നമുക്കാദ്യം നടക്കാൻ പഠിക്കാം
text_fieldsജനകീയ ആരോഗ്യപ്രവർത്തകൻ ഡോ. ബി. ഇഖ്ബാൽ 70ലെത്തിയ കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ചുള്ള ചിന്തകളും നിർദേശങ്ങളും അനൂപ് അനന്തനുമായി പങ്കുവെക്കുന്നു
ആരോഗ്യമേഖലയിൽ ഏറെ മുന്നേറാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇന്നത് വലിയ വെല്ലുവിളികൾക്ക് മുന്നിലാണ്. മണ്ണിൽ മല്ലിട്ട് വിയർത്ത മലയാളികൾ ഭൂരിഭാഗവും ഇന്ന് കാഴ്ചക്കാരായി മാറി. അതിനാൽ, ജീവിതശൈലീരോഗങ്ങളോട് പൊരുതാൻ 70-ൽ എത്തിനിൽക്കുന്ന കേരളത്തോട് പറയാനുള്ളത്, നമുക്കാദ്യം നടക്കാൻ പഠിക്കാമെന്നാണ്. വർധിച്ചുവരുന്ന രോഗാതുരത നിയന്ത്രിക്കാതെ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ല. സമ്പൂർണ സാക്ഷരതായജ്ഞത്തിന്റെ മാതൃകയിൽ എല്ലാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് ജനകീയാരോഗ്യ വിദ്യാഭ്യാസ-രോഗപ്രതിരോധ പരിപാടി ആരംഭിക്കണം. കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ നമ്മുടെ ആരോഗ്യരംഗത്തെ പുതിയ കാലം അർഹിക്കുന്ന തരത്തിൽ മാറ്റിയെടുക്കാനാകൂ.
വേണം, ഇടപെടലുകൾ
ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധികൾ മറികടക്കാൻ നയപരമായ ചില ഇടപെടലുകൾ അനിവാര്യമാണ്. പ്രാഥമിക, ദ്വിതീയ ചികിത്സകൾക്ക് ഊന്നൽ നൽകി കുടുംബഡോക്ടർ മാതൃക പിന്തുടർന്ന് പ്രവർത്തിച്ചുവരുന്ന ചെറുകിട സ്വകാര്യ ആശുപത്രികളെ സർക്കാർ പ്രാഥമികാരോഗ്യരംഗവുമായി ബന്ധിപ്പിക്കുന്ന കാര്യം പരിഗണിക്കണം. സഹകരണ ആശുപത്രികൾ മുതിർന്ന പൗരന്മാരുടെ സമഗ്ര ആരോഗ്യപരിപാലനം ലക്ഷ്യമാക്കി ജെറിയാട്രിക് പരിപാലനത്തിന് പ്രാധാന്യമുള്ള ആശുപത്രികൾ സ്ഥാപിക്കാൻ മുന്നോട്ടുവരണം. ഘട്ടംഘട്ടമായി ഇപ്പോഴത്തെ 30 ശതമാനത്തിൽനിന്ന് കുറഞ്ഞത് 70 ശതമാനം പേർക്കെങ്കിലും സർക്കാർ ആരോഗ്യസേവനം ഉറപ്പാക്കണം. ഇതോടൊപ്പം സർക്കാർ ഇൻഷുറൻസ് പദ്ധതികൾ കൂടുതൽ കാര്യക്ഷമതയോടെ ഏകോപിപ്പിച്ചു നടപ്പാക്കണം.
1996-ലെ ജനകീയാസൂത്രണം, 2006-ലെ അടിസ്ഥാനസൗകര്യ-മനുഷ്യവിഭവ വികസനം, 2016-ലെ ആർദ്രം മിഷൻ എന്നിങ്ങനെ വിവിധ സംരംഭങ്ങളിലൂടെ ആരോഗ്യമേഖലയിൽ വലിയ കുതിച്ചുചാട്ടം നടന്നിട്ടുണ്ട്. ഇതിന് ആരോഗ്യകരമായ തുടർച്ച അനിവാര്യമാണ്. നാം പ്രതീക്ഷിക്കുന്നതിലും കൂടുതലാണ് കേരളത്തിൽ ജീവിതശൈലീരോഗങ്ങൾ. ഏറ്റവും കുറഞ്ഞത് 20 ശതമാനം പേർ പ്രമേഹബാധിതരാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു; 66 ശതമാനം പേർ പ്രമേഹപൂർവ (Pre-diabetic) അവസ്ഥയിലുമാണ്. പ്രമേഹബാധിതരുടെ അമിതവർധന മൂലം കേരളം രാജ്യത്തെ പ്രമേഹതലസ്ഥാനമായി മാറുകയാണ്. മൂന്നിലൊരാൾക്ക് വീതം രക്താതിമർദമുണ്ട്. വർഷംതോറും അറുപതിനായിരത്തോളം പേരെ വിവിധ കാൻസറുകൾ ബാധിക്കുന്നു.
