Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമണിമുഴക്കം

മണിമുഴക്കം

text_fields
bookmark_border
മണിമുഴക്കം
cancel

വലിയ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണ് ഈ കേരളത്തിലെന്നാണ് വെപ്പ്. നാം രാഷ്ട്രീയ ശരികളേ പറയൂ, പ്രവര്‍ത്തിക്കൂ എന്നൊക്കെയാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാലും ചിലയവസരങ്ങളില്‍ പ്രബുദ്ധകേരളത്തിന്‍െറ തനിനിറം വെളിപ്പെടും. മുണ്ടക്കല്‍ മാധവന്‍ മണി എന്ന മണിയാശാനെക്കുറിച്ച് പറയുമ്പോള്‍ കറുത്ത നിറവും വിദ്യാഭ്യാസക്കുറവുമൊക്കെ കടുത്ത വംശീയാധിക്ഷേപത്തിനുള്ള വകയാവും.

ദുഷ്പേര് വിളിച്ച് അപമാനിച്ചത് വെള്ളാപ്പള്ളി നടേശന്‍. പഠിപ്പില്ലാത്ത മണി മന്ത്രിയായപ്പോള്‍ താന്‍ വെറുതെ സ്കൂളില്‍ പോയി എന്ന് ഫേസ്ബുക് സ്റ്റാറ്റസ് ഇട്ട് അപമാനിച്ചത് യുവസംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ്. രാജഭരണകാലത്തെ ആറാട്ടുമുണ്ടന്മാരെപ്പോലെയാണ് മണിയെന്ന് പറഞ്ഞത് സി.പി.ഐ മുഖപത്രമായ ജനയുഗം. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആറാട്ടുഘോഷയാത്രയില്‍ രാജാവിന്‍െറ ഓരംപറ്റി വിചിത്രവേഷമണിഞ്ഞ ഒരു കുള്ളനുണ്ടാവും. ആചാരപ്പൊലിമയോടുകൂടിയ ആറാട്ടെഴുന്നള്ളത്തിലെ ഈ താരമാവും ഘോഷയാത്രാ വഴിയിലെ ശ്രദ്ധാകേന്ദ്രം.

രാജാവിന് ദൃഷ്ടിദോഷം കിട്ടാതിരിക്കാന്‍ ഒപ്പംകൂട്ടുന്ന മുണ്ടനെപ്പോലെയുള്ള മണിയെ ഇടതുമുന്നണിക്കു വേണോ എന്നാണ് സി.പി.ഐ ചോദിച്ചത്. എന്തായാലും അരനൂറ്റാണ്ടിന്‍െറ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള മണി ഇപ്പോള്‍ വൈദ്യുതി മന്ത്രിയാണ്. വൈദ്യുതിയുടെ തറവാടായ ഇടുക്കിയില്‍നിന്ന് വകുപ്പിനു കിട്ടിയ ആദ്യമന്ത്രി. ഹൈറേഞ്ചിന്‍െറ സ്വന്തം മന്ത്രി.

കിടങ്ങൂര്‍ മുണ്ടക്കല്‍ മാധവന്‍-ജാനകി ദമ്പതിമാരുടെ പത്തു മക്കളില്‍ മൂത്തയാളായി 1944 ഡിസംബര്‍ 12ന് ജനനം.  കോട്ടയം കിടങ്ങൂര്‍ എന്‍.എസ്.എസില്‍ മണി അഞ്ചാംക്ളാസില്‍ പഠിക്കുമ്പോള്‍ കുടുംബം കുഞ്ചിത്തണ്ണിയിലേക്കു കുടിയേറി. പത്തു വയറും നിറയാന്‍ ആ വീട്ടിലൊന്നുമുണ്ടായിരുന്നില്ല. പ്രാരബ്ധങ്ങളില്‍ പിച്ചവെച്ച ബാല്യം. പട്ടിണികാരണം അക്ഷരങ്ങള്‍ മനസ്സിലുറച്ചില്ല. അങ്ങനെ അഞ്ചാംക്ളാസില്‍ പഠിക്കുമ്പോള്‍ സ്കൂളിന്‍െറ പടിവിട്ടിറങ്ങി.

