Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബശ്ശാര്‍സേന...

ബശ്ശാര്‍സേന തൊടുംമുമ്പേ ‘ഞങ്ങളെ കൊന്നുതരൂ’

text_fields
bookmark_border
ബശ്ശാര്‍സേന തൊടുംമുമ്പേ ‘ഞങ്ങളെ കൊന്നുതരൂ’
cancel


‘‘ലോകത്തെ എല്ലാ മതനേതാക്കള്‍ക്കും പണ്ഡിതര്‍ക്കും സ്വന്തം ചുമലുകളില്‍ സമുദായത്തിന്‍െറ ആദര്‍ശഭാരം കയറ്റിവെച്ചതായി ഭാവിക്കുന്നവര്‍ക്കുമാണ് ഈ എഴുത്ത്. ഞാന്‍ സിറിയയിലെ അലപ്പോക്കാരി പെണ്‍കുട്ടികളിലൊരുവള്‍. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ബലാത്സംഗം കാത്തിരിക്കുന്നവള്‍. ഞങ്ങള്‍ക്കും സിറിയന്‍ സൈന്യം എന്നു വിളിക്കപ്പെടുന്ന പിശാചുക്കള്‍ക്കും ഇടയില്‍ തടയിടാന്‍ ഒരാണോ ആയുധമോ ഇല്ല. ഞാന്‍ നിങ്ങളില്‍നിന്നൊന്നും ആവശ്യപ്പെടുന്നില്ല, പ്രാര്‍ഥനപോലും.

എനിക്ക് ഇപ്പോഴും ലോകത്തോട് സംസാരിക്കാനാകും. എന്‍െറ പ്രാര്‍ഥന നിങ്ങളുടേതിനേക്കാള്‍ ആത്മാര്‍ഥമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് ഒന്നേ പറയാനുള്ളൂ: ഞാന്‍ സ്വയം കൊല ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ ദൈവം ചമഞ്ഞ് വിധിപറയരുത്. ഞാന്‍ എന്നെ കൊല ചെയ്യാന്‍ പോകുകയാണ്. അതിന്‍െറ പേരില്‍ നിങ്ങളെനിക്ക് നരകം വിധിച്ചാലും ഒരു ചുക്കുമില്ല.

ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്. ഉപ്പയുടെ വീട്ടില്‍ എനിക്ക് ഇനി തങ്ങേണ്ട കാര്യമൊന്നുമില്ല. ഭൂമിയില്‍ ഇട്ടേച്ചുപോകുന്നവരെക്കുറിച്ച ആധിയും ആശങ്കയുമായാണ് ഉപ്പ മരിച്ചത്. ഞാന്‍ ആത്മഹത്യ ചെയ്യുന്നത് എന്‍െറ ശരീരം, ഏതാനും നാള്‍ മുമ്പുവരെ അലപ്പോയുടെ പേരു പറയാന്‍പോലും പേടിച്ചിരുന്ന, അക്കൂട്ടരുടെ സന്തോഷത്തിന് എറിഞ്ഞുകൊടുക്കാതിരിക്കാനാണ്.

ഞാന്‍ ആത്മഹത്യ ചെയ്യുന്നത് ഇവിടെ അലപ്പോയില്‍ ഒടുനാള്‍ (ഖിയാമം) വന്നുകഴിഞ്ഞെന്ന ബോധ്യത്തിലാണ്. ഇതിലും ഭീകരമായൊരു നരകം ഇനിയുണ്ടാകുമെന്ന് തോന്നുന്നില്ല.

ഞാന്‍ സ്വയം കൊന്നുകളയും. നരകത്തിലേക്ക് എനിക്ക് ശീട്ടു തരാന്‍ നിങ്ങള്‍ ഒന്നിക്കും എന്നറിയാം. ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നല്ളോ എന്ന വിഷയമായിരിക്കും നിങ്ങളെ കൂട്ടിയിരുത്തുന്നത്.

