Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഉല്‍പതിഷ്ണു...

ഉല്‍പതിഷ്ണു പ്രസ്ഥാനത്തിന്‍െറ പുനരേകീകരണം

text_fields
bookmark_border
ഉല്‍പതിഷ്ണു പ്രസ്ഥാനത്തിന്‍െറ പുനരേകീകരണം
cancel

കേരള മുസ്ലിംകളുടെ വിശ്വാസപരമായ സംസ്കരണത്തിനും വിദ്യാഭ്യാസപരമായ ഉല്‍ക്കര്‍ഷത്തിനും ചുക്കാന്‍പിടിച്ച മഹത്തായ ഉല്‍പതിഷ്ണു പ്രസ്ഥാനം 2002ല്‍ പിളര്‍ന്നപ്പോള്‍ അത് വന്‍ നഷ്ടമാണെന്നും സമുദായ പുരോഗതിയെ വലുതായി തടസ്സപ്പെടുത്തുമെന്നും വിലയിരുത്തുകയും എന്തുവിലകൊടുത്തും പിളര്‍പ്പ്  ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തവരാണ് നന്മേച്ഛുക്കളും അഭ്യുദയകാംക്ഷികളുമായ എല്ലാവരും. അതിനാല്‍ മുജാഹിദ് പ്രസ്ഥാനത്തിന്‍െറ പുനരേകീകരണത്തിന് പല ഘട്ടങ്ങളിലും പല തലങ്ങളിലും ശ്രമങ്ങള്‍ നടക്കുകയുണ്ടായിട്ടുണ്ട്. പക്ഷേ, നീണ്ട പതിനാല് സംവത്സരങ്ങളില്‍ പരസ്പര സ്പര്‍ധയും വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും മൂര്‍ച്ഛിച്ചതല്ലാതെ പൊതുതാല്‍പര്യങ്ങളുടെ പേരില്‍ പോലും ഒന്നിക്കുന്ന ലക്ഷണമൊന്നും കണ്ടില്ല.

പിളര്‍പ്പില്‍ ആദര്‍ശപരമായ വ്യതിയാനമാണ് കാരണമെന്ന ന്യായീകരണവും അത് സ്ഥാപിച്ചെടുക്കാനുള്ള നിരന്തര സംവാദങ്ങളും തുടര്‍ന്നു. അതോടൊപ്പം കേരള നദ്വത്തുല്‍ മുജാഹിദീന്‍െറ ഉടമസ്ഥതയിലുള്ളതോ സംഘടനയോട് ആഭിമുഖ്യം പുലര്‍ത്തുന്നതോ ആയ പള്ളികളും മദ്റസകളും മറ്റ് സ്ഥാപനങ്ങളും ഉടമസ്ഥാവകാശ തര്‍ക്കങ്ങള്‍ക്കും ചിലത് കോടതി കയറ്റത്തിനും ഇരയായി. ഏറ്റവും ഒടുവിലാവട്ടെ തീവ്ര സലഫിസം പിടികൂടിയ മൂന്നാമതൊരു വിഭാഗം രംഗപ്രവേശം ചെയ്യുന്നതിനും അത് സാമുദായികാന്തരീക്ഷം പൂര്‍വാധികം വഷളാക്കുന്നതിനും കേരളം സാക്ഷ്യംവഹിക്കേണ്ടിവന്നു. വൈകിയാണെങ്കിലും അനൈക്യത്തിന്‍െറയും ശൈഥില്യത്തിന്‍െറയും ഭവിഷ്യത്തുകള്‍ തിരിച്ചറിഞ്ഞ ഇരുവിഭാഗങ്ങളുടെയും നേതാക്കളും സമുദായ സ്നേഹികളായ പ്രമുഖരും നടത്തിയ അനുരഞ്ജന ശ്രമങ്ങളുടെ ഫലമായി 2002ല്‍ പിളര്‍ന്ന മുജാഹിദ് പ്രസ്ഥാനത്തിന്‍െറ പുനരേകീകരണത്തിന് വഴിതെളിഞ്ഞതായി കഴിഞ്ഞദിവസം ഒൗദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കയാണ്.

