Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആടുമേയ്ക്കല്‍ കഥകള്‍...

ആടുമേയ്ക്കല്‍ കഥകള്‍ അവസാനിക്കുന്നില്ല

text_fields
bookmark_border
ആടുമേയ്ക്കല്‍ കഥകള്‍ അവസാനിക്കുന്നില്ല
cancel
camera_alt???????????????? ???????????? ????.?.? ???????????? ?????????? (file photo)

ഇപ്പോള്‍ മുസ്ലിം ഭീകരകഥകള്‍ക്ക് വിപണിമൂല്യം അത്ര പോരാ എന്ന് തോന്നുന്നു. പുതിയ ടാഗ് ലൈനായ ‘ഐസിസി’നാണ് ഇപ്പോള്‍ ‘മാര്‍ക്കറ്റ്’. ‘ഐസിസ്’ അനുഭാവിയാണ്, അവരെ ഗള്‍ഫില്‍ പോകാന്‍ സഹായിച്ചു, അവര്‍ക്ക് ഫോണ്‍ ചെയ്തു, സന്ദേശം കൈമാറി... ഇങ്ങനെ പോകുന്നു കഥകള്‍. ഗള്‍ഫില്‍നിന്ന് സന്ദര്‍ശക വിസ മാറാന്‍ ഇറാനിലെ കിഷ് ദ്വീപില്‍ പോയിട്ടുവന്നതുപോലും വിദേശ തീവ്രവാദബന്ധത്തിന് തെളിവാണെന്ന് അച്ചുനിരത്തിയ പത്രങ്ങളാണ് ഇവിടെയുള്ളത്. ആടുമേയ്ക്കല്‍ കഥകള്‍ക്ക് അതുകൊണ്ടുതന്നെ ഇപ്പോള്‍ ഒരു പഞ്ഞവുമില്ല.

ഒന്ന് ചോദിക്കട്ടെ. മുസ്ലിം ജനസംഖ്യയില്‍ ഇന്തോനേഷ്യ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. അങ്ങനെയുള്ള നാട്ടില്‍നിന്ന് ആകെ എത്രപേര്‍ ഒൗദ്യോഗിക/കേന്ദ്ര സര്‍ക്കാര്‍ രേഖയില്‍ ഐ.എസില്‍ ചേരാന്‍ പോയി? എങ്ങനെ പെരുക്കിപ്പെറുക്കിയെടുത്താലും പരമാവധി പത്തുപേര്‍. മറ്റുള്ളതിലൊന്നും തെളിവില്ല. അതേസമയം, അമേരിക്ക, ഇംഗ്ളണ്ട്, ജര്‍മനി അങ്ങനെ പല രാഷ്ട്രങ്ങളില്‍നിന്നും എത്ര പേര്‍ പോയി? ഏകദേശം പത്തുമുതല്‍ പതിനഞ്ചു ശതമാനം വരെ വരും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചാരക്കേസുകളില്‍ പ്രതികളെ സമുദായം തിരിച്ചെണ്ണിയാല്‍ ആരാണ് മുന്നില്‍? എഴുപതു ശതമാനം ഹിന്ദുക്കള്‍. ബാക്കി മുപ്പത് എല്ലാവരും കൂടെ. അപ്പോള്‍ രാജ്യദ്രോഹം ചാര്‍ത്തിക്കൊടുക്കേണ്ടിവരിക ആര്‍ക്കാണ്?

ഇന്ത്യയിലെ മുസ്ലിം സമുദായത്തെ മുഴുവന്‍ ചുട്ടെരിക്കണം, അറബിക്കടലില്‍ ഒഴുക്കണം, അല്ളെങ്കില്‍ അവര്‍ പാകിസ്താനില്‍ പോകണമെന്ന് പറയുന്നത് രാജ്യദ്രോഹമല്ല, അത് രാജ്യസ്നേഹം! ഇന്ത്യയിലെ മുസ്ലിംകളെല്ലാവരും അവരുടെ അടിമുടി ‘ഭാരത് മാതാ കീ ജയ്’ ഒട്ടിച്ചുവെക്കണം. ആ വൈകുന്നേരത്തിന്‍െറ ഓര്‍മ എന്നും ഉള്ളുനീറ്റുന്ന കനലാണ്. അന്ന് ‘കത്തി’ വെക്കാന്‍ ഒത്തുകിട്ടിയത് ഹരിയാനയിലെ മുന്‍ ഡി.ജി.പിയെ. സാധാരണ  മുസ്ലിമിനെ കൊടുംഭീകരനാക്കാന്‍ ഇന്ത്യയിലൊരു പ്രയാസവുമില്ളെന്ന് ഉദാഹരണസഹിതം ബോധ്യമായ ദിവസം. മാര്‍ഗങ്ങളും അദ്ദേഹം വിവരിച്ചു. ആള്‍ പുലിയാണ്. വളരെക്കാലം ഇന്‍റലിജന്‍സ് ബ്യൂറോയിലെ സീനിയര്‍ തസ്തികയിലിരുന്നയാള്‍. അവിശ്വസിക്കാന്‍ കാരണങ്ങളൊന്നുമില്ല. പോരെങ്കില്‍ പലവിധ ഓപറേഷനുകളിലും പങ്കാളിയാണെന്ന വിവരം മറ്റു വഴിക്കും അറിയാം.

