ചുംബന സമരത്തിന്റെ മറുപുറം
text_fieldsലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കിടയിലാണ് മാതാ അമൃതാനന്ദമയിക്കെതിരായി പുസ്തകമെഴുതിയ ഗെയ്ൽ ട്രെഡ് വെല്ലുമായുള്ള അഭിമുഖ സംഭാഷണം കൈരളി ചാനൽ സംപ്രേഷണം ചെയ്യുന്നത്. ആ മാധ്യമപ്രവർത്തനം ഏറെ വാഴ്ത്തപ്പെട്ടപ്പോൾ കെടുതികൾ അനുഭവിക്കേണ്ടിവന്നത് സി.പി.എമ്മും എൽ.ഡി.എഫുമാണ്. അമൃതാനന്ദമയി എന്ന ആൾദൈവം നിലനിൽക്കുന്നത് അവരുടെ സവിശേഷ പ്രകടനങ്ങളിലൂടെ മാത്രമല്ല സംഘ്പരിവാറിന്റെ പിൻബലത്തോടൊപ്പം ധീവരസമുദായത്തെ പ്രതിനിധാനം ചെയ്തുമാണ്. ഇക്കാര്യം വ്യക്തമായി അറിയാവുന്ന എ.വി. ദിനകരൻ നേതൃത്വം കൊടുക്കുന്ന ധീവരസഭ മത്സ്യത്തൊഴിലാളികൾ കടലിൽ വെടിയേറ്റു വീണപ്പോൾ നടത്താതിരുന്ന തീരദേശ ഹർത്താൽ നടത്തി മാതാ അമൃതാനന്ദമയിയോട് കൂറ് പ്രഖ്യാപിച്ചു. ഫലമോ മത്സ്യ
ത്തൊഴിലാളികൾ ഭൂരിപക്ഷമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ പാർലമെൻറ് മണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്?
കേരളീയ സമൂഹത്തിന്റെ ആന്തരികഘടനയെ മനസ്സിലാക്കി രാഷ്ട്രീയ നിലപാട് സ്വീകരിക്കാനുള്ള ബുദ്ധിപരതയാണ് ഇടതുപക്ഷത്തിന് ഇല്ലാതെ പോയത്. ഉണ്ടായിരുന്നെങ്കിൽ തെരഞ്ഞെടുപ്പു കഴിയും വരെ മുൻചൊന്ന അഭിമുഖം സംപ്രേഷണം ചെയ്യാതിരിക്കാനുള്ള വിവേകം ജോൺ ബ്രിട്ടാസ് കാണിക്കുമായിരുന്നു. ഈ വിവേകം നഷ്ടപ്പെട്ടതിനു കാരണം കേരളത്തിലെ ബുദ്ധിജീവി വർഗത്തോട് പുലർത്തിയ അമിതമായ ആരാധനയാണ്. ഇവിടെ ബുദ്ധിജീവികളെന്നറിയപ്പെടുന്ന സവിശേഷവർഗം ജ്ഞാനികളല്ല; വൈകാരിക പ്രകടനങ്ങളിലഭിരമിക്കുന്ന ശീലമുള്ളവരാണവർ. തന്മൂലം ജനതയുടെ ചരിത്രം, അവബോധം, സമകാലീനത എന്നിവ അവർക്കന്യമാണ്. ഇക്കൂട്ടർ ചെയ്തുകൂട്ടുന്ന പ്രവർത്തനങ്ങൾക്ക് (വാക്കുകൾക്ക്) പിഴയിടേണ്ടിവരുന്നത് ചില ജനവിഭാഗങ്ങളാ ണ്. കേരളത്തിലെ ദലിതർക്ക് ബി.ആർ.പി. ഭാസ്കർ വരുത്തിവെച്ച വിന ഇതിന് തെളിവാണ്.
