കേരള പൊലീസ് നിയമവും പൊലീസ് അതിക്രമങ്ങളും
text_fieldsപൊലീസ് അതിക്രമങ്ങളും പൊലീസിനെതിരെയുള്ള പരാതികളും ആക്ഷേപങ് ങളും നാൾക്കുനാൾ വർധിച്ചുവരുമ്പോഴും അടിസ്ഥാന കാരണങ്ങൾ വിശകലനം ചെയ്ത് പരിഹരിക്കാതെ എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി ചിത്രീകരിച്ച് തടിതപ്പാനുള്ള ശ്രമം അപലപനീയമാണ്. പൊലീസ് അതിക്രമങ്ങളും നീതിനിഷേധങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന വാദം പൊതുസമൂഹം തള്ളിക്കളഞ്ഞിരിക്കുന്നു. ‘ഒറ്റപ്പെട്ട സംഭവങ്ങളുടെ പരമ്പര’ എന്നൊരു പ്രയോഗംപോലും നിലവിലുണ്ട്!
സുപ്രീംകോടതി പ്രകാശ് സിങ് ബാദൽ കേസിൽ പുറപ്പെടുവിച്ച സുപ്രധാന വിധിയിൽപോലും വെള്ളംചേർത്ത് 2011ൽ കേരള നിയമസഭ പാസാക്കിയ ‘കേരള പൊലീസ് നിയമം’ എങ്കിലും ശരിയായ രീതിയിൽ ആത്മാർഥതയോടെ നടപ്പാക്കിയിരുെന്നങ്കിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെന്ന് ആവർത്തിച്ച് അവകാശപ്പെടുന്ന കേരള പൊലീസിന് ഈ ഗതികേട് ഉണ്ടാകില്ലായിരുന്നു. എല്ലാ കസ്റ്റഡിമരണങ്ങളും പൊലീസ് അതിക്രമങ്ങളും അന്വേഷണ അട്ടിമറികളും അഴിമതികളും പൊലീസിെൻറ മാത്രം തലയിൽ കെട്ടിെവച്ച് കൈകഴുകാൻ രാഷ്ട്രീയ നേതൃത്വത്തിന് കഴിയുമോ? സാക്ഷരരായ, സാമാന്യബുദ്ധിയുള്ള, അരിയാഹാരം കഴിക്കുന്ന ആരെങ്കിലും അത് വിശ്വസിക്കുമോ? െപാലീസ് കോൺസ്റ്റബ്ൾ മുതൽ സബ്ഇൻസ്പെക്ടർ വരെയുള്ളവരെ കഴിവും യോഗ്യതയും അഭിരുചിയും നോക്കി നിയമിക്കാനുള്ള നിയമപരമായ അധികാരവും ഉത്തരവാദിത്തവും അതത് ജില്ല പൊലീസ് മേധാവികൾക്കുള്ളതാണ്. എന്നാൽ, ഏതു മുന്നണി ഭരിച്ചാലും ഭരണകക്ഷി പാർട്ടിയുടെ പ്രാദേശികതലം മുതൽ സംസ്ഥാനതലം വരെയുള്ളവർ ആ അധികാരം കൈയാളാൻ മത്സരിക്കുന്നത് കാണാം.
