മാധവ് ഗാഡ്ഗിലിനെ മറന്നാൽ...?
text_fields1942ൽ മഹാരാഷ്ട്രയിലെ പുണെയിലാണ് മാധവ ധനഞ്ജയ ഗാഡ്ഗിൽ ജനിച്ചത്. ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും നയതന്ത്ര വിദഗ്ധനുമായിരുന്നു അച്ഛൻ. ചെറിയ പ്രായത്തിൽ തന്നെ മനുഷ്യരോടും പ്രകൃതിയോടും താദാത്മ്യം പ്രാപിക്കാൻ സഹായിച്ചത് അച്ഛനാണെന്ന് അദ്ദേഹം പറയാറുണ്ട്. മഹാരാഷ്ട്രയിലെ ഒരു ജലവൈദ്യുതി പദ്ധതി കാണാൻ അച്ഛന്റെ കൂടെ പോയപ്പോൾ "നമുക്ക് വ്യവസായങ്ങൾ വേണം, അതിന് വൈദ്യുതിയും വേണം. പക്ഷേ, അതിനുവേണ്ടി വനത്തിനുണ്ടായ നാശം വലുതാണ്" എന്ന് പറഞ്ഞു ആ പിതാവ്.
1969ൽ യു.എസിലെ ഹാർവഡ് സർവകലാശാലയിൽ നിന്നും ഡോക്ടറൽ ബിരുദമെടുത്ത മാധവ് ജീവിതത്തിന്റെ പ്രധാന ഭാഗം ജോലി ചെയ്തത് ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലാണ്. കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് അടക്കം നിരവധി സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറായിരുന്നു.
കേരളത്തിൽ പലവട്ടം സന്ദർശനം നടത്തിയിട്ടുണ്ട് അദ്ദേഹം. മഹാരാജാസ് കോളജിൽ രസതന്ത്ര വിഭാഗം അധ്യാപകനും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രധാന സംഘാടകരിലൊരാളുമായ പ്രഫ. എം.കെ. പ്രസാദുമായി നീണ്ടകാലത്തെ സൗഹൃദമുണ്ടായിരുന്നു. പ്രസാദ് മാഷിനൊപ്പമാണ് ഈ ലേഖകൻ മാധവ് ഗാഡ്ഗിലിനെ ആദ്യം കാണുന്നത്. വീക്ഷണത്തിലെന്ന പോലെ ജീവിതത്തിലും ഗാന്ധിയനായിരുന്നു അദ്ദേഹം. ഏതൊരാളോടും വിനയത്തോടെ സംവദിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. ആരെയും ശ്രദ്ധയോടെ കേൾക്കാനും തയാറായിരുന്നു.
കേരളത്തിൽ ഗാഡ്ഗിൽ ശ്രദ്ധിക്കപ്പെട്ടത് 2011ൽ പശ്ചിമഘട്ട സംരക്ഷണ വിദഗ്ധസമിതി അധ്യക്ഷനെന്ന രീതിയിലായിരുന്നെങ്കിലും അതിനും വളരെ മുമ്പ് തന്നെ പരിഷത്ത് വേദികളിലും ജനകീയാസൂത്രണ ഭാഗമായ ജൈവ വൈവിധ്യ രജിസ്റ്റർ തയാറാക്കുന്നതിലും സാന്നിധ്യമുണ്ടായിരുന്നു.
കേന്ദ്രസർക്കാർ നിയോഗിച്ച പശ്ചിമഘട്ട വിദഗ്ധ സമിതി അധ്യക്ഷനെന്ന നിലക്കാണ് കേരളം അദ്ദേഹത്തെ കൂടുതൽ അറിഞ്ഞത്. ആ സമിതിയിൽ വിവിധ മേഖലകളിലെ വിദഗ്ധരുണ്ടായിരുന്നു. അത് കേവലം ഒരു അനൗദ്യോഗിക പഠനം (വിദേശ ഫണ്ട് കിട്ടുന്ന എൻ.ജി.ഒകൾ നടത്തുന്ന പഠനം) ആണെന്ന രീതിയിലൊക്കെ പലരും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ, 1986 ലെ പരിസ്ഥിതി നിയമത്തിൽ ആവശ്യപ്പെട്ടിരിക്കുന്ന പാരിസ്ഥിതിക ദുർബല മേഖലകളെ പറ്റിയുള്ള പഠനങ്ങളുടെ ഭാഗമായി ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ച പശ്ചിമഘട്ട മലനിരകളെ കുറിച്ചുള്ള പഠനമാണിത്. ഇത് സർക്കാറിന്റെ ബാധ്യതയാണ്. സുപ്രീംകോടതി തന്നെ പലവട്ടം ഇക്കാര്യത്തിൽ സർക്കാറിനെ ശാസിച്ചതുമൂലമാണ് അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ തയാറായതും.
