സ്​​ത്രീകൾ മുന്നിൽനിന്ന്​ നയിക്കട്ടെ

വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെല്ലാം സ്​ത്രീ സമൂഹം മികവോടെ കടന്നുവരുകയും മത്സരിച്ച് നേടാൻ പ്രാപ്തി നേടുകയും ചെയ്യുന്നത് ഇന്ന് അസാധാരണ ദൃശ്യമല്ല. ലോകം ശ്രദ്ധിക്കുന്ന ഓസ്​കർ സിനിമ അവാർഡ് വേദിയിലും ഇക്കുറി ഉയർന്നു കേട്ടത് സ്​ത്രീപക്ഷ ഉണർവി​​​െൻറ ധ്വനികളായിരുന്നു. എന്നാൽ വേദികളിൽ ആഘോഷിക്കപ്പെടുന്ന ന്യൂനപക്ഷമല്ല സ്​ത്രീസമൂഹത്തെയാകെ പ്രതിനിധാനംചെയ്യുന്നത്. വൈരുധ്യം നിറഞ്ഞ ഈ സാഹചര്യങ്ങളുടെ കാരണങ്ങൾ തിരിച്ചറിഞ്ഞ് മാറ്റത്തിനായി സധൈര്യം മുന്നോട്ടുപോകണം.

സമൂഹത്തി​​​െൻറ വികസനവീക്ഷണങ്ങൾ നിശ്ചയിക്കുന്ന വേദികളിൽ സ്​ത്രീകളുടെ സാന്നിധ്യം അംഗബലം കൊണ്ടുകൂടി പ്രകടമാകുമ്പോൾ മാത്രമേ അവർ അർഹമായത് നേടാൻ ആരംഭിച്ചൂ എന്ന് പറയാനാകൂ. തൊഴിലിടങ്ങളിലെ സ്​ത്രീ  തോത് വർധിക്കുന്നുണ്ടാകാം. എങ്കിലും നയിക്കാൻ പ്രാപ്തിയുള്ളവളായി സ്​ത്രീയെ അംഗീകരിക്കുന്നതിൽ സമൂഹം പിറകിലാണ്. സ്​ത്രീപക്ഷ ചിന്തകളുടെ സജീവ സാന്നിധ്യമുള്ളതുകൊണ്ടാകണം ഭരണ നിർവഹണ രംഗങ്ങളിൽ സ്​ത്രീ പങ്കാളിത്തം ആവശ്യമാണെന്ന ബോധ്യത്തിലേക്ക് സമൂഹം എത്തുന്നത്. സ്​ത്രീകളുടെ പൊതു ഇടങ്ങളെക്കുറിച്ചുപോലും ചർച്ച വളർന്നുവരുന്നുണ്ട്. സാമൂഹിക, രാഷ്​ട്രീയ സംഘടനകൾ ഉന്നത സമിതികളിൽ സ്​ത്രീസാന്നിധ്യം വർധിപ്പിക്കണമെന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു. സ്​ത്രീപക്ഷ വാർത്തകൾക്ക് മാധ്യമങ്ങളിൽ മുമ്പില്ലാത്തവിധം ഇടം കിട്ടാനും തുടങ്ങിയിരിക്കുന്നു.

