Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകെ.വി. റാബിയ:...

കെ.വി. റാബിയ: ജീവിതംകൊണ്ട് മാതൃകയായവൾ

text_fields
bookmark_border
കെ.വി. റാബിയ: ജീവിതംകൊണ്ട് മാതൃകയായവൾ
cancel
camera_alt

കെ.വി. റാബിയ

കേരളം ഒരു മനസ്സായി പ്രവർത്തിച്ച സമ്പൂർണ സാക്ഷരത യജ്ഞ കാലം. തിരൂരങ്ങാടിയിലെ ഒരു സാക്ഷരതാ ക്ലാസിന്‍റെ വിവരങ്ങൾ കേട്ടറിഞ്ഞ് മലപ്പുറം ജില്ല സാക്ഷരത ഭവനിൽനിന്ന് ഒരു സംഘം ആ ക്ലാസ് സന്ദർശിക്കാൻ പോകുന്നു. അവിടെ ചെന്നപ്പോൾ സ്ത്രീകളും പുരുഷന്മാരുമായി 10-20 പേരുണ്ട് ക്ലാസിൽ. ഒരു കൊച്ചുയുവതി വളരെ താൽപര്യത്തോടെ അവർക്ക് എഴുത്തും വായനയും പഠിപ്പിക്കുന്നു. നല്ല ഉപദേശങ്ങൾ കൊടുക്കുന്നു, നല്ല ധൈര്യം പകരുന്നു... എഴുന്നേറ്റുനിൽക്കാൻ സാധിക്കാത്ത, അവശയായ ഒരു പെൺകുട്ടി. ഇവർക്കാണെങ്കിൽ കേവല വിദ്യാഭ്യാസമേയുള്ളൂ. അതായിരുന്നു കെ.വി. റാബിയ. ഞങ്ങളാ ക്ലാസിൽ മുഴുവൻ സമയം ഇരുന്നു.

റാബിയയുടെ ഡയറി പരിശോധിച്ചപ്പോൾ എല്ലാം കൃത്യമായി എഴുതിവെക്കുന്നതായി കണ്ടു. ഓരോരുത്തരുടെയും വിവരങ്ങളും ക്ലാസിന്‍റെ വിവരങ്ങളും പിന്നീട് ചെയ്യേണ്ട പ്ലാനുകളും എല്ലാം അതിലുണ്ട്. കൃത്യതയോടെയും വ്യക്തതയോടെയുമുള്ള കുറിപ്പുകളും എഴുത്തിന്റേതായ പ്രത്യേക ശൈലിയുമെല്ലാം കണ്ടപ്പോൾ ആ ഡയറി ഞങ്ങൾ എടുത്തുകൊണ്ടുവന്നു. അത് പിന്നീട് ‘റാബിയയുടെ ഡയറി’ എന്ന തലക്കെട്ടിൽ ഫോട്ടോ സഹിതം ‘അ’ എന്ന പ്രസിദ്ധീകരണത്തിൽ വന്നു. സാക്ഷരതാ കാലത്ത് മലപ്പുറം ജില്ലാ സാക്ഷരതാ സമിതി പ്രസിദ്ധീകരിച്ചുവന്ന പത്രമാണ് ‘അ’. അതേസമയം അത് മറ്റു പത്രങ്ങൾക്കും നൽകി. എല്ലാവരും വലിയ പ്രാധാന്യത്തോടെ വാർത്ത പ്രസിദ്ധീകരിച്ചു. അങ്ങനെയാണ് റാബിയ എന്ന നക്ഷത്രത്തെ പുറംലോകം അറിയുന്നത്.

ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ പ്രസിഡന്‍റും ജില്ല കോഓഡിനേറ്റർമാരിൽ ഒരാളുമായ എൻ. മൻമഥൻ പിള്ള എന്ന അധ്യാപകനാണ് റാബിയയെ കണ്ടെത്തിയതും അവളുടെ അസാമാന്യമായ തന്‍റേടത്തെക്കുറിച്ചും സാക്ഷരത ക്ലാസിനെക്കുറിച്ചും ഡയറി എഴുത്തിനെക്കുറിച്ചും മലപ്പുറം ജില്ലാ കേന്ദ്രത്തിൽ വിശദീകരിച്ചതും. റാബിയയെ പറ്റി ആദ്യമായി ഒരു കുറിപ്പെഴുതിയത് കൊല്ലം ചവറ സ്വദേശിയും ചീക്കോട് യു.പി സ്കൂളിൽ അധ്യാപകനുമായിരുന്ന വി.എം. രാജമോഹനൻ ആണ്.

