കുന്നിക്കലകത്ത് ഉസ്മാൻ മാസ്റ്റർ; തമസ്കരിക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്കർത്താവ്
text_fieldsകുന്നിക്കലകത്ത് ഉസ്മാൻ മാസ്റ്റർ
ഇരുൾ മുറ്റിയ കാലത്ത് തെക്കേ മലബാറിലും പരിസരപ്രദേശങ്ങളിലുമുള്ള മുസ്ലിം സമുദായത്തിന് അറിവിെൻറ വെളിച്ചമേകിയ കുന്നിക്കലകത്ത് ഉസ്മാൻ മാസ്റ്ററെ ഓർമിക്കാതെ കേരള മുസ്ലിം നവോത്ഥാന ചരിത്രം പൂർണമാകില്ല
പല കാരണങ്ങളാൽ ആധുനിക വിദ്യാഭ്യാസ സംവിധാനത്തോട് മുഖം തിരിച്ച് നിന്ന തെക്കേ മലബാറിലും പരിസര പ്രദേശങ്ങളിലുമുള്ള മുസ്ലിം സമുദായത്തെ എഴുത്തും വായനയും പഠിപ്പിക്കാൻ മുന്നിട്ടിറങ്ങിയ കുന്നിക്കലകത്ത് ഉസ്മാൻ മാസ്റ്റർ ഓർമയായിട്ട് ആറ് പതിറ്റാണ്ട് പിന്നിടുന്നു.
വലിയ സൗകര്യങ്ങളോ ഉയർന്ന വിദ്യാഭ്യാസമോ ലഭിക്കാത്ത ബാല്യകൗമാരങ്ങൾ പിന്നിട്ട ആ മനുഷ്യൻ മുസ്ഹഫ്-കിത്താബ് ബൈന്റിങ്ങായിരുന്നു ജീവനമാർഗമായി സ്വീകരിച്ചിരുന്നത്. പിൽകാലത്ത് പൊന്നാനി-കൂട്ടായി മേഖലയിലെ മുസ്ലിംകൾക്ക് വിദ്യാഭ്യാസരംഗത്ത് ദിശാബോധമേകിയ വിദ്യാഭ്യാസ പ്രവർത്തകനും ചിന്തകനുമായി മാറുകയായിരുന്നു.
19ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ബ്രിട്ടീഷ് സർക്കാറിന്റെ ലോക്കൽ ഫണ്ടിന്റെ കീഴിൽ നടന്നിരുന്ന, മലബാർ മാനുവലിൽ പരാമർശിതമായ ആശുപത്രി റോഡിലെ ടൗൺ ജി.എൽ.പി സ്കൂളാണ് പൊന്നാനിയിലെ ആദ്യ വിദ്യാലയം. ബോർഡ് മാപ്പിള എലിമെന്ററി സ്കൂളെന്നാണ് അന്നത്തെ പേര്.
അറബിയും ഇസ്ലാമിക വിഷയങ്ങളും ഉൾപ്പെടാത്ത ജനറൽ സിലബസ് അനുസരിച്ചുള്ള പാഠ്യപദ്ധതിയായിരുന്നതിനാലാവാം സാധാരണക്കാരായ മുസ്ലിംകൾ മക്കളെ ഇവിടെ പഠിപ്പിക്കാൻ വിമുഖരായിരുന്നു. നഗര പ്രാന്തങ്ങളിൽ എഴുത്താശാന്മാരുടെ കുടിപള്ളിക്കൂടങ്ങൾ ഉണ്ടായിരുന്നെങ്കിലും മുസ്ലിം കുട്ടികൾ അവിടെയും ചേർന്നില്ല.
ഇതിനെല്ലാം പരിഹാരമെന്ന നിലക്കാണ് ഭൗതിക വിഷയങ്ങളോടൊപ്പം മതപഠനവും അറബി ഭാഷയും ഉൾപ്പെടുത്തി വലിയപള്ളിക്ക് സമീപം തരകൻ കോജിനിയകത്ത് തറവാട് അങ്കണത്തിലെ കെട്ടിടത്തിൽ തഅ്ലീമുൽ ഇഖ്വാൻ മദ്റസ സ്ഥാപിച്ച് കുന്നിക്കലകത്ത് ഉസ്മാൻ മാസ്റ്റർ മദ്റസാ സ്കൂൾ പ്രസ്ഥാനത്തിന് ആരംഭം കുറിച്ചത്. തുടർന്ന് ഈ സ്ഥാപനം ടൗണിലെ രായിച്ചിനകം വീടിനടുത്ത മാളിക മുകളിലേക്ക് മാറ്റി.
