Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസൈബർ ഗുണ്ടാ കാലത്തെ...

സൈബർ ഗുണ്ടാ കാലത്തെ ഇടതുപക്ഷ രാഷ്ട്രീയം

text_fields
bookmark_border
സൈബർ ഗുണ്ടാ കാലത്തെ ഇടതുപക്ഷ രാഷ്ട്രീയം
cancel

He who protests is an enemy: he who opposes is a corpse -Pol Pot

ഏതാണ്ട് രണ്ടു ദശലക്ഷത്തി ൽ അധികം കംബോഡിയക്കാരെ തൂക്കുകയറിനും പട്ടിണിക്കും രോഗങ്ങൾക്കും അമിതാധ്വാനത്തിനും വിട്ടുകൊടുത്ത് കൊലപ്പെടുത്തിയ പോൾ പോട്ട് മരണം വരെയും അവകാശപ്പെട്ടിരുന്നത് താൻ ഒരു കമ്യൂണിസ്റ്റ് ആണെന്നായിരുന്നു. നേതാവിനെ പുകഴ്ത്തിയും പ്രകീർത്തിച്ചും പിറകെ നടന്ന അനുചരവൃന്ദം പറഞ്ഞിരുന്നത് ഇതിലും വലിയ വിപ്ലവനായകൻ വേറെ ഇല്ല എന്നായിരുന്നു. എന്നാൽ, ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകൾ ഇന്നയാളെ വിലയിരുത്തുന്നത് സമീപകാല ചരിത്രത്തിലെ ഏറ്റവും ക്രൂരരും നിർദയരുമായ ഭരണാധികാരികളിൽ ഒരാളായാണ്.

കാലവും സമൂഹവും പോൾ പോട്ടുമാരെ ചരിത്രത്തിൽനിന്ന്​ മായ്​ച്ചുകളയുന്നു എന്നതാണ് ലോകമെങ്ങുമുള്ള അനുഭവം. വൈകിയായാലും ഏകാധിപത്യ പ്രവണതകൾ ചോദ്യം ചെയ്യപ്പെടും. ക്രൂരരും ജനവിരുദ്ധരുമായവർ ദുർബല മനുഷ്യരുടെ ചെറുത്തുനിൽപുകൾക്കു മുന്നിൽ ഒടുവിൽ അടിപതറും. പോൾ പോട്ടുമാരുടെ ഒരു ആവാസ വ്യവസ്ഥയായി കേരളം മാറുന്നോ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഇവിടെ സൈബർ ഗുണ്ടകളുടെ ആക്രമണം പെരുകിവരുന്നത്. പ്രതിഷേധിക്കുന്നവരെ അവർ ശത്രുക്കളായി പ്രഖ്യാപിക്കും. എതിർക്കുന്നവരെ ശവങ്ങളായും. അത്തരക്കാരുടെ കൊലവിളികളിൽ മുങ്ങിത്താഴുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

എഴുത്തുകാർ, പൗരാവകാശ പ്രവർത്തകർ, ശാസ്ത്രസാഹിത്യ പരിഷത്ത്​ ഉൾപ്പെടെയുള്ള ജനകീയ പ്രസ്ഥാന സഹകാരികൾ, പരിസ്ഥിതി പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിങ്ങനെ ഇത്തരക്കാരുടെ ചിത്രവധങ്ങളിൽ കുരുതി ചെയ്യപ്പെടുന്നവർ നിരവധി.

മു​െമ്പന്നോ ചെയ്ത ഒരു വാർത്തയുടെ പേരിൽ ദൃശ്യമാധ്യമ പ്രവർത്തകയെ അധിക്ഷേപിക്കാൻ പെൺപേരിൽ വ്യാജ സമൂഹമാധ്യമ വിലാസമുണ്ടാക്കി ഇറങ്ങിയ ആളുടെ വ്യക്തിഹത്യയും ഭീഷണിയും സകല പരിധികളും ലംഘിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് വഴി സൈബർ സെല്ലിൽ പരാതി കൊടുത്തിരുന്നു. പൊലീസ് അന്വേഷിച്ചെത്തിയത് അടുത്തിടെ മരിച്ചുപോയ പുരോഗമന കവിയുടെ മകനിലേക്ക്​. ഇതേയാൾ പ്രതിപക്ഷ നേതാവിനും മറ്റൊരു രാഷ്​ട്രീയ നേതാവിനുമെതിരെ നടത്തിയ വ്യക്തിഹത്യാ പോസ്റ്റുകളുടെ പേരിൽ നിലവിൽ നിയമനടപടി നേരിടുകയാണ്.

