കാനഡയിലെ ക്യൂബെക് സിറ്റി മസ്ജിദില്‍ ആറുപേരെ വെടിവെച്ചുകൊല്ലുകയും 19 പേരെ പരിക്കേല്‍പിക്കുകയും ചെയ്ത 27കാരനെ 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കാന്‍ നിയമപാലകര്‍ക്ക് സാധിച്ചു. അലക്സാണ്ടര്‍ ബിസോനെറ്റ് എന്ന ഈ വെള്ള വംശീയവാദിക്കെതിരെ കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങളാണ് ഫയല്‍ ചെയ്തത്.
അലക്സാണ്ടറെ ഭീകരന്‍ എന്ന് വാര്‍ത്തസമ്മേളനങ്ങളില്‍ വിശേഷിപ്പിക്കാന്‍ പ്രധാനമന്ത്രി ജസ്റ്റീന്‍ ട്രൂഡോ തയാറായെങ്കിലും അത്തരമൊരു പരാമര്‍ശം കേസ് ഷീറ്റുകളിലൊരിടത്തും നമുക്ക് കാണാനാകില്ല. സാധാരണ കൊലപാതകം എന്ന നിലയിലാണ് നിയമപാലകര്‍ പള്ളിയാക്രമണ സംഭവത്തെ കൈകാര്യം ചെയ്തുവരുന്നത്.
‘രാഷ്ട്രീയ, മത, പ്രത്യയശാസ്ത്ര ഉദ്ദേശ്യങ്ങളോടെ പൊതുസമൂഹത്തിനുനേര്‍ക്കോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തിനുനേര്‍ക്കോ ഭീതി വളര്‍ത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനം എന്നാണ് ഭീകരതക്ക് കനേഡിയന്‍ ക്രിമിനല്‍ കോഡ് നല്‍കുന്ന നിര്‍വചനം.
27കാരനായ അലക്സാണ്ടര്‍ വെള്ള വംശീയവാദികളുടെ ആശയം പിന്തുടരുന്നവനും അത്തരം സംഘടനകളുമായി ഉറ്റബന്ധം പുലര്‍ത്തുന്ന വ്യക്തിയും ആണെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുകയുണ്ടായി. അലക്സാണ്ടറുടെ പ്രധാന ഇരകള്‍ മുസ്ലിംകളാണെന്നും അയാളുടെ ആക്രമണം മുസ്ലിംകള്‍ക്കിടയില്‍ ഭീതിയും ഭയാശങ്കകളും വിതക്കാന്‍ കാരണമായി എന്ന വസ്തുതയും അനിഷേധ്യമാണ്. എന്നാല്‍, ഇത്രയൊക്കെ തെളിവുകളും യാഥാര്‍ഥ്യങ്ങളും ബോധ്യപ്പെട്ടശേഷവും അലക്സാണ്ടറെ ഭീകരനെന്ന് വിശേഷിപ്പിക്കാന്‍ നിയമപാലകര്‍ എന്തുകൊണ്ട് മടിക്കുന്നു? ഈ ചോദ്യത്തിന് പൊലീസ് നല്‍കുന്ന മറുപടി ബഹുവിചിത്രമാണ്. സാധാരണ കൊലപാതക കേസ് ചാര്‍ജ് ചെയ്യുമ്പോള്‍ പ്രയാസങ്ങളൊന്നും നേരിടാനില്ല. ഭീകരതയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഹാജരാക്കല്‍ പൊല്ലാപ്പുണ്ടാക്കുന്ന ഭാരിച്ച ജോലിയാണ്.’’
