Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചിതറിച്ചുകളഞ്ഞ ജനതകളുടെ വിലാപങ്ങൾ
cancel
camera_alt

2008 ഫെബ്രുവരിയിൽ വല്ലാർപാടം ടെർമിനൽ പദ്ധതിക്കുവേണ്ടി മൂലമ്പിള്ളിയിൽ കുടിയിറക്ക​പ്പെട്ടവർ

–ജോൺസൺ വി. ചിറയത്ത്

Homechevron_rightOpinionchevron_rightArticleschevron_rightചിതറിച്ചുകളഞ്ഞ...

ചിതറിച്ചുകളഞ്ഞ ജനതകളുടെ വിലാപങ്ങൾ

text_fields
bookmark_border

ആധുനിക രാഷ്ട്രനിർമാണത്തിന്റെ ഭാഗമായി നാം വിവിധ വികസനപദ്ധതികൾ ആരംഭിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിക്കാലമായിട്ടും അധികമൊന്നുംതന്നെ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലെന്നു മാത്രമല്ല, പല പദ്ധതികളും ഉപേക്ഷിക്കപ്പെട്ടു, ചിലത് പാതിവഴിയിൽ നിലച്ചു. ഈ പദ്ധതികൾക്കെന്ന പേരിൽ കുടിയൊഴിപ്പിക്കപ്പെട്ട സാധുജനങ്ങൾ കിടപ്പാടവും ജീവിതവരുമാനവും സാമൂഹികജീവിതവും നഷ്ടപ്പെട്ട് സാംസ്കാരികമായി ഛിന്നഭിന്നമായി പുറംപോക്കുകളിലോ അഞ്ചു സെന്റ്/മൂന്നു സെന്റ് കോളനികളിലോ തലമുറകളായി കഴിഞ്ഞുകൂടുന്നു. ഇത്തരം പണിതീരാത്ത പദ്ധതികൾ നാം ആർക്കുവേണ്ടിയാണ് രാഷ്ട്രനിർമാണമെന്ന പേരിൽ ആവർത്തിക്കുന്നത്? ആധുനിക ഇന്ത്യയും നവോത്ഥാന കേരളവും പണിയുന്നത് ഏതു തലമുറക്കുവേണ്ടിയാണ്? ഇക്കാര്യം കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ആസൂത്രണ വിദഗ്ധരും അക്കാദമിക് പണ്ഡിതരുമെങ്കിലും അടിയന്തര പ്രാധാന്യത്തോടെ വിശകലനം ചെയ്യണം.

സംസ്ഥാനത്തെ പിന്നാക്ക ജില്ലകളിലൊന്നായി അറിയപ്പെടുന്ന വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട് പടിഞ്ഞാറത്തറയിലെ കരമാൻ തോടിന് അണകെട്ടി 29,500 ഏക്കർ സ്ഥലത്ത് ജലവിതരണം ചെയ്യാൻ എന്ന പേരിലാണ് ആസൂത്രണം ചെയ്തത്. 1973ൽ വൈദ്യുതി വകുപ്പും ഈ പദ്ധതിയിലേക്ക് ചേർന്ന് വൈദ്യുതി ഉൽപാദനവും പ്രഖ്യാപിത ലക്ഷ്യമായി. പക്ഷേ, വെള്ളമെത്തിക്കാനുള്ള കനാലിന്റെ പണി പാതിവഴിയിൽ നിലച്ചു. വെള്ളമുണ്ടയിൽ കനാലിനുവേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള ഓഫിസ് ഇപ്പോഴും പ്രവർത്തിക്കുന്നു. അങ്ങനെ വയനാട്ടിലെ ഏറ്റവും വലിയ കുടിയേറ്റ മേഖലയും കാർഷിക പുരോഗതി നേടിയ ദേശവുമായ തരിയോട് ഗ്രാമത്തെ എന്നേക്കുമായി ജലസമാധിയിലാഴ്ത്തുന്നതിലേക്കാണ് പദ്ധതി വഴിവെച്ചത്.

