കുതിക്കാം കൂടുതൽ കരുത്തോടെ
text_fields67ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് കേരള തലസ്ഥാന നഗരിയിൽ തുടക്കം കുറിക്കുന്ന ഈ നിമിഷം നിറസന്തോഷത്തിന്റേതാണ്. ഒളിമ്പിക്സ് മാതൃകയിൽ രണ്ടാം തവണ സംഘടിപ്പിക്കുന്ന ഈ മഹാമേളയിൽ കായിക കേരളത്തിന്റെ ഭാവിയെഴുതാൻ ഏകദേശം 20,000-ത്തോളം പ്രതിഭകളാണ് ഒത്തുചേരുന്നത്. 12 സ്റ്റേഡിയങ്ങളിലായി 41 ഇനങ്ങളിൽ മാറ്റുരച്ച് മുഖ്യമന്ത്രിയുടെ സ്വർണക്കപ്പിൽ മുത്തമിടാൻ ഓരോ ജില്ലയും പോരാടുമ്പോൾ, അത് ആരോഗ്യകരമായ മത്സരത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിജയമായി മാറുന്നു.
ഈ മേളയുടെ ഏറ്റവും വലിയ പ്രത്യേകത അത് എല്ലാവരെയും ഉൾക്കൊള്ളുന്നു എന്നതാണ്. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ‘ഇൻക്ലൂസീവ് സ്പോർട്സ്’ ഒരുക്കിയും നമ്മുടെ തനത് ആയോധനകലയായ കളരിപ്പയറ്റിനെ മത്സര ഇനമാക്കിയും നമ്മൾ മാതൃകയാവുകയാണ്. യു.എ.ഇയിൽനിന്നുള്ള വിദ്യാർഥിനികൾ ഉൾപ്പെടെ പ്രവാസി താരങ്ങളുടെ പങ്കാളിത്തവും മേളയുടെ മാറ്റുകൂട്ടുന്നു.
അഭിമാനതാരങ്ങളായ സഞ്ജു സാംസണും കീർത്തി സുരേഷും ഈ മേളയുടെ ഭാഗമാകുമ്പോൾ, അതിന്റെ ആവേശം വാനോളമുയരുകയാണ്. അതിലേറെ അഭിമാനകരം, ഈ മേളയുടെ ചരിത്രത്തിലാദ്യമായി തീം സോങ് പൂർണമായും നമ്മുടെ സ്കൂൾ കുട്ടികൾതന്നെ ഒരുക്കി എന്നതാണ്. ഇത് പൊതുവിദ്യാഭ്യാസ രംഗത്തിന്റെ കരുത്താണ് കാണിക്കുന്നത്.
കായിക വിദ്യാഭ്യാസത്തിന് കേരളം വലിയ പ്രാധാന്യമാണ് നൽകുന്നത്. സെക്കൻഡറി തലംവരെ കേരളത്തിൽ നടന്ന സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ ആരോഗ്യ, കായിക വിദ്യാഭ്യാസമേഖലയും പൂർണമായ നിലയിൽ പരിഷ്കരണത്തിന് വിധേയമാക്കിയിട്ടുണ്ട്. ലോകോത്തര നിലവാരത്തിലെ ആരോഗ്യ-കായിക വിദ്യാഭ്യാസ ആക്ടിവിറ്റി ബുക്കുകളാണ് കുട്ടികൾക്കുവേണ്ടി തയാറാക്കി വിതരണം ചെയ്തിട്ടുള്ളത്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലുള്ള പുസ്തകങ്ങളാണ് നിലവിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഉപയോഗിച്ചുവരുന്നത്.
മറ്റ് പ്രധാന ഉള്ളടക്കങ്ങൾക്ക് പുറമെ സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി വിപത്തിനെ ചെറുക്കാനുള്ള മാർഗമായി കായികരംഗത്തെ ഉപയോഗപ്പെടുത്തുവാനുള്ള സാധ്യതകളാണ് ഈ പുസ്തകങ്ങളിൽ സവിസ്തരം ഉൾക്കൊള്ളിച്ചിട്ടുള്ളത്. പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ സമഗ്ര കായിക ആരോഗ്യ പരിപോഷണത്തിനുവേണ്ടി തയാറാക്കിയിട്ടുള്ള ഹെൽത്തി കിഡ്സ് പുസ്തകങ്ങളിൽ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ മുഴുവനും എസ്.ഐ.ഇ.ടിയുടെ നേതൃത്വത്തിൽ ലഘു വിഡിയോകൾ തയാറാക്കി നിലവിൽ സംപ്രേഷണം ചെയ്തുവരുന്നു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലും സ്പെഷൽ സ്കൂളുകളിലും പഠിക്കുന്ന സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആരോഗ്യ കായിക വിദ്യാഭ്യാസം വളരെ മികച്ചരീതിയിൽ നിർവഹിക്കുന്നതിന് സൗകര്യപ്രദമായ വിഡിയോ ലെസണുകളുടെ നിർമാണം പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും മികവോടുകൂടി നടക്കുന്ന, ലോകത്തിനുതന്നെ മാതൃകയായ ഇൻക്ലൂസീവ് കായികമേളയുടെ സ്പോർട്സ് മാന്വൽ വളരെ ചിട്ടയോടുകൂടി തയാറാക്കുകയും പരിഷ്കരിക്കുകയും ചെയ്തത് എസ്.സി.ഇ.ആർ.ടി കേരളമാണ്. കൂടാതെ ഇന്ത്യയിൽ ആദ്യമായി സ്പോർട്സ് സ്കൂളുകൾക്കുവേണ്ടി പ്രത്യേക പാഠ്യപദ്ധതി രൂപവത്കരിക്കുവാനുള്ള പ്രവർത്തനങ്ങൾ എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഈ പ്രവർത്തനത്തിന്റെ ആദ്യഭാഗമായ കേരള സ്പോർട്സ് സ്കൂൾ പാഠ്യപദ്ധതി കാഴ്ചപ്പാടും സമീപനരേഖയും നിലവിൽ തയാറാക്കി സംസ്ഥാന സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണങ്ങൾ ആരംഭിച്ച ഈ ഘട്ടത്തിൽ ആരോഗ്യ, കായിക വിദ്യാഭ്യാസത്തിന് നിലവിൽ അനുവദിച്ചിട്ടുള്ള രണ്ട് പീരിഡുകളിൽ വിനിമയം ചെയ്യുവാൻ ഉതകുന്ന നിലയിലുള്ള പ്രത്യേക പാഠപുസ്തകം നിർമിക്കുവാൻ ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ഹയർസെക്കൻഡറിയിൽ പതിനൊന്നാം ക്ലാസിൽ പഠിപ്പിക്കുവാൻ ആവശ്യമായ ആരോഗ്യ, കായിക വിദ്യാഭ്യാസ പാഠപുസ്തകം ഈ അധ്യയനവർഷം അവസാനത്തോടുകൂടി തയാറാക്കി വിതരണം ചെയ്യുന്നതായിരിക്കും.
ജയപരാജയങ്ങൾക്കപ്പുറം കായികക്ഷമതയുടെയും സാഹോദര്യത്തിന്റെയും വലിയ പാഠങ്ങൾ ഉൾക്കൊള്ളാൻ കേരള സ്കൂൾ കായികമേള 2025 നമ്മുടെ മക്കൾക്ക് അവസരമൊരുക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

