Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകുരിശിലേറ്റപ്പെടുന്ന...

കുരിശിലേറ്റപ്പെടുന്ന കേരള ലോകായുക്ത

text_fields
bookmark_border
kerala lokayukta
cancel

'നീ എത്ര വലിയവനായാലും, നിയമം നിനക്ക് മീതെയാണ്' എന്ന 20ാം നൂറ്റാണ്ടിലെ സുപ്രസിദ്ധ ബ്രിട്ടീഷ് ന്യായധിപൻ ഡെന്നിങ് പ്രഭുവിന്റെ ഉദ്ധരണി നിയമവാഴ്ച നിലനിൽക്കുന്ന രാജ്യത്ത് എന്നും ആപ്തവാക്യമാണ്. 300 വർഷങ്ങൾക്ക് മുമ്പ് ജീവിച്ച ബ്രിട്ടീഷ് ചിന്തകൻ തോമസ് ഫുള്ളർ പറഞ്ഞ വാക്കുകളാണ് ഡെന്നിസ് പ്രഭു തന്റെ നിരവധി വിധിന്യായങ്ങളിൽ ഉദ്ധരിച്ചതെന്നും ചരിത്രം പറയുന്നു. കമ്യൂണിസ്റ്റ് ഭരണവ്യവസ്ഥയിൽ നിയമവാഴ്ചക്ക് സ്ഥാനമില്ല. മറിച്ച്, നിയമംകൊണ്ടുള്ള വാഴ്ചയാണ് എന്നും നിലനിന്നിട്ടുണ്ടായിരുന്നത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് 1999ലെ കേരള ലോകായുക്ത നിയമത്തിന്റെ മൂർച്ചയുള്ള പല്ലുകൾ എടുത്തുമാറ്റിക്കൊണ്ടുള്ള ഓർഡിനൻസിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയ സർക്കാർ നടപടി. ഫലത്തിൽ ലോകായുക്തയുടെ പരമപ്രധാനമായ അധികാരങ്ങൾ നിയമനാധികാരിയായ മുഖ്യമന്ത്രിയും കവർന്നെടുക്കുകയാണ് ഓർഡിനൻസ് വഴി ചെയ്തിരിക്കുന്നത്.

1987ലെ കേരള പൊതുസേവകരുടെ അഴിമതി (കേസന്വേഷണ) നിയമംകൊണ്ട് സംസ്ഥാനത്തെ ഉദ്യോഗസ്ഥ-മന്ത്രിതല അഴിമതി തടയാനുള്ള വ്യവസ്ഥകൾ അപര്യാപ്തമാണെന്ന കാരണത്താലാണ് 1999ലെ ഇടതു സർക്കാർ നിലവിലെ കേരള ലോകായുക്ത നിയമം പാസാക്കി നടപ്പാക്കിയത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ലോകായുക്ത നിയമങ്ങളിൽനിന്ന് ശക്തവും ഫലപ്രദവുമായ നിരവധി വ്യവസ്ഥകളുള്ള ഒരു നിയമമാണ് 1999ലെ കേരള ലോകായുക്ത നിയമം. അത്തരമൊരു നിയമത്തിന്റെ ചിറകരിയുന്ന ഒരു ഓർഡിനൻസാണ് കോവിഡിന്റെ മൂന്നാംതരംഗം അതിരൂക്ഷമായി പടർന്നുപിടിച്ച് ജനങ്ങൾ ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് അമേരിക്കയിൽ ചികിത്സക്കുപോയ മുഖ്യമന്ത്രി ഓൺലൈൻ മുഖാന്തരം പ​ങ്കെടുത്ത മന്ത്രിസഭാ യോഗം ധിറുതിപ്പെട്ട് അംഗീകരിച്ച് ഗവർണറുടെ അനുമതിക്കയച്ചിരിക്കുന്നത്. ഇടതുസർക്കാർ പാസാക്കി നടപ്പാക്കിയ അഴിമതി വിരുദ്ധ നിയമത്തെ കുരിശിൽ തറക്കാൻ മറ്റൊരു ഇടതുസർക്കാർ വേണ്ടിവന്നുവെന്ന് നാളെകളിൽ ചരിത്രം രേഖപ്പെടുത്തും.