ഇടതുപക്ഷ ഗവൺമെൻറിന്റെ ഭരണകാലത്ത് വർക്കലയിൽ ശിവപ്രസാദ് എന്നൊരാൾ വധിക്കപ്പെടുന്നു. ഈ കൊലപാതക കുറ്റം ഡി.എച്ച്.ആർ.എം എന്ന സംഘടനയുടെ മേലാണ് ആരോപിക്കപ്പെട്ടത്. തുടർന്ന് ആ സംഘടനാ പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെട്ടെന്നു മാത്രമല്ല ദലിത് സമുദായത്തെ ഒന്നടങ്കം തീവ്രവാദ പട്ടികയിൽ പെടുത്തുകയുമാണ് ഭരണകർത്താക്കൾ ചെയ്തത്. പ്രശ്നത്തെ വസ്തുനിഷ്ഠമായി ഉൾക്കൊണ്ട ദലിത് നേതാക്കളും ജനാധിപത്യപരമായി പ്രവർത്തിക്കുന്ന സംഘടനകളും വർക്കല കൊലപാതകത്തെ അപലപിച്ചപ്പോൾ തന്നെ സമുദായത്തിനെതിരായ അതിക്രമങ്ങളെ പ്രതിരോധിക്കുകയും ചെയ്തു. ഇപ്രകാരമൊരു സമീപനം സ്വീകരിക്കാൻ കാരണം ഡി.എച്ച്.ആർ.എം എന്ന സംഘടനയെയും അതിന്റെ നേതൃത്വത്തെയും തിരിച്ചറിയാൻ കഴിഞ്ഞതിനാലാണ്.
എന്നാൽ ബി.ആർ.പി. ഭാസ്കർ സ്വീകരിച്ചത് വ്യത്യസ്തമായ നിലപാടാണ്. അദ്ദേഹം ദലിത് നേതൃത്വത്തെ അപ്രസക്തമാക്കി ഡി.എച്ച്.ആർ.എമ്മിനെ സ്ഥാപനവത്കരിച്ചു. ഇതിനാധാരമാക്കിയത് മാധ്യമങ്ങളിലൂടെ സൃഷ്ടിച്ച വൈകാരികതയാണ്. പിന്നീടെന്താണ് സംഭവി
ച്ചത്? ബി.ആർ.പി. ഭാസ്കറിലൂടെയും തുടർന്ന് ടി.ടി. ശ്രീകുമാറിലൂടെയും ദേവികയിലൂടെയും ദലിതരുടെ ഏകപ്രതിനിധാനമായി മാറിയ ഡി.എച്ച്.ആർ.എമ്മിന്റെ പ്രതിബോധങ്ങൾ പുറത്തുവരാൻ തുടങ്ങി. ഈ ഘട്ടത്തിൽ ബി.ആർ.പി. ഭാസ്കർ മൗനംപാലിച്ചപ്പോൾ കറപുരണ്ടത് ദലിത് നേതൃത്വത്തിനുമേലാണ്.
സ്ത്രീ വിമോചനത്തിന്റെ മാഗ്നാകാർട്ടയായി നവംബർ രണ്ടിന് മറൈൻ ഡ്രൈവിൽ പുരുഷകേസരികൾ ആരംഭിച്ചതും പല ഭാഗത്തേക്കും പടർന്നതുമായ ചുംബനസമരത്തെ 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെന്ന പോലെ ഒരു ചരിത്രസംഭവമായി വാഴ്ത്തിയാണ് ബി.ആർ.