Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഭൂ അധികാര സമരങ്ങളും ...

ഭൂ അധികാര സമരങ്ങളും  മുസ്ലിംകളും

text_fields
bookmark_border
ഭൂ അധികാര സമരങ്ങളും  മുസ്ലിംകളും
cancel

ഭൂമിയുടെ ഉടമസ്ഥതക്കുവേണ്ടിയുള്ള ആദിവാസി-ദലിത് സമരങ്ങളെ പുനര്‍വായിക്കാന്‍ സഹായിക്കുന്ന രണ്ടു സന്ദര്‍ഭങ്ങള്‍ വര്‍ത്തമാന കേരളചരിത്രത്തിലുണ്ട്. ഒന്നാമത്തേത്, 2000ത്തില്‍ സി.കെ. ജാനുവിന്‍െറയും ഗീതാനന്ദന്‍െറയും നേതൃത്വത്തില്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിനുമുന്നില്‍ നടന്ന ‘കുടില്‍കെട്ടല്‍’ സമരമാണ്. ‘പൊതുസമൂഹത്തി’ന്‍െറ വര്‍ധിച്ച പിന്തുണ ലഭിച്ചതും ദിവസങ്ങള്‍ നീണ്ടുനിന്നതുമായ സമരം അവസാനിപ്പിച്ചത് സമരസമിതി നേതാക്കളും എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരുന്ന സര്‍ക്കാറുമായുണ്ടാക്കിയ ആദിവാസി കരാറിലൂടെയാണ്. കരാര്‍ പ്രകാരം സംസ്ഥാനത്തെ ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ ഭൂമി ലഭ്യമാക്കും. എന്നാല്‍, സംഭവിച്ചതെന്താണ്? പട്ടികവര്‍ഗഫണ്ട് (40 കോടി രൂപ) വിനിയോഗിച്ചുവാങ്ങിയ ആറളത്തെ കുറച്ചു ഭൂമിയും സര്‍ക്കാറിന് ക്രയവിക്രയാധികാരമുള്ള റവന്യൂഭൂമിയുമടക്കം കുറെ ഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ഈ ഭൂവിതരണം തോട്ടം മേഖലയിലെ ഭൂമിയുടെ കേന്ദ്രീകരണത്തെയോ ഇതര ഭൂമിയുടെ മേലുള്ള കുത്തകാധിപത്യത്തെയോ ജാതി-മത ബന്ധങ്ങളെയോ സ്പര്‍ശിച്ചതേയില്ല. അതുകൊണ്ടാണ് ആദിവാസി ഭൂവിതരണത്തെ ആരും എതിര്‍ക്കാതിരുന്നത്. 

അതേസമയം, സംസ്ഥാനത്തൊട്ടാകെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കാനുള്ള നിയമം നടപ്പാക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ ഇടത്-വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല, ജാതി-മതനേതാക്കളും ഉരുകിയൊലിച്ചൊന്നായിത്തീര്‍ന്നു. ഇത് വ്യക്തമാക്കുന്നത്, സാമുദായിക-രാഷ്ട്രീയ-കോര്‍പറേറ്റ് ബന്ധങ്ങളില്‍ ഒരു മാറ്റവും വരുത്താതെ നടത്തുന്ന ഭൂ വിതരണത്തിന് പൊതുസമൂഹത്തിന്‍െറ സമ്മതപത്രവുമുണ്ടെന്നാണ്. ഇപ്രകാരം വിയര്‍പ്പും ചോരയും ചിന്താതെ നടത്തുന്ന ഭൂസമരത്തിന് ഒരു മറുവശമുണ്ട്. അത് ആദിവാസികളുടെ പേരില്‍ രംഗത്തുവന്നവരാണ് സൃഷ്ടിച്ചത്. 