പഞ്ചായത്തംഗം തൊട്ട് മുഖ്യമന്ത്രിവരെയും ലോവർ ഡിവിഷൻ ക്ലർക്ക് തൊട്ട് ചീഫ് സെക്രട്ടറി വരെയുള്ളവരുടെ അഴിമതി, ദുർഭരണം, പിടിപ്പുകേട്, അനാസ്ഥ എന്നീ ഭരണ-ഉദ്യോഗസ്ഥ തലത്തിലെ എല്ലാതരം പരാതികൾക്കും ആരോപണങ്ങൾക്കും സങ്കടനിവൃത്തി തേടി ഏതൊരു പൗരനും നേരിട്ട് സമീപിക്കാവുന്ന ഏറ്റവും ശക്തവും ഫലപ്രദവുമായ പരിഹാരനിവൃത്തി വരുത്തുന്ന സ്ഥാപനമായ ലോകായുക്തയെയാണ്​ നിർദിഷ്ട ഓർഡിനൻസ് വഴി നിർവീര്യമാക്കപ്പെടുന്നത്. രണ്ടുതരം കേസുകളാണ് ലോകായുക്തക്ക് തീർപ്പുകൽപിക്കാൻ അധികാരമുള്ളത്. ഒന്ന്, ആരോപണം. മറ്റൊന്ന് പരാതി. പഞ്ചായത്തംഗം തൊട്ട് മുഖ്യമന്ത്രിവരെയുള്ള പൊതുസേവകർ തങ്ങളുടെ അധികാരം ദുരുപയോഗപ്പെടുത്തിക്കൊണ്ട് തനിക്കോ മറ്റാർക്കെങ്കിലുമോ എന്തെങ്കിലും നിയമവിരുദ്ധമായ നേട്ടമുണ്ടാക്കുകയോ തന്റെ നിയമവിരുദ്ധമായ പ്രവൃത്തിമൂലം ആർക്കെങ്കിലും ക്ഷതം ഉണ്ടാക്കുകയോ ചെയ്താലോ ഏതെങ്കിലും പൊതുസേവകൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിക്കൊണ്ട് സ്വന്തം താൽപര്യത്തിനുവേണ്ടി അനുചിതമായോ അഴിമതി പ്രവൃത്തിയാലോ സ്വജനപക്ഷപാതപരമായോ സ്വഭാവദാർഢ്യം ഇല്ലാതെ പ്രവർത്തിച്ചുവെന്ന് പരാതിപ്പെട്ട് ലോകായുക്തയെ സമീപിച്ചാൽ, ലോകായുക്തയുടെ പ്രാഥമിക പരിശോധനയിൽ പരാതിയിൽ കഴമ്പുണ്ടെന്നു തെളിഞ്ഞാൽ പരാതി ഫയലിൽ സ്വീകരിച്ച് ലോകായുക്തയുടെ, ഐ.ജി തലത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലെ സ്​പെഷൽ അന്വേഷണ വിഭാഗത്തെക്കൊണ്ട് അന്വേഷിച്ച് ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റാരോപിതനെ വിളിച്ചുവരുത്തി വിശദമായ തെളിവെടുപ്പ് നടത്തി കുറ്റാരോപിതനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ കുറ്റാരോപിതന്‍റെ യുക്​താധികാരിയോട്​ കുറ്റാരോപിതനെ സ്ഥാനത്തുനിന്ന് നീക്കാൻ കൽപിക്കാനുള്ള ലോകായുക്ത നിയമം 12(3) വകുപ്പനുസരിച്ചുള്ള പരമപ്രധാനമായ അധികാരത്തെ ചോദ്യം ചെയ്യപ്പെടുന്നതാണ് നിർദിഷ്ട ഭേദഗതി.