ഇതേകാലത്ത് മൗലാനാ ചാലിലകത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ മദ്റസാ സിലബസ് പരിഷ്കരിച്ച് ഏതാനും മദ്റസാ-സ്കൂളുകൾക്ക് മലബാറിലും കൊച്ചി രാജ്യത്തും ആരംഭം കുറിച്ചത് മാസ്റ്ററുടെ ഉദ്യമത്തിന് കരുത്തേകി. 1914 ആകുമ്പോഴക്കും തഅ്ലീമുൽ ഇഖ്വാൻ എൽ.പി സ്കൂളായി രൂപാന്തരപ്പെട്ടു, മദ്രാസ് സർക്കാറിൽനിന്ന് അംഗീകാരവും ലഭിച്ചു. മാസ്റ്റർ ദൈനംദിനം വീടുകളിൽ കയറിയിറങ്ങി രക്ഷാകർത്താക്കളെ നിരന്തരം പ്രോത്സാഹിപ്പിച്ചാണ് കുട്ടികളെ സ്കൂളിലെത്തിച്ചത്.
എന്നിട്ടും ആദ്യ ഏതാനും വർഷങ്ങൾക്കിടയിൽ 209 ആൺകുട്ടികൾ മാത്രമേ ചേർന്നുള്ളൂ. വെട്ടംകുഞ്ഞിമാക്കാനകത്ത് മുഹമ്മദാണ് പ്രഥമ വിദ്യാർഥി. 1918 ൽ അഡ്മിഷൻ നമ്പർ 210 ആയി പ്രവേശിച്ച കൊങ്ങണം വീട്ടിൽ പാത്തുമാമ്മകുട്ടി ആദ്യ വിദ്യാർഥിനിയും. തഅ്ലീമുൽ ഇഖ്വാന്റെ ആരംഭംമുതൽ പ്രധാന അധ്യാപകനായിരുന്ന ഉസ്മാൻ മാസ്റ്റർക്ക് സർക്കാർ അംഗീകൃത ട്രെയിനിങ് യോഗ്യതയില്ലാത്തതിനാൽ ആ പദവി ഒഴിയേണ്ടിവന്നു.
എന്നിട്ടും സ്ഥാപനത്തിന്റെ ചാലകശക്തിയായും ജീവനക്കാരനായും തുടർന്നു. അറക്കൽ രാജകുടുംബത്തിന്റെ സഹായത്താൽ കണ്ണൂരിലെ എ.എൻ. കോയ കുഞ്ഞി സാഹിബിന്റെ നേതൃത്വത്തിൽ 1911ൽ സ്ഥാപിതമായ മഅദനുൽ ഉലും മദ്റസാ സ്കൂൾ സന്ദർശിച്ച് അവിടത്തെ പാഠ്യപരിഷ്കരണം മാസ്റ്റർ തന്റെ വിദ്യാലയത്തിലും നടപ്പിൽവരുത്തി.
സ്ഥാപനം മുന്നോട്ട് പോകുന്നതിന് സാമ്പത്തിക ബാധ്യത വർധിച്ചപ്പോൾ അമ്പലത്ത് വീട്ടിൽ മുഹമ്മദ് പ്രസിഡന്റും പി.കെ. അബ്ദുറഹിമാൻ കുട്ടി എന്ന ഇമ്പിച്ചി സെക്രട്ടറിയുമായി ജനകീയ കമ്മിറ്റി രൂപവത്കരിച്ച് സ്കൂൾ ഭരണം ഏൽപിച്ചു. ഈ അവസരത്തിലാണ് മുൻമന്ത്രി ഇ.കെ. ഇമ്പിച്ചിബാവ, മുൻ എം.എൽ.എ വി.പി.സി. തങ്ങൾ, ചീഫ് എൻജിനീയർ എ.എം. ഉസ്മാൻ തുടങ്ങിയ പല പ്രമുഖരും ഇവിടെ പഠിതാക്കളായി ചേർന്നത്.
