Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightലഖിംപുർ ഖേരി;...

ലഖിംപുർ ഖേരി; രക്തസ്നാതമാകുന്ന രാഷ്​ട്രശരീരത്തിന്​ ഒരു മുന്നറിയിപ്പുകൂടി

text_fields
bookmark_border
Lakhimpur Kheri Violence
cancel
camera_alt

ചിത്രത്തിന്​ കടപ്പാട്​ -  Smishdesigns

ലഖിംപുർ ഖേരിയില്‍ കർഷക സമരത്തി​െൻറ ഭാഗമായി നടന്ന പ്രതിഷേധത്തി​െൻറ ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര വാഹനവ്യൂഹം ഇടിച്ചുകയറ്റി കർഷകരെ കൊലപ്പെടുത്തിയെന്ന ഞെട്ടിപ്പിക്കുന്ന ആരോപണത്തിന് പശ്ചാത്തലമായ സംഭവം ഒറ്റപ്പെട്ട ഒരു ഹിംസയായി കാണാന്‍ കഴിയില്ല. ഒരു ജനാധിപത്യ രാഷ്​ട്രം എന്ന നിലയിൽനിന്ന് ഇന്ത്യക്കു സംഭവിച്ച വലിയ പതനത്തി​െൻറ ഏറ്റവും ഭീതിദമായ ഉദാഹരണമാണത്. കുറ്റാരോപിതനായ മന്ത്രിപുത്രൻ സജീവ രാഷ്​ട്രീയത്തിലുള്ള വ്യക്തിയുമാണ് എന്നത് ഇതിനോട് ചേർത്തു​വായിക്കേണ്ടതാണ്. ബി.ജെ.പി 2014ല്‍ അധികാരത്തില്‍ വന്നതു മുതല്‍ രാഷ്​ട്രത്തി​െൻറ ജനാധിപത്യ പാരമ്പര്യത്തോട് ചെയ്യുന്ന കടുത്ത അനീതികള്‍ അതിനുള്ളിലെ ഓരോ വ്യക്തിയേയും എത്രമാത്രം മലീമസപ്പെടുത്തിയിരിക്കുന്നു എന്നു മനസ്സിലാക്കാനും ഈ സംഭവം നിമിത്തമാവുന്നു. ഭരണകൂടവും അതി​െൻറ പല നിലവാരത്തിലുള്ള വക്താക്കളും ഒന്നാകെ മരണത്തി​െൻറ വ്യാപാരികളാവുന്നു എന്നത് ജനതയുടെ മനഃസാക്ഷിക്കു മുന്നില്‍ പേടിപ്പെടുത്തുന്ന ഒരു യാഥാർഥ്യമായി ഉയർന്നുവന്നിരിക്കുന്നു.