ലോകായുക്ത കുറ്റാരോപിതനെതിരെയുള്ള കുറ്റം തെളിഞ്ഞതായി പ്രഖ്യാപിച്ചാൽ, കുറ്റാരോപിതനായി കണ്ടെത്തിയ പൊതുസേവകൻ സർക്കാർ ജീവനക്കാരനോ പ്രാദേശിക സ്വയംഭരണ സ്ഥാപനത്തിലെയോ പൊതുമേഖലാ സ്ഥാപനത്തിലെയോ ജീവനക്കാരനാണെങ്കിൽ ലോകായുക്ത കുറ്റക്കാരനാണെന്ന വിധി പ്രസ്താവിക്കുന്നതോടുകൂടി അത്തരം കുറ്റാരോപിതൻ സ്ഥാനമൊഴിഞ്ഞതായി കണക്കാക്കണമെന്നാണ് നിയമവ്യവസ്ഥ. കുറ്റാരോപിതൻ മന്ത്രിയോ മുഖ്യമന്ത്രിയോ ആണെങ്കിൽ കുറ്റാരോപിതൻ തൽസ്ഥാനം രാജിവെക്കണമെന്നും അല്ലാത്തപക്ഷം യുക്താധികാരിയായ മുഖ്യമന്ത്രിയോ ഗവർണറോ യഥാക്രമം മന്ത്രിയെയോ മുഖ്യമന്ത്രിയെയോ സ്ഥാനത്തുനിന്ന് നീക്കം ചെയ്തുകൊണ്ട് ലോകായുക്തക്ക് റിപ്പോർട്ട് നൽകണമെന്നതാണ് നിലവിലെ നിയമവ്യവസ്ഥ.

നിർദിഷ്ട ഭേദഗതിയനുസരിച്ച് ലോകായുക്ത തങ്ങളുടെ സ്വതന്ത്രമായ അന്വേഷണ ഏജൻസി മുഖാന്തരം നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റാരോപിതനെ വിളിച്ചുവരുത്തി നടത്തുന്ന വിശദമായ തെളിവെടുപ്പിന്റെ അടിസ്ഥാനത്തിൽ അഴിമതി നടത്തിയെന്നോ അധികാര ദുർഭരണം നടത്തിയെന്നോ സ്വജനപക്ഷപാതം നടത്തിയെന്നോ കണ്ടെത്തിയാൽ ആ വിധി തള്ളിക്കൊണ്ട് അഴിമതിക്കാരായ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കുറ്റമുക്തമാക്കുവാൻ സർക്കാറിന്​ അധികാരം നൽകുന്ന വ്യവസ്ഥകളുള്ള നിർദിഷ്ട ഓർഡിനൻസ് ലോകായുക്തയുടെ മരണമണിയാണ്. ഫലത്തിൽ ലോകായുക്തയുടെ സർവ അധികാരങ്ങളും മുഖ്യമന്ത്രിയും സർക്കാറും കവർന്നെടുത്ത് ഒരു സൂപ്പർ അപ്പീൽ അധികാരിയായി മാറുന്നതിന് സമാനമാണ് നിർദിഷ്ട ഭേദഗതി. സുപ്രീംകോടതി ജഡ്ജിയായും ഹൈകോടതി ചീഫ് ജസ്റ്റിസായും ഹൈകോടതി ജഡ്ജിയായും തിളക്കമാർന്ന സേവനം നടത്തിയ ഉന്നത ന്യായാധിപന്മാരായ ലോകായുക്തയും ഉപലോകായുക്തയും സമഗ്രമായ തെളിവെടുപ്പിനുശേഷം പ്രസ്താവിക്കുന്ന വിധിയെ ചവറ്റുകുട്ടയിലെറിയാൻ സർക്കാറിന് അധികാരം നൽകിക്കൊണ്ടുള്ള നിയമഭേദഗതി ഫലത്തിൽ ലോകായുക്ത അടച്ചുപൂട്ടുന്നതിന് സമാനമാണ്.