ഇന്നും മേൽപറഞ്ഞ പ്രദേശത്തേക്ക് ഒരു തുള്ളി വെള്ളം കൃഷിക്ക് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. 61.44 ചതുരശ്ര കിലോമീറ്റർ വൃഷ്ടിപ്രദേശമുള്ള 1604 ഹെക്ടർ ഭൂമിയാണ് ഗവൺമെന്റ് ഏറ്റെടുത്തത്. വയനാട്ടിലെ നെൽവയലുകളിൽ നഞ്ചയും പുഞ്ചയും ഇനത്തിൽ രണ്ടു കൃഷിക്ക് ജലസേചനം ചെയ്യുകയായിരുന്നു ലക്ഷ്യമെങ്കിൽ ഇപ്പോൾ വേനലിൽപോലും ഒരു തുള്ളി വെള്ളം കിട്ടാതെ ഈ കൃഷിയിടങ്ങൾ വരണ്ടുണങ്ങുകയാണ്. ബാണാസുര സാഗർ ഇന്നൊരു ടൂറിസം ഡെസ്റ്റിനേഷനാക്കി പരിവർത്തിപ്പിച്ചെടുത്തിരിക്കുന്നു നമ്മുടെ ഉദ്യോഗസ്ഥർ! എത്ര മഹത്തരമായ ആസൂത്രണം!

19 കോടി എസ്റ്റിമേറ്റിൽ തുടങ്ങി 250 കോടി ചെലവഴിച്ചിട്ടും കൃഷിക്കും കുടിവെള്ളത്തിനും ഉപകരിക്കാതെ എവിടെയുമെത്താത്ത കിടക്കുന്ന കാരാപ്പുഴ പദ്ധതി, വയനാട്ടിലെ മറ്റൊരു ഉദാഹരണമാണ്. പദ്ധതിപ്രദേശത്തുനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങൾ മുഴുവനും ഇക്കാലമത്രയും പുനരധിവാസ പദ്ധതിക്കും വീടിനുംവേണ്ടി സമരത്തിലാണ്. ഇവിടെയുണ്ടായിരുന്ന കുംഭാര കുടുംബങ്ങൾ അക്ഷരാർഥത്തിൽ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു. ആരംഭ ലക്ഷ്യത്തിൽനിന്ന് ഉദ്യോഗസ്ഥ വൃന്ദവും പദ്ധതി ആസൂത്രകരും ഈ പദ്ധതികളെയെല്ലാം ഇഷ്ടംപോലെ വഴിമാറ്റി കോർപറേറ്റുകളുമായി ഒത്തുകളിച്ച് ലാഭക്കച്ചവടം നടത്തുന്നു. പെരുവണ്ണാമൂഴി ഇറിഗേഷൻ പ്രോജക്ട് ഇതിന് ഉത്തമ ഉദാഹരണമാണ്.

കൊയിലാണ്ടി, വടകര താലൂക്കുകളെ നെല്ലറയാക്കി മാറ്റാനും മറ്റു കാർഷിക വിളകളുടെ സമൃദ്ധിക്കും കുടിവെള്ളത്തിനുംവേണ്ടിയായിരുന്നു പ്രസ്തുത പദ്ധതികൾ ആവിഷ്കരിച്ചത്. പക്ഷേ, അതിന്ന് ജപ്പാൻ കമ്പനിക്ക് തീറെഴുതിക്കൊടുത്തിരിക്കുന്നു. കേരളീയരുടെ നികുതിപ്പണംകൊണ്ടും മലയാളികളുടെ മനുഷ്യാധ്വാനംകൊണ്ടും പടുത്തുയർത്തിയ ഇറിഗേഷൻ പ്രോജക്ടിലെ വെള്ളം ഇന്ന് മലയാളികൾ പൊന്നുംവിലകൊടുത്ത് വാങ്ങി കുടിക്കുന്നു. കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലയിലെ ജൈവവൈവിധ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച പദ്ധതികൂടിയാണ് കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്. ചക്കിട്ടപാറ പഞ്ചായത്തിന്റെ കിഴക്കൻ കുടിയേറ്റ മേഖലയിലെ സാമൂഹിക ജീവിതത്തെയും സമ്പന്ന കാർഷിക മേഖലകളെയും ജൈവവൈവിധ്യങ്ങളെയും കുറ്റ്യാടി അണക്കെട്ടിലെ റിസർവോയറിൽ മുക്കിക്കൊന്നു. കുറ്റ്യാടിപ്പുഴയും മണൽത്തിട്ടകളും കുളിക്കടവുകളും പുഴയിൽ വന്നുചേർന്നിരുന്ന അനേകം തോടുകളും ചിതറിപ്പോയ ജനതയുടെ സ്മൃതി മണ്ഡലങ്ങളിൽ ഇന്നും ജീവിക്കുന്നുണ്ടാകണം.