ഒമ്പതു മരണങ്ങളാണ് ഒരു ഗ്രാമത്തെ ഒരൊറ്റ ദിവസം ചോരയില്‍ മുക്കിത്താഴ്ത്തിയത്. നാലു കർഷകരും ഒരു മാധ്യമപ്രവർത്തകനും നാലു ബി.ജെ.പി പ്രവർത്തകരുമാണ് കൊല്ലപ്പെട്ടിട്ടുള്ളത്. തികച്ചും സമാധാനപരമായി നടന്നിരുന്ന ഒരു സമരത്തിനു നേർക്കാണ് അസഹിഷ്ണുതയുടെയും ധാർഷ്​ട്യത്തി​െൻറയും വെറുപ്പി​െൻറയും ക്രുദ്ധരാഷ്​ട്രീയം ഈ ആക്രമണം നടത്തിയത്. കേട്ടുകേൾവി പോലുമില്ലാത്ത ഈ അതിക്രമത്തില്‍ നാലു ജീവന്‍ പൊലിയുന്ന സന്ദർഭത്തിൽ ആ വാർത്തദൃശ്യം പകർത്താന്‍ ശ്രമിച്ച മാധ്യമപ്രവർത്തകനെ ഇതേ കൊലപാതകികള്‍തന്നെ വെടി​െവച്ച് കൊല്ലുകയായിരുന്നുവത്രേ. അതിനുശേഷമുണ്ടായ പ്രതിഷേധത്തിനിടയിലാണ് നാലു ബി.ജെ.പിക്കാര്‍കൂടി കൊല്ലപ്പെടുന്നത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ആരംഭിച്ചിട്ട് മാസങ്ങളായി. നൂറുകണക്കിന് കർഷകരാണ് ഈ സമരമുഖത്ത് പലപ്പോഴായി മരിച്ചുവീണിട്ടുള്ളത്. മരണവും കൊലപാതകവും തമ്മിലെ അതിരുകള്‍ ഈ സമരത്തി​െൻറ ഭൂമികയില്‍ ഇല്ലാതായിരിക്കുന്നു. നിസ്സഹായമായ മരണങ്ങളോട് ഭരണകൂടത്തി​െൻറ സമീപനം കേവലമായ ഹത്യാധികാരത്തി​െൻറതായിരുന്നു. രക്തസാക്ഷിത്വങ്ങളെ നിരന്തരമായി അവഗണിച്ചപമാനിക്കുന്ന ഭരണകൂട സമീപനത്തില്‍നിന്നാണ് ഈ കൊലപാതകത്വരയും രൂപംകൊള്ളുന്നത്‌.

ആവർത്തിക്കപ്പെടുന്ന ആൾക്കൂട്ട കൊലപാതകങ്ങള്‍ മുതല്‍ ഇത്തരം നിസ്സങ്കോചമായ ആക്രമണ കൊലപാതകങ്ങള്‍ വരെയുള്ള ഒരു ദുരധികാര വികേന്ദ്രീകരണം ഹിന്ദുത്വ ഫാഷിസത്തി​െൻറ മുഖമുദ്രയായി മാറിയിട്ടുണ്ട്. ദലിതര്‍, ന്യൂനപക്ഷങ്ങള്‍, ഹിന്ദുത്വ രാഷ്​ട്രീയത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത ഇതര രാഷ്​ട്രീയ-സാംസ്കാരിക സ്വത്വങ്ങള്‍ എന്നിവർക്കെല്ലാം, ആ വ്യത്യസ്തതയുടെ പേരില്‍ മാത്രം, അവരോട് അസഹിഷ്ണുത തോന്നുമ്പോള്‍ ആർക്കും അവർക്കെതിരെ വിധിക്കാവുന്ന ശിക്ഷയായി മരണത്തെ ലാഘവത്വത്തോടെ കാണുന്ന നടുക്കുന്ന സമീപനമാണ് കഴിഞ്ഞ ഏഴുവർഷക്കാലമായി രാജ്യത്ത് സാധൂകരിക്കപ്പെട്ടിരിക്കുന്നത്‌. ഹത്യാധികാര രാഷ്​ട്രീയത്തി​െൻറ രക്തപങ്കിലമായ പശ്ചാത്തലത്തില്‍ മാത്രമേ ഇത്രയും ആഗോളശ്രദ്ധ ആകർഷിച്ചിട്ടുള്ള, മാസങ്ങളായി അഭംഗുരം നടക്കുന്ന വലിയൊരു സഹനസമരത്തി​െൻറ നേർക്ക്​ നടന്ന സമാനതകളില്ലാത്ത ഈ അക്രമത്തെയും പ്രശ്നത്തെ നിസ്സാരവത്​കരിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര-യുപി ഭരണകൂടങ്ങളുടെ നിലപാടുകളെയും മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. നിയമവാഴ്ചയുടെ കണികപോലും അവശേഷിക്കുന്ന ഒരു പ്രദേശത്ത് നടക്കാനിടയുള്ള കാര്യമല്ല ലഖിംപുർ ഖേരിയില്‍ നടന്നത് എന്നിരിക്കെ, അതിനുശേഷമുള്ള നിയമനിന്ദാപരമായ നിലപാടും നമ്മെ അത്ഭുതപ്പെടുത്തുന്നില്ല. ഭരണഘടനയല്ല, ഫാഷിസ്​റ്റ്​ മനോഘടനയാണ് ശിക്ഷ വിധിക്കുന്നതും നടപ്പാക്കുന്നതും!