സമുദായ ഐക്യവും മതേതര ഇന്ത്യയില്‍ ഇസ്ലാമിന്‍െറ സുഗമമായ ഭാവിയും ആഗ്രഹിക്കുന്ന എല്ലാവരും അത് സഹര്‍ഷം സ്വാഗതം ചെയ്യാനാണിട. കേരള നദ്വത്തുല്‍ മുജാഹിദീന്‍െറ ഒൗദ്യോഗികവും മര്‍കസുദ്ദഅ്വ കേന്ദ്രമാക്കിയുള്ള വിഭാഗവും സംയുക്ത എക്സിക്യൂട്ടിവ് വിളിച്ചുചേര്‍ത്ത് ലയനത്തിന് അന്തിമമായി അംഗീകാരം നല്‍കുകയും ലയന സമ്മേളനം ഡിസംബര്‍ 20ന് കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. അലോസരപ്പെടുത്തുന്ന വര്‍ത്തമാനങ്ങള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന സമയത്ത് ആശ്വാസവും സന്തോഷവും പകരുന്ന സംഭവമായി ഈ തീരുമാനത്തെ കാണണം.

മുജാഹിദ് പ്രസ്ഥാനത്തിലെ ഭിന്നിപ്പുകള്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തിരിച്ചുവരവിനും അപകടകരമായ ചിന്തകളുടെ കടന്നുവരവിനും ഇടയാക്കുന്ന സാഹചര്യത്തിലാണ് ലയനമെന്ന് നേതാക്കള്‍ വ്യക്തമാക്കിയപ്പോള്‍ അത് തികച്ചും യാഥാര്‍ഥ്യബോധത്തോടെ തന്നെയാണെന്ന് വ്യക്തമാണ്. ഒരുവശത്ത് ആള്‍ദൈവങ്ങളും ആത്മീയകേന്ദ്രങ്ങളും അനുദിനം വര്‍ധിച്ചുവരുകയാണെന്ന് ചൂണ്ടിക്കാട്ടുന്ന മുജാഹിദ് നേതാക്കള്‍ മറുവശത്ത് ഭിന്നിപ്പുകളില്‍ മനസ്സു മരവിച്ച യുവാക്കള്‍ അരാഷ്ട്രീയ വാദത്തിലേക്കും അപകടകരമായ ചിന്തകളിലേക്കും ആകൃഷ്ടരാവുകയാണെന്ന സത്യത്തിനും അടിവരയിടുന്നു.

ആഗോളതലത്തില്‍ ഇസ്ലാമിന് ഭീകരമുദ്ര ചാര്‍ത്തിക്കൊടുക്കുന്ന ഐ.എസ്, അല്‍ഖാഇദ, ബോകോ ഹറാം തുടങ്ങിയ സായുധ കലാപകാരികളുടെ പിതൃത്വം സലഫിസത്തിന്‍െറ തലയില്‍ കെട്ടിയേല്‍പിക്കാനുള്ള  മതവിരുദ്ധരുടെയും മാധ്യമങ്ങളുടെയും ശ്രമം സത്യമതത്തിന്‍െറ തനതായ സമാധാനതല്‍പരതയെ തെല്ളൊന്നുമല്ല തെറ്റിദ്ധരിപ്പിക്കുന്നത്. സലഫികളില്‍ത്തന്നെ മഹാഭൂരിഭാഗവും സമാധാനപ്രിയരും ഭീകരതയെ എതിര്‍ക്കുന്നവരുമാണെന്ന യാഥാര്‍ഥ്യം പുകമറക്കുള്ളില്‍ ഒളിപ്പിക്കപ്പെടുന്നു. കേരളത്തിലെ സലഫി പ്രസ്ഥാനത്തിലും ഈ പ്രചാരണങ്ങളുടെ ചുവടുപിടിച്ചുള്ള വിവാദങ്ങള്‍ ഉയരാതിരിക്കുന്നില്ല. അത് തിരിച്ചറിയാനുള്ള വിവേകം ഉത്തരവാദപ്പെട്ടവര്‍ക്കുണ്ടായി എന്നതാണ് മിതവാദികളുടെ പുനരേകീകരണത്തിലേക്ക് നയിക്കുന്നത്.