പി. ഭാസ്കർ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ പുനർവായിക്കേണ്ടത് പ്രഥമ കമ്യൂണിസ്റ്റ് ഗവൺമെൻറിനെ തന്നെയാണ്. മാർക്സിസ്റ്റ് ഭാഷ്യത്തിലുള്ള വിപ്ലവതൊഴിലാളി വർഗത്തിന്റെയല്ല മറിച്ച് മധ്യവർഗത്തിന്റെ (മധ്യമ ജാതികളുടെ) പ്രതിനിധാനത്തിലാണ് അന്നത്തെ ഗവൺമെൻറ് രൂപം കൊള്ളുന്നത്. തന്മൂലം സവർണ സാമൂഹിക വിഭാഗങ്ങൾക്കനുകൂലമായ സാമ്പത്തിക-രാഷ്ട്രീയ നടപടികളിലൂടെ സ്വത്തുടമസ്ഥതയെയും തൊഴിൽ കമ്പോളത്തെയും പരിവർത്തനപ്പെടുത്തിയതിന്റെ ഫലമായി ദലിതർ ഒരു സമുദായമെന്ന നിലയിൽ സാമൂഹികാവകാശങ്ങളിൽനിന്ന് പുറന്തള്ളപ്പെടുകയായിരുന്നു. ഫലമോ ഭൂവുടമസ്ഥത നിഷേധിക്കപ്പെട്ട ദലിതർ മധ്യകാലയുഗങ്ങളിലെന്ന പോലെ 26,198 കോളനികളിലും ലക്ഷം വീടു കളിലുമായി പാർക്കാൻ വിധിക്കപ്പെട്ടു. ഏറ്റവും വലിയ തൊഴിൽ കമ്പോളമായ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസരങ്ങൾ നിഷേധിക്കപ്പെട്ടു. ചുരുക്കത്തിൽ മാർക്സിസത്തിന്റെ അപ്പോസ്തലന്മാർ ഒരു ജനവിഭാഗത്തെ ഇരുളിലാഴ്ത്തിയ ചരിത്രാനുഭവമാണ് 1957ലെ ഇ.എം.എസ് സർക്കാറിന്റേത്. ഇതേ ഭൂമികയിൽ ചുംബനസമരം വാഴ്ത്തപ്പെടാനും കാരണം മറ്റൊന്നല്ല.
ചുംബന സമരത്തിന്റെ മുഖ്യസവിശേഷത അതിന്റെ മധ്യവർഗ പ്രതിനിധാനമാണ്. ഈ പ്രതിനിധാനത്തിന് ചില പ്രശ്നമേഖലകളെ മായ്ക്കാൻ കഴിയുന്നുണ്ട്. ഇതെങ്ങനെ സംഭവിച്ചെന്നാണ് പരിശോധിക്കേണ്ടത്. കോഴിക്കോട്ടെ ഡൗൺ ടൗൺ എന്ന റസ്റ്റാറൻറ് സംഘ്പരിവാർ അടിച്ചുതകർക്കുന്നത് മോറൽ പൊലീസിങ്ങിന്റെ ഭാഗമായെന്നതിലുപരി സഹജമായ ന്യൂനപക്ഷ (മുസ്ലിം) മത വിരുദ്ധതയിലൂടെയാണ്. അതുകൊണ്ടാണ് ചുംബന സമരം വിവാദമായപ്പോൾ ചുംബിക്കുന്നതിനെതിരല്ലെന്ന് സംഘ്പരിവാർ വക്താക്കൾ പറഞ്ഞുകൊ ണ്ടിരുന്നത്. അതേസമയം അക്രമത്തിന് പിന്നിലെ ന്യൂനപക്ഷ വിരുദ്ധതയെ നിഷേധിച്ചിട്ടുമില്ല. മറ്റൊരു വിധത്തിൽ ചുംബന സമരക്കാരും ഇതുതന്നെയാണ് ചെയ്യുന്നത്. അവർ കോഴിക്കോട് നടന്ന അതിക്രമത്തെ വ്യക്തിസ്വാതന്ത്ര്യത്തിനുമേൽ നടന്ന കൈയേറ്റമായാണ് ചിത്രീകരിച്ചത്. സമൂഹഘടനയെ ഉൾക്കൊള്ളാതെ വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി നിരത്തിയിരിക്കുന്ന വാദമുഖങ്ങളാണ് സമരക്കാരുടെ ഫ്യൂഡൽ മനോഘടനയെ തുറന്നുകാട്ടുന്നത്.
ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പ്രതീകവത്കരണമായി ഇക്കൂട്ടർ ഉയർത്തിക്കാണിക്കുന്നത് ഹിന്ദുക്ഷേത്രങ്ങളിലെ രതിശില്പങ്ങളാണ്. ക്ഷേത്രങ്ങളെല്ലാം തന്നെ നിർമിച്ചത് ഹിന്ദുരാജാക്കന്മാരായിരുന്നു. അവരാകട്ടെ അനിയന്ത്രിതമായ ഭോഗാലസ ജീവിതം നയിച്ചവരാണ്. ക്ഷേത്രങ്ങൾക്കുള്ളിൽ പ്രവേശിക്കാനോ ക്ഷേത്രത്തിനോട് ചേർന്നുള്ള വഴികളിലൂടെ നടക്കാനോ അവകാശമില്ലാതിരുന്ന കീഴാളർക്ക് ക്ഷേത്രങ്ങളിലെ രതിചിത്രങ്ങൾ കാണാൻ കഴിഞ്ഞിരുന്നില്ല. ധർമം, അർഥം, കാമം എന്നിവയെ വാഴ്ത്തുന്ന തിരുക്കുറളിലെയും ലൈംഗിക തയെ ശാസ്ത്രമാക്കിയ വാത്സ്യായനന്റെ കാമസൂത്രത്തിലെയും രതി ഗോത്രസമൂഹങ്ങളുടെ തകർച്ചയെ തുടർന്ന് രൂപപ്പെട്ട ഫ്യൂഡൽ രാജവംശങ്ങളുടെയും ഉപരിസമുദായങ്ങളുടെയും പുരുഷാധിപത്യപരമായ ലൈംഗികാനുഷ്ഠാനങ്ങളാണ് ഇവിടെ വ്യക്തമാക്കുന്നത്. ക്ഷേത്രശിൽപ ങ്ങളും രതിവർണനകളും അനിയന്ത്രിതമായ ഭോഗാലസതയിൽ ആറാടിയ ഹിന്ദുരാജാക്കന്മാരുടെ മനോഘടനയെയാണ് പ്രതിഫലിപ്പിക്കുന്നത്. അതേസമയം ബൈബിൾ പഴയ നിയമത്തിലെ സോളമൻ ഗീതങ്ങളിലും ഇതരമത ഗ്രന്ഥങ്ങളിലും പ്രണയരതിവർണനകളുണ്ടെങ്കിലും ക്രൈസ്തവ - മുസ്ലിം ദേവാലയങ്ങളിൽ രതിശിൽപങ്ങളില്ല.
കേരളത്തിലെ സ്ത്രീകൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭ ദശകങ്ങളിൽ പോലും മാറ് മറച്ചിരുന്നില്ല. മധ്യകാല മണിപ്രവാള കൃതികൾ സ്ത്രീയുടെ ലൈംഗികതയെ അഭിനിവേശമാക്കിയപ്പോൾ മനുസ്മൃതിയുടെ പാഠവത്കരണങ്ങളിലൂടെ ലൈംഗികാടിമത്തത്തെ സുദീർഘകാലം നിലനിർത്തിയത് ഹിന്ദുക്കളായ രാജാക്കന്മാരും മാടമ്പികളുമാണ്. വ്യത്യസ്തമായൊരു ഭരണസമ്പ്രദായത്തിനടിത്തറപാകിയ ടിപ്പു സുൽത്താനും ബ്രിട്ടീഷ് ഭരണാധികാരികളും സൃഷ്ടിച്ച ഹൈന്ദവ വിരുദ്ധമായ മൂല്യാവബോധമാണ് മാറ് മറയ്ക്കൽ സമരത്തിന് പ്രേരണയായത്. ചരിത്രപരമായ ഇത്തരം യാഥാർഥ്യങ്ങളുൾക്കൊള്ളാതെ വ്യക്ത്യാധിഷ്ഠിത ചോദനകളിലൂടെ ചുംബന സമരം നടത്തുന്നവർക്ക് സമൂഹഘടനയെ അഭിമുഖീകരിക്കേണ്ടതില്ലെ ങ്കിലും അഭിനവവിപ്ലവത്തിന് പ്രത്യയശാസ്ത്ര കവചം സൃഷ്ടിക്കുന്നവർ വസ്തുതകളെ തിരിച്ചറിയേണ്ടതുണ്ട്.