ലഖിംപുർ ഖേരി അതിക്രമത്തിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ യു.പി ഭരണകൂടം കാട്ടിയ വിമുഖത കേവലമായ അലംഭാവമായിരുന്നില്ല. അതുപോലെ, കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനെതിരെ ഇത്രയും ഗുരുതരമായ ആരോപണമുണ്ടായ സാഹചര്യത്തിലും ആ വ്യക്തി തൽസ്ഥാനത്ത് തുടരുന്നതും കേവലം ഒരു നൈതിക പരാജയമല്ല, മറിച്ച്​ ഈ അറുകൊലകള്‍ യഥാർഥത്തില്‍ ഭരണകൂട കൊലകള്‍തന്നെയാണ് എന്ന ഉദ്ഘോഷണമാണ്.

പൊടുന്നനെ അദൃശ്യമായിത്തീരുമെന്ന്, വിസ്മൃതിയിലേക്ക് തള്ളപ്പെടുമെന്ന്, ഭരണകൂട വക്താക്കള്‍ പ്രതീക്ഷിച്ച ഈ സംഭവം സജീവ രാഷ്​ട്രീയ പ്രശ്നമായി ഉയർത്തുന്നതില്‍ പ്രതിപക്ഷ പാർട്ടികള്‍, വിശേഷിച്ച്​ ഇന്ത്യന്‍ നാഷനല്‍ കോൺഗ്രസ് വഹിച്ച പങ്ക്​ നിസ്തുലമാണ്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ഇനിയും അലയൊടുങ്ങാത്ത വൻ പ്രതിഷേധമാണ് കോൺഗ്രസ് യു.പിയില്‍ അഴിച്ചുവിട്ടിരിക്കുന്നത്. രാജ്യത്തെ ഇന്നത്തെ സമ്പൂർണമായ അരക്ഷിതാവസ്ഥയില്‍, ഫാഷിസ്​റ്റ്​ രാഷ്​ട്രീയത്തിനു മുന്നിലെ നിർജീവാവസ്ഥയില്‍, കോൺഗ്രസിൽനിന്നുണ്ടായ അനിതരസാധാരണമായ ഈ നീക്കം വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് കാണാതിരിക്കാനാവില്ല. സമാജ്​വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ശക്തമായ നിലപാട് സ്വീകരിക്കുകയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. ആം ആദ്മി പാർട്ടി, ബഹുജൻ സമാജ് പാർട്ടി നേതാക്കളും അവരെ സന്ദർശിച്ചു. മൃത്യുരാഷ്​ട്രീയ ഭരണകൂടത്തിനെതിരെ ഒരു പ്രതിപക്ഷ ഐക്യനിര ഉയർന്നുവരേണ്ടതി​െൻറ ആവശ്യകത ഈ സംഭവം വിവിധ ജനാധിപത്യ പാർട്ടികളെ ഇപ്പോഴും ബോധ്യപ്പെടുത്തിയിട്ടില്ല എന്നത് വ്യക്തമാണെങ്കിലും ഇത്തരം ഐക്യദാർഢ്യങ്ങള്‍ തീർച്ചയായും ആ വഴിയിലേക്കുള്ള സാധ്യതകള്‍ തുറക്കുന്നുണ്ട്.