 എന്നാൽ ചിന്താമണ്ഡലം സ്​ത്രീപക്ഷ കാഴ്ചപ്പാടുകളെ ഇനിയും അറിഞ്ഞ് അംഗീകരിക്കുന്ന തലത്തിലേക്ക് എത്തിയിട്ടില്ല. രാഷ്​ട്രീയവും മതപരവുമായ അടിത്തറയിൽനിന്നും പാരമ്പര്യങ്ങളുടെ കെട്ടുപാടുകളിൽനിന്നുമാണ് നിലവിൽ സ്​ത്രീയെക്കുറിച്ച കാഴ്ചപ്പാടുകൾ രൂപവത്​കരിക്കപ്പെട്ടിരിക്കുന്നത്. സ്​ത്രീയുടെ പുരോഗതിയിലേക്കുള്ള വഴിയും ഈ അടിത്തറകളിലാണ് നിശ്ചയിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ പൊതുവായൊരു സ്​ത്രീപക്ഷ സമീപനം എളുപ്പമല്ലെങ്കിലും പലതരം പരീക്ഷണങ്ങളിലൂടെ പുതിയതും സർവസമ്മതവുമായ കാഴ്ചപ്പാടിൽ എത്തിച്ചേരാനാകും. കാഴ്ചപ്പാടുകൾ ഭിന്നമാണെങ്കിലും മുദ്രാവാക്യങ്ങളുടെ ശക്തിദൗർബല്യങ്ങൾ ബോധ്യമുണ്ടെങ്കിലും സ്​ത്രീപക്ഷത്ത് വളർന്നുവരുന്ന ഏതൊരു ശബ്​ദവും പ്രതീക്ഷ പകരുന്നതാണ്. ഏതൊരു നീക്കത്തെയും നാം േപ്രാത്സാഹിപ്പിക്കണം. കുറവുകൾ പരസ്​പരം ചൂണ്ടിക്കാട്ടാനുള്ള പൊതു വേദികൾ ഉണ്ടായാൽ നീക്കങ്ങൾ ഗുണപരമായി മാറുന്നതിന് കളമൊരുങ്ങും.

കേരളത്തിലെ കാമ്പസുകളിൽ ത​േൻറടത്തി​​​െൻറ പ്രതിരൂപങ്ങളായി പുതുതലമുറ പെൺകുട്ടികൾ വളർന്നുവരുന്നത് കാണാം. വിവേചനങ്ങളില്ലാത്ത ജീവിതം എന്താണെന്ന് അവർ പഠിച്ചുതുടങ്ങിയിരിക്കുന്നു. ഈ ബോധത്തെ ഉൗട്ടി വളർത്താൻ നമുക്ക് കഴിയണം. വിദ്യകൊണ്ട് ഇനി നേടാനുള്ളത് സ്വയം നിർണയത്തിനുള്ള അവകാശമാണെന്ന് അവർ മനസ്സിലാക്കുന്നു. പലവിധ ആവിഷ്കാരങ്ങളും പരിപാടികളും പ്രതികരണങ്ങളുമായി അത് കാമ്പസുകളിലും പുറത്തും പ്രകടമാകുന്നുണ്ട്. ഈ വളർച്ചയെ ഗുണപരമായ ചാലിലൂടെ വികസിപ്പിച്ചെടുക്കാൻ വനിത കമീഷൻ ലക്ഷ്യമിടുന്നുണ്ട്​. സ്വയം നിർണയത്തിനുള്ള പെൺകുട്ടികളുടെ അവകാശത്തെ പലനിലക്കും തളച്ചിടാൻ ശ്രമിക്കുന്നവർക്കുമുന്നിൽ പരാജയമറിയാതെ മുന്നേറാനുള്ള കരുത്ത് പുതുതലമുറ പെൺകുട്ടികൾക്ക്​ പകർന്നു നൽകണം.

സ്​ത്രീപക്ഷ ചിന്തയെയും വാദത്തെയും എതിർവാദങ്ങളുയർത്തിയും കുതന്ത്രങ്ങൾ വഴിയും ചെറുത്തു തോൽപിക്കാൻ ശ്രമമുണ്ടാകും. അത് ഏതൊക്കെയാണെന്ന് കണ്ടെത്തുന്നതാണ് വിജയത്തി​​​െൻറ ആദ്യപടി. തികഞ്ഞ രാഷ്​ട്രീയബോധമാണ് അതിനു വേണ്ടത്. വീടും ചുറ്റുപാടും നാടും നാടി​​​െൻറ വളർച്ചയും ഏതേതു നയങ്ങളെയാണ് കൊണ്ടു നടക്കുന്നതെന്ന തിരിച്ചറിവോടെ മാറ്റത്തിനായി ഉയർത്തുന്ന ശരിയായ മുദ്രാവാക്യമാണ് ആ രാഷ്​ട്രീയം. 