ഞാനാര്? നിങ്ങടെ അമ്മയല്ല, പെങ്ങളല്ല, ഇണയല്ല, നിങ്ങള്‍ക്കു വേണ്ടാത്ത വെറുമൊരു പെണ്‍കുട്ടി. നിങ്ങടെ ഫത്വ എനിക്കൊരു ചുക്കുമല്ല എന്നു പറഞ്ഞ് ഞാന്‍ ഈ കുറിപ്പ് ചുരുക്കുന്നു. അത് നിങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി കൈയില്‍ വെച്ചുകൊള്ളുക. ഞാന്‍ എന്നെ കൊല്ലുകയാണ്. ഈ കുറിപ്പ് വായിക്കുമ്പോഴേക്കും നിങ്ങളറിയും, ആര്‍ക്കും തൊടാനാകാതെ വിശുദ്ധമായൊരു മരണം ഞാന്‍ പുല്‍കിയെന്ന്.’’

റഷ്യന്‍, ഹിസ്ബുല്ല അധിനിവേശപ്പടയുടെ അകമ്പടിയോടെ ബശ്ശാര്‍ അല്‍അസദിന്‍െറ കിരാതസൈന്യം ചുടലനൃത്തം ചവിട്ടുന്ന സിറിയയിലെ ചരിത്രനഗരമായ അലപ്പോയില്‍ ഉപരോധത്തില്‍ കുടുങ്ങിയ ഒരു പെണ്‍കൊച്ച് മുല്‍ഹം വളന്‍റിയര്‍ ടീം എന്ന സിറിയന്‍ സന്നദ്ധസംഘടനയുടെ ആക്ടിവിസ്റ്റ് മുഹമ്മദ് ശന്‍ബൂവിനു കുറിച്ചുനല്‍കിയ ഈ വരികള്‍ അദ്ദേഹത്തിന്‍െറ ഫേസ്ബുക്കില്‍നിന്ന് ‘അല്‍അറബിയ്യ’ ചാനലാണ് പുറത്തുവിട്ടത്.

കഴിഞ്ഞ രണ്ടു നാളുകളായി ലോകത്തെ മനുഷ്യപ്പറ്റുള്ളവരുടെ ഉറക്കംകെടുത്തുന്ന ഒട്ടനവധി അനുഭവക്കുറിപ്പുകളാണ് സാമൂഹികമാധ്യമങ്ങളില്‍ തീക്കാറ്റു പടര്‍ത്തുന്നത്. അതിലൊന്നാണ് ശൈഖ് മുഹമ്മദ് അല്‍ യഅ്ഖൂബി എന്ന പണ്ഡിതന്‍േറത്. ഇറാന്‍െറയും ഹിസ്ബുല്ലയുടെയും സഹകരണത്തോടെ റഷ്യന്‍ അധിനിവേശപ്പടയുമായി ചേര്‍ന്ന് ബശ്ശാര്‍ അലപ്പോയില്‍ കൂട്ടക്കശാപ്പ് നടത്തുന്നത് മിതവാദ സുന്നിസമൂഹത്തില്‍പെട്ട കുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള സിവിലിയന്മാരെയാണെന്ന് അദ്ദേഹം പറയുന്നു.

ബശ്ശാറിനെയും ഐ.എസ് ഭീകരന്മാരെയും  ഒരുപോലെ എതിര്‍ക്കുന്ന യഅ്ഖൂബിയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ് ലോകത്തെ പിടിച്ചുലക്കാന്‍ പോന്നതാണ്. ‘അസദിന്‍െറ സേന അപമാനിച്ച് അപായപ്പെടുത്തുംമുമ്പ് തങ്ങളെ കൊന്നുകളയൂ’ എന്നു പെണ്‍മക്കള്‍ കെഞ്ചുന്നു, ഞങ്ങള്‍ എന്തു ചെയ്യണം എന്നു രക്ഷിതാക്കള്‍ മതവിധി ചോദിക്കുന്നതായി അദ്ദേഹം പറയുന്നു. അവരെ ബശ്ശാറിന്‍െറ ഭീകരന്മാര്‍ക്കു വിട്ടുകൊടുക്കാതെ കൊല്ലാന്‍ മതവിധി നല്‍കണമെന്നാണ് അവരുടെ ആവശ്യം. ഇതുപോലുള്ള നിരവധി ചോദ്യങ്ങളും സംശയങ്ങളുമാണ് ദിനേന സിറിയന്‍ പണ്ഡിതന്മാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് യഅ്ഖൂബി കുറിക്കുന്നു.