കേരളത്തിലെ പ്രധാനപ്പെട്ട പൊതുജനാരോഗ്യപ്രശ്നമായി വാഹനാപകടങ്ങൾ മാറിയിരിക്കുകയാണ്. റോഡപകടങ്ങൾ മൂലം വർഷംതോറും നാലായിരത്തോളം പേർ മരണപ്പെടുന്നു; ഇതിന്റെ പത്തിരട്ടിയിലേറെപ്പേർക്ക് ഗുരുതരമായി പരിക്കേൽക്കുന്നു. ഇത്തരം പ്രശ്നങ്ങൾ മുൻകൂട്ടിക്കണ്ടുകൊണ്ടുള്ള ഇടപെടലുകൾ നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
വേണം, കാര്യക്ഷമതയുള്ള പദ്ധതികൾ
മത്സ്യത്തൊഴിലാളികൾ, ആദിവാസികൾ തുടങ്ങിയ ജനവിഭാഗങ്ങളുടെ സവിശേഷ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കാര്യക്ഷമതയുള്ള പദ്ധതികൾ നടപ്പാക്കണം. ആദിവാസികൾക്കിടയിൽ നവജാതശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ചില താൽക്കാലിക നടപടികൾ മാത്രമാണ് ഉണ്ടാകുന്നത്. കേരളത്തിലെ ശരാശരി ശിശുമരണനിരക്ക് ആയിരത്തിൽ അഞ്ചാണെങ്കിൽ അട്ടപ്പാടിയിലും മറ്റും അത് 30 മുതൽ 60 വരെയായി ഉയർന്നുനിൽക്കുന്നു.
സർക്കാർ മേഖലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ആരംഭിച്ച ട്രാൻസ്‌ജെൻഡർ ക്ലിനിക്ക് മാത്രമാണ് ഈ വിഭാഗത്തിന്റെ ആരോഗ്യസേവനങ്ങൾക്കായി ഇപ്പോഴുള്ളത്. ഇവർ നേരിടുന്ന പ്രധാന പ്രതിസന്ധി സങ്കീർണമായ ലിംഗമാറ്റ ശസ്ത്രക്രിയകൾക്കുള്ള സൗകര്യക്കുറവാണ്. എല്ലാ മെഡിക്കൽ കോളേജുകളിലും ട്രാൻസ്‌ജെൻഡർ ക്ലിനിക്കുകളും, തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കണം.
വേണം, സ്വയംവിലയിരുത്തൽ
ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ കേരള ആരോഗ്യ സർവകലാശാല എത്രത്തോളം മുന്നോട്ടുപോയി എന്ന് പരിശോധിക്കാൻ കമ്മീഷനെ നിയോഗിക്കണം. ആരോഗ്യമേഖലയിൽ വർധിച്ചുവരുന്ന വിദേശനിക്ഷേപത്തിന്റെ പ്രത്യാഘാതങ്ങൾ പഠിക്കാനും വിദഗ്ധസമിതി വേണം. മെഡിസെപ്, കാസ്പ് തുടങ്ങിയ ഇൻഷുറൻസ് പദ്ധതികൾ നേരിടുന്ന പ്രശ്നങ്ങളും പരിമിതികളും പരിഹരിക്കാൻ അടിയന്തര നടപടിയുണ്ടാകണം. ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം പൊതുജനാരോഗ്യ ഇടപെടലുകളും അനിവാര്യമാണ്. മെഡിക്കൽ കോളേജുകളിലെ കമ്യൂണിറ്റി മെഡിസിൻ (സാമൂഹികാരോഗ്യ) വിഭാഗങ്ങളിലുള്ള നൂറുകണക്കിന് വിദഗ്ധരുടെ സേവനം കാര്യക്ഷമമായി പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയുന്നില്ലെന്നതാണ് യാഥാർഥ്യം.
വിദേശനിക്ഷേപം എന്തുകൊണ്ട്?
കുറച്ചുകാലമായി നമ്മുടെ സ്വകാര്യ ആശുപത്രികളിൽ വിദേശനിക്ഷേപം കുതിച്ചുയരുകയാണ്. പ്രമുഖ ആഗോള കോർപ്പറേറ്റ് കമ്പനികളായ കെ.കെ.ആർ, ബ്ലാക്ക്സ്റ്റോൺ, ടി.പി.ജി തുടങ്ങിയവ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലെ വൻകിട ആശുപത്രികളുടെ ഓഹരികൾ സ്വന്തമാക്കി നിയന്ത്രണം കൈക്കലാക്കുന്നു. ആരോഗ്യമേഖലയിൽ മാത്രമായി വിദേശനിക്ഷേപം കുമിഞ്ഞുകൂടുന്നതിന് പിന്നിൽ പ്രധാനമായും ജീവിതശൈലീരോഗങ്ങളും പകർച്ചവ്യാധികളും വാഹനാപകടങ്ങളുമാണ്. വയോജനങ്ങളുടെ എണ്ണം വർധിക്കുന്നതോടെ രോഗാതുരത ഇനിയും ഏറുമെന്ന് ഇത്തരം ഏജൻസികൾ തിരിച്ചറിയുന്നു.
ദേശീയ ഹെൽത്ത് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണക്കനുസരിച്ച്, ആരോഗ്യമേഖലയിൽ വ്യക്തിഗത ചികിത്സാച്ചെലവ് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആശുപത്രികൾ വിദേശ ഏജൻസികളുടെ നിയന്ത്രണത്തിലാകുന്നതോടെ ഈ ചെലവ് വീണ്ടും കുത്തനെ കൂടും. നമ്മുടെ ആരോഗ്യമേഖലയെ ലാഭം മാത്രം ലക്ഷ്യമിടുന്ന കോർപ്പറേറ്റുകൾക്ക് പൂർണമായി വിട്ടുകൊടുക്കാതിരിക്കാൻ വലിയ ജാഗ്രത വേണം. പൊതുജനാരോഗ്യ സംവിധാനങ്ങളെ കൂടുതൽ കരുത്തുറ്റതാക്കുക മാത്രമാണ് ഇതിനുള്ള പോംവഴി. എങ്കിൽ മാത്രമേ കേരളത്തിന് 70-ന്റെ നിറവിലേക്ക് ആരോഗ്യത്തോടെ തലയുയർത്തി നിൽക്കാനാകൂ. ഇതിനായി സർക്കാരും പൊതുസമൂഹവും ഒത്തൊരുമിച്ച് ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്.