നിരന്തര രാഷ്​ട്രീയ സമ്മർദത്തി​െൻറ ഫലമായി യു.പി പൊലീസ് ആശിഷ് മിശ്രയെ അറസ്​റ്റ്​ ചെയ്യുകയും കോടതി അയാളെ ജുഡീഷ്യൽ കസ്​റ്റഡിയിൽ അയക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, അവിടുത്തെ ഭരണസംവിധാനത്തിന് കീഴില്‍ നീതിപൂർവമായ ഒരു വിചാരണ ഉണ്ടാവുമോ എന്ന് സംശയിക്കാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇന്ത്യ കഴിഞ്ഞ ഏഴു വർഷക്കാലത്തിനിടയില്‍ ഏറെ മാറിപ്പോയിരിക്കുന്നു. അതിനു മുമ്പ്​​ എല്ലാം ശുഭോദർക്കമായിരുന്നു എന്നല്ല. മതഭൂരിപക്ഷ സമീപനത്തി​െൻറ അന്തർധാരകള്‍ എക്കാലത്തും ഭരണകൂടത്തിന്​ ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍, ഭരണഘടന അതിനെ ചെറുക്കുന്ന, നിയന്ത്രിക്കുന്ന ഒരു വലിയ നൈതികശക്തിയായിരുന്നു. ഒളിഞ്ഞും തെളിഞ്ഞുമുള്ള ഭരണഘടനാനിന്ദയുടെ പുതിയ സാഹചര്യം അതിവേഗം നമ്മുടെ രാഷ്​ട്രസ്വഭാവത്തെ തികച്ചും ജനാധിപത്യ വിരുദ്ധമായ ഒരു സമഗ്രാധിപത്യത്തിലേക്ക് നയിക്കുകയാണ്. കർഷക സമരവും അതിനുമുമ്പ്​​ ആരംഭിച്ച പൗരത്വ സമരവും തീർത്തും അവഗണിക്കപ്പെടുന്ന തൊഴിലാളി, പാർശ്വവത്​കൃത സമരങ്ങളും ഒരു വശത്തും ക്രോണിമുതലാളിത്ത-ഭരണകൂട കൂട്ടുകെട്ട് മറുപുറത്തുമായുള്ള പുതിയ രാഷ്​ട്രീയ വിന്യാസത്തില്‍ സമഗ്രാധിപത്യത്തിനെതിരെയുള്ള വിജയം ഉറപ്പുവരുത്താന്‍ വ്യവസ്ഥാപിത പ്രതിപക്ഷം ഈ സമരങ്ങളുടെ നേതൃനിരയില്‍ വരുക എന്നതും ഇതൊരു ദേശീയ പ്രസ്ഥാനമായി മാറുക എന്നതും അത്യന്താപേക്ഷിതമാണ്. ഇടതുപക്ഷം ശക്തമായ കേരളത്തില്‍പോലും ലഖിംപുർ ഖേരി സംഭവത്തില്‍ കാര്യമായ ഒച്ചപ്പാടുകളൊന്നും ഉണ്ടാവുന്നില്ല. കേന്ദ്രവിരുദ്ധ സമരം എന്നൊരു രാഷ്​ട്രീയം മുമ്പ്​​ അവര്‍ ഉയർത്തിപ്പിടിച്ചിരുന്നു. കോൺഗ്രസ്​ ഭരണകാലത്ത് കേന്ദ്ര സർക്കാറിനെതിരെ നിരന്തരം പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. ആ കാലം ഇപ്പോള്‍ ഓർമയുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം നിസ്സംഗതകള്‍ ഉപേക്ഷിച്ച്​ ഓരോ പ്രതിപക്ഷ പാർട്ടിയും അവരവർക്ക്​ സ്വാധീനമുള്ള സ്ഥലങ്ങളില്‍ ശക്തമായ സമരങ്ങള്‍ കർഷക പ്രക്ഷോഭത്തിന്‌ അനുകൂലമായി സംഘടിപ്പിക്കുമെന്നാണ് ഇപ്പോഴും എ​െൻറ പ്രതീക്ഷ. മറ്റൊരു അഞ്ചു വർഷംകൂടി ഹിന്ദുത്വ രാഷ്​ട്രീയ പരീക്ഷണങ്ങൾക്കുള്ള വേദിയായി ഇന്ത്യ തുടരണമോ എന്ന ചോദ്യമാണ് പ്രതിപക്ഷത്തിനു മുന്നില്‍ ഇപ്പോഴുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lakhimpur Kheri Violence
News Summary - lakhimpur kheri case One more warning
Next Story