സ്കൂൾ കമ്മിറ്റിയുമായി ഉണ്ടായ അസ്വാരസ്യം കാരണം 1927 ൽ തഅ്ലീമുൽ ഇഖ്വാനോട് വിടപറയേണ്ടി വന്ന അദ്ദേഹം തിരൂരിനടുത്ത് വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന പറവണ്ണയിലും കൂട്ടായിയിലും സ്കൂളുകൾ സ്ഥാപിച്ചു. കൂട്ടായിയിൽ സ്ഥാപിച്ച മദ്റസതുൽ ഇഖ്വാൻ സ്കൂൾ അടുത്തകാലത്ത് സുലൈമാൻ ഹാജി മെമ്മോറിയൽ സ്കൂളെന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു.
വീണ്ടും പൊന്നാനിയിൽ സജീവമായ ഉസ്മാൻ മാസ്റ്റർ 1930 ൽ പൊന്നാനി മഊനത്തുൽ ഇസ്ലാം സഭക്ക് സമീപം മദ്റസത്തുൽ ഉസ്മാനിയ സ്ഥാപിച്ചു.
മുസ്ലിം പെൺകുട്ടികൾക്ക് അറബിയല്ലാത്ത എഴുത്ത് പഠിപ്പിക്കൽ കറാഹത്ത് (അനഭിലഷണീയം) ആണെന്നും ഹറാം (നിരോധിക്കപ്പെട്ടത്) ആണെന്നുമുള്ള ചിന്താഗതി മുസ്ലിംകൾക്കിടയിൽ സജീവമായിരുന്ന അവസരത്തിലാണ് മാസ്റ്റർ സ്വന്തം മകൾ അമ്പലത്ത് വീട്ടിൽ ബീവിയെ മദ്റസത്തുൽ ഉസ്മാനീയായിൽ പ്രഥമ വിദ്യാർഥിനിയായി ചേർത്ത് ദേശത്തിന് മാതൃകയായത്. മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരുന്ന കെ.വി. നൂറുദ്ദീൻ സാഹിബിന്റെ മകൾ ടി.പി. ഖദീജയാണ് ഇവിടെനിന്ന് ഹൈസ്കൂൾ പഠനം നടത്തിയ പ്രഥമ മുസ്ലിം വിദ്യാർഥിനി.
അക്കാലത്ത് സ്കൂൾ പഠനത്തിന് പോകുന്ന മുസ്ലിം പെൺകുട്ടികൾക്ക് പലയിടത്തും അധിക്ഷേപവും പരിഹാസവും സഹിക്കേണ്ടിവന്നിരുന്നു. പൊന്നാനിയിൽ രൂക്ഷമായ എതിർപ്പുകളില്ലായിരുന്നെങ്കിലും മദ്റസാ സ്കൂൾ പ്രസ്ഥാനത്തിന്റെ കടുത്ത വിമർശകരിൽനിന്ന് ഒരവസരത്തിൽ കല്ലേറും ഏൽക്കേണ്ടിവന്നു മാസ്റ്റർക്ക്. പ്രതിസന്ധികളിൽ അദ്ദേഹത്തിന് കൈത്താങ്ങായി വർത്തിച്ചത് മഊനത്തുൽ ഇസ്ലാം സഭ അസിസ്റ്റന്റ് മാനേജർ കെ.എം. നൂറുദ്ദീൻ കുട്ടിയായിരുന്നു.
വിദ്യാഭ്യാസരംഗത്ത് ആരംഭംമുതൽ ഉസ്മാൻ മാസ്റ്ററെ പ്രോത്സാഹിപ്പിച്ച സഭ പ്രസിഡന്റ് ഖാൻ സാഹിബ് വി ആറ്റകോയ തങ്ങളുടെ തീവ്രശ്രമത്താൽ ഈ വിദ്യാലയം 1941 ൽ സഭ എറ്റെടുത്ത് എം.ഐ.യു.പി സ്കൂളെന്ന് നാമകരണം ചെയ്തു. എന്നിട്ടും വർഷങ്ങളോളം ‘ഉദുമാൻ സാറിന്റെ സ്കൂളെ’ന്നാണ് അറിയപ്പെട്ടിരുന്നത്.
