‘‘സര്‍ക്കാര്‍ അധികാരമേറ്റ് ആറുമാസത്തിനകം പരിസ്ഥിതിയുടെ ഇന്നത്ത അവസ്ഥയെപ്പറ്റി ഒരു ധവളപത്രം ഇറക്കും. കേരളത്തിന്‍െറ പരിസ്ഥിതി സംരക്ഷണത്തില്‍ പശ്ചിമ ഘട്ടത്തിന്‍െറ പ്രാധാന്യം ഉള്‍കൊണ്ട് പ്രാദേശിക ജനവിഭാഗങ്ങളുടെയും കര്‍ഷകരുടെയും പങ്കാളിത്തം ഉറപ്പാക്കി പശ്ചിമഘട്ട സംരക്ഷണ പദ്ധതിക്ക് രൂപം നല്‍കും... ശാസ്ത്രീയമായ പഠനത്തിന്‍െറയും സാമൂഹിക നിയന്ത്രണത്തിന്‍െറയും അടിസ്ഥാനത്തിലേ പാറ, മണല്‍ ഖനനം നടത്താന്‍ അനുമതി നല്‍കുകയുള്ളൂ. കേരളത്തിന്‍െറ ഖനിജങ്ങള്‍ പൊതു ഉടമസ്ഥതയിലാക്കുകയും ഖനനത്തിന് ശക്തമായ സാമൂഹിക നിയന്ത്രണ സംവിധാനം കൊണ്ടുവരുകയും ചെയ്യും’’.
കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ ചിലതാണ് ഇവിടെ കുറിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വന്‍വിജയം സമ്മാനിച്ച പ്രധാന ഘടകങ്ങളിലൊന്ന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍, ഭരണത്തിന്‍െറ അവസാന നാളുകളില്‍ കൈക്കൊണ്ട പരിസ്ഥിതി വിരുദ്ധമായ ചില തീരുമാനങ്ങളായിരുന്നു. റാക്കിന്‍െറാ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയതും സമാനരീതിയില്‍ കടമക്കുടി പഞ്ചായത്തിലെ മെഡിസിറ്റിക്കുവേണ്ടി ഭൂമി മാറ്റം വരുത്തിയതുമെല്ലാം ഉദാഹരണങ്ങള്‍. പൂര്‍ണമായും പിന്‍വാതില്‍വഴിയുള്ള ഈ ‘കടുംവെട്ട്’ തീരുമാനങ്ങളില്‍ ചിലതെല്ലാം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ സര്‍ക്കാറിന് പിന്‍വലിക്കേണ്ടിവന്നു. യു.ഡി.എഫ് സര്‍ക്കാറിന്‍െറ ഈ പരിസ്ഥിതിവിരുദ്ധ നയങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെട്ടു; സാമൂഹിക മാധ്യമങ്ങളില്‍ ഇത് വലിയ ചര്‍ച്ചയുമായി. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‍െറ ഏറ്റവും വലിയ പ്രചാരണായുധവും ഇതുതന്നെയായിരുന്നു. ഇതിന്‍െറ ഭാഗമായാണ് കൃത്യമായ പരിസ്ഥിതി നയങ്ങള്‍ അടങ്ങിയ ഒരു മാനിഫെസ്റ്റോ എല്‍.ഡി.എഫ് ജനങ്ങള്‍ക്കു മുമ്പില്‍വെച്ചത്. തീര്‍ച്ചയായും അതൊരു വലിയ പ്രതീക്ഷയായിരുന്നു. ആ പ്രതീക്ഷക്കു പുറത്താണ് വീണ്ടുമൊരു ‘ഇടതു കേരളം’ സാധ്യമായത്.