വെടിനിര്‍ത്തല്‍ കരാറിന്‍െറ തൊട്ടുതലേന്നാള്‍ തിങ്കളാഴ്ച ഉപരോധിത നഗരത്തില്‍നിന്ന് ലോകത്തിനു മുന്നിലത്തെിയ മറ്റൊരു മരണക്കുറി അന്താരാഷ്ട്ര സമൂഹത്തോടുള്ള അഭ്യര്‍ഥനയായിരുന്നു. അതിങ്ങനെ വായിക്കാം:

‘‘അലപ്പോയുടെ ഒരു പ്രാന്തത്തില്‍ അഞ്ചു കിലോമീറ്ററിലധികം വ്യാപ്തിയില്ലാത്ത പ്രദേശത്ത് ഞങ്ങള്‍ ഒരു ലക്ഷത്തോളം പേര്‍ ഉപരോധത്തിലാണ്. ഒരു കെട്ടിടത്തില്‍ അഞ്ഞൂറിലേറെ പേരാണ് തിക്കിത്തിരക്കി കഴിയുന്നത്. ഈ പാര്‍പ്പിടങ്ങള്‍ക്കുമേലാണ് ബോംബറുകള്‍ തീതുപ്പുന്നത്. ഈയെഴുത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ഒരുറപ്പും ഞങ്ങള്‍ക്കില്ല. കെട്ടിടത്തിനകത്ത് മരണത്തില്‍നിന്നുള്ള ഈ ഒളിച്ചിരിപ്പിന് എത്ര ആയുസ്സുണ്ടാകും? അലപ്പോയില്‍ കുടുങ്ങിപ്പോയ ഞങ്ങള്‍ക്ക് പുറത്തേക്ക് രക്ഷപ്പെടാന്‍ ദയവുചെയ്ത് വഴിയൊരുക്കണം. യു.എന്‍ ഇതിനുവേണ്ടിയുള്ള പരിപാടിയിടുന്നതായി അറിയുന്നു. ഞങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലത്തെിക്കാനുള്ള വാഹനങ്ങള്‍ തയാറായെന്നും കേള്‍ക്കുന്നു. എന്നാല്‍, അവിടെ ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഈ സ്ഥിതിയില്‍ തുടര്‍ന്നാല്‍ ഞങ്ങളൊന്നും ബാക്കിയാവില്ല. പുറത്തിറങ്ങി സഹായംതേടാമെന്നുവെച്ചാല്‍ കൂട്ട അറസ്റ്റും കൂട്ടക്കൊലയുമായിരിക്കും ഫലം. ഞങ്ങളുടെ മക്കളെയും മുതിര്‍ന്നവരെയും എന്തിന്, ഞങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന വളന്‍റിയര്‍മാരെയും ഡോക്ടര്‍മാരെയുമൊക്കെ അവര്‍ കൊന്നുതള്ളി. അഞ്ചു വര്‍ഷമായി ഈ കൂട്ടക്കൊല തുടരുന്ന അവരുടെ കൈകളിലേക്ക് ഞങ്ങളെ എറിഞ്ഞുകൊടുക്കരുത്.’’  