ലോകായുക്ത വിധിക്ക് നിലവിലെ നിയമമനുസരിച്ച് അപ്പീലില്ല. വിധി അന്തിമമാണ്. ഹൈകോടതിക്കുപോലും ലോകായുക്ത വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള റിട്ട് ഹരജിയിന്മേൽ ഭരണഘടന 226ാം അനുച്ഛേദം അനുസരിച്ച് ഇടപെടാനുള്ള അധികാരം പരിമിതമാണ്. മന്ത്രി കെ.ടി. ജലീൽ മ​ന്ത്രിയെന്ന നിലയിൽ തന്റെ അധികാരം ദുരുപയോഗപ്പെടുത്തി അഴിമതിയിൽകൂടിയും സ്വജനപക്ഷപാതത്തിൽ കൂടിയും സ്വന്തം ബന്ധുവിന് നിയമവിരുദ്ധമായി നിയമനം നൽകുകയും മറ്റൊരു യോഗ്യനായ അർഹതപ്പെട്ട ഉദ്യോഗാർഥിക്ക് ക്ഷതമുണ്ടാക്കാൻ തന്റെ അധികാരം ദുരുപയോഗപ്പെടുത്തിയതായുള്ള ലോകായുക്തയുടെ കണ്ടെത്തൽ ഹൈകോടതിയിലും സുപ്രീംകോടതിയിലും ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടാകാതിരുന്നതിന്റെ കാരണവും അഴിമതിക്കും സ്വജനപക്ഷാതത്തിനുമെതിരെ നടപടിയെടുക്കാനുള്ള ലോകായുക്തയുടെ വിപുലമായ അധികാരംകൊണ്ടു മാത്രമാണ്. അത്തരമൊരു നിയമത്തിൽ വെള്ളം കലർത്തി ലോകായുക്തയുടെ അധികാരങ്ങളിൽ ഇടപെടാനുള്ള സർക്കാർ നീക്കം അഴിമതി​ക്കാരെ സഹായിക്കുവാൻവേണ്ടി മാത്രമാണെന്നത് വളരെ വ്യക്തമാണ്.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ലോകായുക്തയേക്കാളും കേരള ലോകായുക്തയും ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയുടെ നേതൃത്വത്തിലെ മുൻ കർണാടക ലോകായുക്തയും വളരെ സുപ്രധാനമായ വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. കേരള യൂനിവേഴ്സിറ്റിയിൽ സി.പി.എം പാർട്ടി നേരിട്ട് ഇടപെട്ട് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റിലെ സ്വാധീനം ഉപയോഗപ്പെടുത്തി യോഗ്യരായ ആയിരങ്ങളായ ഉദ്യോഗാർഥികളെ തഴഞ്ഞ് സ്വന്തം പാർട്ടിക്കാരെ നിയമവിരുദ്ധമായി നിയമിച്ച നടപടി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദ് ചെയ്തുകൊണ്ട് വിധി പ്രസ്താവിച്ചത് കേരള ലോകായുക്തയായിരുന്നു. മുഖ്യമ​ന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും അനർഹരായവർക്ക് സഹായധനം നൽകിയെന്ന ആരോപണവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു വൈസ് ചാൻസലർ നിയമനത്തിൽ സ്വജനപക്ഷപാതം നടത്തിയെന്നാരോപിച്ചുള്ള പരാതികളും കേരള ലോകായുക്തയുടെ പരിഗണനയിലിരിക്കെ അപകടം മനസ്സിലാക്കിയ സർക്കാർ ലോകായുക്തയുടെ അധികാരം കവർന്നെടുക്കാനുള്ള ഉദ്ദേശ്യം വെച്ചുള്ള നിയമഭേദഗതി അഴിമതിക്കാർക്കുള്ള പറുദീസയായി സംസ്ഥാനത്തെ മാറ്റുവാനുള്ള ഉദ്ദേശ്യം വെച്ചുകൊണ്ടുള്ളതാണെന്നതാണ് സത്യം.