കഴിഞ്ഞ കുറെ കാലങ്ങളായി മുഖ്യമന്ത്രി പിണറായി വിജയന് പ്രതിരോധം തീർക്കാനെന്ന പേരിൽ സൈബർ സ്​പേസിൽ വ്യാപകമായി ആക്ഷേപവും അക്രമവും നടത്തിയിരുന്ന സൈബർ ഗുണ്ടകൾ ഇപ്പോൾ മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതിയായ കെ- റെയിലി​െൻറ സംരക്ഷകരായും ഇറങ്ങിത്തിരിച്ചിരിക്കുന്നു. കവി റഫീഖ് അഹമ്മദ് പറഞ്ഞതുപോലെ ഇത്തരക്കാരുടെ മാനസികാരോഗ്യം വളരെ മോശം അവസ്ഥയിലേക്ക് പോവുകയും അക്രമാസക്തി വർധിക്കുകയുമാണ്. നിലപാട് പറഞ്ഞ കവിയെ അധിക്ഷേപിക്കാൻ കവിത മോഷ്ടിച്ചവൻപോലും വന്നു യുദ്ധം ചെയ്യുന്നു.

ഇത്തരം വെട്ടുകിളി പറ്റങ്ങളുടെ നായകനിരയിലുണ്ടായിരുന്ന രണ്ടുപേർ പീഡന കേസുകളിൽ പ്രതികളായി വന്നതാണ് അടുത്ത ദിവസങ്ങളിൽ സൈബർ ഗുണ്ടകളുടെ ആക്രമണങ്ങൾക്ക് അല്പം ശമനം നൽകിയത്.

സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്ന പ്രകൃതിസ്നേഹികളെയും പരിസ്ഥിതി വാദികളെയും പൊതുസമൂഹത്തിൽ തുറന്നുകാട്ടാനുള്ള സർ​േവ എന്ന പേരിൽ ഒരു ഗൂഗിൾ ഫോം പ്രചരിപ്പിക്കുന്നുണ്ട്​ സൈബർ ഗുണ്ടാസംഘങ്ങളിപ്പോൾ.

അറിയപ്പെടുന്ന വിവരാവകാശ പ്രവർത്തകനായ അനിവർ അരവിന്ദ് പറയുന്നത് മേൽപറഞ്ഞ സർവേ സൈബർ സ്റ്റാക്കിങ്ങാണ് എന്നാണ്. സംഘ​്​പരിവാർ സംഘടനകൾ ടാർഗറ്റ് ചെയ്യേണ്ടവരുടെ ലിസ്റ്റിങ്ങുണ്ടാക്കുന്ന അതേ റൈറ്റ് വിങ് സ്​ട്രാറ്റജി തന്നെയാണ് ഇവിടെ പരിസ്ഥിതി പ്രവർത്തകരെ നേരിടാനുള്ള ഗൂഗിൾഫോം ഡാറ്റാബേസിങ്ങിലും നടക്കുന്നത്. വിവരങ്ങൾ അവരുടെ അറിവോ സമ്മതമോ കൂടാതെ സ്റ്റാക്കിങ് നടത്തി ഡാറ്റാബേസ് നിർമിക്കാനുള്ള ഇത്തരം ശ്രമത്തിനെതിരെ പൊലീസിന് കേസെടുക്കാവുന്നതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പരിസ്ഥിതിയെക്കുറിച്ചു പറയുന്നവരുടെ ജോലിയും വരുമാനവും വീടി​െൻറ നിർമാണ ചെലവും ഇലക്ട്രിക് വാഹനമുണ്ടോ എന്നതുമൊക്കെ വച്ചുള്ള സർവേ അനുസ്​മരിപ്പിക്കുന്നത് വിദ്വേഷവും വെറുപ്പും മൂലധനമാക്കി രാജ്യത്തി​െൻറ മറ്റു ഭാഗങ്ങളിൽ നടക്കുന്ന ചില സർവേകളെയാണ്.

ഹ്യുമൻ ഇന്ററസ്റ്റ് സ്റ്റോറികൾ ചെയ്യുന്ന മാധ്യമപ്രവർത്തകരെ അടച്ചാക്ഷേപിക്കുന്ന സൈബർ തെറിവിളിക്കാർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന അരിതാബാബു മുഖ്യമന്ത്രിക്ക് അയച്ച തുറന്ന കത്തിലെ ഈ ഭാഗം വായിക്കണം:

'ക്ഷീരകര്‍ഷകന്‍ ആയ സി.കെ. ശശീന്ദ്രന്‍ കല്‍പറ്റയില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ലളിത ജീവിതവും കാര്‍ഷിക ചുറ്റുപാടുകളുമൊക്കെ മാധ്യമങ്ങള്‍ ആഘോഷിച്ചത് അങ്ങേക്ക്​ ഓര്‍മകാണുമല്ലോ. കര്‍ഷകത്തൊഴിലാളിയായ കെ. രാധാകൃഷ്ണന്‍ ചേലക്കരയില്‍ ആദ്യം മത്സരിച്ചപ്പോള്‍ മാത്രമല്ല ഒടുവില്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍പോലും തലയില്‍ തോര്‍ത്ത് കെട്ടി കൃഷിയിടത്തില്‍ ഇറങ്ങുന്നതി​െൻറ വിഷ്വല്‍ സ്റ്റോറികള്‍ വന്നു.

