Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസിംഹിണി

സിംഹിണി

text_fields
bookmark_border
സിംഹിണി
cancel

ദേശീയതയും ബലാത്സംഗവും തമ്മില്‍ എന്തു ബന്ധമെന്നു ചോദിക്കരുത്. അതും ദേശസ്നേഹികളായ സംഘികളുടെ ആയുധമാണ്. ദേശവിരുദ്ധ പ്രവര്‍ത്തനം ചെയ്യുന്നത് പെണ്ണാണെങ്കില്‍ മറ്റ് ആയുധങ്ങള്‍ ഉപേക്ഷിച്ച് അവളെ ബലാത്സംഗം ചെയ്യണമെന്നാണ് സംഘികള്‍ക്ക് ശാഖകളില്‍നിന്ന് കിട്ടിയ ശിക്ഷണം. ജെ.എന്‍.യുവിലെ ബുജിക്കുട്ടികളെല്ലാം ദേശദ്രോഹികളായിരുന്ന കാലത്ത്  രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ജ്ഞാന്‍ ദേവ് അഹൂജ കാമ്പസില്‍ കോണ്ടം പെറുക്കാന്‍ പോയിരുന്നത് ഓര്‍ക്കുമല്ളോ. സ്വാഭാവിക ലൈംഗികത ആസ്വദിക്കുന്നതാണ് ദേശസ്നേഹികളുടെ പ്രധാന പ്രശ്നമെന്ന താത്ത്വികമായ വിലയിരുത്തല്‍ ഉണ്ടായത് അന്നാണ്. അപ്പോള്‍ ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരില്‍ ദേശീയത കുത്തിവെക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമായാണ് സംഘികള്‍ ബലാത്സംഗത്തെ കാണുന്നത്. അതുകൊണ്ടാണ് ഗുര്‍മെഹര്‍ കൗര്‍ എന്ന ഇരുപതുകാരി അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിനെതിരെ പ്രതികരിച്ചപ്പോള്‍ അവര്‍ ചാടിക്കേറി ബലാത്സംഗം ചെയ്യാന്‍ പോയത്. അത് അവരുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍െറ ഭാഗമാണ്. സ്വന്തം നിലപാടുകളും കാഴ്ചപ്പാടുകളും തുറന്നുപ്രകടിപ്പിക്കുന്ന പെണ്‍കുട്ടികളെ അവര്‍ കണ്ടിട്ടില്ല. അങ്ങനെയുള്ളവരുടെ സിംഹസാന്നിധ്യം അവര്‍ക്ക് സഹിക്കാന്‍ കഴിയുകയുമില്ല.

രാജ്യത്തെപ്പറ്റിയും ദേശീയതയെപ്പറ്റിയും വ്യക്തമായ കാഴ്ചപ്പാടുകളുള്ള പെണ്‍കുട്ടികള്‍ തങ്ങളുടെ സങ്കുചിതരാഷ്ട്രീയത്തെ തുറന്നെതിര്‍ക്കുമെന്ന് അവര്‍ക്കറിയാം. അവരെ നിശ്ശബ്ദരാക്കാനുള്ള ഏകവഴി ചിന്താശേഷിയുള്ള ആ വ്യക്തികളെ വെറും പെണ്ണുടലുകളായി കാണുകയും ആ ഉടലുകള്‍ക്ക് ആഴത്തില്‍ മുറിവേല്‍പിക്കുകയും ചെയ്യുക എന്നതാണ്. തന്‍േറടിയായ പെണ്ണിനെ കാണുമ്പോള്‍ നിന്നെ ഞാന്‍ പച്ചമാങ്ങ തീറ്റിക്കുമെന്ന് പറയുന്ന നായകന്മാരെ നാം സിനിമയില്‍ കണ്ടിട്ടുണ്ട്. ഞാനൊന്ന് അറിഞ്ഞു പെരുമാറിയാല്‍ നീ പത്തുമാസം കഴിഞ്ഞിട്ടേ ഫ്രീയാവൂ എന്ന് പൃഥ്വിരാജ് ഒരു പടത്തില്‍ പറയുന്നുണ്ടല്ളോ. തന്‍േറടികളായ പെണ്ണിനെ അടക്കിനിര്‍ത്താനുള്ള ആണധികാരത്തിന്‍െറ ഏക അടവാണ് അത്. അതാണ് എ.ബി.വി.പി ഡല്‍ഹി സര്‍വകലാശാലയിലെ ലേഡി ശ്രീരാംകോളജിലെ വിദ്യാര്‍ഥിനിയായ ഗുര്‍മെഹര്‍ കൗറിന്‍െറ മുന്നില്‍ എടുത്തത്. അവര്‍ക്ക് ആളു തെറ്റിപ്പോയി. ബലാത്സംഗ ഭീഷണി ബൂമറാങ്ങായി വന്നു തിരിച്ചടിച്ചു. ഗുര്‍മെഹര്‍ പെണ്‍കരുത്തിന്‍െറ പ്രതീകമായി. അതുകൊണ്ട് ഇന്ത്യയിലെ വിദ്യാര്‍ഥി സമൂഹത്തിന് ഒരു ഗുണമുണ്ടായി. വകതിരിവും വിവേകവുമുള്ള പെണ്‍കുട്ടികള്‍ക്ക് എ.ബി.വി.പി എന്നത് ബലാത്സംഗികളുടെ പരിഷത്താണെന്ന് മനസ്സിലായി. അത് ചില്ലറക്കാര്യമല്ല.