കേരളത്തിൽ സംഘ് പരിവാറിലൂടെ ബി.ജെ.പി രാഷ്ട്രീയനേട്ടം കൊയ്യാൻ ശ്രമിക്കുന്നത് ജാതീയ വിഭാഗങ്ങളിൽ സ്വാധീനമുറപ്പിച്ചാണ്. ഇതിന് സഹായകരമായിരിക്കുന്നത് ക്ഷേത്ര കേന്ദ്രീകൃതമായ കൂട്ടായ്മകളാണ്. നവോത്ഥാനത്തിന്റെ തുടർച്ച നിലനിർത്താൻ കഴിയാതെ വന്നതിനാൽ ശ്രീനാരായഗുരു ദേവനാവുകയും അയ്യങ്കാളി ചരിത്രസാന്നിധ്യമാകാതിരിക്കുകയും ചെയ്തു. ഇതുകൊണ്ടും അന്തരാള സമുദായങ്ങളിലെ (വിശ്വകർമജർ, ധീവരർ മുതലായവർ) നവോത്ഥാനാനുഭവങ്ങളുടെ അഭാവം മൂലവും മുൻചൊന്ന വിഭാഗങ്ങൾ ബ്രാഹ്മണിസത്തിലുൾച്ചേർന്ന് നവഹിന്ദുത്വവത്കരണത്തിന് വിധേയമായിരിക്കുകയാണ്. ഇത്തരം യാഥാർഥ്യങ്ങളെ തൊട്ടറിയാതെ മധ്യവർഗത്തിലെ ഒരു ചെറുന്യൂനപക്ഷത്തിന്റെ ആത്മനിഷ്ഠതയുടെ തുടർച്ചയുള്ള ചുംബന സമരം യാഥാസ്ഥിതികമായി ഇന്നും നിലകൊള്ളുന്ന ഹൈന്ദവ ജാതീയ വിഭാഗങ്ങളെ ആകർഷിക്കുമെന്ന് കരുതാനാവില്ല. ഈ യാഥാസ്ഥിതികത്വം ന്യൂനപക്ഷ മതവിരുദ്ധതയുമായി സംയോജിക്കുമ്പോൾ നേട്ടങ്ങൾ ഉണ്ടാക്കുന്നത് ബി.ജെ.പിയായിരിക്കും. ഈ പരിതസ്ഥിതിയിലാണ് ഹനുമാൻ സേനകൾ ഉണ്ടാകുന്നതും ന്യൂനപക്ഷങ്ങൾ നിർബന്ധിത നിശബ്ദതക്ക് വിധിക്കപ്പെടുന്നതും. ന്യൂനപക്ഷങ്ങളിലെ വിദ്യാഭ്യാസമുള്ളവരാകട്ടെ ചുംബനസമരക്കാർക്കൊപ്പം കൂടിയില്ലെങ്കിൽ പുരോഗമന സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുമെന്ന് ഭയപ്പെട്ട് വിചിത്രമായ കെട്ടുകഥകളിൽ അഭിരമിക്കുന്നു.
ബി.ആർ.പി. ഭാസ്കറിലേക്കു തന്നെ മടങ്ങിവരാം. ചുംബന സമരത്തിലൂടെ കേരളം രണ്ടായി തിരിഞ്ഞുവെന്നാണദ്ദേഹം വിലയിരുത്തുന്നത്. മധ്യവർഗത്തിലെ കുറച്ചു വ്യക്തിവാദികളും തീവ്ര ഇടതുപക്ഷവും കുത്തക മാധ്യമങ്ങളുമാണ് സമരത്തിന്റെ ഊർജമായത്. കേരളത്തെ സംബന്ധിച്ചിടത്തോളം പോരാട്ടം (സി.പി.ഐ-എം.എൽ) എന്നീ പ്രസ്ഥാനങ്ങൾ ഏറെക്കാലം മുമ്പേതന്നെ പ്രത്യയശാസ്ത്രപരമായി ജീർണിച്ച സ്ഥാപനങ്ങളാണ്. ഇത്തരം പ്രസ്ഥാനങ്ങളുടെ സാന്നിധ്യം കൊണ്ടുമാത്രം ഏത് സമരത്തിന്റെയും പ്രതിലോമസ്വഭാവം നിർണയിക്കാനാവും. അതുകൊണ്ടാണ് ജനാധിപത്യപരമായി നടക്കുന്ന കീഴാളസമരങ്ങളിൽ നിന്ന് അവർ ആട്ടിയക റ്റപ്പെടുന്നത്. ചുംബനസമരങ്ങളിൽ പുതുവിപ്ലവകാലം കാണുന്ന പി.ജെ. ജയിംസ് സെക്രട്ടറിയായ സി.പി.ഐ.(എം.എൽ) മോറൽ പൊലീസിങ്ങിനെതിരെ ഇതേസമരം നടത്താതെ മറൈൻ ഡ്രൈവിൽ പിന്തുണയുമായെത്തിയതിന്റെ കാരണവും മറ്റൊന്നല്ല.
