Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകേരളത്തിന്‍െറ...

കേരളത്തിന്‍െറ ഗതാഗതക്കുരുക്ക് എങ്ങനെ പരിഹരിക്കാം?

text_fields
bookmark_border
കേരളത്തിന്‍െറ ഗതാഗതക്കുരുക്ക് എങ്ങനെ പരിഹരിക്കാം?
cancel
പ്രവാസിയായ ഈ കുറിപ്പുകാരന് അടുത്തകാലത്ത് രാജ്കോട്ട്  മുതല്‍ ജാംനഗറിലേക്കും  മുംബൈയില്‍നിന്ന്  നാസിക്കിലേക്കും ഡല്‍ഹിയില്‍നിന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലേക്കും  ഛത്തീസ്ഗഢിന്‍െറ തലസ്ഥാനമായ റായ്പൂരിലേക്കും കാറില്‍ സഞ്ചരിക്കാന്‍ അവസരമുണ്ടായി. അതുപോലെ എറണാകുളത്തെയും ആലപ്പുഴയുടെയും ഉള്‍പ്രദേശങ്ങള്‍  ഉള്‍ക്കൊള്ളുന്ന പലഭാഗങ്ങളിലൂടെയും നിരവധി തവണയാത്ര ചെയ്യേണ്ടിവന്നു. ഓരോ യാത്രയും ബോധ്യപ്പെടുത്തിയ യാഥാര്‍ഥ്യമുണ്ട്്: സാധാരണ ഇന്ത്യന്‍ പൗരന്‍െറ ആയുസ്സിന്‍െറ വലിയഭാഗം ഒട്ടും ഉല്‍പാദനപരമല്ലാത്ത  ട്രാഫിക്കിലും കാത്തിരിപ്പിലുമാണ് ചെലവിടുന്നത്. ഒരുപക്ഷേ, ലോകത്തെതന്നെ ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ കാത്തിരിപ്പുള്ള രാജ്യം ഇന്ത്യയും സംസ്ഥാനം കേരളവുമായിരിക്കും.  പരമാവധി 60 കിലോമീറ്റര്‍ മാത്രം വേഗത്തില്‍ ഓടുന്ന തീവണ്ടികളും 50 കിലോമീറ്റര്‍  വേഗത്തില്‍ ഓടുന്ന ബസുകളും കാറുകളും. പുറമെ, അനുഭവിക്കുന്ന ട്രാഫിക് കുരുക്കും വിഭിന്ന ആവശ്യങ്ങള്‍ക്കുവേണ്ടി ഓഫിസുകളിലും മറ്റും കാത്തുകെട്ടിക്കിടക്കുന്ന ജനങ്ങളും. എല്ലാംകൂടി എത്ര ദശലക്ഷം മനുഷ്യരുടെ തൊഴില്‍ മണിക്കൂറുകളാണ് ദിവസവും നഷ്ടപ്പെടുത്തുന്നതെന്ന് ചിന്തിച്ചാല്‍ ഇതിന്‍െറ ഗൗരവം പിടികിട്ടും.
