസീൻ ആയിരുന്നു ഇത്തവണ മഹാതീറിെൻറ നിയുക്ത പ്രധാനമന്ത്രി. എന്നാൽ, ആയുസ്സ് അവസാനിക്കാൻ പോകുന്ന ഒരാളുടെ അപശബ്ദം മാത്രമായി നജീബ് അതിനെ കണ്ടതോടെ മഹാതീർ പാർട്ടിയിൽനിന്ന് രാജിവെച്ചു ബദാവിക്കെതിരെ പ്രയോഗിച്ച അതേ സമ്മർദതന്ത്രം നജീബിനെതിരെയും പ്രയോഗിക്കാൻ തീരുമാനിച്ചു. നജീബാകട്ടെ, മഹാതീറിനോടൊപ്പം ചേർന്ന ഉപപ്രധാനമന്തിയെ പുറത്താക്കിയും മഹാതീറിെൻറ മകനെ പ്രവിശ്യ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കിയും അൻവറിനോട് മഹാതീർ ചെയ്തതിെൻറ മറ്റൊരു ആവർത്തനംതന്നെ നടപ്പാക്കി.
ഇതോടെയാണ് ബർസാതു എന്ന ഒരു പുതിയ പാർട്ടിക്ക് ‘അംനോ’വിലെ വിമതർ മഹാതീറിെൻറ നേതൃത്വത്തിൽ തുടക്കം കുറിച്ചത്. പക്ഷേ, അതൊന്നും നജീബിനെയോ ഭരണകക്ഷിയെയോ അസ്വസ്ഥരാക്കിയില്ല. രണ്ടു കാരണങ്ങൾ നജീബിന് എന്നും അനുകൂലമായി ഉണ്ടായിരുന്നു. ഒന്ന്, പ്രതിപക്ഷ മുന്നണിയിലെ ഇസ്‌ലാമിക് പാർട്ടിയായ ‘പാസി’ൽ ഉണ്ടായ തർക്കവും പിളർപ്പും ശക്തിപ്പെട്ടതോടെ ‘പാസി’ലെ ഹാർഡ് കോർ പ്രവർത്തകർ പൊതുവെ പ്രതിപക്ഷ സഖ്യത്തിൽനിന്ന് അകലാൻ ആരംഭിച്ചിരുന്നു. പ്രതിപക്ഷസഖ്യം വിട്ട പാസിലെ നേതാക്കൾ ഭരണകക്ഷിയോട് രഹസ്യബാന്ധവം നിലനിർത്തുന്നുവെന്ന ആരോപണവുമുണ്ട്. പാസ് വിമതർ ചേർന്ന് രൂപവത്കരിച്ച അമാന പാർട്ടി പ്രതിപക്ഷ മുന്നണിയിൽ ഭാഗമായതോടെ നല്ല ജനപിന്തുണയുള്ള ‘പാസ്’ പ്രതിപക്ഷ സഖ്യത്തിൽ ചേരില്ല എന്ന കാര്യത്തിൽ ഏതാണ്ട് തീരുമാനമായതാണ്. രണ്ടാമതായി മഹാതീർ തന്നെ ചവിട്ടിത്താഴെയിട്ട അൻവറിനോടൊപ്പം മഹാതീർ രൂപവത്കരിച്ച ബർസാതു ചേരുകയേ ഇല്ലെന്നതായിരുന്നു മറ്റൊരു പ്രതീക്ഷ.