ആവാസവ്യവസ്ഥയിൽനിന്ന് പിഴുതെറിയപ്പെട്ട ജനതയുടെ ആസ്തിയും നഷ്ടവും കറൻസിയുടെ മൂല്യംകൊണ്ട് അളക്കാവുന്നതല്ല. തലമുറകളായി അവർ ജീവിച്ചുപോന്ന പ്രദേശത്ത് അവർ നട്ടുവളർത്തിയ കാർഷിക വിളകൾ, ഒരുക്കിയെടുത്ത വയലുകൾ, കുളങ്ങൾ, പുഴകൾ, തോടുകൾ, കളിസ്ഥലങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ, ചെറുതും വലുതുമായ അങ്ങാടികൾ എന്നിവയൊക്കെയും വിട്ടെറിഞ്ഞ് പുതിയ ജീവിതം കെട്ടിപ്പടുക്കാൻ റവന്യൂ അധികാരികൾ വീതിച്ചുകൊടുത്ത തരിശുസ്ഥലത്തേക്ക് പലായനം ചെയ്യേണ്ടിവരുന്നു. അതുവരെയുണ്ടായിരുന്ന തൊഴിലുകൾ നഷ്ടപ്പെടുന്നു. വിദ്യാർഥികളുടെ പഠനം മുടങ്ങുന്നു. ആതുരാലയങ്ങൾ അന്യമാകുന്നു. ആരാധനാലയങ്ങളും വിദ്യാലയങ്ങളും നഷ്ടപ്പെട്ട് ഇങ്ങനെ പെരുവഴിയിലാക്കുന്ന പുതു തലമുറക്ക് രാഷ്ട്രപുനർനിർമാണം എന്നു കേൾക്കുമ്പോൾ എന്ത് വികാരമാണുണ്ടാവുക എന്നാലോചിച്ചിട്ടുണ്ടോ? വല്ലാർപാടം പദ്ധതിയുടെ പേരിൽ തെരുവിലാക്കപ്പെട്ട മനുഷ്യരുടെ വിലാപം ഇന്നും അവസാനിച്ചിട്ടില്ല. ആ മനുഷ്യരെ കുടിയിറക്കി, അവരുടെ അധ്വാനത്തിനും സമ്പത്തിനുംമേൽ കെട്ടിപ്പൊക്കിയ പദ്ധതികളെയാണ് നമ്മൾ വികസനത്തിന്റെ ദൃഷ്ടാന്തമായി അവതരിപ്പിക്കുന്നത്, പുതിയ 'വികസന പദ്ധതികൾ'ക്കായി വീടും പറമ്പും വിട്ടുതരണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്നത്.

കേരളത്തിൽ നടപ്പാക്കിയ ചെറുതും വലുതുമായ വിവിധ പദ്ധതികളുടെ ഇരകളും പ്രകൃതിദുരന്തത്തിന്റെയും ചെറുകലാപങ്ങളുടെയും ഫലമായി വീടും നാടും ഉപേക്ഷിക്കേണ്ടിവന്നവരും സ്വദേശി അഭയാർഥികളുടെ പട്ടികയിൽ വരും. നവകേരളത്തിൽ നിർമിച്ച വിവിധ ജാതി കോളനികളുടെ ഇന്നത്തെ അവസ്ഥയും ഈ അഭയാർഥികളുടേതിന് തുല്യമാണ്. നവോത്ഥാനമെന്ന് ഇടക്കിടെ തട്ടിമൂളിക്കുന്നതല്ലാതെ അടിസ്ഥാന സമൂഹത്തിന്റെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കാൻ ശ്രദ്ധയുണ്ടായില്ല. ഭൂപരിഷ്കരണം ആദിവാസികളെ അഭിസംബോധന ചെയ്തില്ല. പട്ടികജാതിക്കാർ മിക്കപേരും ഭൂമിയുടെ തുണ്ടുകളിൽ ഒതുങ്ങിപ്പോകുകയും ചെയ്തു. വീട്ടിലൊരാൾ മരിച്ചാൽ അടുക്കള പൊളിച്ച് അടക്കംചെയ്യുന്ന അവസ്ഥയിൽ ലക്ഷക്കണക്കിന് ജനങ്ങൾ നിലനിൽക്കെയാണ് നാം കേരളമോഡൽ വികസനം ലോകോത്തരം എന്ന് ഉദ്ഘോഷിക്കുന്നത്.

കൽപറ്റ ഗവ. കോളജിൽനിന്ന് വിരമിച്ച പ്രഫസറും സാമൂഹിക നിരീക്ഷകനുമാണ് ലേഖകൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banasura sagar damtribal issueDevelopmental Projects
News Summary - lamentations of Evicted peoples from Developmental projects
Next Story