Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right‘കേരളീയത’യിലേക്കു...

‘കേരളീയത’യിലേക്കു തിരിച്ചു നടക്കാം

text_fields
bookmark_border
‘കേരളീയത’യിലേക്കു തിരിച്ചു നടക്കാം
cancel

മാനവമൈത്രിയും മനുഷ്യർക്കിടയിലെ സഹിഷ്ണുതയും കേരളത്തിന്റെ സവിശേഷതകളിലൊന്നാണ്. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നും അതിനെ പരിലാളിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തു. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്നാണല്ലോ ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയ വേളയിൽ കേരളത്തെ പ്രകീർത്തിച്ചത്. ആരെയും ഇരുകൈകളും നീട്ടി സ്വീകരിച്ച കേരളക്കരയുടെ പൈതൃകം, സാമ്രാജ്യത്വ- വിദേശാധിപത്യ ശക്തികൾക്കെതിരെ സ്വാതന്ത്ര്യസമര വഴിയിൽ ഒന്നിച്ചണിനിരന്ന പാരമ്പര്യം, ഇടകലർന്ന ജീവിതരീതികളിലെ ഒരുമ, ആദാന -പ്രദാനങ്ങളിലെ ഊഷ്മളത, വ്യത്യസ്ത മത വിഭാഗങ്ങൾക്കിടയിലെ സൗഹൃദം തുടങ്ങിയ നന്മകൾ ‘കേരളീയത’ എന്ന് സവിശേഷം പേരിട്ടു വിളിക്കാവുന്ന കാര്യങ്ങളാണ്. എന്തു വില കൊടുത്തും നാം തലമുറകൾക്ക് കൈമാറേണ്ട നന്മകൾ. എന്നാൽ, വർത്തമാന കേരളത്തിൽ വിദ്വേഷ രാഷ്ട്രീയവും സോഷ്യൽ മീഡിയയിലെ വിഷലിപ്ത പ്രചാരണങ്ങളും നമ്മുടെ മതസൗഹാർദത്തിനും സാമൂഹിക സഹിഷ്ണുതക്കും കാര്യമായ ക്ഷതമേൽപ്പിച്ചു കൊണ്ടിരിക്കുന്നു.

ഉപരിപഠനവും കരിയർ പുരോഗതിയും തേടി പുതിയ തലമുറ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നതിന്റെ കാരണങ്ങളിലൊന്ന്, സമാധാനവും സൗഹൃദവുമുള്ള ജീവിതാന്തരീക്ഷങ്ങളാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ സൗഹൃദ പൈതൃകവും സഹിഷ്ണുതയുടെ അമൂല്യ പാരമ്പര്യവും അനുഭവിച്ചറിയാത്ത പുതിയ തലമുറയിൽ പെട്ടവർ അതിവേഗം വിദ്വേഷ പ്രചാരണങ്ങൾക്ക് അടിപ്പെടുമ്പോൾ അങ്ങനെ നാടുവിട്ടു പോകുന്നതിനെ ഭാഗ്യമായി കാണുന്നവരുമുണ്ട്! അവരെങ്കിലും ഇതിൽനിന്നൊക്കെ രക്ഷപ്പെടട്ടെ എന്ന ചിന്ത!

ബാബു ഭരദ്വാജിന്റെ പ്രവാസക്കുറിപ്പുകളിൽ, മത- വർഗ ചിന്തകളില്ലാതെ ഒറ്റ റൂമിൽ ഒന്നിച്ചുണ്ടും ഉറങ്ങിയും ഏറെ സഹിഷ്ണുതയോടെ ജീവിതമാസ്വദിക്കുന്ന മറുനാട്ടിലെ മലയാളികളുടെ ഒട്ടേറെ മനോഹര ചിത്രങ്ങളുണ്ട്.

"വെറുപ്പ് ഒരു ജഡമാണെന്നും നാം എന്തിനു വെറുതെ ജഡം പേറി നടക്കണം" എന്നുമുള്ള ഖലീൽ ജിബ്രാന്റെ വരികൾ അന്വർഥമാക്കി 'കേരളീയത'യെ പുൽകിയവരാണവർ! 'അവരും രക്ഷപ്പെട്ടു' എന്ന് പറഞ്ഞ് സമാധാനിക്കേണ്ടവരാണോ കേരളനാട്ടിൽ ജീവിക്കുന്ന നമ്മൾ? സമാധാനവും സൗഹൃദവും കളിയാടുന്ന ഒരു നാടിനെ സ്വപ്നം കണ്ട് ഏറെ പ്രതീക്ഷയോടെയാണ് അഭൂതപൂര്‍വമായ ഭൂരിപക്ഷം നൽകി കേരള ജനത പുതിയ സർക്കാറിനെ അധികാരത്തിലേറ്റിയത്. മതനിരപേക്ഷതയും മനുഷ്യസൗഹൃദവും കാത്തുസൂക്ഷിക്കുമെന്നും വിദ്വേഷ പ്രചാരകരെ ശക്തമായി നേരിടും എന്നുമുള്ള വാക്കുകളിൽ അവർ വിശ്വാസം അർപ്പിച്ചതാണ്.

പഴയകാല ഗ്രാമീണ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടന്ന മനുഷ്യപ്പറ്റുള്ള നിരവധി പ്രവർത്തനങ്ങൾ, മനുഷ്യരെ ഒരേവേദിയിൽ അണിനിരത്തിയ സാംസ്കാരിക, കലാ - നാടക പ്രവർത്തനങ്ങൾ, മനുഷ്യസ്നേഹം പ്രോജ്ജ്വലിപ്പിച്ച സിനിമകൾ എല്ലാം കേരളത്തിലെ മാനവ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

പ്രളയദുരന്തങ്ങളും കോവിഡ് കാല പരീക്ഷണങ്ങളും സാഹോദര്യ ബോധത്തോടെ ഒന്നിച്ചു നിന്നു നേരിട്ടത് നമുക്ക് മറക്കാൻ കഴിയുമോ? ഏറ്റക്കുറവുകൾ സംഭവിച്ചെങ്കിലും ഇത്തരം അടിസ്ഥാനമൂല്യങ്ങളിൽ ചവിട്ടിനിന്നാണ് മലയാളി ഇപ്പോഴും ചിന്തിക്കുന്നതെന്ന് വ്യക്തം. ദേശീയോദ്ഗ്രഥനത്തിനും നമ്മുടെതന്നെ പുരോഗതിക്കും വികസനത്തിനും സൗഹൃദ കേരളം ഒരു അനിവാര്യതയാണ്. ധീര നേതൃത്വവും കരുത്തുറ്റ ചിന്തയും ഉറച്ച കർമപദ്ധതികളുമുണ്ടെങ്കിൽ വർഗീയവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കേരളീയ പൊതുബോധത്തെ നേർദിശയിൽ നയിക്കാനും തിരുത്താനും നമുക്ക് സാധിക്കും.

വളർന്നുവരുന്ന മക്കൾക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുക, യുവതലമുറയുടെ 'ട്രെൻഡിങ്' മതനിരപേക്ഷ - മനുഷ്യ സൗഹൃദ പാതയിൽ സെറ്റ് ചെയ്യുക, വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ മറ്റൊരു 'തൂഫാൻ' ആരംഭിക്കുക, ഡിജിറ്റൽ - സൈബർ ഇടങ്ങളിലെ സഹിഷ്ണുത പ്രോത്സാഹിപ്പിക്കുക, വ്യാജ വാർത്തകളെ കർശനമായി നിയന്ത്രിക്കുക,സർവോപരി നീതി ഉയർത്തിപ്പിടിക്കുക- നീതിയുടെ 'അച്ചുതണ്ടി'ലാണ് ഈ ഭൂമി കറങ്ങുന്നത്. ആവാസ വ്യവസ്ഥകളും മനുഷ്യ ജീവിതവും സുഭദ്രമായി നിലനിൽക്കുന്നതും നീതി പുലരുന്നിടത്താണ്. തുല്യ നീതിയും തുല്യ സുരക്ഷിതത്വവും ഉൾക്കൊള്ളൽ വികസന നയങ്ങളും ഉറപ്പുവരുത്തിയാൽ നമുക്ക് ഒരു സുന്ദര കേരളം സൃഷ്ടിക്കാനാവും.

യു.ഡി.എഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച 'മിനിസ്ട്രി ഓഫ് ടോളറൻസ്' (സഹിഷ്ണുത മന്ത്രാലയം) യാഥാർഥ്യമാക്കാൻ വൈകരുത്. വർഗീയ ധ്രുവീകരണം ചെറുത്ത്, മനുഷ്യർക്കിടയിൽ പരസ്പര വിശ്വാസവും സഹിഷ്ണുതയും വളർത്തി സാമൂഹിക സൗഹാർദം സ്ഥാപിക്കാനുള്ള ഏറ്റവും നല്ല ആശയമാണിത്. ഏതെങ്കിലും പ്രശ്നങ്ങളുടെ ചുവടുപിടിച്ച് പുതിയ വിഭാഗീയ ചിന്തകൾ തലപൊക്കുന്നതിനു മുമ്പു തന്നെ സർക്കാർ ഈ വിഷയം ഗൗരവമായി പരിഗണിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udf manifestokeralamCultureHeritageMadhyamam articles
News Summary - Let's walk back to 'Kerala Culture'
Next Story