ക്വാറി മാഫിയ
പിണറായി സര്‍ക്കാര്‍ പത്തുമാസം പിന്നിടുമ്പോള്‍ ഈ വാഗ്ദാനങ്ങളൊക്കെ വലിയ തമാശയായിട്ടാണ് ഏതൊരാള്‍ക്കും അനുഭവപ്പെടുക. അടുത്ത കാലത്ത് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ഒന്നു പരിശോധിച്ചാല്‍ ഇത് എളുപ്പത്തില്‍ ബോധ്യപ്പെടും. പശ്ചിമഘട്ട സംരക്ഷണത്തിന് കര്‍മപദ്ധതി തയാറാക്കുമെന്ന് പ്രഖ്യാപിച്ചവര്‍, ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും പ്രധാന ജൈവവൈവിധ്യ കലവറയുമായ ഈ മലനിരകളെ ക്വാറി മാഫിയക്ക് തീറെഴുതിക്കൊണ്ടിരിക്കുന്നു. സുപ്രീംകോടതി ഇടപെടല്‍ മൂലം സംസ്ഥാനത്തെ 90 ശതമാനത്തിലധികം ക്വാറികളുടെയും പ്രവര്‍ത്തനം നിലച്ചപ്പോള്‍ ഈ രംഗത്തെ മാഫിയക്കൊപ്പമാണ് സര്‍ക്കാറെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. പശ്ചിമഘട്ടത്തിലടക്കം, പ്രത്യേകാവശ്യങ്ങള്‍ക്കു മാത്രമായി (വീടുവെക്കാനും കൃഷിക്കുമൊക്കെ) പതിച്ചു നല്‍കിയ ഭൂമിയില്‍ കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കാന്‍ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു. ഖനന, നിര്‍മാണ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ഡിസംബര്‍ 28ന് മുഖ്യമന്ത്രിതന്നെ വിളിച്ച യോഗത്തിലാണ് ഈ തീരുമാനമെന്നറിയുക. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ കാലത്ത്, പലരും ഇത്തരം ഭൂമി വാങ്ങിക്കൂട്ടി ഖനനത്തിന് അനുമതി നേടാന്‍ സമ്മര്‍ദം ചെലുത്തിയതാണ്. അന്ന് അതിന് വഴങ്ങി സര്‍ക്കാര്‍ അനുകൂല ഉത്തരവ് ഇറക്കിയെങ്കിലും പിന്നീട് ഹൈകോടതി അത് റദ്ദാക്കുകയായിരുന്നു. ഇപ്പോള്‍, ഉമ്മന്‍ ചാണ്ടിയുടെ അതേവഴിയില്‍ സഞ്ചരിക്കുകയാണ് പിണറായി.
ക്വാറി മാഫിയക്കുവേണ്ടിയുള്ള സര്‍ക്കാറിന്‍െറ ‘ത്യാഗ’ങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. കരിങ്കല്‍ ഖനനത്തിന് പാരിസ്ഥിതികാനുമതിക്കുള്ള കാലാവധി അഞ്ച് വര്‍ഷമാക്കി ഉയര്‍ത്താന്‍ തീരുമാനമെടുത്തതും ഇതേ യോഗത്തില്‍തന്നെയാണ്. നിലവില്‍ ഒരു വര്‍ഷമാണ് പാരിസ്ഥിതികാനുമതി ലഭിച്ചാല്‍ ഖനനത്തിനുള്ള അനുവാദം. സുപ്രീംകോടതി ഇടപെടലോടെ, അഞ്ച് ഹെക്ടറിന് താഴെയുള്ള ക്വാറികള്‍ക്കും ഇപ്പോള്‍ പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണ്. ഈ ഉത്തരവാണ് യഥാര്‍ഥത്തില്‍ കേരളത്തിന്‍െറ ക്വാറികളുടെ പ്രവര്‍ത്തനം ഒരുപരിധിവരെ നിലക്കാന്‍ സഹായകമായത്. ഇതിനുപുറമെ, ഏതെങ്കിലും ക്വാറികള്‍ക്കെതിരെ പ്രദേശവാസികള്‍ പരാതി ഉന്നയിച്ചാല്‍ കലക്ടര്‍മാര്‍ സ്റ്റോപ് മെമ്മോ നല്‍കുന്നതും ക്വാറി ഉടമകള്‍ക്ക് തലവേദനയാണ്. ഇതു രണ്ടിനെയും ഒറ്റയടിക്ക് മറികടക്കാനുള്ള എളുപ്പവഴി പാരിസ്ഥിതികാനുമതിയുടെ കാലാവധി കൂട്ടുക എന്നതാണ്. ഒരിക്കല്‍ പാരിസ്ഥിതികാനുമതി ലഭിച്ചുകഴിഞ്ഞാല്‍, പിന്നെ അഞ്ചു വര്‍ഷത്തേക്ക് ജനകീയ പ്രതിഷേധങ്ങളെയും സ്റ്റോപ് മെമ്മോയെയും പേടിക്കാതെ മലനിരികളുടെ മാറ് പിളര്‍ക്കാം. ഖനിജങ്ങളെ പൊതുഉടമസ്ഥതയിലാക്കുമെന്ന് വീമ്പു പറഞ്ഞ സര്‍ക്കാര്‍ ഇങ്ങനെയൊക്കെയാണ് പൊതുജനങ്ങളുടെയും കര്‍ഷകരുടെയും സഹകരണത്തോടെ പശ്ചിമ ഘട്ട ‘സംരക്ഷണം’ നടപ്പാക്കുന്നത്.