ജെ.എന്‍.യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനെയും ഷെഹ്ല റഷീദിനെയും ഡല്‍ഹി സര്‍വകലാശാലയിലെ രാംജാസ് കോളജില്‍ സെമിനാറിന് ക്ഷണിച്ചതില്‍ വിറളിപൂണ്ട് എ.ബി.വി.പിയുടെ ഗുണ്ടാപ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും മാധ്യമപ്രവര്‍ത്തകരെയും തല്ലിച്ചതച്ച് തങ്ങളുടെ കൈക്കരുത്ത് തെളിയിച്ചപ്പോഴാണ് ഗുര്‍മെഹര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തത്തെിയത്. ‘ഞാന്‍ എ.ബി.വി.പിയെ പേടിക്കുന്നില്ല. ഈ വിഷയത്തില്‍ ഞാന്‍ ഒറ്റക്കല്ല. രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥി സമൂഹവും എനിക്കൊപ്പമുണ്ട്’ എന്ന സന്ദേശം കുറിച്ചിട്ട പ്ളക്കാര്‍ഡും പിടിച്ചുനില്‍ക്കുന്ന സ്വന്തം ചിത്രം ഫേസ്്ബുക്ക് പ്രൊഫൈലാക്കിയാണ് ഗുര്‍മെഹര്‍ പ്രതികരിച്ചത്. അതോടെ സംഘിക്കുട്ടികള്‍ ബലാത്സംഗോത്സുകരായി ഭീഷണി ഉയര്‍ത്തി. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഭീഷണി സന്ദേശങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വനിത കമീഷനില്‍ പരാതി കൊടുക്കേണ്ടിവന്നു. ഗുര്‍മെഹറിന്‍െറ പശ്ചാത്തലം പക്ഷേ ബലാത്സംഗപരിഷത്തിന് ഒരു പ്രശ്നമായി. കാര്‍ഗിലില്‍ വീരമൃത്യു വരിച്ച മന്ദീപ് സിങ്ങിന്‍െറ മകളാണ്. അവളുടെ പ്രതിഷേധത്തിന് കരുത്ത് കൂടും.