ആവശ്യമായ തെളിവുകള്‍ ലഭ്യമായിരിക്കെ വിദ്വേഷപ്രേരിത ആക്രമണമായി സംഭവത്തെ വിശേഷിപ്പിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ എന്തുകൊണ്ട് തയാറാകുന്നില്ല? അതേസമയം, അലക്സാണ്ടര്‍ക്കെതിരെ ഭീകരകുറ്റം ചുമത്താന്‍ പാടില്ളെന്ന നിര്‍ദേശവുമായി ഒരു വിഭാഗം രംഗപ്രവേശം ചെയ്തിരിക്കുന്നു. അത്തരമൊരു ആംഗിള്‍ നല്‍കുന്നത് ജഡ്ജിമാരുടെ വിധിയില്‍ കാര്യമായ സ്വാധീനം ഉളവാക്കില്ളെന്ന വാദവും ഉയര്‍ന്നുകഴിഞ്ഞു.
ഭീകരതാവിരുദ്ധ നിയമത്തോട് എനിക്ക് കടുത്ത വിയോജിപ്പ് ഉണ്ട്. പ്രസ്തുത നിയമം പൊളിച്ചെഴുതണമെന്ന പക്ഷക്കാരനാണ് ഞാന്‍. അതേസമയം, അത്തരമൊരു നിയമം പ്രാബല്യത്തില്‍ നില്‍ക്കെ മസ്ജിദ് വെടിവെപ്പ് കേസ് ആ നിയമത്തിന് കീഴിലാകണം കൈകാര്യം ചെയ്യേണ്ടത്. ഇത്തരം കേസുകളിലെ പ്രതികള്‍ മുസ്ലിംകളാകുമ്പോള്‍ സമാനമായ സൂക്ഷ്മത ദീക്ഷിക്കപ്പെടാറില്ളെന്ന വിരോധാഭാസവും ഓര്‍മിക്കുക.
കൂട്ടക്കൊലകളും വെടിവെപ്പുകളും നടത്തുന്ന വെള്ളക്കാരെക്കാള്‍ അതേ പാതകങ്ങള്‍ ചെയ്യുന്ന മുസ്ലിംകളെയും തവിട്ടുനിറക്കാരെയും അദിദ്രുതം ഭീകരരായി പ്രഖ്യാപിക്കുന്ന രീതി ഇരട്ടത്താപ്പാണെന്ന് ഓസ്ഗോഡ് ഹാള്‍ ലോ സ്കൂളിലെ പ്രഫസര്‍ ഫൈസല്‍ ബാബ ചൂണ്ടിക്കാട്ടുന്നു. സമീപകാലത്തായി അരങ്ങേറിയ ചില സംഭവങ്ങളില്‍ നിയമപാലകര്‍ കൈക്കൊണ്ട ഇത്തരം അനീതികള്‍ കണ്ടത്തൊന്‍ ഏതാനും സമയത്തെ ഗൂഗ്ള്‍ അന്വേഷണത്തിലൂടെ നിങ്ങള്‍ക്ക് സാധിക്കും.
2013ല്‍ കാലഗാറിയിലെ വിമുക്ത ഭടന്മാരുടെ മന്ദിരം ആക്രമിച്ച് സ്റ്റാഫിനെ കൊലപ്പെടുത്തിയ ഗ്ളന്‍ ഗീഷിനെ അനായാസം വിട്ടയക്കുകയായിരുന്നു. അയാളുടെ പാതകം നിയമവ്യവഹാരങ്ങളില്‍ ഒരിക്കല്‍പോലും ഭീകരപ്രവൃത്തിയായി വിശേഷിപ്പിക്കപ്പെട്ടില്ല. സൈനികമന്ദിരം തകര്‍ക്കാന്‍ ഇയാള്‍ സ്ഫോടകവസ്തുക്കള്‍ ശേഖരിച്ചതായി കാലഗറി ഹെറാള്‍ഡ് ഉള്‍പ്പെടെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം 2014ല്‍ കാറിടിച്ച് സൈനികനെ കൊന്ന കേസില്‍ മാര്‍ട്ടിനും സൈനികനെ വെടിവെച്ചുകൊന്ന കേസില്‍ മൈക്കിള്‍ സെഹാഫും ഭീകരന്മാരായി പ്രഖ്യാപിക്കപ്പെട്ടു. ഇരുവരും ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തവരായിരുന്നു.