അധികാരമേറ്റ് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ സര്‍ക്കാര്‍ അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച നിലപാട് വ്യക്തമാക്കിയതാണ്. തുടക്കത്തില്‍ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്ത കടകംപള്ളി സുരേന്ദ്രന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പ്രസ്താവിച്ചപ്പോള്‍, സര്‍ക്കാറിലെ രണ്ടാം കക്ഷിയായ സി.പി.ഐ അതിനെ ആദ്യം എതിര്‍ത്തു. പിന്നീട്, എല്‍.ഡി.എഫില്‍ സമവായം രൂപപ്പെടുത്തിയിട്ടു മതി എന്ന നിലപാടിലത്തെി സര്‍ക്കാര്‍. കുറേ കഴിഞ്ഞ് എം.എം മണി വൈദ്യുതി മന്ത്രിയായ ഉടന്‍ തന്നെ, അതിരപ്പിള്ളിയുടെ സാധ്യത പരിശോധിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതേക്കുറിച്ച് നിയമസഭയില്‍ ചോദ്യം വന്നപ്പോഴും അദ്ദേഹം നിലപാട് ആവര്‍ത്തിച്ചപ്പോഴാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് മനസ്സിലായത്. പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പ് നടന്നുവരുകയാണത്രെ. പദ്ധതിയുമായി ബന്ധപ്പെട്ട പലകോണുകളില്‍നിന്നുള്ള വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്നുണ്ട്. പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളായ ചെറുകിട ജലവൈദ്യുത പദ്ധതികള്‍, കാറ്റ്, സൗരോര്‍ജം എന്നിവയില്‍നിന്നുള്ള വൈദ്യുത ഉല്‍പാദനം ത്വരിതഗതിയില്‍ വര്‍ധിപ്പിച്ച് 2020ഓടെ, മൊത്തം വൈദ്യുതി ഉല്‍പാദനത്തിന്‍െറ പത്തു ശതമാനമെങ്കിലും (1500 മെഗാവാട്ട്) ഈ മേഖലയില്‍നിന്നാക്കുമെന്നായിരുന്നു എല്‍.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനമെന്നുകൂടി ഇതോട് ചേര്‍ത്തുവായിക്കുക.
ഇങ്ങനെ പുതിയ അണക്കെട്ടുകള്‍ തീര്‍ത്തും, കൂറ്റന്‍ പാറമടകള്‍ സൃഷ്ടിച്ചും വലിയൊരു ജൈവ മേഖലയെ തകര്‍ക്കുകയാണ് ഭരണകൂടം. സംസ്ഥാനത്തിന്‍െറ പല ഭാഗത്തും ഒരു നൂറ്റാണ്ടിനിടെ ഏറ്റവും വലിയ ചൂട് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍കൂടി വേണം ഇതിനെ കാണാന്‍. പതിറ്റാണ്ടുകളായി പശ്ചിമഘട്ട മലനിരകളില്‍ നാം നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ക്ക് ഈ ‘കാലാവസ്ഥാ മാറ്റ’ത്തില്‍ പങ്കില്ളേ എന്നുകൂടി പരിശോധിക്കേണ്ട സമയമാണിത്. കൃത്യമായ ഇടവേളകളില്‍ സംസ്ഥാനത്ത് മഴ കൊണ്ടുവരുന്നതില്‍ പശ്ചിമഘട്ടം വഹിക്കുന്ന പങ്ക് അതിനിര്‍ണായകമാണ്. അറബിക്കടലില്‍നിന്ന് വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിര്‍ത്തി മഴ പെയ്യിക്കുന്നത് ഈ മലനിരയാണ്. ഈ ജൈവവൈവിധ്യ മേഖലയുടെ സംരക്ഷണം തന്നെയാകണം കേരളത്തിന്‍െറ സുസ്ഥിര വികസനത്തില്‍ പ്രാഥമികമായി കടന്നുവരേണ്ടത്.