പശ്ചിമഘട്ടത്തെ പാരിസ്ഥിതിക ലോലാവസ്ഥ അനുസരിച്ച് മൂന്ന് മേഖലകളാക്കി തിരിക്കുകയും ഓരോ മേഖലയിലും നടത്താൻ സാധിക്കുന്നതും സാധിക്കാത്തതുമായ ഇടപെടലുകൾ സംബന്ധിച്ച് നിർദേശങ്ങൾ നൽകുകയുമാണ് സമിതിയുടെ ചുമതലയെന്ന് സർക്കാർ വിജ്ഞാപനത്തിലൂടെ പറഞ്ഞിട്ടുമുണ്ട്. ഭൂമിയുടെ ഘടന, ചരിവുകൾ, ജൈവ വൈവിധ്യം, മഴയുടെ ലഭ്യത, നദികളുടെ ഉത്ഭവസ്ഥാനങ്ങൾ, പുൽമേടുകൾ, മൃഗങ്ങളുടെ സഞ്ചാരപഥങ്ങൾ തുടങ്ങിയ അനേകം ഘടകങ്ങൾ മേഖലാനിർണയത്തിനായി പ്രയോജനപ്പെടുത്തി. ഈ അടിസ്ഥാനത്തിലുള്ള മേഖലാവിഭജനം നടത്തുകയും ഇതിന്റെ സൂക്ഷ്മാംശങ്ങൾ അതത് പ്രദേശത്തെ ഗ്രാമസഭകൾ ചേർന്ന് തയാറാക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുകയും ചെയ്തു.
ഏറെ നിയമപോരാട്ടങ്ങൾക്കുശേഷം റിപ്പോർട്ട് 2011ൽ പുറത്തുവന്നപ്പോൾ കേരളത്തിലുണ്ടായ പ്രതിഷേധങ്ങൾ മറക്കാറായിട്ടില്ല. പി.ടി. തോമസ് എം.പിയെപ്പോലുള്ള ചിലർ ഒഴിച്ചാൽ മുഖ്യധാരാ രാഷ്ട്രീയക്കാരെല്ലാം ഇത് തള്ളണമെന്നാണ് ആവശ്യപ്പെട്ടത്. ഒട്ടനവധി ദുഷ്പ്രചാരണങ്ങൾ നടന്നു. റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാർ ഉത്തരവുകളാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. പശ്ചിമഘട്ട നിരകളിലെ കർഷകരെല്ലാം കുടിയിറക്കപ്പെടും, ഒരുവിധ നിർമാണങ്ങളും സാധ്യമാവില്ല, മനുഷ്യർ പതിറ്റാണ്ടുകളായി ജീവിക്കുന്ന ഇടങ്ങളെല്ലാം വനങ്ങളോ ആനത്താരകളോ ആയി മാറ്റും, മൃഗസൗഹൃദമാക്കാൻ വീടുകളെല്ലാം പച്ചനിറം (അതിൽ സ്വൽപം വർഗീയതയും കലർത്തി) അടിക്കേണ്ടിവരും, കടുവകൾക്ക് ഉറക്കം നഷ്ടപ്പെടാതിരിക്കാൻ കുട്ടികൾ രാത്രി കരയാൻ പാടില്ല, മൃഗങ്ങൾക്ക് കുടിക്കാൻ പുറത്ത് വെള്ളം വെക്കണം... ഇങ്ങനെ പോകുന്നു പ്രചാരണം. രാഷ്ട്രീയ-മത നേതൃത്വങ്ങൾ രംഗത്തുവന്നതോടെ, അന്തരീക്ഷം കലാപകലുഷിതമായി. ഗാഡ്ഗിലിനെ പിന്തുണക്കുന്നവരെ ആക്രമിക്കാൻ വരെ പലരും തയാറായി.