നേരെ പോയത് തേയിലത്തോട്ടത്തിലേക്ക്. ബാലവേല ചെയ്ത് കുടുംബത്തിന് കൈത്താങ്ങായ ആ കാലത്ത് തുടങ്ങിയതാണ് തോട്ടം തൊഴിലാളികളുമായുള്ള ബന്ധം. അത് അരനൂറ്റാണ്ട് നീണ്ടു. 1966ല്‍ പാര്‍ട്ടി അംഗമായി. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് ചെവിയോര്‍ത്തു, എന്നും അവര്‍ക്കൊപ്പം നിന്നു. 1970ല്‍ ബൈസന്‍വാലി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. 71ല്‍ രാജാക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി. മൂന്നു കൊല്ലം കഴിഞ്ഞ് ജില്ല കമ്മിറ്റിയില്‍ എത്തി. അടുത്ത വര്‍ഷം ദേവികുളം താലൂക്ക് സെക്രട്ടറിയായി. രണ്ടു വര്‍ഷംകൂടി പിന്നിട്ടപ്പോള്‍ ജില്ല സെക്രട്ടേറിയറ്റ് അംഗമായി. അവിഭക്ത കോട്ടയം ജില്ലയില്‍ കര്‍ഷകസംഘം ജോയന്‍റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

അടിയന്തരാവസ്ഥക്ക് എതിരെ ശക്തമായി പ്രതികരിച്ചു. അതിന്‍െറ പേരില്‍ നേരിട്ടത് എല്ലു നുറുക്കുന്ന കൊടുംപീഡനം. ജയില്‍വാസം അനുഷ്ഠിക്കുകയുംചെയ്തു. 1985ല്‍ ജില്ല സെക്രട്ടറിയായി. തുടര്‍ന്ന് മൂന്നു പതിറ്റാണ്ടാണ് തല്‍സ്ഥാനത്ത് തുടര്‍ന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം പാര്‍ട്ടി ജില്ല സെക്രട്ടറിയായി പ്രവര്‍ത്തിച്ച ആള്‍ എന്ന റെക്കോഡ് സ്വന്തം. ആ പദവിയില്‍ വേറെ ഒരാളെ സങ്കല്‍പിക്കാന്‍ അണികള്‍ക്കും പാര്‍ട്ടിക്കും കഴിഞ്ഞില്ല. അത്രക്കും സര്‍വസമ്മതനായിരുന്നു മണിയാശാന്‍. മലമടക്കുകളില്‍ മൂന്നു പതിറ്റാണ്ടുകാലം പാര്‍ട്ടിയെ നയിച്ച മണിയാശാന്‍ അത്രയുംകാലം സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലും ഇടംകിട്ടി.

പാര്‍ട്ടിയില്‍ അംഗമായി 50 കൊല്ലം പിന്നിട്ടപ്പോഴാണ് നിയമസഭയില്‍ എത്തുന്നത്. മന്ത്രിയാവുന്നതും അംഗത്വത്തിന്‍െറ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തുണക്കുന്ന പതിവില്ലായിരുന്നു പണ്ട്. ആദ്യം മത്സരിച്ചത് ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍. അന്ന് അടിമാലിക്കാര്‍ തോല്‍പിച്ചുകളഞ്ഞു. 1996ല്‍ മാറ്റുരച്ചത് ഉടുമ്പന്‍ചോലയില്‍നിന്ന്. 3,000ത്തില്‍പരം വോട്ടിന് കോണ്‍ഗ്രസിലെ ഇ.എം. അഗസ്തിയോട് തോറ്റു. അതോടെ പാര്‍ലമെന്‍ററി രാഷ്ട്രീയം മണിക്കു പറ്റിയതല്ളെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞു. ഉടുമ്പന്‍ചോല എം.എല്‍.എ ആയിരുന്ന കെ.കെ. ജയചന്ദ്രന്‍ ജില്ല സെക്രട്ടറിയായി ചുമതലയേറ്റെടുത്തതോടെ വീണ്ടും തെരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കി. പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ സേനാപതി വേണുവിനെ തോല്‍പിച്ചത് 1,109 വോട്ടിന്.