കുറുക്കുവഴികള്‍ പരിഹാരമോ?
നിര്‍ഭാഗ്യവശാല്‍, സര്‍ക്കാര്‍ മുന്‍സര്‍ക്കാറുകളുടെ മാതൃകയില്‍തന്നെ മുന്നോട്ടുപോവുകയാണ്. മാര്‍ച്ച് ഏഴിന് നിയമസഭയില്‍ മഴക്കുറവും വരള്‍ച്ചയും ചര്‍ച്ചയായപ്പോള്‍ മുഖ്യമന്ത്രി ‘പ്രശ്നപരിഹാരമായി’ നിര്‍ദേശിച്ചത് കൃത്രിമ മഴയുടെ സാധ്യത പരിശോധിക്കലാണ്. ഒരു സമഗ്ര പരിസ്ഥിതി നയം പ്രഖ്യാപിച്ച് അധികാരത്തിലേറിയ സര്‍ക്കാര്‍, അതെല്ലാം മാറ്റിവെച്ച് കൃത്രിമ മഴയെക്കുറിച്ച് സംസാരിക്കുന്നത് അതിന്‍െറ മുഴുവന്‍ ഇടതുസ്വഭാവത്തെയും മാറ്റിനിര്‍ത്തുന്നുണ്ട്. കടുത്ത വരള്‍ച്ചയിലേക്കും മഴക്കുറവിലേക്കും സംസ്ഥാനത്തെ കൊണ്ടുചെന്നത്തെിച്ച സവിശേഷ സാഹചര്യത്തെ പഠനവിധേയമാക്കുന്നതിനുപകരം അദ്ദേഹം എളുപ്പ വഴി തേടുകയായിരുന്നു. പല രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും കൃത്രിമ മഴപെയ്യിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍, പ്രതിപക്ഷ നേതാവ് അതിന്‍െറ സാങ്കേതികത വിവരിച്ച് അദ്ദേഹത്തെ സഹായിക്കുകയായിരുന്നു. എത്രയും വേഗം അത് നടപ്പാക്കണമെന്ന ഉപദേശവും നല്‍കി പ്രതിപക്ഷ നേതൃത്വം. കൃത്രിമ മഴയുടെ സാങ്കേതികത്വങ്ങളോ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് അതിന്‍െറ വിജയ സാധ്യതയോ പ്രാഥമികമായിപോലും ഇരുവരും പഠിച്ചിട്ടില്ളെന്ന് ആര്‍ക്കും ബോധ്യപ്പെടുംവിധമായിരുന്നു ചര്‍ച്ച.
ഏതാനും മാസം മുമ്പെ തന്നെ ചെന്നൈയിലെ കാലാവസ്ഥാ പഠന കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ കൃത്രിമ മഴയുടെ സാധ്യത ആരാഞ്ഞതാണ്. എന്നാല്‍, മുമ്പ് നടത്തിയ പല പരീക്ഷണങ്ങളും പരാജയപ്പെട്ട സാഹചര്യത്തില്‍ അവര്‍ കേരളത്തെ മടക്കി അയക്കുകയായിരുന്നു. ഇനി അന്തരീക്ഷത്തില്‍ രാസ ധൂളികള്‍ വിതറി കൃത്രിമ മഴ സാക്ഷാത്കരിക്കപ്പെട്ടാല്‍പോലും ഏതാനും സ്വകാര്യ ഭീമന്‍ കമ്പനികള്‍ക്ക് ലാഭം കൊയ്യാനും അതുവഴി പുതിയൊരു അഴിമതി മേഖലകൂടി തുറക്കാനും മാത്രമേ ആ പദ്ധതി ഉപകരിക്കു; കുടിവെള്ളം നാം വേറെ അന്വേഷിക്കേണ്ടിയും വരും.