പൊന്നാനി നഗരത്തിലെ സാധാരണക്കാരിൽ പലർക്കും അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസം അപ്രാപ്യമായിരുന്നു. ഈ പ്രദേശത്തുനിന്ന് ഹൈസ്കൂളിൽ പ്രവേശനം ലഭിച്ചവർക്കുതന്നെ അർഹമായ പരിഗണനയും കിട്ടിയിരുന്നില്ല. ഇതെല്ലാം സഹിച്ച് ഒഴുക്കിനെതിരെ നീന്തി മറുകര പറ്റിയവരെ വിസ്മരിക്കുന്നില്ല.
ഈ ന്യൂനതകൾക്ക് ശാശ്വത പരിഹാരമെന്നനിലക്ക് ആധുനിക വിദ്യാഭ്യാസംകൂടി ഉണ്ടായാൽ മാത്രമേ സമുദായം പ്രബുദ്ധമാകൂ എന്ന് ഗ്രഹിച്ച പ്രസിദ്ധരും പ്രാമാണികരുമായ സഭാ ഭാരവാഹികളും സുമനസ്സുകളായ സമുദായ നേതാക്കളും സെക്കൻഡറി വിദ്യാഭ്യാസം മുഖ്യ വിഷയമായി എടുത്ത് സജീവ ചർച്ചകൾ സംഘടിപ്പിച്ചു. സ്ഥാപനം 1945ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യാൻ ശ്രമങ്ങൾ ആരംഭിച്ചു.
സഭയുടെ പാരമ്പര്യവും കീഴ് വഴക്കങ്ങളും അനുകൂലമായിരുന്നില്ല. സഭാ ഫണ്ട് ഈ രംഗത്ത് വിനിയോഗിക്കാൻ പറ്റുമോ എന്ന വിഷയത്തിൽ ഉലമാക്കളും ഉമറാക്കളും സഭ മാനേജിങ് കമ്മിറ്റിയും തമ്മിൽ സജീവ ചർച്ചകൾ നടന്നു.
ഒടുവിൽ സ്കൂളിന്റെ ചില ക്ലാസുകൾ പ്രവർത്തിച്ചിരുന്ന വെട്ടം പോക്കിരിയകം തറവാടിന്റെ പള്ളി ചരുവിൽ കെ.എം. സീതി സാഹിബ്, വി.പി.സി. തങ്ങൾ, കെ.എം. കുഞ്ഞി മുഹമ്മദാജി, സി. ഹംസ സാഹിബ് തുടങ്ങിയവർ നടത്തിയ അനൗദ്യോഗിക ചർച്ചയെതുടർന്ന് സഭാ റിസീവർമാരോട് സ്കൂളിന് വേണ്ടി പ്രത്യേക ഫണ്ട് സ്വരൂപിക്കാൻ നിർദേശിച്ചു.
ജസ്റ്റിസ് കുഞ്ഞി അഹമ്മദ് കുട്ടി ഹാജി തുടങ്ങി ഒരു പറ്റം വിദ്യാതൽപരരുടെ സജീവ കൂട്ടായ്മയാൽ ഒരു ദേശത്തിന്റെ വൈജ്ഞാനിക സാക്ഷാത്കാരമെന്ന നിലക്ക് 1947 ൽ തേഡ് ഫോറം ആരംഭിച്ച് മിഡിൽ സ്കൂളായി ഉയർത്തി സെക്കൻഡറി വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ചു.
മദ്രാസ് അസംബ്ലി പ്രതിപക്ഷ നേതാവായിരുന്ന ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബായിരുന്നു ഉദ്ഘാടകൻ. പ്രഥമ ഹെഡ്മാസ്റ്റർ സൂര്യനാരായണ അയ്യരായിരുന്നു. 1948 ൽ ചാവക്കാട് സ്വദേശി അബ്ദുൽ ഖാദർ മാസ്റ്റർ ഹെഡ്മാസ്റ്ററായി ചാർജെടുത്തത് മുതലാണ് സ്കൂൾ ക്രമാനുഗതമായി പാഠ്യ പാഠ്യേതരരംഗത്ത് പുരോഗതി പ്രാപിച്ചത്.
