Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightതലയില്ലാ കല്യാണങ്ങൾ

തലയില്ലാ കല്യാണങ്ങൾ

text_fields
bookmark_border
തലയില്ലാ കല്യാണങ്ങൾ
cancel

പടക്കം മാറി ബോംബ്​ വന്നു...

ക്ഷണിക്കാത്ത സൽക്കാരങ്ങളിൽ കയറിച്ചെന്ന്​ മൂക്കുമുട്ടെ കഴിച്ച് മടങ്ങുന്ന 'കല്യാണ ഉണ്ണികൾ' ആയിരുന്നു പണ്ടുകാലത്ത് കല്യാണ വീട്ടിലെ പ്രധാന തലവേദന. പ്രാരബ്ധങ്ങൾക്കിടയിൽ വിരുന്നൊരുക്കാൻ പാടുപെടുന്ന വീട്ടുകാർക്ക്​ ഇവരുടെ സാന്നിധ്യം പ്രയാസം സൃഷ്​ടിച്ചിരുന്നുവെങ്കിലും യഥേഷ്​ടം സദ്യവട്ടങ്ങളുള്ളവർ ഈ വിളിക്കാത്ത അതിഥികൾക്ക്​ നേരെ കണ്ണടക്കാറായിരുന്നു പതിവ്. കല്യാണ ഉണ്ണികൾ വീട്ടുകാരുടെ പിടിയിലകപ്പെടുന്ന ഘട്ടങ്ങളിൽ നാട്ടുകാർ ഇടപെട്ട് പരിക്കില്ലാതെ മോചിപ്പിക്കാറുമുണ്ട്. ക്ഷണിക്കാതെ വന്നിരുന്ന കല്യാണ ഉണ്ണികളുടെ സ്ഥാനമിന്ന്​ ക്ഷണം സ്വീകരിച്ചെത്തുന്ന കല്യാണ ക്രിമിനലുകൾ കൈയടക്കിയിരിക്കുന്നു. അതിന്‍റെ വിളംബരമാണ് കണ്ണൂർ തോട്ടടയിൽ കണ്ടത്. പ്രിയതമന്‍റെ കരം പിടിച്ച് വധു വരന്‍റെ ഗൃഹത്തിൽ വലതുകാൽ വെച്ച് കയറിയ അടുത്ത നിമിഷമാണ് മുന്നിൽ റോഡിൽ ബോംബുകൾ പൊട്ടിയത്. പടക്കമെന്നാണ് എല്ലാവരും ആദ്യം കരുതിയത്. വധു വീട്ടിൽ കയറുന്ന മുഹൂർത്തം കണക്കാക്കി മാലപ്പടക്കത്തിന്​ തിരികൊളുത്തുന്നത്​ അസാധാരണമല്ല, പക്ഷേ പുക മാറി റോഡിലെ കാഴ്ച കണ്ടവർ ഞെട്ടി. ഒരാൾ തല ചിന്നിച്ചിതറിക്കിടക്കുന്നു. വരനെയും വധുവിനെയും വീട്ടിലേക്ക് ആനയിച്ച ബാന്‍റ് വാദ്യത്തിന് മുന്നിൽ ഡാൻസ് ചെയ്തു നീങ്ങിയ ജിഷ്ണുവായിരുന്നു അത്.

വരന്‍റെ കൂട്ടുകാരിലൊരാൾ. ജിഷ്ണുവിന്‍റെ തലയിൽ പതിച്ച് പൊട്ടിത്തെറിച്ചത്​ അയാളുടെ സംഘത്തിൽപ്പെട്ടയാൾ എറിഞ്ഞ ബോംബ്​. ആ ബോംബടങ്ങിയ പ്ലാസ്റ്റിക് ബാഗും പിടിച്ചാണ് ജിഷ്ണുവും സംഘവും വധുവിന്‍റെ വീട്ടിലും വരന്‍റെ വീട്ടിലുമുള്ള ഘോഷയാത്രകളിൽ പങ്കെടുത്തത്. കൂടാതെ ഇവർ സഞ്ചരിച്ച വാഹനങ്ങളിൽ വടിവാളും കത്തിയുമുൾപ്പെടെയുള്ള ആയുധങ്ങൾ വേറെയും സൂക്ഷിച്ചിരുന്നു. പാട്ടുവെച്ച് ഡാൻസ് കളിക്കുന്നതുമായി ബന്ധപ്പെട്ട ചെറിയ അടിപിടിക്ക് പകരംവീട്ടാനുള്ള ഒരുക്കം സംഘത്തിലെതന്നെ ഒരാളുടെ ജീവനെടുക്കുന്നതിലാണ് കലാശിച്ചത്. സമാനമായ അടിപിടി കലഹങ്ങൾ പാട്ടും ഡാൻസുമായി ബന്ധപ്പെട്ട് ഈ മേഖലയിലെ കല്യാണ വീടുകളിൽ അടുത്ത കാലത്തായി പതിവാണ്. ജിഷ്ണുവിന് ജീവൻ നഷ്ടപ്പെട്ടതിനാൽ തോട്ടട സംഭവം വലിയ വാർത്തയായി പുറംലോകം അറിഞ്ഞു.

അങ്ങനെ അറിയാതെ പോകുന്ന കല്യാണ വീട്ടിലെ അടിപിടികൾ ഒട്ടേറെയാണ്. അടിപിടിയോട് എതിർപ്പുണ്ടെങ്കിലും സംഗതി ഒതുക്കിത്തീർക്കാൻ വീട്ടുകാർ നിർബന്ധിതരാകും. കാരണം, ഒന്നുകിൽ വരന്‍റെ കൂട്ടുകാരാകാം. അല്ലെങ്കിൽ വരന്‍റെയോ വധുവിന്‍റെയോ വീട്ടുകാർക്ക് വേണ്ടപ്പെട്ടവരാകാം പ്രതിസ്ഥാനത്ത്. അവരെ പൊലീസ് സ്റ്റേഷൻ കയറ്റാൻ വീട്ടുകാർക്ക് കഴിയില്ല. പുത്തരിയിൽ കല്ലുകടി വേണ്ടെന്ന വിചാരത്തിൽ മകന്‍റെ അല്ലെങ്കിൽ മകളുടെ ഭാവിയിൽ പ്രതീക്ഷവെച്ച് അക്രമികളോട് വീട്ടുകാർ ക്ഷമിക്കുകയാണ് പതിവ്. അതുകൊണ്ടാണ് കല്യാണവീടുകളിലെ അടിപിടി പതിവാകുമ്പോഴും അതിലൊന്നുപോലും പൊലീസ് സ്റ്റേഷനിൽ എത്താത്തത്. വിവാഹ ആഭാസത്തെക്കുറിച്ചുള്ള കഥകളാൽ സമൂഹ മാധ്യമങ്ങൾ നിറയുമ്പോഴും കണ്ണൂർ ജില്ലയിൽ ഇതുസംബന്ധിച്ച കേസുകൾ ഒന്നുമില്ല. പൊലീസിനെയും കേസിനെയും പേടിക്കേണ്ടതില്ലാത്ത 'സ്വാതന്ത്ര്യത്തിന്‍റെ' ബലത്തിലാണ് വിവാഹ ആഭാസങ്ങൾ തുടരുന്നത്. അതേക്കുറിച്ച് നാളെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marriage ragging
News Summary - Kerala marriage ragging
Next Story