എസ്.എഫ്.ഐ അഖിലേന്ത്യാ നേതാവും പിഎച്ച്.ഡി ഹോള്‍ഡറുമായ പി.കെ. ബിജു ആലത്തൂരില്‍ മത്സരിച്ചപ്പോള്‍ വന്ന ഒരു വാര്‍ത്ത ഞാനോര്‍ക്കുന്നു. ബിജു സ്ഥാനാര്‍ഥിയായി നാമനിർദേശം നല്‍കുന്ന ദിവസം, കോട്ടയത്തെ പണി പൂര്‍ത്തിയാകാത്ത വീട്ടില്‍നിന്ന് വയലില്‍ കറ്റകെട്ടാന്‍ പോയി മടങ്ങി വരുന്ന അമ്മയെ കുറിച്ചായിരുന്നു അത്​. ആ അമ്മ 20 വര്‍ഷം മുമ്പ് നിര്‍ത്തിയ ഒരു ജോലി, മക​െൻറ തെരഞ്ഞെടുപ്പ് കാലത്ത് കാമറക്കുവേണ്ടി മാത്രമായി പോസ് ചെയ്​ത്​ ചെയ്യിക്കുകയായിരുന്നുവെന്ന് അത് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. പക്ഷേ, പി.കെ. ബിജുവി​െൻറ രാഷ്ട്രീയം രൂപപ്പെടുന്നത് ആ അമ്മയുടെ ഭൂതകാലം കൂടിച്ചേര്‍ന്നാണ് എന്ന് മനസ്സിലാക്കുന്ന ഒരാള്‍ക്ക് അതിനെ അധിക്ഷേപിക്കാന്‍ കഴിയില്ല. ഞാനത് ചെയ്യില്ല.'

കഥാകൃത്ത്​ ഉണ്ണി.ആർ പറഞ്ഞതുപോലെ എ.കെ.ജിയുടെ പാരമ്പര്യമുള്ള പ്രസ്ഥാനത്തിൽനിന്ന് അൽപം ജനാധിപത്യം പ്രതീക്ഷിക്കുന്നത് തെറ്റല്ല. എന്നാൽ, അത്തരം ജനാധിപത്യ ഇടങ്ങളെ നവജാത സൈബർ ഗുണ്ടകൾ കൈയടക്കുകയാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിലെ മാനവികതയും നന്മയും സഹിഷ്ണുതയും ഇത്തരക്കാർ മറച്ചു പിടിക്കുന്നു. ഫേക്ക് ഐഡികളിൽ നിന്നുള്ള തെറിവിളി മറ്റെന്തൊക്കെ ആയാലും ഇടതുപക്ഷ രാഷ്ട്രീയമല്ല.

രാജ്യവ്യാപകമായി ഭൂരിപക്ഷ വർഗീയത പിടിമുറുക്കുകയും വലതുപക്ഷ രാഷ്ട്രീയവും വികസന സമീപനങ്ങളും ജനജീവിതം ദുരിതമാക്കുകയും ചെയ്യുന്നതിനിടയിൽ ജനങ്ങൾ പ്രതീക്ഷയോടെ കണ്ടതാണ് തുടർഭരണം. കെ- റെയിലിനൊപ്പം സൈബർ ഗുണ്ടായിസവും വ്യക്തിഹത്യകളും കൂടി അടിച്ചേല്പിക്കപ്പെടുമ്പോൾ ഇല്ലാതാകുന്നത് വിശാല ഇടതുപക്ഷ രാഷ്ട്രീയത്തിൽ തങ്ങളെ തന്നെ കണ്ടെത്തുന്ന നിരവധി മനുഷ്യരുടെ ശുഭപ്രതീക്ഷകളാണ്. പ്രതീക്ഷയുടെ തുരുത്തായി കരുതപ്പെടുന്ന കേരളം ഒരു അഗാധ ഗർത്തമാകുന്ന അവസ്ഥ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Left politicscyber goonsKerala News
News Summary - Left politics in the age of cyber goons
Next Story