പാകിസ്താനെയും മുസ്ലിംകളെയും നാഴികക്ക് നാല്‍പതുവട്ടം പഴിപറഞ്ഞ് നടക്കേണ്ട പ്രായത്തില്‍ അവള്‍ പ്ളക്കാര്‍ഡു പിടിച്ചതു കണ്ടോ? ‘‘ഞാന്‍ ഇന്ത്യക്കും പാകിസ്താനുമിടയിലെ സമാധാനത്തിനുവേണ്ടി നിലകൊള്ളുന്നു. എന്‍െറ പിതാവിനെ കൊന്നത് പാകിസ്താനല്ല; യുദ്ധമാണ്.’ ആ വാക്കുകള്‍ സംഘി മനസ്സുള്ളവരെ പൊള്ളിച്ചു. ഞാനല്ല എന്‍െറ ബാറ്റാണ് ട്രിപ്പിള്‍ സെഞ്ച്വറിയടിച്ചത് എന്നുപറഞ്ഞ് വിരേന്ദര്‍ സെവാഗ് വല്ലാതെയങ്ങ് ചെറുതായി. ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു ഗൂഢാലോചന സിദ്ധാന്തവുമായി വന്നു. ചില രാഷ്ട്രീയ ശക്തികളാണ് ഈ പെണ്‍കുട്ടിയുടെ വാക്കുകള്‍ക്കു പിന്നില്‍ എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. ആരാണ് ഈ കുട്ടിയുടെ മനസ്സിനെ മലിനമാക്കുന്നത് എന്ന് അദ്ദേഹം ശങ്കിച്ചു. ഗുര്‍മെഹര്‍ കൗറിനെ ദാവൂദ് ഇബ്രാഹിമിനോട് താരതമ്യം ചെയ്തത് ബി.ജെ.പി എം.പി പ്രതാപ് സിന്‍ഹ. പിന്തുണയുമായി എത്തിയത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സെലിബ്രിറ്റികളില്‍ ജാവേദ് അക്തറും നസിറുദ്ദീന്‍ ഷായും വിദ്യ ബാലനും അനുരാഗ് കശ്യപും സോനം കപൂറും പിന്തുണച്ചു. രണ്‍ദീപ് ഹുഡ പക്ഷേ സെവാഗിനൊപ്പം നിന്ന് കൗറിനെ ട്രോളി.

യുദ്ധത്തിലല്ല ഗുര്‍മെഹറിന്‍െറ പിതാവ് കൊല്ലപ്പെട്ടത് എന്നായി പിന്നീട് പ്രചാരണം. 1999ല്‍ കുപ്വാരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് മന്ദീപ് സിങ് കൊല്ലപ്പെട്ടത്. അത് യുദ്ധമല്ല എന്നായി സംഘ്പരിവാരം. രാമാനന്ദ് സാഗറിന്‍െറ രാമായണവും മഹാഭാരതവും ടി.വിയില്‍ കണ്ടുവളര്‍ന്ന എ.ബി.വി.പി കുട്ടികള്‍ക്ക് യുദ്ധമെന്നാല്‍ രണ്ടു ഭാഗത്തും നിരനിരയായി നില്‍ക്കുന്നവര്‍ തമ്മിലെ ഏറ്റുമുട്ടലാണ്. അമ്പുകള്‍ സ്ക്രീനിന്‍െറ നടുക്ക് ഏറ്റുമുട്ടി തീയും പുകയും ചിതറും. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‍െറ ഭാഗമായുണ്ടാവുന്ന ഒറ്റപ്പെട്ട ഏറ്റുമുട്ടലുകള്‍ അവര്‍ക്ക് യുദ്ധമല്ല. ഗുര്‍മെഹറിനെപ്പോലുള്ള പെണ്‍കുട്ടികളിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

യുദ്ധമില്ലാത്ത, അതിര്‍ത്തികളില്ലാത്ത വിശാലമാനവികതക്കുവേണ്ടിയാണ് അവളെപ്പോലുള്ള വിവേകമതികള്‍ നിലകൊള്ളുന്നത്. ദേശീയതക്ക് എന്നും ഒരു ശത്രുവിനെ ആവശ്യമാണല്ളോ. സംഘ്പരിവാറിന്‍െറ സാംസ്കാരിക ദേശീയത കണ്ടുപിടിച്ച ശത്രു പാകിസ്താനും മുസ്ലിംകളുമൊക്കെയാണ്. ആ ശത്രുപക്ഷത്തെ അതേപടി നിലനിര്‍ത്തുന്നതിലാണ് അവരുടെ നിലനില്‍പ്. അതിനെ ചോദ്യംചെയ്യുന്നവരെ അവര്‍ നേരിടുന്നതിനുള്ള കാരണവും അതുതന്നെ. ‘‘നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്നുവെങ്കില്‍ എന്നെ രക്തസാക്ഷിയുടെ മകളെന്ന് വിളിക്കേണ്ട. ഞാനൊരിക്കലും അത് ആവശ്യപ്പെട്ടിട്ടില്ല. നിങ്ങള്‍ക്കെന്നെ ഗുര്‍മെഹര്‍ എന്നു വിളിക്കാം’’ എന്ന മറുപടിയാണ് ഗുര്‍മെഹര്‍ അവര്‍ക്ക് നല്‍കിയത്.