ജനലോക്​പാൽ എന്ന നിയമ നിർമാണം നടത്തണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ ഡൽഹിയിൽ സമരരംഗത്തിറങ്ങിയപ്പോൾ അഴിമതി തടയൽ ലോക്പാൽ സ്ഥാപനത്തിന് കൂടുതൽ അധികാരം നൽകമെന്നാവശ്യപ്പെട്ട സി.പി.എം പാർട്ടി കേന്ദ്ര നേതൃത്വത്തിന്​, സംസ്ഥാനത്തെ ലോകായുക്തയെ നിർവീര്യമാക്കുന്ന നിയമഭേദഗതിയെ സംബന്ധിച്ച് എന്താണ് നിലപാടെന്നറിയാൻ കേരളീയ സമൂഹത്തിന് താൽപര്യമുണ്ട്.

നിലവിലെ നിയമമനുസരിച്ച് ലോകയുക്തയായി നിയമനം ലഭിക്കുവാനുള്ള യോഗ്യത സുപ്രീംകോടതി ജഡ്ജിയായോ ഹൈകോടതി ചീഫ് ജസ്റ്റിസായോ സേവനമനുഷ്ഠിച്ചിരിക്കണമെന്നാണ്. ഉപലോകായുക്തയായി നിയമനത്തിനുള്ള യോഗ്യത ഹൈകോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചിരിക്കണമെന്നതാണ്. നിർദിഷ്ട ഭേദഗതിയനുസരിച്ച് ഹൈകോടതി ജഡ്ജിയായി സേവനം ചെയ്ത ആർക്കും ലോകായുക്തയായി നിയമനം ലഭിക്കാമെന്ന നിർദിഷ്ട ഭേദഗതിയും ലോകായുക്ത സ്ഥാപനത്തിന്റെ മഹത്തരമായ പദവിയെ ഇടിച്ചുതാഴ്ത്താൻ ഉദ്ദേശ്യം വെച്ചുകൊണ്ടുള്ളതാണ്. തങ്ങളുടെ ഹിതത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ന്യായാധിപന്മാരെ ​ലോകായുക്ത നിയമനത്തിന് ലഭിക്കി​ല്ലെന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരമൊരു ഭേദഗതിക്ക് സർക്കാർ മുന്നോട്ട് വന്നതെന്നുവേണം കരുതാൻ.

നിർദിഷ്ട ഭേദഗതി നിയമം നടപ്പിലാവുന്നതോടുകൂടി സംസ്ഥാനം അഴിമതിക്കാരായ ഉദ്യോഗസ്ഥ-പൊതു സ്ഥാനീയത്തിലിരിക്കുന്നവരുടെ വിളനിലമായി മാറും. ലോകായുക്തയെ പോലുള്ള അഴിമതി നിരോധന സ്ഥാപനങ്ങൾ പല്ലുകൊഴിഞ്ഞ സിംഹങ്ങളായി നോക്കുകുത്തികളായി മാറും. അഴിമതി നടത്തിയവരെ ശിക്ഷിക്കാനും രക്ഷിക്കാനുമുള്ള പരമാധികാരി സർക്കാറും അതി​െൻറ തലവനായ മുഖ്യമന്ത്രിയും ആയി മാറും. കേരളം കൊള്ളയടിക്കുവാനുള്ള അഴിമതിക്കാരുടെ ഗൂഢനീക്കത്തിനു വേണ്ടിയുള്ള നിർദിഷ്ട നിയമന നിർമാണം സർവശക്തിയുമുപയോഗിച്ച് കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളീയ സമൂഹം ചെറുത്തുതോൽപി​ച്ചേ മതിയാവൂ. ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ എത്ര ശക്തനായ ഭരണാധികാരിയും നിലംപരിശാവുമെന്ന യാഥാർഥ്യം കർഷക നിയമങ്ങൾ​ക്കെതിരെ മോദി സർക്കാർ മുട്ടുമടക്കിയതിൽനിന്നും തെളിയിക്കപ്പെട്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lokayuktaLokayukta amendment
News Summary - Kerala Lokayukta to be crucified
Next Story