അതോടൊപ്പം സലഫി പ്രസ്ഥാനത്തിന് നേരെ ഉയര്‍ന്ന അവമതിപ്പ് വ്യാജ സൂഫിസത്തിന്‍െറയും സിദ്ധഭക്തിയുടെയും പക്ഷത്തുനില്‍ക്കുന്നവര്‍ക്ക് രാജ്യത്തെ മാറിയ പരിത$സ്ഥിതിയില്‍ ദുരുപയോഗം ചെയ്യാനും അവസരം ഉണ്ടാക്കിയിരിക്കുന്നു. വിപത്കരമായ ഇത്തരം ചിന്തകള്‍ക്കെതിരെ യുക്തിഭദ്രവും സുശക്തവും എന്നാല്‍, പ്രകോപനരഹിതവുമായ ബോധവത്കരണം നടത്താന്‍ പുനരേകീകൃത മുജാഹിദ് നേതൃത്വത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. അനുദിനം കരുത്താര്‍ജിക്കുന്ന ഫാഷിസ്റ്റ് ഭീഷണിക്ക് മുന്നില്‍ തനിമയും സാംസ്കാരിക സവിശേഷതയും നിലനിര്‍ത്തി മതന്യൂനപക്ഷങ്ങള്‍ക്ക് മുന്നോട്ടുപോവണമെങ്കില്‍ ആഭ്യന്തരരംഗത്തെ ഒറ്റുകാരെയും അഞ്ചാംപത്തികളെയും ഒറ്റപ്പെടുത്താന്‍ കഴിയണം.

ധര്‍മനിഷ്ഠമായ രാഷ്ട്രീയത്തിന്‍െറ മൂല്യബോധം യുവാക്കള്‍ക്ക് പകര്‍ന്നുകൊടുത്തുകൊണ്ടേ അവരെ അരാഷ്ട്രീയവാദത്തില്‍നിന്നും അരാജകത്വത്തില്‍നിന്നും മോചിപ്പിക്കാനാവൂ. ഏകസിവില്‍ കോഡ് പോലുള്ള ഭീഷണിയെ നേരിടാന്‍ ഭിന്നതകള്‍ക്കതീതമായ സമുദായ ഐക്യം അനുപേക്ഷ്യമാണെന്നിരിക്കെ മതപരമായ പ്രശ്നങ്ങളിലുള്ള വീക്ഷണവൈവിധ്യങ്ങളെ പരിധിക്കപ്പുറം വലിച്ചിഴക്കാത്തതാണ് കരണീയമെന്ന് മുജാഹിദ് പണ്ഡിതന്മാര്‍ മനസ്സിലാക്കിയിരിക്കും. വിവിധ പോഷകസംഘടനകളുടെ നേതൃത്വവും ഭാരവാഹിത്വവും രമ്യമായി ഒത്തുതീര്‍ക്കാന്‍ സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്നാണ് ഒൗദ്യോഗികമായി വിശദീകരിക്കപ്പെട്ടിരിക്കുന്നത്. പരമാവധി ത്യാഗവും വിട്ടുവീഴ്ചയും ആവശ്യപ്പെടുന്നതാണ് സ്ഥാനമാനങ്ങളുടെ പങ്കുവെപ്പ് എന്ന് പറയേണ്ടതില്ല. പൂര്‍വാധികം ഊര്‍ജസ്വലമായ ഒരുല്‍പതിഷ്ണു പ്രസ്ഥാനത്തിന്‍െറ രംഗപ്രവേശത്തിന് ഐക്യപ്രഖ്യാപനം വഴിതെളിയിക്കട്ടെ.

Show Full Article
TAGS:madhyamam editorial 
News Summary - madhyamam editorial
Next Story