മധ്യപ്രദേശിലെ ഒരു കുടുംബത്തിന്‍െറ  കഥയായിരുന്നു അത്. അവര്‍ കാറില്‍ ഒരു യാത്ര പോവുന്നു.  യാത്രാമധ്യേ കാര്‍ സ്കൂട്ടറുമായി ഉരസി. ആര്‍ക്കുമുണ്ടാകാവുന്ന സ്വാഭാവികാനുഭവം. വാക്കുതര്‍ക്കം അടിപിടിയിലത്തെി. കാര്‍ യാത്രക്കാരിലാരോ സ്കൂട്ടറുകാരന്‍െറ തലയ്ക്കടിച്ചു. അയാള്‍ ബോധംകെട്ടുവീണു. സ്കൂട്ടറുകാരന്‍ അത്യാവശ്യം പിടിപാടുള്ള ലോക്കല്‍ മഹാന്‍.  സാദാ കേസായി രജിസ്റ്റര്‍ ചെയ്ത സംഭവം പിന്നീട് കൊലപാതകശ്രമമായി.  അവസാനം കാറില്‍ യാത്ര ചെയ്തിരുന്നവരെല്ലാം ഒരു സുപ്രഭാതത്തില്‍ തീവ്രവാദികളായി.

ഈ മറിമായത്തിന്‍െറ റൂട്ട് മാപ്പാണ് മന$പാഠമാക്കേണ്ടത്. കുടുംബത്തിലാരോ ഒരാള്‍ എപ്പോഴോ ഒരു തീവ്രവാദക്കേസില്‍ പ്രതിയായിട്ടുണ്ട്. അതിനും മുമ്പ് അയാള്‍ ഇവരുടെ വീട്ടില്‍ ഒരു വിവാഹത്തിന് പങ്കെടുത്തിട്ടുണ്ട്. അതും പോരാഞ്ഞ് താവഴിയില്‍ നിന്നൊരുത്തന്‍ ബാബരിമസ്ജിദ് ധ്വംസനത്തെ തുടര്‍ന്നുള്ള കലാപത്തില്‍ മരണപ്പെടുകയും ചെയ്തു. ഇതുമതി ഒരു കുടുംബത്തെയൊന്നാകെ  തീവ്രവാദികളാക്കാന്‍. പത്തു വയസ്സുകാരന്‍ മുതല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി വരെ എല്ലാവരും ഇന്ത്യയില്‍ ഏതോ ആക്രമണം ആസൂത്രണം ചെയ്ത ഭീകരവാദികള്‍. സ്വാഭാവികമായും അവരെ മുന്‍കരുതലെന്നപേരില്‍ അറസ്റ്റ് ചെയ്തേ മതിയാകൂ.

ഹിന്ദി പത്രങ്ങള്‍ വാര്‍ത്ത ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു. കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയെ സംസ്ഥാന പൊലീസ് കാര്യങ്ങള്‍ ധരിപ്പിച്ചു. വാര്‍ത്ത വന്നു ‘ഏഴ് കൊടും ഭീകരരെ അറസ്റ്റ് ചെയ്തു’. കേന്ദ്ര ഏജന്‍സി അവരെ തലങ്ങും വിലങ്ങും ചോദ്യം ചെയ്തു. അവരുടെ എല്ലാ ഫോണ്‍ നമ്പറുകളും വിളിച്ചതും വിളിക്കാത്തതും തെരഞ്ഞുപിടിച്ച് വിശദമായ അവലോകനം. അവസാനം അവര്‍ കണ്ടത്തെി. ‘ഇന്‍ഡോറില്‍ സ്ളോട്ടര്‍ ഹൗസ്’ നടത്തുന്ന ജഹാംഗീറും കുടുംബവും നിരപരാധികള്‍. നിരപരാധികളെല്ലാം വിട്ടയക്കപ്പെട്ടു. 23 ദിവസത്തെ ജയില്‍വാസത്തിനുശേഷം ഈ നിരപരാധികള്‍ പുറംലോകം കണ്ടു.
നല്ലരീതിയില്‍ കുടുംബം പുലര്‍ത്തിയിരുന്നയാളാണ് ജഹാംഗീര്‍. അപമാനം സഹിക്കാതെ അയാള്‍ ആത്മഹത്യ ചെയ്തു. ജന്മനാട്ടില്‍നിന്ന് ആ കുടുംബം പലായനം ചെയ്തു. ഇതുപോലെ ആയിരക്കണക്കിന് കേസുകളുണ്ട് നമ്മുടെ നാട്ടില്‍. ഇന്ത്യയില്‍ ജനിച്ചുജീവിക്കുന്ന ഒരു മുസ്ലിമിന്‍െറ  കഴുത്തില്‍ പാകിസ്താനിയെന്നോ ഭീകരനെന്നോ ഒരു ചാപ്പ കുത്താന്‍ എത്ര എളുപ്പം!