കേരളം അഭിമുഖീകരിക്കുന്ന പ്രശ്നത്തെ മാത്രം പരിശോധിക്കാനാണ് ഇപ്പോള്‍  ശ്രമിക്കുന്നത്.   മൂന്നരക്കോടി ജനങ്ങള്‍ താമസിക്കുന്ന കേരളം ഇപ്പോള്‍തന്നെ ജനസാന്ദ്രതയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ്.  ഏറക്കുറെ ഓരോ വര്‍ഷവും മൂന്ന്-മൂന്നര ലക്ഷം വര്‍ധനയാണ് കേരളം അഭിമുഖീകരിക്കുന്നത്.  ഇങ്ങനെ പോയാല്‍ 2030 ആവുമ്പോഴേക്കും കേരളത്തിലെ ജനസംഖ്യ നാലുകോടിയാവും.  കേരളത്തിലെ ട്രാഫിക് സാന്ദ്രത ദേശീയ ശരാശരിയുടെ നാലിരട്ടിയാണ്.  ഓരോ വര്‍ഷവും 12 ശതമാനം ട്രാഫിക് വര്‍ധനയും നാം അനുഭവിക്കുന്നു. ഗതാഗതപ്രശ്നത്തിന് ഒരുപരിഹാരം കണ്ടത്തൊന്‍ ഇനിയും പരാജയപ്പെട്ടാല്‍, പിന്നീട് ഒരിക്കലും പരിഹരിക്കാന്‍ സാധിക്കാത്ത സമസ്യയായി അതുമാറും.  നമ്മെക്കാള്‍ സാങ്കേതികമായും ശാസ്ത്രീയമായും വികസിച്ചിരിക്കാനിടയുള്ള,  വരുന്ന തലമുറയോട് ചെയ്യുന്ന വലിയ ക്രൂരതയും അനീതിയുമായിരിക്കും അത്.
കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ 101 നദികളെ ദേശീയ ജലഗതാഗതത്തിന്‍െറ ഭാഗമാക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതില്‍ 11  നദികള്‍ കേരളത്തിലൂടെ ഒഴുകുന്നതാണ്.  മുന്‍ പ്രസിഡന്‍റ് ഡോ. എ.പി.ജെ. അബ്ദുല്‍കലാം കേരള നിയമസഭയില്‍ നടത്തിയ പ്രഭാഷണത്തില്‍ ജലഗതാഗതത്തിന്‍െറയും ചരക്കുനീക്കത്തിന്‍െറയും സാധ്യതകള്‍ സൂചിപ്പിച്ചിരുന്നു. ഉള്‍നാടന്‍ ജലഗതാഗതം കേരളത്തിന് മുഖ്യവിഭവ സാധ്യതയാണ്. അടുത്തകാലത്തായി മാത്രം വികസിപ്പിച്ച കായല്‍ ടൂറിസംതന്നെ ഇതിനു തെളിവാണ്. ഉള്‍നാടന്‍ ജലഗതാഗതം പരിസ്ഥിതി സൗഹൃദവും കൂടുതല്‍ സുരക്ഷിതവുമായിരിക്കും. വലിയൊരു ഭാഗം ചരക്കുകളുടെ വരവും പോക്കും പോലും അന്തര്‍സംസ്ഥാന ജലഗതാഗതത്തിലൂടെ നടത്താം. ആഭ്യന്തര ചരക്കു ഗതാഗതത്തിന് ഇന്ത്യ കേവലം ഏഴു ശതമാനം മാത്രം ജലഗതാഗതത്തെ ഉപയോഗപ്പെടുത്തുമ്പോള്‍ യൂറോപ്  42 ശതമാനവും  ചൈന 45 ശതമാനവും ഉപയോഗപ്പെടുത്തുന്നു.  ഈ രംഗത്ത് ഒരുപാട്  സാധ്യതയുള്ള കേരളത്തിന്‍െറ സ്ഥിതി ദേശീയ ശരാശരിയെക്കാള്‍ മോശമാണ്. 17  ചെറുകിട തുറമുഖങ്ങളും ഒരു പ്രധാന തുറമുഖവും  44 നദികളില്‍ 41ഉം ബാക്വാട്ടറുകളിലൂടെയും മനുഷ്യനിര്‍മിത കനാലുകളിലൂടെയും ബന്ധപ്പെട്ടിട്ടുണ്ടെന്നത് ഈ സാധ്യത യാഥാര്‍ഥ്യമാക്കുന്നതിന് സഹായകമായ ഘടകമാണ്.
