തിരസ്കൃതൻ
text_fieldsജനാധിപത്യത്തിെൻറ മൂന്നാം തൂണെന്നൊക്കെ ആലങ്കാരികമായി നാം പറയാറുള്ള ജുഡീഷ്യറിയെക്കുറിച്ച് മഹത്താെയാരു സങ്കൽപമുണ്ട്. ‘നിയമത്തെ താഴെ വീഴാതെ, ഉടയാതെ, കളങ്കപ്പെടുത്താതെ മുറുകെപ്പിടിക്കുന്ന സംവിധാനം’ എന്നാണ് അതിനെ ഭരണഘടന ശിൽപികൾ വിശദീകരിച്ചിരിക്കുന്നത്. നിയമനിർമാണം നടത്തുന്ന ലെജിസ്ലേച്ചറിനെയും നിയമം നടപ്പാക്കുന്ന എക്സിക്യൂട്ടിവിനെയും നേർവഴിക്ക് നടത്താനും ആവശ്യമെങ്കിൽ നിയന്ത്രിക്കാനുമൊക്കെ അധികാരമുണ്ട് മേൽപ്പടി സ്ഥാപനത്തിന് എന്നതാണ് ആ പറഞ്ഞതിെൻറ അർഥം. പക്ഷേ, വെടിപ്പുള്ള അക്ഷരങ്ങളിൽ അതൊക്കെ ഭരണഘടനയിൽ രേഖപ്പെടുത്തിയതുകൊണ്ടായില്ലല്ലോ! മൂന്നാം തൂണിന് തുരുമ്പുപിടിച്ചുവെന്നാണ് ആൾക്കാർ കുറച്ചു കാലങ്ങളായി പറഞ്ഞുനടക്കുന്നത്. ഏറെ ഉത്തരവാദപ്പെട്ട ഒരു സ്ഥാപനം സ്വന്തം നിലയിൽത്തന്നെ കുത്തഴിഞ്ഞിരിക്കുന്നുവെന്ന് ലോകത്തോട് തുറന്നുപറഞ്ഞത് പരമോന്നത നീതിപീഠത്തിലെ ന്യായാധിപർതന്നെയാണ്. അതിെൻറ പുകിൽ ഒടുങ്ങുംമുമ്പാണ് പ്രധാന ന്യായാധിപൻ ആളത്ര ശരിയല്ലെന്നു പറഞ്ഞ്, കുറ്റവിചാരണക്ക് ചില പ്രതിപക്ഷ എം.പിമാർ പാർലമെൻറിൽ നോട്ടീസ് നൽകിയത്. ഇങ്ങനെ സ്വന്തമായി കുറെ പേരുദോഷം സമ്പാദിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആ കളിയിൽ നമ്മുടെ കേന്ദ്ര സർക്കാറും പങ്കാളിയാകുന്നത്. അതിനിടെ തെറിച്ചുപോയത് ജസ്റ്റിസ് കെ.എം. ജോസഫ് എന്ന മലയാളിയുടെ കസേരയാണ്. പ്രത്യേകിച്ച് കളിയൊന്നും നടന്നിട്ടില്ലായിരുന്നുവെങ്കിൽ കഴിഞ്ഞദിവസം ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യേണ്ട ആളാണ്. പക്ഷേ, കേന്ദ്രം വക ചെറിയൊരു പണി കിട്ടി. സുപ്രീംകോടതിയിൽ തൽക്കാലം ഒരു മലയാളി മതിയെന്നാണ് സർക്കാർ ന്യായം.