കണ്ണൂരിലെ കനകമലയില്‍നിന്ന് അന്തര്‍ദേശീയ തീവ്രവാദ ബന്ധമുള്ളവരെ ‘മാരക രഹസ്യ ഓപറേഷ’നിലൂടെ പിടിച്ചു! മൊത്തത്തില്‍ പൊതുബോധത്തെ അങ്ങ് രോമാഞ്ചം കൊള്ളിക്കുന്ന തലക്കെട്ട്. ഐ.എസ് എന്നതും കൂടിച്ചേര്‍ന്നാല്‍ അതിലും കൂടുതല്‍ എന്തോന്ന്...? മൂന്നു മാസം എന്‍.ഐ.എ നടത്തിയ തീവ്രമായ അനേഷണം, വിവരങ്ങള്‍ അന്യോന്യം കൈമാറിയത്, ടെലിഗ്രാം ആപ്ളിക്കേഷന്‍ കൂടി, ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പല അറസ്റ്റുകള്‍...പ്രധാന ലക്ഷ്യം രണ്ടു നീതിന്യായകോടതിയിലെ ജഡ്ജുമാര്‍, ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍, ഒരു രാഷ്ട്രീയക്കാരന്‍. അവസാനമാണ് തമാശ, ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനത്തില്‍, ഫ്രാന്‍സിലെ നീസ് ആക്രമണം പോലെ ഒരു ട്രക്ക് ഇടിച്ചുകയറ്റി വളരെ അധികം ജനത്തെ കൊല്ലുന്നു....അവരുടെ പക്കല്‍നിന്ന് എ.കെ-47, ആര്‍.ഡി.എക്സ് എന്നിവ പിടിച്ചെടുത്തിട്ടുമുണ്ട് എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഉറപ്പിച്ചുപറയാം, ഇതെല്ലാം ഊതിപ്പെരുപ്പിച്ച കഥയാണ്.

നമ്മുടെ പൊലീസിനെ കഥയുണ്ടാക്കാന്‍ ആരും പഠിപ്പിക്കേണ്ട. സാമാന്യയുക്തിയില്‍ ചിന്തിക്കുക, അറസ്റ്റ് ചെയ്യുന്നതിനുശേഷം എന്‍.ഐ.എ ഇവര്‍ നടത്തിയ എല്ലാ ഗൂഢാലോചന തിയറിയും ഓരോന്നായി പുറത്തുവിടുന്നു. ഇതിനെല്ലാം ആധാരം അവര്‍ ടെലിഗ്രാമില്‍നിന്ന് അവരുടെ ഗ്രൂപ് ഉണ്ടാക്കി പ്ളാനുകള്‍ മെനയുന്നു എന്നതും. ഇവരെ ചോദ്യം ചെയ്യുന്നതിനുമുമ്പേ കൊല്ലുന്നവരുടെ പട്ടിക ഗ്രൂപ്പിലിട്ട് ചര്‍ച്ച ചെയ്യുന്നു. ഇത്രയും മണ്ടത്തരം ചെയ്യുന്നവര്‍, അതും ഒരു ആപ്ളിക്കേഷനില്‍ ഇട്ട് ചര്‍ച്ച ചെയ്യുന്നവര്‍, ഒരു ‘കോഴിയെപോലും നേരെ ചൊവ്വേ കൊല്ലാന്‍ അറിയാത്ത മണ്ടന്മാര’ല്ളേ? ഇവരാണ് ഫ്രാന്‍സിലെ നീസില്‍ നടന്നപോലത്തെ ആക്രമണം നടത്താന്‍ ഒരുങ്ങിയതത്രെ?