അതുപോലെ, ഗസറ്റഡ് റാങ്കിലുള്ള സർക്കിൾ ഇൻസ്പെക്ടറുടെ നിയമനാധികാരി സംസ്ഥാന പൊലീസ് മേധാവിയാണ്. ഈ അധികാരവും കൈയാളുന്നത് ഭരണകക്ഷി രാഷ്ട്രീയക്കാരും ‘മൂലധന മാഫിയ’കളുമാണ്. ഒരു ഉദ്യോഗസ്ഥനെപ്പോലും യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിക്കാനുള്ള അധികാരമില്ലാത്ത വെറും റബർസ്റ്റാമ്പുകൾ മാത്രമാണ് ഇന്ന് സംസ്ഥാന െപാലീസ് മേധാവിയും 19 ജില്ല പൊലീസ് മേധാവികളും! ഡിവൈ.എസ്.പി മുതൽ എ.ഡി.ജി.പി വരെയുള്ള െപാലീസ് ഉദ്യോഗസ്ഥരുടെ നിയമനാധികാരി സർക്കാറാണ്. സർക്കാറിനുവേണ്ടി ആഭ്യന്തര സെക്രട്ടറിയാണ് ഇവരുടെ സ്ഥലംമാറ്റ-നിയമന ഉത്തരവുകളിൽ ഒപ്പുവെക്കുന്നത്. അറിവും കഴിവും കാര്യക്ഷമതയുമുള്ള ഉദ്യോഗസ്ഥനാണോ അഴിമതിക്കാരനാണോ മർദകവീരനാണോ എന്നൊന്നും നോക്കാതെ മൂലധന മാഫിയകൾക്കു താൽപര്യമുള്ളവരുടെ ഒരു ലിസ്റ്റ് വിവിധ തലത്തിലുള്ള രാഷ്ട്രീയ നേതാക്കളുടെ ശിപാർശയോടുകൂടി ആഭ്യന്തര വകുപ്പിലെത്തുന്നു. ആ ശിപാർശകൊണ്ടു മാത്രം നിയമനം കിട്ടില്ല. പ്രസ്തുത ലിസ്റ്റിലുള്ളവർ അതത് പാർട്ടി ജില്ല സെക്രട്ടറിമാരെ നേരിട്ടുകണ്ടശേഷം പൊളിറ്റിക്കൽ സെക്രട്ടറിയുടെ മുമ്പാകെ നേരിൽ ഹാജരാകണം. പൊളിറ്റിക്കൽ സെക്രട്ടറിയുടെ ശകാരം, ഉപദേശ-നിർദേശങ്ങൾ എല്ലാം പഞ്ചപുച്ഛമടക്കി കേട്ടുനിൽക്കണം. അതായത്, മൂലധനമാഫിയകൾക്ക് താൽപര്യമുള്ളവരാകണം, വിവിധ പാർട്ടി ഘടകങ്ങളുടെയും അതത് ജില്ല സെക്രട്ടറിയുടെയും ശിപാർശ ഉണ്ടാവണം, പൊലീസ് ട്രേഡ് യൂനിയനുകൾക്ക് അനഭിമതരായിരിക്കരുത്, സംസ്ഥാന സെക്രട്ടറിയുടെ ശിപാർശ വേണം (ചില പ്രധാന മുഖ്യധാര പോസ്റ്റുകളിൽ സംസ്ഥാന സെക്രട്ടറിയുടെ ശിപാർശ അനിവാര്യം), പൊളിറ്റിക്കൽ സെക്രട്ടറിയുടെ സമ്മതം വാങ്ങണം, ഒടുവിൽ ആഭ്യന്തര വകുപ്പിലെ യൂനിയൻ നേതാക്കളുടെ പ്രീതിയും നേടിയിരിക്കണം. ഇത്രയും കടമ്പകൾ കടന്നെങ്കിൽ മാത്രമേ ഡിവൈ.എസ്.പി മുതൽ എ.ഡി.ജി.പി വരെയുള്ള ഉദ്യോഗസ്ഥർക്ക് നിയമനം ലഭിക്കൂ!