വിമതസൈന്യത്തെ പൂര്‍ണമായി തുരത്തി ബശ്ശാര്‍സേന വരുതിയിലാക്കിയ അലപ്പോയില്‍നിന്ന് തങ്ങള്‍ തെരഞ്ഞെടുക്കുന്നയിടങ്ങളിലേക്ക് കുടിയൊഴിഞ്ഞുപോകാന്‍ എല്ലാ സായുധസൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുരക്ഷിതപാതയൊരുക്കുമെന്ന് റഷ്യയും തുര്‍ക്കിയും മാധ്യസ്ഥ്യം വഹിച്ച ചര്‍ച്ചയില്‍ ചൊവ്വാഴ്ച തീരുമാനമായെങ്കിലും ബുധനാഴ്ച രാവിലെ ബശ്ശാര്‍സേന ഉപരോധിക്കപ്പെട്ട നഗരവാസികള്‍ക്കുമേല്‍ ബോംബുകള്‍ ചൊരിയുകയായിരുന്നു. അലപ്പോയില്‍നിന്ന് 65 കിലോമീറ്റര്‍ അകലെ വിമതനിയന്ത്രണം തുടരുന്ന ഇദ്ലിബിലേക്കാണ് മിക്കവരും അഭയാര്‍ഥികളായി ഒഴുകുന്നത്. രോഗികളെയും വഹിച്ചുപോകുന്ന ആംബുലന്‍സുകള്‍ക്കുനേരെയും ആക്രമണം നടന്ന വ്യാഴാഴ്ചയും കുടിയൊഴിപ്പിക്കല്‍ പുരോഗമിച്ചു. 2012ല്‍ അലപ്പോയുടെ കിഴക്ക് പിടിമുറുക്കിയിരുന്ന വിമതര്‍ പടിഞ്ഞാറന്‍ ഭാഗംകൂടി നിയന്ത്രണത്തിലാക്കിയതോടെ ഗവണ്‍മെന്‍റിന്‍െറ കൈയില്‍നിന്ന് അലപ്പോ വഴുതിപ്പോയി.

അന്നുമുതല്‍ തുടരുന്ന പോരാട്ടം നവംബറോടെ കനത്തു. പശ്ചിമേഷ്യയിലെ ചിരകാലസുഹൃത്തായ സിറിയയെ സഹായിക്കാന്‍ റഷ്യയും ശിയാ അലവി വിഭാഗക്കാരനായ ബശ്ശാറിനെ സ്വന്തക്കാരനായി കാണുന്ന ഇറാനും ലബനാനിലെ ഹിസ്ബുല്ലയും സഹായവുമായി രംഗത്തത്തെിയതോടെ അലപ്പോ ഭീകരമായ യുദ്ധക്കെടുതിയിലായി. കഴിഞ്ഞ ഒരു മാസക്കാലം ലോകം കണ്ട കിരാതമായ യുദ്ധങ്ങളിലൊന്നാണ് അലപ്പോയില്‍ അരങ്ങേറിയത്. ഒടുവില്‍ അഞ്ചു ലക്ഷം പേരെ കൊന്നുതള്ളുകയും 22 കോടി ജനങ്ങളെ ലോകത്തിന്‍െറ കാരുണ്യത്തിനു മുന്നില്‍ യാചകരാക്കി മാറ്റുകയും ചെയ്ത ആറു വര്‍ഷത്തെ യുദ്ധത്തിലെ നിര്‍ണായകവിജയം അലപ്പോ കൈയടക്കി ബശ്ശാര്‍ നേടി.

സിറിയന്‍ യുദ്ധം കൈയുംകെട്ടി നോക്കിനിന്ന അമേരിക്കക്കും വിമതരെ നാനാര്‍ഥത്തില്‍ തുണച്ച ഗള്‍ഫ്രാജ്യങ്ങള്‍ക്കും തുര്‍ക്കിക്കുമൊക്കെ കനത്ത പ്രഹരമേല്‍പിക്കാനായതില്‍ നിലവിട്ടാഹ്ളാദിക്കുകയാണ് ഇറാനും ഹിസ്ബുല്ലയും. ചൊവ്വാഴ്ച അലപ്പോയിലെ കുടിയൊഴിഞ്ഞുപോക്കിനുണ്ടാക്കിയ കരാര്‍ കാറ്റില്‍പറത്തി ഇറാന്‍െറയും ഹിസ്ബുല്ലയുടെയും മിലീഷ്യകള്‍ നഗരത്തില്‍ ബശ്ശാര്‍സേനയെയും കൂട്ടി കൂട്ടക്കശാപ്പ് നടത്തുകയായിരുന്നു. ആ ഭീതിയില്‍നിന്നുള്ള നിലവിളികളാണ് തുടക്കത്തില്‍ വായിച്ച പെണ്‍കുട്ടിയുടെ കത്തിലും അല്‍ യഅ്ഖൂബി പരാമര്‍ശിച്ച ഫത്വ അന്വേഷണത്തിലും നിറഞ്ഞുനില്‍ക്കുന്നത്.