സ്​ത്രീപക്ഷ നിയമങ്ങൾ മുന്നിലുള്ളപ്പോഴും ആവശ്യമായ ഘട്ടങ്ങളിൽ സുരക്ഷയും സംരക്ഷണവും നൽകാൻ അവയ്ക്കായില്ലെങ്കിൽ അതുകൊണ്ടെന്ത് കാര്യം? നിയമങ്ങൾ സ്​ത്രീകൾക്കുവേണ്ടി പ്രയോഗിക്കാനുള്ള മനോഭാവം നീതി നിർവഹണ മണ്ഡലങ്ങളിലെല്ലാം വേണം. സമൂഹത്തി​​​െൻറ ജാഗ്രതകൊണ്ട് മാത്രമേ സ്​ത്രീ സമൂഹത്തി​​​െൻറ സുരക്ഷയും അന്തസ്സും കാത്തുസൂക്ഷിക്കാൻ കഴിയൂ. 

ഈ സാഹചര്യങ്ങൾ മുന്നിൽവെച്ചാണ് അന്താരാഷ്​ട്ര വനിത ദിനം മുന്നോട്ടു​വെക്കുന്ന സന്ദേശം ചർച്ചചെയ്യേണ്ടത്. പുരോഗതിക്കുവേണ്ടിയുള്ള ശബ്​ദമാണ് ഈ വർഷത്തെ വനിതദിന പ്രമേയം. പുരോഗതി എന്നതി​​​െൻറ വിവക്ഷ കൃത്യമായി നിർണയിച്ചുമാത്രമേ കർമപരിപാടികളിലേക്ക് കടക്കാനാകൂ. സധൈര്യം സ്​ത്രീസമൂഹം മുന്നോട്ടു കുതിക്കണമെന്ന ആഹ്വാനമാണ് ഈ വർഷത്തെ ദിനാചരണത്തോടനുബന്ധിച്ച് സംസ്​ഥാന സർക്കാർ മുന്നോട്ടു​വെക്കുന്നത്.

സ്​ത്രീകളുടെ അവകാശബോധത്തെപ്പോലും കച്ചവടച്ചരക്കാക്കാൻ ശ്രമം നടക്കുന്നുണ്ട്​. സ്​ത്രീകളുടെ സാമൂഹിക വളർച്ചയെ എൻറർടൈൻ​െമ​ൻറ് വിഷയമാക്കി മാറ്റാനാണ് ശ്രമം. സ്​ത്രീകളുടെ ഉണർവിനെ കച്ചവടച്ചരക്കാക്കാൻ കഴിയുമോ എന്നാണ് കമ്പോളം ചിന്തിക്കുന്നത്. തിരിച്ചറിവുള്ളവരുടെ ഇടപെടലുകൾ ഈ രംഗത്ത് അനിവാര്യമാണ്​. എഴുത്തുകാരും പ്രഭാഷകരും സാമൂഹിക പ്രവർത്തകരും വിവിധ സർക്കാർ ഏജൻസികളും സാഹചര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കണം.

ഓരോ പുരുഷ​​​​െൻറയും വിജയത്തിനു പിന്നിൽ ഒരു സ്​ത്രീയുണ്ടെന്ന അലങ്കാര വാക്ക് മാറ്റിപ്പറയാം. ഇനി വിജയങ്ങൾക്ക് മുന്നിലാകട്ടെ സ്​ത്രീയുടെ സ്​ഥാനം; കുടുംബത്തിലും പുറത്തും. നീ പെണ്ണാണ് എങ്കിലും പറയാനുള്ളത് പറഞ്ഞോളൂ എന്നാണല്ലോ ഇത്രകാലം നാം പഠിച്ചതും അറിഞ്ഞതും. നീ പെണ്ണാണ് അതിനാൽ നീ തന്നെ പറയുക എന്നാവട്ടെ പുതുതായി ഉയരേണ്ട ശബ്​ദം. 

(കേരള വനിത കമീഷൻ അധ്യക്ഷയാണ്​ ലേഖിക)

Loading...
COMMENTS