ഭരണഘടനാപരമായി നിലനില്‍ക്കുന്ന ‘പട്ടികവര്‍ഗം’ എന്ന സംവര്‍ഗത്തില്‍നിന്നും ‘ഗിരിജനങ്ങള്‍’ എന്ന ദേശപരമായ സാമൂഹികനിലയില്‍നിന്നും ഗോത്ര വിഭജനങ്ങള്‍ക്കതീതമായി രൂപംകൊണ്ട സ്വത്വ സ്ഥാനമായിരുന്നു ‘ആദിവാസി’ എന്ന സംവര്‍ഗം. നിരവധി വര്‍ഷങ്ങളിലെ ആശയപരവും പ്രക്ഷോഭപരവുമായ അനുഭവങ്ങളിലൂടെ രൂപപ്പെട്ട ഈ സാമൂഹികനിലയെ പിന്നിലേക്ക് നടത്തുന്ന, സംഘ്പരിവാറിന്‍െറ വനവാസി എന്ന പരികല്‍പനയോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഗോത്രം. ഈ മടക്കയാത്രക്ക് ആധാരമായ സംഘടനരൂപവും (ഗോത്രമഹാസഭ) അനുഷ്ഠാനപരതയും സൃഷ്ടിച്ച് ആദിവാസികളുടെ ആധുനിക സമൂഹത്തിലേക്കുള്ള യാത്രയാണ് ഇവര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചത്.  മറ്റൊരു ‘നേട്ടം’ ആദിവാസിസംഘടനകളെ ലിക്വിഡേറ്റ് ചെയ്യാന്‍ കഴിഞ്ഞതാണ്. ജനാധിപത്യ സമരങ്ങളിലൂടെ നിലനിന്ന സംഘടനകള്‍ ‘മഹത്തായ മുത്തങ്ങ സമര’ത്തിലൂടെ ലക്ഷ്യപ്രാപ്തി കൈവരിക്കാനാവില്ളെന്ന തിരിച്ചറിവിലൂടെയാണ് സ്വയം പിരിച്ചുവിടപ്പെട്ടത്. ഇത്തരം പരിവര്‍ത്തനങ്ങള്‍ക്കിടയില്‍ സി.കെ. ജാനുവിന് സംഘ്പരിവാര്‍ കൂടാരത്തിലും എം. ഗീതാനന്ദന് വിപ്ളവവേഷധാരിയായിതന്നെ തുടരാനും അവസരംലഭിച്ചു. ആദിവാസികള്‍ക്ക് ഈ രണ്ടുമാര്‍ഗങ്ങളും സ്വീകാര്യമല്ലാത്തതിനാല്‍ അവരുടെ അവസ്ഥ മറ്റൊന്നായി. 

രണ്ടാമത്തെ സന്ദര്‍ഭം, ചെങ്ങറ സമരമാണ്. മുഖ്യ ആവശ്യം ഓരോ ദലിത് കുടുംബത്തിനും അഞ്ചേക്കര്‍ ഭൂമി ലഭിക്കണമെന്നായിരുന്നു. ഈ ആവശ്യമുന്നയിച്ചതിന്‍െറ ലക്ഷ്യം, ളാഹ ഗോപാലന്‍െറ വാക്കുകളില്‍ ‘രാഷ്ട്രീയാധികാരം’ കൈവരിക്കുകയായിരുന്നു. ഇതില്‍ വിശ്വസിച്ചാണ് ചെങ്ങറ സമരത്തില്‍ പങ്കെടുത്തതെന്ന് സെലീന പ്രക്കാനത്തിന്‍െറ ആത്മകഥനത്തിലുണ്ട്. കേരളത്തിന്‍െറ സാമൂഹിക സാമുദായിക ചരിത്രത്തിലെ സമാനതകളില്ലാത്ത  സമരമായിരുന്നു ചെങ്ങറയിലേത്. ഏകദേശം 7000 കുടുംബങ്ങളാണ് പ്രതികൂലസാഹചര്യങ്ങളോട് മല്ലടിച്ചു നിലയുറപ്പിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 240ലേറെ പേര്‍ പൊലീസ്-ഗുണ്ട ആക്രമണത്തിന് വിധേയരായി. അഞ്ചു സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ഒടുവില്‍ സര്‍ക്കാറുമായുണ്ടാക്കിയ ഒത്തുതീര്‍പ്പും ഫലപ്രാപ്തിയിലത്തെിയില്ല. തന്മൂലം, ചെങ്ങറയില്‍ അരയേക്കര്‍ വീതം ഭൂമി വീതിച്ചെടുത്ത് 600 കുടുംബങ്ങള്‍ ഇപ്പോഴും താമസിക്കുന്നുണ്ട്. ഇവര്‍ക്ക് കോളനികളില്‍നിന്നും ഭിന്നമായ അവസ്ഥയാണുള്ളതെന്ന് അംഗീകരിക്കുമ്പോള്‍, മറുപുറം ഇപ്രകാരമാണ്. ചെങ്ങറയിലെ ഭൂവുടമകള്‍ക്ക് പട്ടയമോ കൈവശരേഖയോ ലഭിച്ചിട്ടില്ല. ഫലമോ, പൗരത്വത്തിന്‍െറ അംഗീകാരമായ വീട്ടുനമ്പര്‍, റേഷന്‍കാര്‍ഡ്, വോട്ടവകാശം എന്നിവ വിലക്കപ്പെട്ടിരിക്കുന്നു.

