വിജ്ഞാന സാഗരത്തിന് നടുവിലെ വിനയാന്വിതൻ
text_fieldsഒരു പരിസ്ഥിതി വിദഗ്ധൻ മാത്രമല്ല, പരിസ്ഥിതി സംരക്ഷണത്തിനായുള്ള ജനകീയ കൂട്ടായ്മകളിലും പ്രസ്ഥാനങ്ങളിലും പ്രധാന സ്വാധീനം ചെലുത്തിയിരുന്ന പ്രകൃതിസ്നേഹി കൂടിയായിരുന്നു മാധവ് ഗാഡ്ഗിൽ. അഞ്ച് പതിറ്റാണ്ടു കാലത്തോളം അദ്ദേഹം അനവധി പേർക്ക് സുഹൃത്തും, മാർഗദർശിയുമൊക്കെ ആയിരുന്നു. ആധുനിക ശാസ്ത്ര വിഷയങ്ങളിൽ പ്രാവീണ്യം കൈവരിച്ച അദ്ദേഹം പരമ്പരാഗത വിജ്ഞാന ശാഖകളിലും, പ്രത്യേകിച്ചും ജൈവവൈവിധ്യ രംഗങ്ങളിലും മുന്നിട്ടു നിന്നു.
70 കളുടെ അവസാനത്തിലും 80 കളുടെ പ്രാരംഭത്തിലും കേരളത്തിലെ സേവ് സൈലന്റ് വാലി പ്രസ്ഥാനത്തിൽ നിർണായക പങ്ക് വഹിച്ച മാധവ് ഗാഡ്ഗിൽ നയപരമായ തീരുമാനങ്ങളിൽ മുഖ്യസ്വാധീനം ചെലുത്തി. ബസ്തറിലെ വനസംരക്ഷണത്തിന് അദ്ദേഹം 80കളിൽ നടത്തിയ ഇടപെടൽ എടുത്തുപറയേണ്ടതാണ്. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യക്കും, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും അദ്ദേഹം പുതിയ ദിശാബോധം നൽകി. 2009 മുതൽ 2011 വരെയുള്ള കാലയളവിലാണ് അദ്ദേഹം പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായി സേവനം അനുഷ്ഠിച്ചത്. തദ്ദേശവാസികളുടെ അഭിപ്രായങ്ങൾ തേടി തയാറാക്കിയ റിപ്പോർട്ട് ശൈലിയിലും വേറിട്ടു നിന്നു.
പരിസ്ഥിതി വിഷയങ്ങളിലെ ദേശീയ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ മാധവ് ഗാഡ്ഗിലിന് ഗണ്യമായ സ്വാധീനമുണ്ടായിരുന്നു. 2009 മുതൽ 2011 വരെ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരിക്കെ താൻ മിക്ക ദിവസങ്ങളിലും ഉപദേശങ്ങൾക്കും മാർഗനിർദേശങ്ങൾക്കുമായി മാധവ് ഗാഡ്ഗിലിനെ ബന്ധപ്പെടുമായിരുന്നു. പരിസ്ഥിതി ഇതര വിഷയങ്ങളെക്കുറിച്ചും, അദ്ദേഹത്തിന്റെ പിതാവ് സാമ്പത്തിക വിദഗ്ധനും ഗ്രന്ഥകാരനുമായ ധനഞ്ജയ് ഗാഡ്ഗിലിനെക്കുറിച്ചും, ഇന്ത്യയിലെ കാലവർഷത്തിന്റെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ വിശദമായി സംസാരിക്കുമായിരുന്നു.
ഡാർവിന്റെ പിന്തുടർച്ചക്കാരനായി വിശേഷിപ്പിക്കപ്പെട്ട ഇ.ഒ. വിൽസന് കീഴിലാണ് ഹാർവഡിൽ അദ്ദേഹം ബയോളജി പഠിച്ചത്. വിദേശ പഠനം കഴിഞ്ഞ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തി ഇവിടെത്തന്നെ ഗവേഷണ ശേഷി വികസിപ്പിച്ച് വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകുകയും തദ്ദേശീയ ജനസമൂഹങ്ങളുമായി സമ്പർക്കം പുലർത്തുകയും ചെയ്തു. രാഷ്ട്രനിർമാതാക്കൾ പല രീതികളിലാണ് വരാറുള്ളത്. അവരിലൊരാളാണ് മാധവ് ഗാഡ്ഗിൽ. കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ പാണ്ഡിത്യം പുലർത്തിയിരുന്ന അദ്ദേഹം വിജ്ഞാന സാഗരത്തിന് നടുവിലെ വിനയാന്വിതനായി പെരുമാറിയ വ്യക്തിത്വമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