മണിമുഴക്കംപോലെയാണ് പ്രസംഗം. വായില്‍ തോന്നുന്നത് പറയും. ആരെയും സോപ്പിടുന്ന പതിവില്ല. മുന്നും പിന്നും നോക്കില്ല. മയപ്പെടുത്തി സംസാരിച്ച് ശീലമില്ല. വളച്ചുകെട്ടില്ല. ഒളിച്ചുകളിയില്ല. ചത്തെി ചിന്തേരിട്ട അച്ചടിഭാഷ അറിയില്ല. പകരം നാവില്‍ പൂണ്ടുവിളയാടുന്നത് നാടന്‍മൊഴിയുടെ വഴക്കം. ഇടക്കിടെ മുഷ്ടി ചുരുട്ടും. ആവേശം കൂടുമ്പോള്‍ ഇടതുകൈയില്‍ വലതുകൈ ചുരുട്ടി തെറുത്തുകയറ്റും. അതാണ് മണിയാശാന്‍െറ തനതുരീതി. മണിയുടെ നാവ് പാര്‍ട്ടിക്ക് വിനയായിട്ടുണ്ട്. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്ന സമയത്താണ് മണിയുടെ നാവിന്‍െറ കരുത്ത് ഇടുക്കിക്ക് പുറത്തുള്ള ജനം അറിയുന്നത്. ഒഴിപ്പിക്കാന്‍ വരുന്നവരുടെ കൈവെട്ടുമെന്നാണ് അന്ന് ആശാന്‍ പറഞ്ഞത്. അതുവരെ വി.എസിന്‍െറ ഒപ്പം നടന്ന ആശാന്‍ അതോടെ കളംമാറി.

തൊടുപുഴ മണക്കാട്ട് 2012 മേയ് 20ന് ഒരു കോര്‍ണര്‍ മീറ്റിങ്ങില്‍ നടത്തിയ പതിവുശൈലി പ്രകടനം വന്‍ വിവാദമായി. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് കത്തിനില്‍ക്കുന്ന കാലമാണ്. രാഷ്ട്രീയശത്രുക്കളെ വെട്ടിയും കുത്തിയും വെടിവെച്ചും കൊന്നിട്ടുണ്ടെന്ന പരാമര്‍ശം നാട് ഞെട്ടലോടെ കേട്ടു. ബേബി അഞ്ചേരി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചാണ് വണ്‍, ടു, ത്രീ എന്ന് അക്കമിട്ട് പറഞ്ഞത്.  മണക്കാട്ടെ വണ്‍, ടു, ത്രീ പ്രസംഗം എന്നാണ് കേരളത്തിന്‍െറ രാഷ്ട്രീയ ചരിത്രത്തില്‍ ഈ പ്രസംഗം അറിയപ്പെടുന്നത്. പ്രസംഗം പൊലീസ് കേസായി. 45 ദിവസമാണ് ജയിലില്‍ കിടന്നത്. പ്രസംഗത്തില്‍ തട്ടി തെറിച്ചത് ജില്ല സെക്രട്ടറിപദം.

ബി.ബി.സി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കി. പാര്‍ട്ടി പ്രതിരോധത്തിലായി. കേന്ദ്രനേതൃത്വം ഇടപെട്ട് പദവിയില്‍നിന്ന് നീക്കി. അതോടെ മണിയുടെ പ്രസംഗത്തിന് ചാനല്‍ മൈക്കുകള്‍ എന്നും കാതോര്‍ക്കുന്നത് പതിവായി. മന്ത്രിയായിട്ടും തനതുശൈലി വിട്ടിട്ടില്ല. നോട്ട്നിരോധനത്തെ പിന്തുണക്കുന്ന ഒ. രാജഗോപാലിന്‍െറ തലക്കു സുഖമില്ല, മോഹന്‍ലാലിനു കള്ളപ്പണമുള്ളതുകൊണ്ടാണ് നോട്ട് നിരോധനത്തെ അനുകൂലിച്ചത് എന്നിങ്ങനെ മണിനാദം ഇടമുറിയാതെ പ്രവഹിക്കുന്നുണ്ട്. സഹകരണപ്രസ്ഥാനത്തെ തകര്‍ക്കുന്ന മോദിനയത്തിനെതിരായ സമരത്തില്‍ സഹകരിക്കാത്ത സുധീരനെ വിശേഷിപ്പിച്ചത് കൃമി എന്നാണ്.

അഴിമതിയില്ല. ആഡംബര ജീവിതമില്ല. പൊതുജീവിതം ഒരു തുറന്ന പുസ്തകം. കുഞ്ചിത്തണ്ണിയിലെ ഇരുപതേക്കറിലെ മുണ്ടക്കല്‍ എന്നു പേരായ കൊച്ചുവീട്ടില്‍ താമസം. ഇരുപത് ഏക്കര്‍ ഉള്ളത് സ്ഥലത്തിന്‍െറ പേരില്‍ മാത്രം. സ്വന്തമായി ഇല്ല. ഭാര്യ ലക്ഷ്മിക്കുട്ടി. മക്കള്‍ സതി, സുമ, ശ്യാമള, ഗീത, ശ്രീജ. സതി രാജാക്കാട് പഞ്ചായത്ത് പ്രസിഡന്‍റാണ്.

Show Full Article
TAGS:madhyamam editorial 
News Summary - madhyamam editorial
Next Story