എം.ഐ.യു.പി സ്കൂളിൽ തുടക്കം കുറിച്ച ഹൈസ്കൂൾ വിഭാഗം 1950 ൽ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി. തുടർന്ന് ഹയർ സെക്കൻഡറി ആയി ഉയർത്തപ്പെട്ട ഈ സ്ഥാപനം 1995/96 വർഷങ്ങളിൽ ഗേൾസ് ബോയ്സ് എന്നീ രണ്ട് ഹയർ സെക്കൻഡറി സ്കൂളുകളായി വിഭജിക്കപ്പെട്ടു.
നല്ലൊരു ഗായകനും ഗാനരചയിതാവുമായിരുന്ന ഉസ്മാൻ മാസ്റ്റർ ആകാശവാണിയിൽ മാപ്പിളപ്പാട്ടുകളും ലളിതഗാനങ്ങളും ആലപിച്ച് ശ്രോതാക്കളുടെ പ്രശംസ നേടി. അദ്ദേഹം ചിട്ടപ്പെടുത്തിയെടുത്ത ’മൗത്തള’യെന്ന മാപ്പിള കലാരൂപം കല്യാണ സദസ്സുകളിൽ പതിവായി അവതരിപ്പിക്കപ്പെട്ടിരുന്നു. മകൻ അബൂബക്കർ മാഷും അന്തരിച്ച കവി അടാനശ്ശേരി ഹംസയും ഈ രംഗത്ത് മാസ്റ്ററുടെ സഹചാരികളായിരുന്നു.
പ്രശസ്ത സംഗീത സംവിധായകരായ ബാബുരാജ്, രാഘവൻ മാസ്റ്റർ തുടങ്ങിയവർ അദ്ദേഹത്തിന്റെ പ്രതിഭയെ വാഴ്ത്തിയിട്ടുണ്ട്. 1956 നവംബർ 1 ഐക്യകേരള ദിനത്തോടനുബന്ധിച്ച് ഉസ്മാൻ മാസ്റ്റർ ആകാശവാണിയിൽ ആലപിച്ച വരികൾ അക്കാലത്ത് വളരെ പ്രശസ്തമായിരുന്നു. മാസ്റ്ററുടെ പല രചനകളുണ്ടെങ്കിലും തഖ്രീബുസ്വിബിയാൻ എന്ന മലബാറിലെ ആദ്യകാല ശിശുപാഠ പുസ്തകമാണ് അതിൽ പ്രധാനം.
ഇന്ന് ഇന്ത്യക്ക് തന്നെ മാതൃകയാകും വിധത്തിൽ പൊതു-സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരള മുസ്ലിം സമുദായത്തിലെ വിദ്യാർഥി വിദ്യാർഥിനികൾ പഠിച്ച് മുന്നേറുന്നു. മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ എമ്പാടും സ്കൂളുകളും കോളജുകളും ഉന്നത വിദ്യാകേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.
കഴിഞ്ഞകാലത്ത് നിസ്വാർഥരായ ഒരുപാട് മനുഷ്യർ കൊണ്ട വെയിലാണ് ഇന്നീ അനുഭവിക്കുന്ന തണൽ. പല നായകരെയും നമ്മൾ സ്മരിക്കാറുണ്ട്, മറ്റു പലരോടും നന്ദികേട് പുലർത്തുന്നുമുണ്ട്. 1884ൽ ജനിച്ച് 1964 ജനുവരി ഒന്നിന് വിടപറഞ്ഞ കേരള മുസ്ലിം ചരിത്രത്തിലെ അതുല്യനായ ഈ പരിഷ്കർത്താവിനോട് ജീവിച്ചിരിക്കുമ്പോഴോ ശേഷമോ വേണ്ടത്ര നീതി പുലർത്തിയോ എന്ന ചോദ്യം സമുദായം ഇനിയെങ്കിലും ഉറക്കെ ചോദിക്കേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