രാഷ്ട്രപതി രാജാവല്ലെന്ന് നരേന്ദ്ര മോദിയോടും അമിത് ഷായോടും തുറന്നുപറയാൻ ധൈര്യം കാണിച്ച വ്യക്തിയാണ്. ഒാർമയില്ലേ ആ സംഭവം? 2016 മാർച്ചിൽ ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്തിെൻറ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിനെ കേന്ദ്രം പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. അരുണാചൽ മാതൃകയിൽ ഭരണം പിടിക്കാനുള്ള അമിത് ഷായുടെ ഒാപറേഷനായിരുന്നു അത്. ഏതായാലും സംഗതി കോടതി കയറി. ഉത്തരാഖണ്ഡ് ഹൈകോടതിയിൽ അന്ന് മുഖ്യന്യായാധിപനാണ് കുറ്റിയിൽ മാത്യൂ ജോസഫ് എന്ന കെ.എം. ജോസഫ്. കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെ ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം അദ്ദേഹം റദ്ദാക്കി. രാഷ്ട്രപതിയുടെ ഒാർഡിനൻസ് റദ്ദാക്കാൻ ഹൈകോടതിക്ക് അധികാരമുണ്ടോയെന്നായി സർക്കാർ. അപ്പോഴാണ് അദ്ദേഹം ചരിത്രപ്രസിദ്ധമായ ആ മറുപടിയിലൂടെ കേന്ദ്രത്തിെൻറയും ബി.ജെ.പിയുടെയും വായടപ്പിച്ചത്: ‘‘രാഷ്ട്രപതിയും മനുഷ്യനാണ്. അദ്ദേഹം തെറ്റ് ചെയ്താൽ കോടതിക്ക് അദ്ദേഹത്തെയും തിരുത്തേണ്ടിവരും.’’ രാജ്യത്തിെൻറ നീതിന്യായ ചരിത്രത്തിെൻറ ആദ്യ സംഭവമായിരുന്നു അത്. ഏതായാലും അന്നുമുതൽ കെ.എം. ജോസഫ് കേന്ദ്രത്തിെൻറയും പാർട്ടിയുടെയും കണ്ണിലെ കരടാണ്. ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു അവർ. കഴിഞ്ഞ വർഷം സുപ്രീംകോടതി ജഡ്ജിമാരുടെ പട്ടികയിലേക്ക് കൊളീജിയം അദ്ദേഹത്തെ പരിഗണിക്കുേമ്പാൾ അരുെതന്ന് സർക്കാർ തീർത്തുപറഞ്ഞു. ഒടുവിൽ കൊളീജിയത്തിന് വഴങ്ങേണ്ടിവന്നു. പട്ടിക പുറത്തുവന്നപ്പോൾ ആ പേരില്ല. ന്യായാധിപരുടെ കൂട്ടത്തിലെ വിസിൽബ്ലോവറായ ജസ്റ്റിസ് ജെ. ചെലമേശ്വറിന് അത് കണ്ടുനിൽക്കാനായില്ല. മോദിക്ക് വഴങ്ങുന്ന കൊളീജിയത്തിെൻറ ഇൗ ഏർപ്പാടിൽ പ്രതിഷേധിച്ച് അദ്ദേഹം യോഗം ബഹിഷ്കരിച്ചു. ആ പ്രതിഷേധത്തിന് ഫലമുണ്ടായി. കൊളീജിയം തെറ്റു തിരുത്തി -കഴിഞ്ഞ ജനുവരിയിൽ കൊളീജിയം സുപ്രീംകോടതി ജഡ്ജിമാരായി ശിപാർശ ചെയ്തത് കെ.എം. ജോസഫിനെയും ഇന്ദു മൽഹോത്രയെയും. പക്ഷേ, നിയമമന്ത്രാലയത്തിെൻറ ടിക്കറ്റ് ഇന്ദു മൽഹോത്രക്കു മാത്രം. എന്നാലും പ്രതീക്ഷ കൈവിടുന്നില്ല. ഇൗ ശിപാർശ ഇനിയും മേലോട്ടുപോയാൽ ശരിയാകാവുന്ന പ്രശ്നമേ ഇപ്പോഴുള്ളൂ. അപ്പോഴും ഒരു ചോദ്യം ബാക്കിയാകുന്നു: തുടർന്നും ഇങ്ങനെയൊക്കെയാണ് കേന്ദ്രം കാര്യങ്ങൾ തീരുമാനിക്കുന്നതെങ്കിൽ പരമോന്നത ന്യായപീഠത്തിെൻറ അവസ്ഥയെന്താകും?