മൂന്ന് ഓഫിസര്‍മാരെ വെടിവെച്ച് കൊല്ലുകയും രണ്ട് ഓഫിസര്‍മാരെ പരിക്കേല്‍പിക്കുകയും ചെയ്ത ജസ്റ്റിന്‍ ബൂര്‍ക്കിനെ ‘കൊലയാളി’ എന്ന് മാത്രമാണ് നിയമവ്യവഹാരങ്ങള്‍ പരാമര്‍ശിച്ചത്. താന്‍ ‘യേശുക്രിസ്തുസേനയുടെ’ അനുയായി ആണെന്ന് സ്വയം ഏറ്റുപറഞ്ഞ ജസ്റ്റിന്‍ ബ്രൂക്ക് അന്ധമായ മതഭ്രാന്തിന്‍െറ പശ്ചാത്തലത്തില്‍ വളര്‍ത്തപ്പെട്ട വ്യക്തി കൂടിയാണ്.
2015ല്‍ ഹാലിഫാക്സ് ഷോപ്പിങ് കോംപ്ളക്സിനുനേര്‍ക്ക് വന്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട ജെയിംസ് ഗാംബ്ള്‍, റാന്‍ഡന്‍ ഷെപേര്‍ഡ് എന്നിവരുടെ പാതകങ്ങള്‍ യഥാര്‍ഥത്തില്‍ ഭീകരകൃത്യമായിരുന്നെങ്കിലും സാധാരണ ക്രിമിനല്‍ കുറ്റമായി വ്യാഖ്യാനം നല്‍കുകയായിരുന്നു അധികൃതര്‍.
സമൂഹത്തില്‍ ഭീതി സൃഷ്ടിക്കാന്‍ കൊലപാതകം നടത്താനായിരുന്നു ഇരുവരും ഉന്നമിട്ടത്. എന്നാല്‍, അതിനെ ഭീകരതയുമായി ബന്ധിപ്പിക്കാനാകില്ല -നീതിന്യായമന്ത്രി പീറ്റര്‍ മാക്കെയാണ് സംഭവത്തിന് ഈ വിശദീകരണം നല്‍കിയത്. പ്രതികളിലൊരാള്‍ വെള്ള ഫാഷിസ്റ്റുകളുമായി സജീവബന്ധം പുലര്‍ത്തിയിരുന്നു എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കുപോലും പരിഗണന ലഭിച്ചില്ല. വെള്ളക്കാരുടെ സൂപ്പര്‍മാസിസം ഇസ്ലാമിന്‍െറ പേരിലുള്ള ഭീകരതയെക്കാള്‍ എത്രയോ നിസ്സാരം!
ഭീകരവിരുദ്ധ ചട്ടങ്ങളുടെ സര്‍വഭാരവും മുസ്ലിംകളുടെ ശിരസ്സില്‍ കെട്ടിവെക്കാമെന്ന മനോഭാവം സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കാതിരിക്കില്ല. ഭീകരപ്രവര്‍ത്തനം നടത്തിയ അലക്സാണ്ടര്‍ അതേ നിയമത്തിനു കീഴില്‍ വിസ്തരിക്കപ്പെടണം. ഭീകരപ്രവൃത്തികളില്‍ വ്യാപൃതരാകുന്നത് മുസ്ലിംകള്‍ മാത്രമാണെന്ന തെറ്റായ പൊതുവ്യവഹാരങ്ങള്‍ സാധൂകരിക്കപ്പെടാതിരിക്കാന്‍ അത്തരമൊരു തിരുത്തല്‍ നടപടി അനിവാര്യമായിരിക്കുന്നു. നിയമവിദഗ്ധനും കോളമിസ്റ്റുമായ ലേഖകന്‍ ഇന്ത്യാനയിലെ വാള്‍പറൈസോ കലാശാലയിലെ ലോ സ്കൂള്‍ അധ്യാപകനാണ്