സാക്ഷരത യജ്ഞത്തിന് കരുത്തേകാൻ ബോധപൂർവമാണ് സാക്ഷരതാ സമിതി റാബിയയുടെ ആത്മാർഥതയും അർപ്പണബോധവും അടയാളപ്പെടുത്തുന്ന വാർത്ത തയാറാക്കി പ്രസിദ്ധപ്പെടുത്തിയത്. അത് ഒട്ടേറെ പേരെ സാക്ഷരതാ യജ്ഞത്തിലേക്ക് ആകർഷിച്ചു. സ്ത്രീകൾ വലിയതോതിൽ സാക്ഷരതാ യജ്ഞത്തിന്‍റെ ഭാഗമായത് അതോടെയാണ്. മലപ്പുറം ജില്ലയിൽ സാക്ഷരതാ ഇൻസ്ട്രക്ടർമാരിൽ ഭൂരിപക്ഷം പെൺകുട്ടികളായിരുന്നു. ഇതൊക്കെ സാധിച്ചതിൽ റാബിയയുടെ സാക്ഷരതാ ക്ലാസിൽനിന്നുയർന്ന പ്രകാശത്തിന് വലിയ പങ്കുണ്ട്.

പിന്നീട് റാബിയയെ കാണുന്നത് കോട്ടക്കൽ ബലറാം ഡോക്ടറുടെ ആയുർവേദ ആശുപത്രിയിൽവെച്ചാണ്, 1991ൽ. ഇരുപത്തൊന്നു ദിവസത്തെ കിടത്തി ചികിത്സക്ക് അവരെ അവിടെ അഡ്മിറ്റ് ചെയ്തിരുന്നു. കോട്ടക്കൽ പറമ്പിലങ്ങാടിയിലുള്ള ആയുർവേദ ക്ലിനിക്കിൽ എത്തിയ എനിക്ക് ആ കിടപ്പു കണ്ടപ്പോൾ സങ്കടം തോന്നി. കാലിൽ മണൽക്കിഴി കെട്ടിത്തൂക്കിയിരുന്നു. അനങ്ങാൻ വയ്യാതെ കിടക്കുമ്പോഴും ആ കണ്ണിലെ തിളക്കവും മുഖത്തെ പ്രത്യാശയുടെ പുഞ്ചിരിയും ഞങ്ങളെ വല്ലാതെ ആകർഷിച്ചു. തന്‍റെ പരിമിതികൾ അതിജീവിച്ച് അതിവേഗം മുന്നോട്ടു പോകുമെന്നാണ് അന്നു ഞങ്ങളോടു പറഞ്ഞത്. എന്നാൽ, പിന്നീട് രോഗങ്ങളും ദുരന്തങ്ങളും അപകടങ്ങളും റാബിയയെ വേട്ടയാടുകയായിരുന്നു.

എതിരുകളോട് എറ്റുമുട്ടിയായിരുന്നു റാബിയയുടെ വളർച്ച. പലതവണ വീണു പരിക്കേറ്റു. അർബുദം പിടിപെട്ടു. ഒത്തിരി കഷ്ടപ്പെട്ടാണ് ഓരോ പടവും കയറിവന്നത്. വളർച്ചയുടെ ഓരോ പടവും മനംമടുപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചത് അവളുടെ അതിശയിപ്പിക്കുന്ന മനക്കരുത്തിന്റെയും അക്ഷീണ പ്രയത്നങ്ങളുടെയും ഫലമായാണ്.

‘പത്മ’ പുരസ്കാരം കിട്ടിയശേഷം ഏറ്റവുമൊടുവിൽ കണ്ടത് കോഴിച്ചെനയിൽ ഒരു സംഗീത പരിപാടിയുടെ ഉദ്ഘാടനത്തിനു വന്നപ്പോഴാണ്. തീരെ അവശയാണെങ്കിലും അതൊന്നും വകവെക്കാതെ അന്ന് കുറച്ചു സമയം സംസാരിച്ചു. റാബിയയുടെ ജീവിതംതന്നെ ഒരു സന്ദേശമാണ്.

(സമ്പൂർണ സാക്ഷരതാ യജ്ഞം മലപ്പുറം ജില്ല അസി. കോഓഡിനേറ്ററായിരുന്നു ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KV Rabiya
News Summary - K.V. Rabiya: A role model through her life
Next Story