2011 മുതല്‍ 30 ലക്ഷം സിറിയന്‍ അഭയാര്‍ഥികളെ പോറ്റുന്ന തുര്‍ക്കി ഇറാന്‍െറ കരാര്‍ ലംഘനത്തില്‍ ക്രുദ്ധരാണ്. ഇനിയുമൊരു സ്രബ്രനീസ (ബോസ്നിയയില്‍ സെര്‍ബ് അധിനിവേശകര്‍ കൂട്ടക്കശാപ്പില്‍ ജനശൂന്യമാക്കിയ നഗരം) ആവര്‍ത്തിക്കരുതെന്ന പ്രഖ്യാപനവുമായാണ് തുര്‍ക്കി കഴിഞ്ഞയാഴ്ച മാധ്യസ്ഥ്യത്തിനിറങ്ങിയത്. കാരണം, അലപ്പോയിലെ വിജയം ബശ്ശാറിന് കൂടുതല്‍ കുരുതിക്കുള്ള ധാര്‍ഷ്ട്യം വര്‍ധിപ്പിക്കുകയേയുള്ളൂവെന്ന് പറയുന്നത് മനുഷ്യാവകാശങ്ങള്‍ക്കായുള്ള യു.എന്‍ ഹൈകമീഷണര്‍ സൈദ് റഅദ് അല്‍ ഹുസൈനാണ്. ഇനി ഇദ്ലിബ്, ഡമസ്കസിനടുത്ത ദൗമ, ഐ.എസ് ഭീകരര്‍ തലസ്ഥാനമായി കരുതുന്ന റഖ എന്നിവിടങ്ങളില്‍ ആബാലവൃദ്ധം സിവിലിയന്മാരുടെ കൂട്ടക്കശാപ്പിന് കാത്തിരുന്നുകൊള്ളുക എന്നാണ് അദ്ദേഹത്തിന്‍െറ മുന്നറിയിപ്പ്.

റഷ്യയുടെ ഇടപെടലിനെക്കുറിച്ച് പശ്ചിമേഷ്യയിലെ യുദ്ധഭൂമികളില്‍ സഞ്ചരിച്ചു പരിചയമുള്ള ‘റോയിട്ടേഴ്സി’ന്‍െറ ഗസ്സക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ നിദാല്‍ മുഗ്റബി രണ്ടു വര്‍ഷം മുമ്പ് ഹജ്ജിനിടയിലെ കൂടിക്കാഴ്ചയില്‍ പറഞ്ഞതോര്‍ക്കുന്നു. ‘‘റഷ്യ ഇറങ്ങിയാല്‍ പിന്നെ തകര്‍ത്തേ കയറുകയുള്ളൂ. ഏതു അധിനിവേശകര്‍ക്കും മത, രാഷ്ട്രീയതാല്‍പര്യങ്ങളുണ്ട്. റഷ്യ ഇതില്‍ കുറേക്കൂടി തീവ്രലൈനിലാണ്. അവര്‍ ഇടപെട്ടിടത്തെല്ലാം നാടിന്‍െറ സ്വന്തമായതെല്ലാം തുടച്ചുനീക്കിയിട്ടേ അവര്‍ നിര്‍ത്തിയിട്ടുള്ളൂ’’ -അദ്ദേഹം ഉദാഹരണങ്ങള്‍ നിരത്തി. ഇപ്പോള്‍ ‘ന്യൂയോര്‍ക്കറി’ല്‍ പ്രമുഖ യുദ്ധകാര്യലേഖിക എഴുതുന്നത് ഇതോട് ചേര്‍ത്തുവെക്കണം. സിറിയയുടെ ന്യൂയോര്‍ക് ആയ അലപ്പോ കീഴടക്കിയെന്നു കരുതി, യുദ്ധം അവസാനിക്കുന്നില്ല. വിവിധയിനം വിമതവിഭാഗങ്ങള്‍ അവശേഷിക്കുന്ന ഇദ്ലിബും റഖയുമൊക്കെയാവും അടുത്ത ഉന്നം -അവര്‍ പറയുന്നു. അതെ, സിറിയയിലെ മരണത്തിന്‍െറ നിലവിളികള്‍ക്ക് ശമനമായില്ളെന്ന്.                 l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syria attackalappo
News Summary - kill us before bassar army raped
Next Story