പിതാവ് ജസ്റ്റിസ് കെ.കെ. മാത്യുവാണ് ഒൗദ്യോഗിക ജീവിതത്തിൽ വഴികാട്ടി. സുപ്രീംകോടതി ജഡ്ജിയായിരുന്നു അദ്ദേഹം. 80കളിൽ പ്രസ് കമീഷെൻറയും ലോ കമീഷെൻറയും ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആ കാലത്താണ് കെ.എം. ജോസഫ് നിയമപഠനം പൂർത്തിയാക്കി ഡൽഹിയിലെത്തുന്നത്. സുപ്രീംകോടതിയിൽ പ്രമുഖ അഭിഭാഷകനായ ഭണ്ഡാരിയുടെ ജൂനിയറായിട്ടായിരുന്നു തുടക്കം. രണ്ടു വർഷത്തിനു ശേഷം കേരള ഹൈകോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. അഡ്വ. വർഗീസ് കളത്തിലിെൻറ കൂടെയായിരുന്നു തുടക്കം. അദ്ദേഹം ഹൈകോടതി ജഡ്ജിയായി പോയപ്പോൾ സ്വതന്ത്രമായി പ്രാക്ടീസ് തുടങ്ങി. 2004 ഒക്ടോബറിൽ കേരള ഹൈകോടതി ജഡ്ജിയായി നിയമിതനായി. 10 വർഷത്തിനു ശേഷം ഉത്തരാഖണ്ഡ് ഹൈകോടതിയിലെത്തി. അവിടെയിരിക്കുേമ്പാഴാണ് ബി.ജെ.പിയുമായി കൊമ്പുകോർക്കേണ്ടിവന്നതും ഇപ്പോൾ അർഹതപ്പെട്ട സ്ഥാനം തൽക്കാലത്തേക്കെങ്കിലും നഷ്ടപ്പെട്ടതും. സീനിയോറിറ്റിയുടെയും പ്രാദേശികമായ പ്രാതിനിധ്യത്തിെൻറയുമെല്ലാം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇൗ നീക്കത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്. അതിലൊന്നും ഒട്ടും കാര്യമില്ലെന്ന് ഇക്കാലംവരെയുള്ള ജഡ്ജി നിയമനങ്ങൾ സാക്ഷ്യം പറയും. ജസ്റ്റിസ് ജോസഫിനെ കൊളീജിയം പട്ടികയിൽനിന്ന് ഒഴിവാക്കിയപ്പോൾ, അതിനെതിരെ ജസ്റ്റിസ് ചെലമേശ്വർ എഴുതിയ വിയോജനക്കുറിപ്പ് എല്ലാ സർക്കാർ ന്യായീകരണ പക്ഷക്കാരും വായിച്ചിരിക്കേണ്ടതാണ്: ‘‘ചോദ്യംചെയ്യാനാവാത്ത സ്വഭാവശുദ്ധിയുള്ള, മികച്ച ന്യായാധിപനായ ജസ്റ്റിസ് ജോസഫാണ് സുപ്രീംകോടതി ജഡ്ജിയാകാൻ ഏറ്റവും യോഗ്യൻ. അങ്ങേയറ്റം കഴിവുള്ള ഒരാൾക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നതിലൂടെ കൊളീജിയം അനാരോഗ്യകരമായ കീഴ്വഴക്കമാണ് സൃഷ്ടിക്കുന്നത്’’.
1958 ജൂൺ 17ന് കോട്ടയം ജില്ലയിലെ അതിരംപുഴയിൽ ജനനം. ഡൽഹിയിലെയും കൊച്ചിയിലെയും കേന്ദ്രീയ വിദ്യാലയങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം. ചെന്നൈ ലയോള കോളജിൽനിന്ന് ബിരുദം; തുടർന്ന് എറണാകുളം ലോ കോളജിൽനിന്ന് നിയമ ബിരുദം. ചേർത്തല മൂലേതരകൻ കുടുംബാംഗം അമ്മിണിയാണ് മാതാവ്. ഭാര്യ: ആൻസി. രണ്ട് മക്കൾ: അഡ്വ. വിനയ്, ടാനിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