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാനെന്ന പേരിൽ അതിനെ അട്ടിമറിക്കാൻ വേണ്ടി കസ്തൂരിരംഗൻ എന്ന ശൂന്യാകാശ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ കേന്ദ്രം നിയോഗിച്ചു. തീർത്തും ജനാധിപത്യവിരുദ്ധവും അശാസ്ത്രീയവുമായ ഒരു റിപ്പോർട്ട് അവർ തയാറാക്കി നൽകി. അതോടെ, എല്ലാവരും ഗാഡ്ഗിൽ എന്ന പേരു തന്നെ മറന്നു. എന്നാൽ, 2018 മുതൽ കേരളത്തിൽ ആവർത്തിക്കുന്ന പ്രളയങ്ങളും ഉരുൾ പൊട്ടലും മനുഷ്യജീവനും സ്വത്തിനുമുണ്ടായ നാശങ്ങളും പലരുടെയും ചിന്തകളിലേക്ക് ഗാഡ്ഗിലിനെ കൊണ്ടുവന്നു. പശ്ചിമഘട്ടം കേരളത്തിന്റെ സംരക്ഷണകവചമാണ്, ജലഗോപുരമാണ്, അതിന് നാശം സംഭവിച്ചാൽ കേരളം നിലനിൽക്കില്ലെന്ന ഗാഡ്ഗിലിന്റെ വാക്കുകൾ ഓർക്കാൻ തുടങ്ങി. സർക്കാർ തന്നെ ചില പഠനങ്ങൾ നടത്തി. ലോകബാങ്കും ഐക്യരാഷ്ട്രസഭയും ഏഷ്യൻ വികസന ബാങ്കും ചേർന്ന് നടത്തിയ പി.ഡി.എൻ.എ (ദുരന്താനന്തര ആവശ്യ വിശകലനം) റിപ്പോർട്ട് കേരള സർക്കാർ അംഗീകരിക്കുകയും ചെയ്തു. ആ റിപ്പോർട്ടിലെ വസ്തുതകൾ രസകരമാണ്. ഗാഡ്ഗിൽ റിപ്പോർട്ടിൽ പറയുന്ന പരിസ്ഥിതിലോലം തുടങ്ങിയ വാക്കുകൾ ഇതിലില്ല. എന്നാൽ, പകരം ദുരന്ത സാധ്യത എന്നു മാറ്റിയാൽ മതി ബാക്കിയെല്ലാം അർഥത്തിൽ ഗാഡ്ഗിൽ റിപ്പോർട്ട് പറയുന്ന കാര്യങ്ങൾ തന്നെയാണ്. ഗാഡ്ഗിൽ പശ്ചിമഘട്ട മേഖലയിൽ മാത്രമേ നിയന്ത്രണങ്ങൾ പറഞ്ഞിട്ടുള്ളൂ... പക്ഷേ, ഈ സർക്കാർ റിപ്പോർട്ടിൽ കേരളത്തിലാകെ പാലിക്കേണ്ട നിയന്ത്രണങ്ങൾ നിർദേശിക്കുന്നുണ്ട്. ഭൂവിനിയോഗം, വനസംരക്ഷണം, നിർമാണം, ഖനനം, മാലിന്യം, വ്യവസായം, ഖനനം തുടങ്ങിയവക്കെല്ലാം നിയന്ത്രണങ്ങൾ വേണമെന്നാണ് പറയുന്നത്. ചുരുക്കത്തിൽ ഗാഡ്ഗിൽ റിപ്പോർട്ട് എന്നു പറയാതെ അതിലെ നിർദേശങ്ങൾ കേരളത്തിനാകെ വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇപ്പോൾ മലയോര മേഖല നേരിടുന്ന ഉരുൾ പൊട്ടലും വന്യമൃഗാക്രമണങ്ങളുമെല്ലാം വനനശീകരണ ഫലമായാണെന്ന് വ്യക്തമാണ്. കാലാവസ്ഥയിലെ അനിശ്ചിതത്വങ്ങൾ കൂടിക്കൂടി വരുന്ന സാഹചര്യത്തിൽ പശ്ചിമഘട്ടത്തിന്റെ തകർച്ച കേരളത്തിന്റെ വിനാശത്തിലേക്ക് നയിക്കുമെന്ന അറിവ് അവഗണിച്ചാൽ കേരളം ഒരു ചതുപ്പുനിലമോ മരുഭൂമിയോ ആയി മാറും. തീവ്രവികസനവാദത്തിന്റെ അടിമകളായ പഴയ തലമുറയെ ചോദ്യം ചെയ്യുന്ന പുതിയ തലമുറ ഗാഡ്ഗിലിനെ മറക്കില്ലെന്ന് കരുതാം. കാരണം അവരുടെ അതിജീവനത്തിന് അത് അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