മുന്‍ മന്ത്രി ഡോ. എം.എ. കുട്ടപ്പനോട് സ്വകാര്യസംഭാഷണത്തില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ആദിവാസി കരാര്‍ നടപ്പാക്കാത്തതെന്നു ചോദിച്ചപ്പോള്‍ നിയമത്തിന്‍െറ പരിരക്ഷയില്ലാത്ത കരാര്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് കഴിയില്ല എന്നായിരുന്നു മറുപടി. കൊണ്ടാടപ്പെട്ട ആദിവാസി കരാര്‍ നിലനില്‍ക്കെ, മുത്തങ്ങ മുതല്‍ നില്‍പുസമരം വരെയുള്ള ആദിവാസിസമരങ്ങള്‍ കരാര്‍ നടപ്പാക്കാനായിരുന്നില്ല, ആദിവാസികള്‍ക്ക് ഭൂമി ലഭിക്കാനായിരുന്നു. എന്നാല്‍, നിയമപരിരക്ഷ ഉറപ്പാക്കപ്പെട്ട, അന്യാധീന ഭൂമി തിരിച്ചുനല്‍കാനുള്ള നിയമത്തിന്‍െറ കാര്യമോ? വ്യവസ്ഥാപിത പ്രസ്ഥാനങ്ങളാല്‍ ദീര്‍ഘകാലം മൂടിവെക്കപ്പെട്ട നിയമം ജനമധ്യത്തില്‍ വെളിവാക്കപ്പെട്ടതോടെ നാലരലക്ഷം ആദിവാസികളില്‍ വളരെ ചെറിയൊരു വിഭാഗത്തിനുവേണ്ടി ആദിവാസിസംഘടനകള്‍ മാത്രമല്ല, ദലിത് സംഘടനകളും സമരമുഖത്ത് അണിനിരന്നു. പിന്നീട് സി.കെ. ജാനുവും എം. ഗീതാനന്ദനുമടങ്ങുന്ന ഗോത്രമഹാസഭ നേതൃത്വം, നിയമത്തെ അപ്രസക്തമാക്കിയതോടെ പ്രത്യക്ഷസമരം നിലച്ചെങ്കിലും ആദിവാസികളെ സംബന്ധിച്ച വ്യവഹാര ഭൂമികയില്‍ നിയമം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ചരിത്രത്തില്‍ ഇന്നേവരെയില്ലാത്ത എതിര്‍നടപടികളിലൂടെയാണ് നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ഇടത്-വലത് ഭരണ നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞത്. ഫലമോ, ദലിത്-ആദിവാസി ജനതകളുടെ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നുള്ള അന്യവത്കരണവും ദലിത്സംഘടനകളുടെ രൂപവത്കരണവും നടന്നു. 

ഇപ്പോള്‍ മേല്‍പ്പറഞ്ഞവരില്‍ ചിലര്‍ ഭൂമി ഒരു ‘വിഭവം’ ആണെന്ന നിലയിലുള്ള ഉടമസ്ഥാവകാശത്തിനുവേണ്ടി വാദിച്ച് രംഗത്തുവന്നിരിക്കുകയാണ്. ഇവര്‍ മറക്കുന്നത് അല്ളെങ്കില്‍ ബോധപൂര്‍വം അവഗണിക്കുന്നത് 1957 മുതല്‍ ‘70വരെ കേരളത്തില്‍ നടന്ന ഭൂപരിഷ്കരണത്തിന്‍െറ പ്രത്യേകതകളാണ്. അക്കാലത്ത്, ദലിതര്‍ക്ക് ഭൂവുടമസ്ഥതയും കോളനികളും ‘വിഭവം’ എന്ന നിലയില്‍ വിതരണം ചെയ്യുകയായിരുന്നില്ല. ഭൂപരിഷ്കരണം നിയമാധിഷ്ഠിതമായി നടപ്പാക്കുകയായിരുന്നു. ഇപ്രകാരം നിയമപരിരക്ഷ ലഭിച്ചതിനാലാണ് ഭൂമി സ്വതന്ത്രമായി ക്രയവിക്രയം ചെയ്യാനും സ്വത്തുടമസ്ഥതയാക്കി മാറ്റാനും കഴിഞ്ഞത്. കോളനി ഭൂമിക്കും ഇക്കാര്യം ബാധകമായതിനാലാണ് വീട്ടുനമ്പറും റേഷന്‍കാര്‍ഡും വോട്ടവകാശവും ലഭിച്ചത്. മറിച്ചായിരുന്നെങ്കില്‍ അരലക്ഷം ചെങ്ങറകളായിരിക്കും രൂപംകൊള്ളുക. 
(നാളെ: നില്‍ക്കുന്ന 
തറയുടെ ചൂടറിയാത്തവര്‍)

Show Full Article
TAGS:land strike 
News Summary - land strike and muslims
Next Story