എ.ബി.വി.പിക്ക് എതിരായ പോരാട്ടം തുടരാനില്ളെന്നു തീരുമാനിച്ചതിനെതിരെയും വിമര്‍ശനങ്ങളുണ്ടായി. സിംഹം ഒരിക്കല്‍ മാത്രമേ ഗര്‍ജിക്കൂ എന്നായിരുന്നു പിന്‍വാങ്ങലിന് ഗുര്‍മെഹര്‍ നല്‍കിയ വിശദീകരണം. ഡല്‍ഹിയില്‍നിന്ന് ജന്മനാടായ ജലന്ധറില്‍ എത്തിയ കൗറിനെയും കുടുംബത്തെയും മാധ്യമങ്ങള്‍ പിന്തുടര്‍ന്നപ്പോള്‍ സ്വകാര്യതയെയും പഠനത്തെയും അത് ബാധിച്ചു. നിലപാടുകള്‍ വെട്ടിത്തുറന്നു പറയും എന്നല്ലാതെ തിരക്കുള്ള രാഷ്ട്രീയ പ്രവര്‍ത്തകയാവാന്‍ ഉദ്ദേശ്യമില്ല. ആ തീരുമാനം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിനെ ചോദ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. സമരങ്ങളില്‍നിന്നു വിട്ടുനില്‍ക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട് ജനാധിപത്യത്തില്‍.

ജലന്ധറിലാണ് ജനനം. സെന്‍റ് സ്റ്റീവന്‍സ് കോണ്‍വെന്‍റ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. 1999 ആഗസ്റ്റ് ആറിന് കുപ്വാരയിലെ രാഷ്ട്രീയ റൈഫിള്‍ സേനയുടെ ക്യാമ്പ് തീവ്രവാദികള്‍ ആക്രമിച്ചപ്പോഴാണ് പിതാവ് ക്യാപ്റ്റന്‍ മന്ദീപ് സിങ്ങിനെ നഷ്ടപ്പെട്ടത്. മാതാവ് രാജ്വീന്ദര്‍ കൗര്‍ നിലപാടുകളില്‍ എന്നും കൂടെയുണ്ട്. താനൊരിക്കലും പാകിസ്താനെ ശത്രുതയോടെ കണ്ടിട്ടില്ളെന്ന് ആ മാതാവ് പറയുന്നു. ലേഡി ശ്രീരാം വനിത കോളജില്‍ ഇംഗ്ളീഷ് സാഹിത്യ വിദ്യാര്‍ഥിയാണ്. എല്ലാ തരത്തിലുമുള്ള വിവേചനങ്ങള്‍ക്കെതിരെ പൊരുതുന്ന പോസ്റ്റ് കാര്‍ഡ്സ് ഫോര്‍ പീസ് എന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തക. പാകിസ്താനുമായുള്ള ബന്ധം സമാധാനപരമാക്കാന്‍ കഴിഞ്ഞ കൊല്ലം ഏപ്രിലില്‍ പ്രൊഫൈല്‍ ഫോര്‍ പീസ് എന്ന പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. അതിനായി ഒരു വിഡിയോ ഒരുക്കുകയും ചെയ്തു. വൈറലായ വിഡിയോവില്‍ അന്നു പറഞ്ഞത് യുദ്ധമില്ലായിരുന്നെങ്കില്‍ എന്‍െറ പിതാവ് ഇന്നും ഇവിടെ ഉണ്ടാവുമായിരുന്നെന്നാണ്. രാംജാസ് കോളജിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് സേവ് ഡല്‍ഹി യൂനിവേഴ്സിറ്റി എന്ന പ്രചാരണത്തിന് തുടക്കം കുറിച്ചു. ഒറ്റ രാത്രികൊണ്ട് ആക്ടിവിസ്റ്റായതല്ല എന്നു ചുരുക്കം. സിംഹം ഒന്നു ഗര്‍ജിച്ച് തന്‍െറ സാന്നിധ്യമറിയിച്ച് മടയിലേക്ക് ഒതുങ്ങിയതാണ്. പേടിച്ച് പിന്മാറിയതല്ല.

 

Show Full Article
TAGS:gurmehar kour madhyamam editorial 
News Summary - lioness
Next Story