മംഗളൂരുവിലെ പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള സംഘര്‍ഷം റിപ്പോർട്ട് ചെയ്യാന്‍ രാവിലെ 8.30നാണ് അവിടെ എത്തിയത്. പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ഹൈലാന്‍ഡ് ആശുപത്രിയില്‍ പുലര്‍ച്ച തന്നെ ഞാനടക്കമുള്ള മാധ്യമ പ്രവര്‍ത്തകരെത്തി. അവിടെയുണ്ടായിരുന്നവരില്‍ നിന്നും പ്രതിഷേധത്തിെൻറയും അതിനോടനുബന്ധിച്ച് നടന്ന പൊലീസ് നടപടിയുടെയും വിവരങ്ങള്‍ ശേഖരിച്ചു. തുടർന്ന് കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികൾക്കായി എത്തിച്ച ആശുപത്രിയിലെത്തി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുള്‍പ്പെടെയുള്ളവരുടെ പ്രതികരണം അവിടെവെച്ച് എടുത്തു. ഈ ഘട്ടത്തിലാണ് പൊലീസ് ഇടപെടലുണ്ടായത്.
റിപ്പോര്‍ട്ടിങ് പൊലീസ് തടസ്സപ്പെടുത്തി. പിന്നീട് പൊലീസ് പറഞ്ഞതനുസരിച്ച് ഞാന്‍ വാഹനത്തില്‍ കയറി. അവിടെ വന്നാണ് പൊലീസ് എന്നെയും കാമറാമാനായും ഡ്രൈവറെയും കുറ്റവാളികളെന്ന കണക്കെ ബലം പ്രയോഗിച്ച് പൊലീസ് വാനില്‍ കയറ്റിയത്. ഇവിടെയും പൊലീസിെൻറ ഭാഗത്തുനിന്ന് മോശം അനുഭവമാണ് നേരിടേണ്ടി വന്നത്. സീറ്റിലിരിക്കാന്‍ സമ്മതിക്കാതെ നിര്‍ബന്ധിച്ച് സീറ്റുകള്‍ക്കിടയില്‍ നിലത്തിരുത്തി. എണീറ്റ് നില്‍ക്കരുതെന്നും കര്‍ശന നിര്‍ദേശം നല്കി. സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഒമ്പത് മണിയോടെ എത്തിച്ചു. ഇവിടെ മണിക്കൂറുകൾ ഇരുത്തി. എന്താണ് കുറ്റമെന്നോ എപ്പോള്‍ പുറത്തുവിടുമെന്നോ പൊലീസ് പറഞ്ഞില്ല.
ഇതിനിടെ ഇൻറലിജന്‍സ് ബ്യൂറോയില്‍ നിന്നാണെന്നുപറഞ്ഞ് ഒരാള്‍ വന്ന് ആധാര്‍ കാര്‍ഡുള്‍പ്പെടെയുള്ളവ വാങ്ങി ഫോട്ടോയെടുത്തു. ചില അസുഖകരമായ ചോദ്യങ്ങള്‍ ചോദിച്ചു. നിങ്ങളുടെ കൂട്ടത്തില്‍ ആരുടെയെങ്കിലും കൈയില്‍ നിന്ന് ആയുധം പിടിച്ചെടുത്തിട്ടുണ്ടോ എന്നതടക്കം ചോദിച്ചു. ഹിന്ദിയിലാണ് ആശയവിനിമയം. ആധാര്‍ ഫോട്ടോ എടുക്കുന്നതെന്തിന് എന്ന ചോദ്യത്തിന് മീഡിയവണ്‍ തിരിച്ചറിയൽ കാർഡിലെയും ആധാറിലെയും പേര് വിവരങ്ങള്‍ ഒത്തുനോക്കാനാണെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍, മീഡിയവണ്‍ ഐ.ഡി നോക്കാന്‍ പോലും പൊലീസ് തയാറായില്ല.
പിന്നീടും മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വം. 12 മണിയോടെ മറ്റ് മാധ്യമപ്രവര്‍ത്തകരെ കൂടി സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഞങ്ങൾ വെള്ളംചോദിച്ചെങ്കിലും തന്നില്ല. കൊടുംകുറ്റവാളികളെ കൊണ്ടുവന്നതുപോലെ ആയിരുന്നു സമീപനം. ആരുമായും ബന്ധപ്പെടാനുള്ള ഫോൺ പോലുമില്ല. എല്ലാം പൊലീസ് പിടിച്ചുവെച്ചു. മൂന്നരയോടെ വിട്ടയക്കാൻ തീരുമാനമായി. ഒടുവിൽ അതിർത്തി കടത്തിവിടുകയായിരുന്നു. എങ്കിലും മീഡിയവണിെൻറ വാഹനം വിട്ടില്ല. കേരളത്തിലെ മാധ്യമങ്ങൾ കർണാടകത്തിൽ വരേണ്ടതില്ല എന്നാണ് അന്തിമമായ ശാസന.