ഇങ്ങനെ നിയമനം ലഭിച്ചുവരുന്നവർ നിഷ്പക്ഷമായി സ്വന്തം കർത്തവ്യനിർവഹണം നടത്തുമോ? രാഷ്ട്രീയതാൽപര്യമുള്ള ഏതെങ്കിലും കേസുകൾ സ്വതന്ത്രമായോ കാര്യക്ഷമമായോ അന്വേഷിക്കുമോ? ഇവരിൽനിന്നു സാധാരണക്കാർക്ക് നീതി ലഭിക്കുമോ? നിയമവാഴ്ച ഉറപ്പുവരുത്താൻ ഇവർക്ക് കഴിയുമോ? മാത്രവുമല്ല, രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ അലങ്കരിക്കുന്ന പ്രാദേശിക, ജില്ല, സംസ്ഥാന നേതൃത്വങ്ങൾ, പൊളിറ്റിക്കൽ സെക്രട്ടറി എന്നിവരുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങൾ, അഴിമതികൾ, കസ്റ്റഡിമർദനങ്ങൾ, അന്വേഷണ അട്ടിമറികൾ എന്നിവക്ക് പൊലീസ് ഉദ്യോഗസ്ഥരേക്കാൾ ഉത്തരവാദിത്തം അങ്ങനെയുള്ളവരെ പാർട്ടി സംവിധാനങ്ങളുപയോഗിച്ച് തിരഞ്ഞെടുത്ത് ശിപാർശ നൽകി നിയമിക്കാൻ മുൻകൈയെടുക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനല്ലേ? എങ്ങനെ രാഷ്ട്രീയ നേതൃത്വത്തിന് ഇതിൽനിന്നും ഒഴിഞ്ഞുമാറാനാകും? ഇത്തരം അതിക്രമങ്ങൾ നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താൻ രാഷ്ട്രീയക്കാർക്ക് ധാർമികാവകാശമുണ്ടോ?
എന്താണ് പരിഹാരം?
1) 2011ൽ കേരള നിയമസഭ പാസാക്കിയ ‘കേരള പൊലീസ് നിയമ’ത്തിലെ 129ാം വകുപ്പ് നൽകിയിരിക്കുന്ന അധികാരം ഉപയോഗിച്ച് എത്രയും വേഗം സമഗ്രമായ ചട്ടങ്ങൾ പാസാക്കുകയും ആവശ്യമായ ഗസറ്റ് വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുക.
2) പ്രസ്തുത നിയമത്തിലെ 20ാം വകുപ്പിൽ പറയുന്ന സ്റ്റാൻഡിങ് ഓർഡറുകളും മാർഗനിർദേശങ്ങളും അടങ്ങിയ ‘പൊലീസ് മാന്വൽ’ കഴിവതും വേഗം പ്രാബല്യത്തിൽ കൊണ്ടുവരുക.
3) നിയമത്തിലെ 23ാം വകുപ്പിൽ പറയുന്ന തരത്തിൽ കുറ്റാന്വേഷണവും ക്രമസമാധാനവും വേർതിരിക്കുക. പ്രസ്തുത വേർതിരിവ് ഒരു പ്രഹസനമായി മാറാതിരിക്കാൻ എട്ടു മണിക്കൂർ വീതമുള്ള മൂന്നു ഷിഫ്റ്റ് സമ്പ്രദായം ആവശ്യമായ അംഗബലത്തോടെ ഓരോ പൊലീസ് സ്റ്റേഷനിലും നടപ്പാക്കുക.
4) വളരെ പ്രാധാന്യമുള്ള നിരവധി ചുമതലകൾ നിർവഹിക്കാനായി ഒരു ‘സെക്യൂരിറ്റി കമീഷൻ’ രൂപവത്കരിക്കണമെന്ന് നിയമത്തിലെ 24ാം വകുപ്പിൽ അനുശാസിക്കുന്നു. പ്രസ്തുത കമീഷെൻറ ചുമതലകളെക്കുറിച്ച് 25ാം വകുപ്പിൽ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ആയത് എത്രയും വേഗം പ്രാബല്യത്തിൽ കൊണ്ടുവരുക.
5) താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ കാട്ടിക്കൂട്ടുന്ന അഴിമതി, പീഡനങ്ങൾ ഇവ സംബന്ധിച്ച് എടുക്കേണ്ട നടപടികളെക്കുറിച്ച് നിയമത്തിലെ 96ാം വകുപ്പിൽ പറയുന്നത് നടപ്പാക്കുക.
6) വിവിധ തലത്തിൽ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ‘മിനിമം സേവന കാലാവധി’ ഉറപ്പാക്കണമെന്ന് നിയമത്തിലെ 97ാം വകുപ്പിൽ അനുശാസിക്കുന്നത് നടപ്പാക്കുക. അതോടൊപ്പം എല്ലാ അന്വേഷണ ഉദ്യോഗസ്ഥർക്കും ‘മിനിമം സേവന കാലാവധി’ ഉറപ്പുവരുത്തുക. അന്വേഷണങ്ങളുടെ കാര്യക്ഷമതക്കും തുടർച്ചക്കും ഇത് അത്യന്താപേക്ഷിതമാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള സ്ഥലംമാറ്റങ്ങൾ കേസന്വേഷണം അട്ടിമറിക്കാൻ ഇടയാക്കും.
7) നിയമത്തിലെ 104ാം വകുപ്പിൽ പറയുന്ന ‘പൊലീസ് വെൽഫെയർ ബ്യൂറോ’യും 105ാം വകുപ്പിൽ പറയുന്ന ‘െപാലീസ് എസ്റ്റാബ്ലിഷ്മെൻറ് ബോർഡും’ ഉടനടി നടപ്പാക്കുക.
8) നിയമത്തിലെ 110ാം വകുപ്പിൽ നിഷ്കർഷിച്ചിരിക്കുന്ന ‘പൊലീസ് കംപ്ലയിൻറ് അതോറിറ്റി’യുടെ ഘടനയും പ്രവർത്തനങ്ങളും ഭേദഗതി ചെയ്ത് കൂടുതൽ കാര്യക്ഷമമാക്കുക.
9) പൊലീസ് നടത്തുന്ന നിയമവിരുദ്ധമായ അറസ്റ്റ്, അതിക്രമങ്ങൾ എന്നിവക്കെതിരെ നിയമത്തിലെ 116ാം വകുപ്പിൽ അനുശാസിച്ചിരിക്കുന്ന തരത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കുക.
10) നിയമപരമല്ലാത്ത പ്രവൃത്തികൾ ചെയ്യാൻ പൊലീസിനോട് ആവശ്യപ്പെടുകയും പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് മറ്റുള്ളവർക്കെതിരെ നിയമനടപടിക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവർക്കെതിരെ നിയമത്തിലെ 117ാം വകുപ്പിൽ പറയുന്ന തരത്തിലുള്ള നിയമനടപടികൾ സ്വീകരിക്കുക.
11) സോഫ്റ്റ്വെയർ അധിഷ്ഠിത സ്ഥലംമാറ്റ-നിയമനങ്ങൾ പൊലീസിൽ അടിയന്തരമായി നടപ്പാക്കുക. ഓരോ പൊലീസ് ഉദ്യോഗസ്ഥരുടെ പക്കൽനിന്നും, പ്രത്യേകിച്ചും അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും കുറഞ്ഞത് മൂന്ന് ഓപ്ഷനുകൾ വീതം സ്വീകരിച്ച് അവരുടെ അറിവ്, കഴിവ്, യോഗ്യത, അഭിരുചി എന്നിവയുടെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റ-നിയമനങ്ങൾ സോഫ്റ്റ്വെയർ സഹായത്തോടെ സുതാര്യമായി നടപ്പാക്കുക.
ചുരുങ്ങിയപക്ഷം അടിയന്തരമായി ഇത്രയും കാര്യങ്ങളെങ്കിലും ചെയ്യാനുള്ള ആത്മാർഥ ശ്രമം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായാൽ കേരള പൊലീസ് ജനസേവകരായി മാറുകതന്നെ ചെയ്യും. l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
