Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസ്ത്രീ​ക​ളു​ടെ...

സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ ബ​സ് യാ​ത്ര ക്ഷേ​മ പ​ദ്ധ​തി​ക്കു​മ​പ്പു​റം

text_fields
bookmark_border
സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ ബ​സ് യാ​ത്ര ക്ഷേ​മ പ​ദ്ധ​തി​ക്കു​മ​പ്പു​റം
cancel

വനിതകൾക്കായുള്ള കേരള സർക്കാരിന്റെ പ്രിയദർശിനി സൗജന്യ ബസ് യാത്ര പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ തുടരുകയാണ്. അനാവശ്യ പണച്ചെലവായും ജനപ്രിയ പദ്ധതിയായും സ്ത്രീശാക്തീകരണത്തിനായുള്ള ഇടപെടലായും ഇതിനെ വിലയിരുത്തുന്നവരുണ്ട്. അതിനെല്ലാമപ്പുറം ചർച്ച ചെയ്യേണ്ട വിഷയം ‘ഒരു സ്ത്രീയുടെ സഞ്ചാരസ്വാതന്ത്ര്യം അവരുടെ ജീവിതസാധ്യതകളെ എത്രമാത്രം രൂപപ്പെടുത്തുന്നു’ എന്നതാണ്.

സർക്കാർ പണം എന്തിനിങ്ങനെ പാഴാക്കുന്നു എന്ന ആക്ഷേപ ചോദ്യം പൊതുചർച്ചകളിലും സമൂഹമാധ്യമങ്ങളിലും പലരും ഉന്നയിക്കുന്നുണ്ട്. എന്നാൽ ഈ സംവാദത്തെ സൗജന്യ യാത്ര എന്ന വിഷയത്തിലേക്ക് ചുരുക്കുന്നത് വലിയ സാധ്യതകളെ അവഗണിക്കലാണ്. കേരളത്തിലെ പൊതുഗതാഗതത്തെ എങ്ങനെ കൂടുതൽ വിശ്വസനീയവും സുരക്ഷിതവും ഏവർക്കും സൗകര്യപ്രദവുമായ സംവിധാനമാക്കി മാറ്റാം എന്നതിലേക്കാണ് ആലോചനകൾ എത്തേണ്ടത്. സ്ത്രീകളെ മുൻനിർത്തി വ്യക്തമായ ആസൂത്രണം ചെയ്യുന്ന പൊതുഗതാഗത സംവിധാനം സ്ത്രീകൾക്കു മാത്രമല്ല കുട്ടികൾക്കും വയോജനങ്ങൾക്കും ഡിസേബിൾഡ് വ്യക്തികൾക്കും കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സംവിധാനമായി ക്രമേണ മാറ്റാം. ഈ കാഴ്ചപ്പാടിൽ വീക്ഷിക്കുമ്പോൾ ‘പ്രിയദർശിനി’ കേരളത്തിന്റെ പൊതുഗതാഗത സംവിധാനത്തെ പുനരുജ്ജീവിപ്പിക്കാനുള്ള നയപരമായ അവസരമാണ്.

ഈ പശ്ചാത്തലത്തിൽ അനിവാര്യമായി മനസിലാക്കേണ്ട ആശയങ്ങളാണ് മൊബിലിറ്റി പോവർട്ടി (Mobility Poverty), ടൈം പോവർട്ടി (Time Poverty) എന്നിവ. ഒരു വ്യക്തിക്ക് യാത്ര ചെയ്യാനുള്ള സാമ്പത്തിക ശേഷിയോ മതിയായ ഗതാഗത സൗകര്യമോ ഇല്ലാത്ത അവസ്ഥയാണ് മൊബിലിറ്റി പോവർട്ടി. യാത്രക്കും ശമ്പളമില്ലാത്ത പരിചരണ ജോലികൾക്കുമായി കൂടുതൽ സമയം ചിലവഴിക്കേണ്ടിവരുന്നതിനാൽ വിദ്യാഭ്യാസത്തിനും തൊഴിലിനും വിശ്രമത്തിനും സമയം കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ് ടൈം പോവർട്ടി. ഈ രണ്ട് പ്രതിസന്ധികളും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്. കുടുംബത്തിലെ പരിചരണ ജോലികളുടെ വലിയൊരു പങ്ക് അവരാണ് വഹിക്കുന്നത്. യാത്രാചിലവ് കൂടുമ്പോൾ ആദ്യം കോംപ്രമൈസ് ചെയ്യേണ്ടി വരുന്നത് സ്ത്രീകളുടെ തൊഴിൽ, പഠനം, ആരോഗ്യപരിചരണം, വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള യാത്ര എന്നിവയാണ്. അതിനാൽ യാത്രാസ്വാതന്ത്ര്യം കുറയുന്നത് യഥാർഥത്തിൽ അവസരങ്ങളുടെ നഷ്ടമായാണ് വിലയിരുത്തപ്പെടേണ്ടത്.