ചേർന്നാൽ തന്നെ മഹാതീർ ഉണ്ടാക്കിയ രാഷ്ട്രീയ സംസ്കാരത്തിനെതിരെ രണ്ടു പതിറ്റാണ്ടായി പോരാടുന്ന അൻവർ നേതൃത്വം നൽകുന്ന മുന്നണിക്ക് അതുൾെക്കാള്ളാനാവില്ല എന്നുമായിരുന്നു കണക്കുകൂട്ടൽ. അൻവർ ജയിലിലായിരിക്കെ നടക്കുന്ന തെരഞ്ഞെടുപ്പിൽ നയിക്കാൻ ആളില്ലാത്ത പ്രതിപക്ഷം കൂടുതൽ സമ്മർദത്തിലാവുമെന്നും നജീബ് അബ്ദുറസാഖ് കണക്കുകൂട്ടിക്കാണും. എന്നാൽ, ഈ ധാരണകളെയെല്ലാം തിരുത്തിയാണ് അൻവറിെൻറ പാർട്ടിയായ ‘പാർട്ടി കെ ആദിലാൻ’, ‘പാസ്’ വിമതർ രൂപവത്കരിച്ച ‘അമാന’ പാർട്ടി, ഇടത് സെക്കുലർ കക്ഷിയായ ഡി.എ.പി എന്നിവരോടൊപ്പം മഹാതീറിെൻറ ബർസാതു കൂടി ചേർന്ന് അൻവറിെൻറ ആശീർവാദത്തോടെ ‘പക്കത്താൻ ഹാരപ്പാൻ’ എന്ന മുന്നണി രൂപംകൊണ്ടത്. എല്ലാവരെയും അമ്പരപ്പിച്ചാണ് 92 വയസ്സ് കഴിഞ്ഞ മഹാതീറിനെ പ്രധാനമന്ത്രിയായും അൻവറിെൻറ ഭാര്യ വാൻ അസീസയെ ഉപപ്രധാനമന്ത്രിയുമായി മുന്നണി പ്രഖ്യാപിച്ചത്.
അങ്ങനെ അൻവർ രണ്ടു പതിറ്റാണ്ടായി ഉയർത്തുന്ന രാഷ്ട്രീയത്തിെൻറ ഗുണഭോക്താവും പ്രചാരകനുമായി മഹാതീർ തന്നെ നിലയുറപ്പിക്കുന്ന രാഷ്ട്രീയ അത്ഭുതമാണ് മലേഷ്യയിൽ ഇപ്പോൾ സംഭവിച്ചത്. പ്രതിപക്ഷ കക്ഷികളെല്ലാം ഒരു പൊതുചിഹ്നത്തിൽ മത്സരിക്കണമെന്ന് തീരുമാനിച്ചതോടെ അൻവറിെൻറ പാർട്ടിയുടെ ചിഹ്നം എല്ലാവരുടെയും പൊതുചിഹ്നമായി അവരോധിക്കപ്പെട്ടു. ’88ൽ ജയിലിലായിരിക്കെ അന്നത്തെ പൊലീസ് മേധാവി അൻവറിെൻറ കണ്ണ് അടിച്ചുതകർത്തതിെൻറ പ്രതീകമെന്നോണം വികസിച്ച ചിഹ്നമാണ് അൻവറിെൻറ പാർട്ടിയുടെ ചിഹ്നമായ കണ്ണ്. മഹാതീറും ‘അംനോ’യും പ്രസരിപ്പിക്കുന്ന രാഷ്ട്രീയ സംസ്കൃതിക്കെതിരെയുള്ള പരിഷ്കരണ പ്രക്ഷോഭങ്ങളെ ‘റിഫോമസി’ എന്നാണ് മലായ് ജനത അഭിസംബോധന ചെയ്യാറുള്ളത്. ‘റിഫോമസി’യുടെ പ്രതീകം കൂടിയാണ് അൻവർ അനുഭവിച്ച പീഡനങ്ങളുടെ ചരിത്രം ഓർമിപ്പിക്കുന്ന ഈ കണ്ണ്. ആ കണ്ണ് ചിഹ്നത്തിൽ തന്നെ മഹാതീർ മത്സരിക്കുന്നു. താൻ പതിറ്റാണ്ടുകളായി സംരക്ഷിച്ചു നിർത്തിയ പാർട്ടിയെ അധികാരഭ്രഷ്ടരാക്കാൻ എന്നതിനെക്കാൾ വലിയ രാഷ്ട്രീയ അത്ഭുതം മറ്റെന്തുണ്ട്. മഹാതീർ തന്നെ ഉണ്ടാക്കിയെടുത്ത യുക്തിരഹിതമായ തെരഞ്ഞെടുപ്പ് നിയമങ്ങൾ കാരണം പോപുലർ വോട്ട് നേടിയാലും പാർലമെൻറിൽ അംനോവിനല്ലാതെ ഭൂരിപക്ഷം കിട്ടാത്ത രാഷ്ട്രീയ ഘടനയെ മറികടക്കാൻ ഈ ഉരുക്ക് മനുഷ്യനാവുമോ എന്നതിെൻറ ഉത്തരം കൂടിയായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലം.