ശക്തിപകരുന്ന നവോത്ഥാന പാഠങ്ങൾ 

കേരളീയ നവോത്ഥാനം സജീവമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കയാണല്ലോ. ഈ ചർച്ചയിൽ അനിവാര്യമായും കടന്നുവരേണ്ടിയിരുന്ന ചില പ്രധാന പ്രശ്നങ്ങൾ മാറ്റിനിർത്തപ്പെട്ടിരിക്കുന്നു. എന്നാണ് കേരളീയ സമൂഹത്തിൽ നവോത്ഥാനത്തിന് തുടക്കംകുറിച്ചത്? അതിൽ പ്രധാന പങ്കുവഹിച്ചത് മതമോ മതേതരത്വമോ? രണ്ടിനും അതി​േൻറതായ പങ്കുണ്ടെന്നതാണ് വസ്തുത.     

മനുഷ്യരായിപ്പോലും പരിഗണിക്കപ്പെടാതിരുന്ന താഴ്ത്തപ്പെട്ട ജാതിക്കാർ അനുഭവിച്ചിരുന്ന  അടിമത്തത്തെക്കാൾ ക്രൂരവും ദുരിതപൂർണവുമായ ജീവിതം നാടി​​​െൻറ ചരിത്രമറിയുന്ന ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഈ കൊടും ക്രൂരതക്ക് അറുതിവരുത്തി താഴ്ത്തപ്പെട്ട ജാതിക്കാരെയും കുടിയാന്മാരെയും കർഷകത്തൊഴിലാളികളെയും മോചിപ്പിക്കാനും മനുഷ്യരായി അംഗീകരിപ്പിക്കാനും നടത്തിയ ധീരോജ്ജ്വല യത്നമാണല്ലോ കേരളീയ നവോത്ഥാനത്തിലെ ഏറെ ശ്രദ്ധേയമായ പ്രവർത്തനം. ഇതിൽ മതേതരത്വത്തെക്കാൾ  പങ്കുവഹിച്ചത് മതമാണെന്ന് ചരിത്രമറിയുന്ന ഏവരും സമ്മതിക്കും.

ജന്മിമാരുടെയും ജാതി മേധാവികളുടെയും ഉച്ഛിഷ്​ടം ഭക്ഷിക്കരുതെന്ന്  ആവശ്യപ്പെട്ടത് പ്രമുഖ ഇസ്​ലാമിക പണ്ഡിതനും പരിഷ്കർത്താവും മതഭക്തനുമായ  ഫസൽ പൂക്കോയ തങ്ങളാണ്. മേലാളത്തം ചമയുന്നവരെ ‘അങ്ങുന്ന്’ എന്ന് വിളിക്കുന്നതും അദ്ദേഹം വിലക്കി. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരായ സമരത്തിൽ അദ്ദേഹം കീഴാളവർഗത്തെയും മുസ്​ലിംകളെയും അണിനിരത്തി. മമ്പുറം പള്ളിയിൽ ത​​​െൻറ പ്രഭാഷണം കേൾക്കാൻ അദ്ദേഹം പിന്നാക്ക ജാതിക്കാർക്ക് അവസരമൊരുക്കി. മാനവതയുടെ ഏകതയെയും സാഹോദര്യത്തെയും സംബന്ധിച്ച അദ്ദേഹത്തി​​​െൻറ പ്രസംഗങ്ങൾ കേൾവിക്കാരെ അഗാധമായി സ്വാധീനിച്ചു. അദ്ദേഹത്തി​​​െൻറ പിതാവ് അലവി തങ്ങൾ തനിക്ക് ലഭിച്ചിരുന്ന പാരിതോഷികങ്ങൾ ജാതി, മത ഭേദമന്യേ എല്ലാവർക്കും വിതരണം ചെയ്യുക പതിവായിരുന്നു. ജാതിമേധാവിത്വത്തിനും ജന്മിത്വത്തിനുമെതിരെ മമ്പുറം തങ്ങന്മാർ നടത്തിയ  വീരോചിതമായ പോരാട്ടത്തിന് പ്രചോദനം മതമായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അതിനും മുമ്പാണല്ലോ ടിപ്പു സുൽത്താൻ ജന്മിമാരിൽനിന്ന് കുടിയാന്മാർക്കും കർഷക തൊഴിലാളികൾക്കും അവരുടെ അവകാശം വാങ്ങിക്കൊടുത്തത്. കീഴാള സ്ത്രീകൾക്ക് മാറുമറയ്ക്കാൻ സ്വാതന്ത്ര്യം നേടിക്കൊടുത്തതും അവരെ കുപ്പായം ധരിപ്പിച്ചതും അദ്ദേഹമാണ്. കേരളീയ നവോത്ഥാനത്തിൽ ടിപ്പു സുൽത്താ​​​െൻറ പങ്ക് വിവരണം ആവശ്യമില്ലാത്തവിധം സുവിദിതമാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്​ ഹാജി ത​​​െൻറ കൃഷിയിടത്തിൽ കീഴാളരാക്കപ്പെട്ട കർഷകത്തൊഴിലാളികൾക്കൊപ്പമാണ് ആഹാരം കഴിച്ചിരുന്നത്. അത് അവരിലുണ്ടാക്കിയ ആത്മാഭിമാനവും ആഹ്ലാദവും സകല സങ്കൽപങ്ങൾക്കും അതീതമത്രെ.

സൗഹൃദത്തി​​​െൻറ മനോഹര ദൃശ്യങ്ങൾ
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ നേതൃത്വം നൽകിയ ആലി മുസ്​ലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്​ ഹാജിയും ജാതി മത ഭേദമന്യേ സമൂഹത്തെ ചേർത്തുനിർത്തിയ ചേതോഹരമായ ചിത്രം കേരളീയ നവോത്ഥാനത്തി​​​െൻറ സുവർണ അധ്യായമാണ്. മതേതര സമൂഹത്തിൽ പോലും കാണപ്പെടാത്തവിധം വിവിധ ജാതി മത സമൂഹങ്ങളുടെ ഏകീകരണം  ഇരുവരും സാധിതമാക്കി. കേരളീയ നവോത്ഥാനത്തിൽ അവിസ്മരണീയമായ അധ്യായം എഴുതിച്ചേർത്ത പ്രഗല്ഭനായ പണ്ഡിതനും പരിഷ്കർത്താവുമാണ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ. അമുസ്​ലിം ഭരണാധികാരിയുടെ കീഴിൽ അധിനിവേശ വിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകുന്നത് വിശുദ്ധ യുദ്ധവും മഹത്തായ പുണ്യകർമവുമാണെന്ന അദ്ദേഹത്തി​​​െൻറ പ്രഖ്യാപനം ഇസ്​ലാമിക ചരിത്രത്തിലെ പുതിയ അധ്യായമാണ്.

പ്രളയാനന്തര കേരളത്തി​​​െൻറ പുനർനിർമിതിയിൽ ലോക സമൂഹങ്ങളെ പങ്കാളികളാക്കാൻ കഴിഞ്ഞത്  നാടി​​​െൻറ മഹത്തായ നേട്ടമായി ആഘോഷിക്കുന്ന നമുക്ക് അഞ്ചു നൂറ്റാണ്ടു മുമ്പ് നടന്ന കേരളത്തി​​​െൻറ അധിനിവേശ വിരുദ്ധ സമരത്തെ അന്തർദേശീയ പോരാട്ടമാക്കിയ വിപ്ലവകാരികളെ വിസ്മരിക്കാനാവില്ല. അങ്ങനെ  സാമൂതിരിയുടെ നേതൃത്വത്തിലുള്ള കേരളത്തെ കൊർദോവ മുതൽ മലാക്ക വരെ വ്യാപിച്ചുകിടക്കുന്ന ഇസ്​ലാമിക നാടുകളുടെ ഭാഗമാക്കി മാറ്റാൻ ശൈഖ് സൈനുദ്ദീൻ രണ്ടാമന് സാധിച്ചതായി ഡോക്ടർ എം.ജി.എസ്. നാരായണൻ അടയാളപ്പെടുത്തുന്നു.

ക്ഷേത്രപ്രവേശനത്തിനായി നടന്ന പോരാട്ടവും അതിൽ വരിച്ച വിജയവും കേരളീയ നവോത്ഥാനത്തി​​​െൻറ ഭാഗമായി വാഴ്ത്തുന്ന നമുക്ക് മുസ്​ലിം പള്ളികളിൽ ഹൈന്ദവ സഹോദരന്മാരെ പ്രവേശിപ്പിക്കുകയും അവർക്ക് പ്രസംഗിക്കാൻ അവസരമൊരുക്കുകയും ചെയ്ത മഹിത മാതൃകയെ നവോത്ഥാനത്തി​​​െൻറ പട്ടികയിൽ ചേർക്കാതിരിക്കാൻ സാധ്യമല്ല. കോഴിക്കോട്ടെ മിശ്കാൽ പള്ളിയിൽ മുസ്​ലിംകളും ഹിന്ദുക്കളും ഒരുമിച്ചിരുന്ന് കൂടിയാലോചിച്ചാണ് ചാലിയം പോരാട്ടത്തിന് രൂപംനൽകിയത്. എം.പി. നാരായണമേനോനും ബ്രഹ്മദത്തൻ നമ്പൂതിരിയും കോഴിപ്പുറത്ത് മാധവമേനോനും  പള്ളികളിൽ മുസ്​ലിം നേതാക്കളോടൊപ്പം സ്വാതന്ത്ര്യസമര സമ്മേളനങ്ങളിൽ പങ്കാളികളായി.

വൈജ്ഞാനിക മുന്നേറ്റം
സാമ്രാജ്യത്വ അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ആവേശം പകരുന്ന അഞ്ച്  മഹദ്ഗ്രന്ഥങ്ങൾ കേരളത്തിലെ ഇസ്​ലാമിക പണ്ഡിതന്മാർ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമ​​​െൻറ ‘തഹ്​രീദു അഹ്​ലുൽ ഈമാനി അലാ ജിഹാദി അബദതുസ്സ്വുൽബാൻ’, സൈനുദ്ദീൻ മഖ്ദൂം രണ്ടാമ​​​െൻറ ‘തുഹ്ഫതുൽ മുജാഹിദീൻ’, ഖാദി മുഹമ്മദി​​​െൻറ ‘ഫത്ഹുൽ മുബീൻ’, അലവി തങ്ങളുടെ ‘സൈഫുൽ ബത്താർ’, ഫസൽ പൂക്കോയ തങ്ങളുടെ ‘ഉദ്ദതുൽ ഉമറാഅ്​’ എന്നിവയാണവ.

അഞ്ചു നൂറ്റാണ്ടുമുമ്പ് രചിക്കപ്പെട്ട തുഹ്ഫത്തുൽ മുജാഹിദീനാണ് കേരളീയ സമൂഹത്തെ സംബന്ധിച്ച ആദ്യത്തെ ചരിത്ര കൃതി. അതിനെ അവലംബിക്കാതെ കേരളത്തി​​​െൻറ ചരിത്രം പഠിക്കാൻ ആർക്കും സാധ്യമല്ല.മുസ്​ലിംകളുടെ കേരളത്തിലേക്കുള്ള വരവും വളർച്ചയും, കേരളത്തിലെ ഹിന്ദു സാമൂഹിക ഘടന, പോർചുഗീസ് അധിനിവേശം, അധിനിവേശ വിരുദ്ധ പോരാട്ട ചരിത്രം, സാമ്രാജ്യത്വ വിരുദ്ധ സമരത്തിന് ശക്തമായ ആഹ്വാനം തുടങ്ങിയവ ഉൾക്കൊള്ളുന്ന തുഹ്ഫതുൽ മുജാഹിദീൻ നിരവധി പ്രമുഖ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ടിട്ടുണ്ട്. സാമ്രാജ്യത്വത്തി​​​െൻറ ശക്തിദൗർബല്യങ്ങൾ ആഴത്തിൽ വിശകലനം ചെയ്യുന്ന ഗ്രന്ഥമാണിത്.

കേരളീയ നവോത്ഥാനത്തിൽ നിർണായകമായ പങ്കുവഹിച്ച ശ്രീനാരായണഗുരുവിൽ സമത്വത്തെയും സാഹോദര്യത്തെയും സംബന്ധിച്ച ശക്തമായ അവബോധം വളർത്തുന്നതിൽ വക്കം മൗലവിയുമായുള്ള ഉറ്റ സൗഹൃദത്തിന് അനൽപമായ പങ്കുണ്ട്. കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളിൽനിന്ന് നവോത്ഥാനത്തിന് മുന്നിട്ടിറങ്ങിയവരിൽ  പലരും മുസ്​ലിംകളുമായുള്ള ബന്ധത്തിലൂടെ നവോത്ഥാന മൂല്യങ്ങൾ സ്വാംശീകരിച്ചവരാണ്. കേരളീയ നവോത്ഥാനത്തിൽ മഹത്തായ പങ്കുവഹിച്ച സഹോദരൻ അയ്യപ്പൻ ത​​​െൻറ സംഘത്തിന് സാഹോദര്യം എന്നും പത്രത്തിന് സഹോദരനെന്നും പേരുനൽകിയത് പ്രവാചക അധ്യാപനങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ്. പ്രവാചകനോടുള്ള  ഈ കടപ്പാട് അദ്ദേഹം പ്രകടിപ്പിച്ചത് ത​​​െൻറ മകൾക്ക് പ്രവാചക​​​െൻറ പ്രിയ പത്നി ആയിഷയുടെ പേര്  നൽകിക്കൊണ്ടാണ്. കേരളീയ നവോത്ഥാനത്തിന് ശക്തിപകരുന്ന ഇത്തരം ചരിത്ര വസ്തുതകളെ തമസ്കരിക്കാനല്ല, തെളിയിച്ചു കാണിക്കാനാണ് നവോത്ഥാന മൂല്യങ്ങൾ തിരിച്ചുപിടിക്കാൻ ആഗ്രഹിക്കുന്നവർ ശ്രമിക്കേണ്ടത്.
 

Loading...
COMMENTS