ജലഗതാഗതം വികസിപ്പിക്കുന്നതിന് സമാന്തരമായി  റോഡ് എങ്ങനെ വികസിപ്പിക്കുമെന്ന് ഗൗരവതരമായി ആലോചിച്ച് ആവശ്യമായ നടപടികളെടുക്കണം.  ഇത്രയും ജനസാന്ദ്രതയും നദികളുമുള്ള കേരളത്തെ കീറിമുറിച്ച്, പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച്  ഒരു അതിവേഗപാത പാരിസ്ഥിതികവും സാമൂഹികവുമായ ദുരന്തമായിരിക്കുമെന്നതിനാല്‍ ഇപ്പോള്‍തന്നെ സാധ്യമാകാത്ത  സാഹചര്യമാണുള്ളത്. ഭാവിയില്‍ ഇതേക്കുറിച്ച്് ചിന്തിക്കാന്‍ പോലും സാധിക്കില്ല. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 600 കിലോമീറ്ററോളം തീരദേശമുള്ള സംസ്ഥാനമാണ് കേരളം.  ഇത് നന്നായി വികസിപ്പിച്ച് ആ തീരത്തുകൂടി ഒരു എലിവേറ്റഡ് (ഉയര്‍ന്ന) അതിവേഗപാത നിര്‍മിക്കുന്നതിന്‍െറ സാധ്യത അടിയന്തര സ്വഭാവത്തില്‍ ആരായണം.  തീരപ്രദേശത്തുകൂടി നിര്‍മിക്കുന്ന എലിവേറ്റഡ് പാതയായതിനാല്‍  കുടിയൊഴിപ്പിക്കേണ്ട വീടുകള്‍ താരതമ്യേന കുറച്ചേ ഉണ്ടാവൂ.  ഏറ്റെടുക്കേണ്ട ഭൂമിയും  കുറവായിരിക്കും. പുനരധിവാസം കൂടി  കരാറില്‍ ഉള്‍പ്പെടുത്തണം. ഈ അതിവേഗ പാത കടന്നുപോകുന്ന എല്ലാ മുനിസിപ്പാലിറ്റി നഗരങ്ങളിലേക്കും എന്‍ട്രിയും എക്സിറ്റും നല്‍കുക. പതിനഞ്ചോ  ഇരുപതോ വര്‍ഷം റോഡ് നിര്‍മിക്കുന്ന കമ്പനി എല്ലാ എന്‍ട്രിയിലും എക്സിറ്റിലും ഒരു മുനിസിപ്പാലിറ്റി നഗരത്തില്‍നിന്ന് മറ്റൊരു മുനിസിപ്പാലിറ്റി നഗരത്തിലേക്ക് ഒരു കിലോമീറ്ററില്‍ മിതനിരക്കില്‍ നിശ്ചിതരൂപ ടോള്‍പിരിച്ചാലും പതിനഞ്ചോ  ഇരുപതോ വര്‍ഷത്തിനുശേഷം ആ തീരപ്രദേശത്തുകൂടി എലിവേറ്റഡ് ആയി പോകുന്ന  അതിവേഗ പാത ടോള്‍ഫ്രീ പാതയായി മുഴുവന്‍ ജനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും. ഇനിയുള്ള കാലത്ത് റോഡുകള്‍ നിര്‍മിക്കുമ്പോള്‍ അത്യാവശ്യത്തിന് ബോംബര്‍ വിമാനങ്ങള്‍ക്കുപോലും റണ്‍വേ ആയി ഉപയോഗിക്കാന്‍ സാധിക്കുന്ന ഗുണനിലവാരത്തോടുകൂടി നിര്‍മിക്കുമെന്ന് ഉറപ്പുവരുത്തണം. എല്ലാ എന്‍ട്രി-എക്സിറ്റ്  പോയന്‍റിലും സര്‍വീസിനും വിശ്രമത്തിനുമുള്ള  സൗകര്യവും വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുകയും ചെയ്യാം.   ഈ പാത വരുന്നതോടെ കേരളത്തിലെ മുഴുവന്‍ കടല്‍ത്തീരവും വിനോദസഞ്ചാരപ്രദമായ പ്രധാനമായ കോര്‍ണിഷ് ആയി മാറുകയും ചെയ്യും.  ഏറെ സാധ്യതകളുള്ള ഈ  പരിഹാരത്തിന്‍െറ നേട്ട-കോട്ടങ്ങളൊക്കെ വിശദമായിപഠിക്കേണ്ടതുണ്ട്. ഇതോടൊപ്പംതന്നെ നിലവിലെ ദേശീയപാതകള്‍ 30 മീറ്ററില്‍ വികസിപ്പിച്ച് ആറുവരി പാതകളാക്കി മാറ്റുകയും ചെയ്യുക.  എലിവേറ്റഡ് ആയ തീരദേശ എക്സ്പ്രസ്വേയായി ഉയരുന്നതോടെ നിലവിലുള്ള ദേശീയപാതകളിലെ തിരക്ക് ഗണ്യമായി കുറയുമെന്നതില്‍ സംശയമില്ല. കൊറിയന്‍ കമ്പനിയായ ദേവൂ (Daewoo) ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മിച്ച ലാഹോര്‍-ഇസ്ലാമാബാദ് എം-ടൂ റോഡ് ഇത്തരത്തിലുള്ളതാണ്.  