ചുംബന സമരത്തോടൊപ്പം ഒരുസംഘം ദലിത് യുവജനങ്ങളെയും കാണാം. ഡോ. ബി.ആർ. അംബേദ്കറിന്റെ വീക്ഷണത്തിലൂടെ ലഭ്യമായ വിമർശാവബോധമല്ല നക്സലൈറ്റുകളിൽ നിന്ന് കടംകൊണ്ട വൈരുധ്യവാദത്തിലാണവർ ഇന്നും കാലുറപ്പിച്ചിരിക്കുന്നത്. അതേസമയം സ്വന്തം വോട്ട്ബാങ്ക് ബി.ജെ.പി.യിലേക്ക് ചോർന്നുപോകുമെന്നു തിരിച്ചറിഞ്ഞതിലൂടെ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ചുംബന സമരത്തിന് നൽകിയിരിക്കുന്ന പിന്തുണ പിൻവലിച്ചിരിക്കുകയാണ്.
ചുംബന സമരത്തിന്റെ എതിർചേരിയിലുള്ളവരെ ജാതി-മത മൗലികവാദികളും സംഘ് പരിവാറിന്റെ സഹകാരികളുമായി മാത്രമല്ല സ്ത്രീവിരുദ്ധരുമായി ചിത്രീകരിക്കുകയാണ് അതിന്റെ വക്താക്കൾ. കുറച്ചു പേരുടെ വൈകാരികതക്ക് പുറംതിരിഞ്ഞുനിൽക്കുന്ന വിശാല ബഹുജനങ്ങളെ ഒളിനോട്ടക്കാരായും ഇവർ പ്രഖ്യാപിക്കുന്നു.
ഇടതുപക്ഷത്തിന്റെ പാതിവെന്ത വിപ്ലവസ മരങ്ങൾക്ക് ഹിന്ദുത്വത്തെ പ്രതിരോധിക്കാൻ കഴിയില്ലെന്നിരിക്കെ ജാതി-മത സംഘടനകൾ സംഘ്പരിവാറുമായി അകലം പാലിക്കുന്നതു കൊണ്ടാണ് ബി.ജെ.പിക്ക് കേരളത്തിൽ രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയാതെ വന്നിരിക്കുന്നതെന്നതാണ് നേർക്കാഴ്ച. ഇതിനെ വൈകാരികത കൊണ്ട് അട്ടിമറിച്ച് ഹിന്ദുത്വ ഭീകരസംഘടനകൾക്ക് സദാചാര സംരക്ഷകരാകാനുള്ള സുവർണാവസരമാണ് ചുംബന സമരക്കാർ നൽകിയിരിക്കുന്നത്. മാറു മറയ്ക്കൽ സമരങ്ങൾ പ്രസക്തമാകുന്നത് ജാതി വ്യവസ്ഥയെ കീറിമുറിച്ചതുകൊണ്ടാണ്. ഇത്തരം ചരിത്രപാഠങ്ങളെ സവർണ ആത്മഗതങ്ങളാക്കി അവതരിപ്പിക്കുന്നതും ഇതേ അട്ടിമറിയുടെ ഭാഗമായാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.