ഇവരെന്തിനാണ് സ്വന്തം സമുദായത്തിലെ മറ്റൊരു ഗ്രൂപ്പിനെ വകവരുത്തുന്നത്? ഇതാണ് എന്‍.ഐ.എ തയാറാക്കിയ ബോളിവുഡിനെ പോലും വെല്ലുന്ന തിരക്കഥ.
ഒരിക്കല്‍ ഒഫീഷ്യല്‍ സീക്രട്ട് വഴി എനിക്കെതിരെ വന്ന ചാര്‍ജ് ഷീറ്റ് കണ്ട് ഞാന്‍തന്നെ ഞെട്ടിയിട്ടുണ്ട്. ജീവിതത്തില്‍ ഒരു കാലത്തും കാണാത്ത ടീമുകളും ആയി നിരന്തര സമ്പര്‍ക്കം ആണെന്നൊക്കെ ആയിരുന്നു അതില്‍ പറഞ്ഞിരുന്നത്.

കൗമാരകാലം. ഇന്ത്യയും പാകിസ്താനും തമ്മിലെ ക്രിക്കറ്റ് കളി അന്നും യുദ്ധമാണ്. എനിക്കിഷ്ടമുള്ള മിക്ക കളിക്കാരും പാകിസ്താനികളായിരുന്നു.  ഇമ്രാന്‍ ഖാന്‍, സാഹിര്‍ അബ്ബാസ്, അബ്ദുല്‍ ഖാദിര്‍, വസീം അക്രം, വഖാര്‍ യൂനുസ്, യൂസുഫ് യുഹാന, ആഖിബ് ജാവിദ്...അങ്ങനെ പോകുന്നു. ജാവേദ് മിയാന്‍ദാദിനെയായിരുന്നു ഏറെയിഷ്ടം. തോല്‍ക്കാന്‍ മനസ്സില്ലാത്ത ആക്രമണവീര്യം! വിവാഹശേഷമാണ് വീട്ടില്‍ ടെലിവിഷന്‍ സെറ്റ് വരുന്നത്. അതിനുമുമ്പ് സുഹൃത്തുക്കളുടെ വീട്ടില്‍ വലിയ കൂട്ടമായിട്ടാണ് മത്സരങ്ങള്‍ ആസ്വദിച്ചിരുന്നത്. അതൊരു കാലമായിരുന്നു. നാല്‍ക്കവലയിലും റോഡ് വക്കിലുമൊക്കെ ഓരോ ബോളും ഇഴകീറി അതിഗംഭീര മത്സരവിശകലനങ്ങള്‍. ആ ഷോട്ട് അങ്ങനെ അടിച്ചിരുന്നെങ്കില്‍, മറ്റേ ബോള്‍ ഇങ്ങനെ എറിഞ്ഞിരുന്നെങ്കില്‍...പാക് അനുകൂലികളായ ചില മുസ്ലിം സുഹൃത്തുക്കളുണ്ടായിരുന്നു. കളിയില്‍ ഇന്ത്യ തോറ്റാല്‍ അവരായിരുന്നു ഇരകള്‍. ഇന്ത്യ എങ്ങനെ പരാജയപ്പെട്ടു എന്നല്ല പ്രശ്നം. ചര്‍ച്ച ഇന്ത്യയും പാകിസ്താനും തമ്മിലെ യുദ്ധത്തെക്കുറിച്ചാവാന്‍ പിന്നെ ഏറെനേരം വേണ്ട.

എന്നെപ്പോലുള്ളവര്‍ പാകിസ്താനെ പിന്തുണച്ചാല്‍ പ്രശ്നമില്ല, കാരണം ഞാന്‍ ക്രിസ്ത്യാനിയാണല്ളോ. ഹിന്ദുവിനും നായര്‍ക്കും ഈഴവനുമൊക്കെ പാകിസ്താനിയെ പിന്തുണക്കാം. പക്ഷേ, മുസ്ലിം സമുദായത്തിന് പാടില്ല, ഇതാണ് മനോഗതി. ആസ്ട്രേലിയയിലും ഇംഗ്ളണ്ടിലുമൊക്കെ ഇഷ്ടതാരങ്ങളുണ്ട്. പക്ഷേ, അവരെ പിന്തുണയ്ക്കുന്നവരെ ആരും ക്രൈസ്തവ ഭീകരന്‍ എന്നു വിശേഷിപ്പിക്കില്ല. മത്സരങ്ങള്‍ ഒരു കമ്യൂണിറ്റിയെ രണ്ടായി വിഭജിക്കുന്നു -രാജ്യസ്നേഹികളും രാജ്യദ്രോഹികളും. ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍. കൈക്കൂലിപ്പാപി എന്ന് ചുരുക്കിപ്പറയാം. ജനത്തിന് ഒരു ഗുണവുമില്ളെന്ന് മാത്രമല്ല, ആവോളം ദ്രോഹിക്കുകയും ചെയ്യും. അയാളും മത്സരത്തില്‍ പിന്തുണക്കുന്നത് ഇന്ത്യയെ. ക്രിക്കറ്റ് കളിയില്‍ ഇന്ത്യയെ ജയിപ്പിക്കാന്‍ പഴവങ്ങാടി ഗണപതിക്ക് തേങ്ങയുടച്ച് രാജ്യസ്നേഹം തെളിയിക്കാന്‍ അയാള്‍ക്കൊരു ബുദ്ധിമുട്ടുമില്ല.  ഇന്ത്യ തോറ്റാല്‍, അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെടും. കാരണം ‘രാജ്യസ്നേഹം’!

