സ്കൂൾ കലോത്സവങ്ങളുടെ തിളക്കം കെടുത്തരുത്
text_fieldsസ്കൂൾ മേളകൾക്ക് തുടക്കമായതോടെ നാടും നഗരവുമെല്ലാം പുതുപ്രതിഭകളുടെ വിസ്മയങ്ങൾക്കായി ആവേശപൂർവം കാത്തിരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം എന്ന ഖ്യാതിയുള്ള സ്കൂൾ കലോത്സവങ്ങളുടെ മാന്വൽ പരിഷ്കരണത്തിൽ ആദിവാസികലകളടക്കമുള്ള എല്ലാ വിഭാഗത്തെയും പരിഗണിക്കുന്നുവെന്നത് പ്രശംസനീയമാണ്. എന്നാൽ, നിലവിലെ ബൈലോ ഭേദഗതി ചെയ്യുമ്പോൾ അറബി,സംസ്കൃത കലോത്സവങ്ങൾക്ക് ചില മാറ്റങ്ങൾ കൊണ്ടുവരുന്നുവെന്നത് അടുത്തിടെ കാണപ്പെട്ട പ്രവണതകളാണ്, അതു കുട്ടികളെ നിരുത്സാഹപ്പെടുത്തുകയും ഭാഷാധ്യാപക സംഘടനകളെ സമരരംഗത്തേക്ക് തള്ളിവിടുകയും ചെയ്യുന്നുവെന്നാണ് അനുഭവം. ജനറൽ കലോത്സവത്തിൽ ഒരു കുട്ടിക്ക് വ്യക്തിഗതമായി മൂന്ന് ഇനങ്ങളിലും രണ്ട് ഗ്രൂപ് ഇനങ്ങളിലും പങ്കെടുക്കാമെന്നതുപോലെ അറബി, സംസ്കൃതം കലോത്സവങ്ങളിലും ഒരു കുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ് ഇനങ്ങളിലും പങ്കെടുക്കാമായിരുന്നു. 2023 മുതൽ ഈ രീതിക്ക് മാറ്റം വരുത്തിയത് അറബി, സംസ്കൃതം ഭാഷകളോടുള്ള അവഗണനയായി വിലയിരുത്തപ്പെടുന്നുണ്ട്. കുട്ടികൾക്ക് ഭാഷകളോടും ഭാഷാ കലകളോടുമുള്ള താൽപര്യം വർധിപ്പിക്കാനായി തുടങ്ങിവെച്ച സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമംതന്നെ. അറബി അധ്യാപക സംഘടനകളായ കെ.എ.ടി.എഫ്, കെ.എ.എം.എ സംസ്കൃത അധ്യാപകസംഘടനയായ കെ.എസ്.ടി.എഫ് ഉർദു അധ്യാപക സംഘടനയായ കെ.യു.ടി.എ എന്നിവയടങ്ങുന്ന ഭാഷാധ്യാപക ഐക്യവേദിയുടെ നിരന്തരമായ ആവശ്യവും ഇടപെടലുംകൊണ്ട് ആ ഉദ്യമത്തിൽനിന്ന് ബന്ധപ്പെട്ടവർ പിൻവാങ്ങിയിരുന്നു. എന്നിട്ടത് വീണ്ടും നടപ്പാക്കാൻ ശ്രമിക്കുന്നത് തീർത്തും അനഭിലഷണീയമാണ്.
മത്സരത്തിൽ പങ്കെടുക്കുന്ന തന്റെ കുട്ടി ഒന്നാമതെത്തണം എന്ന താൽപര്യമായിരിക്കും എല്ലാ അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലകർക്കുമുണ്ടാവുക. എന്നാൽ, കുട്ടിക്ക് ഒന്നാംസ്ഥാനവും അടുത്തതലത്തിൽ മത്സരിക്കാൻ യോഗ്യതയും ലഭിച്ചില്ലെന്ന് വരുമ്പോൾ വിധികർത്താക്കളെ കൈയേറ്റം ചെയ്യുന്ന അവസ്ഥ ഉണ്ടാകുന്നു എല്ലാ മത്സരാർഥികൾക്കും ഒന്നാം സ്ഥാനം നൽകാനാവില്ലല്ലോ. നല്ല കഴിവും പ്രാപ്തിയുള്ള വിധികർത്താക്കൾക്കെതിരെ ആളുകൾ തിരിയുന്നതും അവരെ ഇകഴ്ത്താനും കഴിവുകെട്ടവരായി ചിത്രീകരിക്കുവാനും ശ്രമിക്കുന്നത് പതിവാണ്. അത്തരം അനാരോഗ്യ രീതികൾ പൂർണമായി ഒഴിവാക്കപ്പെടേണ്ടതുണ്ട്.
അതിസുപ്രധാനമായ ഒരു ദൗത്യത്തിന് നിയോഗിക്കപ്പെടുന്ന വിധികർത്താക്കളും ഏതെങ്കിലും നിലക്കുള്ള പക്ഷപാതം ഇല്ലാതെ പരിപൂർണ നീതി പുലർത്തണം. കഴിഞ്ഞ കലോത്സവത്തിന്റെ കർട്ടൻ താഴ്ന്ന നിമിഷം മുതൽ ആരംഭിക്കുന്നതാണ് ഇത്തവണത്തെ കലോത്സവത്തിനായുള്ള തയാറെടുപ്പുകൾ. പതിനായിരക്കണക്കിന് മനുഷ്യരുടെ അത്യധ്വാനവും കുഞ്ഞുങ്ങളുടെ പ്രതീക്ഷകളുമാണ് ഇവിടെ വർണ പ്രപഞ്ചം തീർക്കുന്നത്. ആ നിറവും തിളക്കവും കെട്ടുപോകാതിരിക്കാൻ ഓരോരുത്തരുടെയൂം ജാഗ്രത അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