ഇതോടൊപ്പം ലെവല്‍ക്രോസുകളില്‍ മേല്‍പാലങ്ങള്‍  ഉണ്ടാക്കിയും പ്രധാനപ്പെട്ട മൂന്നു നഗരങ്ങളില്‍ മെട്രോ/മോണോറെയില്‍പാതകള്‍ ഉണ്ടാക്കിയും ചുരുങ്ങിയത് 150 വര്‍ഷത്തേക്കെങ്കിലും കേരളത്തിലെ ഗതാഗതസൗകര്യത്തെ സംബന്ധിച്ച് ആകുലപ്പെടാതെയും ഭാവിതലമുറയോട് നീതികാണിച്ചും സ്വസ്ഥമായി കഴിയാം. ഓര്‍ക്കുക, ദിവസം 24  മണിക്കൂറും  പ്രവര്‍ത്തിക്കുന്ന ന്യൂയോര്‍ക്  ഭൂഗര്‍ഭ മെട്രോ നിര്‍മിച്ചതും  തുറന്നുകൊടുത്തതും 113  വര്‍ഷങ്ങള്‍ക്കുമുമ്പ് 1904ല്‍ ആണ്. അപ്പോള്‍ കേവലം ഒരു ദിവസം  ഒരുലക്ഷത്തോളം മാത്രം യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഒരു ദിവസം ശരാശരി 55 ലക്ഷം ആളുകള്‍  ന്യൂയോര്‍ക്കിലെ ഭൂഗര്‍ഭ മെട്രോ ഉപയോഗിക്കുന്നു. ഒരുതരത്തിലുമുള്ള തിക്കോ  തിരക്കോ ഇല്ലാതെ, വ്യവസ്ഥാപിതമായി, കൃത്യനിഷ്ഠയോടെ 25 വണ്ടികള്‍ ഈ ഗതാഗത സംവിധാനം വഴി ഇപ്പോഴും ന്യൂയോര്‍ക്കിന്‍െറ ഏതുഭാഗത്തേക്കും എത്രപേര്‍ക്കും പോകാന്‍ പര്യാപ്തമാണ്. ഇതിനാണ് ആസൂത്രണപാടവമെന്ന് പറയുന്നത്.  ഇങ്ങനെയൊക്കെ ആസൂത്രണംചെയ്യാന്‍ സാധിക്കുന്നവരെയാണ് രാഷ്ട്രതന്ത്രജ്ഞര്‍ എന്നുപറയുന്നത്. നിര്‍ഭാഗ്യവശാല്‍, നമുക്ക് രാഷ്ട്രീയക്കാര്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ.  ഇനിയും ഒരു രാഷ്ട്രതന്ത്രജ്ഞന്‍ ഉണ്ടായിട്ടില്ല. അതുതന്നെയാണ് നാം അനുഭവിക്കുന്ന പ്രശ്നവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elevated roadtraffic problem kerala
News Summary - kerala road traffic
Next Story