തിരുവനന്തപുരം ജില്ലയിലുള്ള ഒരു കോഴിക്കച്ചവടക്കാരന്‍ ഇന്ത്യയിലെ സൈനികര്‍ക്കെതിരായി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിട്ട് എന്നു പ്രചാരണം. അത് സത്യമല്ളെന്ന് പിന്നീട് വാര്‍ത്തവന്നു. വിയോജിക്കാനുള്ള അവസരം ജനാധിപത്യം നല്‍കുന്നുണ്ട്. എന്നാല്‍, ആ അവകാശത്തെ അബ്യൂസ് ചെയ്യുന്നതരത്തില്‍ ആരെങ്കിലും പെരുമാറുന്നപക്ഷം അതിനോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടിവരും. അതേസമയം, ഉറിയിലെ പ്രത്യാക്രമണത്തിന്‍െറ വാര്‍ത്ത പുറംലോകമറിയുന്നതിനും രണ്ടു മണിക്കൂര്‍ മുമ്പ് പാകിസ്താനെ ആക്രമിച്ച ഇന്ത്യന്‍ പട്ടാളത്തെ അപഹസിച്ച് ഷാഹുല്‍ പോസ്റ്റിട്ടു എന്നു വരുത്താന്‍ ഫോട്ടോസേവ നടത്തുകയും ഷാഹുലിനെ ദേശദ്രോഹി ആക്കാന്‍ ശ്രമിക്കുകയും ചെയ്തതില്‍ അതിലും കടുത്ത വിയോജിപ്പുണ്ട്്. ഒരു മതന്യൂനപക്ഷത്തിന് എതിരെ കളിക്കുന്ന ‘ദേശദ്രോഹ കളികള്‍’, അതിലൊന്നും നോക്കാതെ പൊലീസ് സെഡിഷന്‍ ചാര്‍ജുകള്‍ വെച്ച് സ്റ്റോറി ഫയല്‍ ചെയ്യുന്നു, പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു -കോഴിക്കച്ചടക്കാരന്‍ രാജ്യദ്രോഹിയായ കഥ.

കനകമല സംഭവത്തില്‍ എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ ഇത്ര നാടകീയമായി വാര്‍ത്ത അടിച്ചുവിടാന്‍ സാധ്യത ഉണ്ടെന്ന് തോന്നുന്നില്ല. സംഭവം ‘മാരക രഹസ്യ’മാണെങ്കില്‍ പത്രക്കാരെയും വിളിച്ചുകൊണ്ടാണോ അന്വേഷണ ഉദ്യോഗസ്ഥര്‍ പോവുന്നത്? ഈ പറയുന്ന ജിഹാദികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എല്ലാം വളരെയധികം ആക്ടീവാണ്. വിവരമുള്ള പിള്ളേര്‍ എന്തായാലും ഇമ്മാതിരി ‘ടെക്നിക്കല്‍ ഫോള്‍ട്ട്’ വരുത്തും എന്ന് തോന്നുന്നില്ല. മീഡിയ ആണെങ്കില്‍ പൊലീസ് സ്റ്റോറി ഈച്ചക്കോപ്പി അടിക്കുന്നു, കഥ ഇതുവരെ, അതുവരെ എന്നരീതിയില്‍ ഒക്കെ പറഞ്ഞുനടക്കുന്നു.

(തെഹല്‍ക മുന്‍ മാനേജിങ് എഡിറ്ററും ‘നാരദ’ വെബ്സൈറ്റ് (naradanews.com) എഡിറ്റര്‍ ഇന്‍ ചീഫുമാണ് ലേഖകന്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niais kerala
News Summary - is kerala nia
Next Story