മറ്റു സംസ്ഥാനങ്ങളിലെ പാഠം

ഇന്ത്യയിലെ സമാനമായ പദ്ധതികൾ നടപ്പിലാക്കിയ സംസ്ഥാനങ്ങളിലെ അനുഭവങ്ങൾകൂടി പരിശോധിക്കാം. ഡൽഹിയിലെ ‘പിങ്ക് ടിക്കറ്റ്’, തമിഴ്നാട്ടിലെ ‘പിങ്ക് ബസ്’, കർണാടകയിലെ ‘ശക്തി’, തെലങ്കാനയിലെ ‘മഹാലക്ഷ്മി’ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ കാണിക്കുന്നത് യാത്രാച്ചെലവ് കുറയുമ്പോൾ സ്ത്രീകളുടെ സഞ്ചാരപരിധി ഗണ്യമായി വർധിക്കുന്നു എന്നാണ്. അവർ കൂടുതൽ ദൂരം ജോലി തേടി പോകുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആരോഗ്യകേന്ദ്രങ്ങളിലേക്കും കൂടുതൽ സ്വതന്ത്രമായി എത്തുന്നു, കുടുംബത്തിലെ പുരുഷന്മാരെ സാമ്പത്തികമായി ആശ്രയിക്കേണ്ട സാഹചര്യം കുറയുന്നു. സ്ത്രീകളുടെ തൊഴിൽപങ്കാളിത്തവുമായി ഈ വിഷയത്തിന് അടുത്ത ബന്ധമുണ്ട്. ഉയർന്ന സാക്ഷരതയും മെച്ചപ്പെട്ട ആരോഗ്യ-സാമൂഹിക വികസന സൂചികകളും ഉണ്ടായിട്ടും കേരളം ഇക്കാര്യത്തിൽ മെച്ചമല്ല. പീരിയോഡിക് ലേബർ ഫോഴ്സ് സർവേ 2023-24 പ്രകാരം കേരളത്തിലെ സ്ത്രീകളുടെ തൊഴിൽപങ്കാളിത്ത നിരക്ക് 33.4 ശതമാനമാണ്. ദേശീയ ശരാശരിയായ 31.7 ശതമാനത്തേക്കാൾ നേരിയ വർധന മാത്രം. അതായത് കേരളത്തിന്റെ പ്രധാന വെല്ലുവിളി വിദ്യാഭ്യാസ നേട്ടങ്ങളെ സാമ്പത്തിക പങ്കാളിത്തമാക്കി മാറ്റലാണ്. യാത്രാച്ചെലവും പൊതുഗതാഗതലഭ്യതയും ഈ പരിവർത്തനത്തെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളാണ്.

അവസരങ്ങളുടെ വാതിൽ

ദിവസേന നൂറോ ഇരുന്നൂറോ രൂപ യാത്രക്ക് വേണ്ടി ചെലവിട്ട് ജോലിക്ക് പോകൽ ഭൂരിഭാഗം സ്ത്രീകൾക്കും സാമ്പത്തികമായി പ്രായോഗികമല്ല. ഗാർഹിക തൊഴിലാളികൾ, റീട്ടെയിൽ മേഖലയിൽ ജോലി ചെയ്യുന്നവർ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, അസംഘടിത മേഖലയിലെ തൊഴിലാളികൾ തുടങ്ങിയവരുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം യാത്രാച്ചെലവ് കൊണ്ടുപോകുന്നു. അത്തരം സാഹചര്യങ്ങളിൽ സൗജന്യ യാത്ര ഒരു ചെറിയ ആനുകൂല്യമല്ല; സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള വാതിലാണ് തുറക്കപ്പെടുന്നത്. ഇതിനോടൊപ്പം ഓട്ടോറിക്ഷകൾ, ഇ-റിക്ഷകൾ, ഫീഡർ സർവീസുകൾ തുടങ്ങിയ അവസാനമൈൽ ഗതാഗത സംവിധാനങ്ങളെയും പൊതുഗതാഗതവുമായി ഏകോപിപ്പിക്കാൻ സർക്കാർ ശ്രദ്ധിക്കണം. വീടുകളിൽ നിന്ന് ബസ് സ്റ്റോപ്പിലേക്കും അവിടെ നിന്ന് ലക്ഷ്യസ്ഥാനത്തേക്കുമുള്ള യാത്ര എളുപ്പമാകുമ്പോഴാണ് പൊതുഗതാഗതം കൂടുതൽ സുരക്ഷിതമാവുക. സാമ്പത്തികമായി നോക്കുമ്പോൾ, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിൽ യാത്രാച്ചെലവിനത്തിൽ ലാഭിക്കുന്ന തുക ഭക്ഷണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി വിനിയോഗിക്കപ്പെടുന്നു. ഇത് കുടുംബങ്ങളുടെ ഉപഭോഗശേഷി വർധിപ്പിക്കുകയും പ്രാദേശിക സമ്പദ് വ്യവസ്ഥയിൽ പണം വീണ്ടും ഒഴുകാൻ സഹായിക്കുകയും ചെയ്യുന്നു.

വേണം സുസ്ഥിര പൊതുഗതാഗത മാതൃക

കേരളം അതിവേഗം സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 1.92 കോടി പിന്നിട്ടിരിക്കുകയാണ്. 2025-26 സാമ്പത്തിക വർഷം മാത്രം 9.46 ലക്ഷം പുതിയ വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ വലിയ പങ്കും ഇരുചക്രവാഹനങ്ങളും സ്വകാര്യ കാറുകളുമാണ്. റോഡുകളുടെ വിസ്തൃതിയും ശേഷിയും അതേ വേഗത്തിൽ വികസിക്കുന്നില്ല എന്നിരിക്കെ, സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്ന ഈ ഗതാഗത മാതൃക സുസ്ഥിരമല്ല. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങൾ ഇതിനോടകം ഗതാഗതക്കുരുക്കിന്റെ സമ്മർദം അനുഭവിക്കുന്നുണ്ട്. ഡൽഹിയുടെയോ ബെംഗളൂരുവിന്റെയോ അവസ്ഥയിലെത്തിയ ശേഷമല്ല, അതിന് മുമ്പ് തന്നെ പൊതുഗതാഗതത്തെ കൂടുതൽ ആകർഷകവും വിശ്വസനീയവുമാക്കാനുള്ള നയപരമായ ഇടപെടലുകൾ ഇതിനോടൊപ്പം കേരളം ആരംഭിക്കേണ്ടതുണ്ട്. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറക്കാനും ഗതാഗതക്കുരുക്ക്, മലിനീകരണം, ഇന്ധന ഉപഭോഗം എന്നിവ നിയന്ത്രിക്കാനും ശക്തമായ പൊതുഗതാഗത സംവിധാനത്തേക്കാൾ നല്ലൊരു ദീർഘകാല പരിഹാരമില്ല.

എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ അനുഭവങ്ങൾ മറ്റൊരു പ്രധാന പാഠവും നമുക്ക് നൽകുന്നുണ്ട്. ഡൽഹി, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പദ്ധതി ആരംഭിച്ചതോടെ സ്ത്രീകളുടെ ബസ് ഉപയോഗം ഗണ്യമായി വർധിച്ചു. എന്നാൽ അതിനാനുപാതികമായി സർവീസുകൾ വർധിപ്പിക്കാത്തതിനാൽ നിയന്ത്രിക്കാൻ കഴിയാത്ത തിരക്കും അസൗകര്യങ്ങളുമാണ് യാത്രക്കാർ അനുഭവിക്കുന്നത്. ബസ് ജീവനക്കാരിൽ നിന്നുള്ള വിവേചനപരമായ പെരുമാറ്റവും ‘സൗജന്യ യാത്രക്കാർ’ എന്ന നിലയിൽ സ്ത്രീകൾ അപമാനിക്കപ്പെടുന്ന അനുഭവങ്ങളും ചില പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രശ്നങ്ങളുടെ മൂലകാരണം സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുന്നതല്ല; വർധിച്ച യാത്രാവശ്യത്തിനനുസരിച്ച് പൊതുഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തതാണ്.

കേരളത്തിന് ഈ അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൂടുതൽ മെച്ചപ്പെടാൻ സാധിക്കും. കേവലം സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്യുന്നതിൽ മാത്രം ഈ പദ്ധതി ഒതുങ്ങരുത്. കൂടുതൽ ബസുകൾ, സമയനിഷ്ഠ, സുരക്ഷിതമായ ബസ് സ്റ്റോപ്പുകൾ, അവസാനമൈൽ കണക്റ്റിവിറ്റി, ജീവനക്കാർക്കുള്ള ജെൻഡർ സെൻസിറ്റൈസേഷൻ പരിശീലനം എന്നിവയും ഇതോടൊപ്പം നടപ്പാക്കണം. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസ് മേഖലയുമായുള്ള ഏകോപനം ശക്തിപ്പെടുത്തുക കൂടി ചെയ്താലേ ഈ പദ്ധതി ഒരു സമഗ്ര പൊതുഗതാഗത പരിഷ്കാരമായി പരിണമിക്കുകയുള്ളൂ.

യാത്രാ ചെലവ് കുറക്കുന്നത് അവസരങ്ങളുടെ വാതിലാണ് തുറക്കുന്നതെങ്കിൽ അത് ക്ഷേമപദ്ധതി മാത്രമല്ല; സാമൂഹിക നീതിയിലേക്കും സാമ്പത്തിക വളർച്ചയിലേക്കും സുസ്ഥിര നഗര-ഗ്രാമീണ വികസനത്തിലേക്കും നടത്തുന്ന പൊതുനിക്ഷേപമാണ്. കൂടുതൽ സ്ത്രീകൾ തൊഴിൽരംഗത്തേക്ക് എത്തുന്നുണ്ടോ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പൊതുസേവനങ്ങളിലേക്കും അവരുടെ പ്രവേശനം മെച്ചപ്പെടുന്നുണ്ടോ, കേരളത്തിന്റെ നഗരങ്ങൾ കൂടുതൽ സുരക്ഷിതവും സഞ്ചാരസൗഹൃദവുമാകുന്നുണ്ടോ എന്നതിനെ മുൻനിർത്തിയുള്ള ചോദ്യങ്ങളോടുള്ള ദീർഘകാല നയപരമായ ഇടപെടലുകളിലായിരിക്കും ഈ പദ്ധതിയുടെ യഥാർഥ വിജയം.

അരവിന്ദ് ഉണ്ണി ഡൽഹിയും ഹൈദരാബാദും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നഗര ഗവേഷകനാണ്.

● ആഷിൽ ഇസ്മായിൽ ഡൽഹി ഐ.ഐ.ഐ.ടിയിൽ സോഷ്യോളജി ഗവേഷണ വിദ്യാർഥിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfareschemeKSRTC BusFree Travel For WomenPriyadarshini
News Summary - Beyond the Women's Free Bus Yatra Welfare Scheme
Next Story