Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകേരളം പുതിയ ജില്ലകൾ...

കേരളം പുതിയ ജില്ലകൾ ആവശ്യപ്പെടുന്നുണ്ട്

text_fields
bookmark_border
കേരളം പുതിയ ജില്ലകൾ ആവശ്യപ്പെടുന്നുണ്ട്
cancel

ഐ​ക്യ​കേ​ര​ളം 1956ൽ ​യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, തൃ​ശൂ​ർ, മ​ല​ബാ​ർ എ​ന്നി​ങ്ങ​നെ അ​ഞ്ച് ജി​ല്ല​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഭ​ര​ണ​സൗ​ക​ര്യാ​ർ​ഥം 1957ൽ ​മ​ല​ബാ​ർ ജി​ല്ല​യെ പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളാ​ക്കി വി​ഭ​ജി​ച്ച​താ​ണ് കേ​ര​ള​ത്തി​ലെ ആ​ദ്യ ജി​ല്ലാ വി​ഭ​ജ​നം. പി​ന്നീ​ട് പ്രാ​ദേ​ശി​ക വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ, ഭ​ര​ണ​സൗ​ക​ര്യം, ജ​ന​സം​ഖ്യാ വ​ള​ർ​ച്ച, രാ​ഷ്ട്രീ​യ​സ​മ്മ​ർ​ദം എ​ന്നി​വ​യെ​ല്ലാം മു​ൻ​നി​ർ​ത്തി ആ​ല​പ്പു​ഴ (1957), എ​റ​ണാ​കു​ളം (1958), മ​ല​പ്പു​റം (1969), ഇ​ടു​ക്കി (1972), വ​യ​നാ​ട് (1980), പ​ത്ത​നം​തി​ട്ട (1982), കാ​സ​ർ​കോ​ട് (1984) ജി​ല്ല​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ചു. 1970ക​ളി​ലെ ഡീ​ലി​മി​റ്റേ​ഷ​നു​ശേ​ഷം കേ​ര​ള​ത്തി​ൽ ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം 20 ആ​യെ​ങ്കി​ലും 1984ലെ ​കാ​സ​ർ​കോ​ട് ജി​ല്ല രൂ​പ​വ​ത്​​ക​ര​ണ​ത്തി​നു​ശേ​ഷം ഒ​രു പു​തി​യ ജി​ല്ല ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടി​ല്ല. 39 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ള്ള അ​യ​ൽ സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ട്ടി​ൽ 38 ജി​ല്ല​ക​ളു​ണ്ട്. ഏ​ഴ് പു​തി​യ ജി​ല്ല​ക​ൾ പ​രി​ഗ​ണ​ന​യി​ലു​മാ​ണ്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നു​ള്ളി​ൽ മാ​ത്രം ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി നൂ​റി​ല​ധി​കം പു​തി​യ ജി​ല്ല​ക​ൾ വ​ന്നു. 2014ൽ ​തെ​ല​ങ്കാ​ന സം​സ്ഥാ​ന​മാ​യ ശേ​ഷം ആ​ന്ധ്ര​യി​ൽ 13 ജി​ല്ല​ക​ളാ​ണ് പു​തു​താ​യി പി​റ​ന്ന​ത്. 10 ജി​ല്ല​ക​ൾ മാ​ത്രം ഉ​ൾ​പ്പെ​ട്ടി​രു​ന്ന തെ​ല​ങ്കാ​ന​യാ​വ​ട്ടെ അ​ത് 33 ജി​ല്ല​ക​ളാ​ക്കി പു​ന​ർ​നി​ർ​ണ​യി​ച്ചു. ഭ​ര​ണ​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​നും ജി​ല്ല ആ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​രം കു​റ​ക്കാ​നും 2023ൽ ​രാ​ജ​സ്ഥാ​നി​ൽ പു​തി​യ 19 ജി​ല്ല​ക​ൾ ഒ​രേ സ​മ​യ​മാ​ണ് രൂ​പ​വ​ത്​​ക​രി​ച്ച​ത്. 4.5 കോ​ടി ജ​ന​സം​ഖ്യ​യു​ള്ള രാ​ജ​സ്ഥാ​നി​ൽ ഇ​പ്പോ​ൾ 50 ജി​ല്ല​ക​ളാ​ണു​ള്ള​ത്. കേ​ര​ള ജ​ന​സം​ഖ്യ​യോ​ട് തു​ല്യ​മാ​യ ആ​ന്ധ്ര​യി​ൽ നി​ല​വി​ൽ 26 ജി​ല്ല​ക​ളു​ണ്ട്.

ഭ​ര​ണ​നി​ർ​വ​ഹ​ണ സൗ​ക​ര്യം, വി​ക​സ​ന വി​ഭ​വ വി​ത​ര​ണ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത, ജ​ന​സം​ഖ്യാ വ​ർ​ധ​ന, ഭൂ​വി​സ്തൃ​തി, ഭൂ​ഘ​ട​ന, വി​ക​സ​ന മു​ര​ടി​പ്പി​ൽ നി​ന്നു​ള്ള മോ​ച​നം, ജി​ല്ല ആ​സ്ഥാ​ന​ത്തേ​ക്കു​ള്ള ദൂ​രം കു​റ​ക്കു​ക എ​ന്നി​വ മു​ൻ​നി​ർ​ത്തി​യാ​ണ് മി​ക്ക​യി​ട​ത്തും പു​തി​യ ജി​ല്ല​ക​ൾ ഉ​ണ്ടാ​യ​തെ​ന്ന് കാ​ണാം. 2011ലെ ​സെ​ൻ​സ​സി​നെ ആ​സ്പ​ദ​മാ​ക്കി പ​രി​ശോ​ധി​ച്ചാ​ൽ ഇ​ന്ത്യ​യി​ലെ ഒ​രു ജി​ല്ല​യി​ലെ ശ​രാ​ശ​രി ജ​ന​സം​ഖ്യ പ​തി​ന​ഞ്ച​ര ല​ക്ഷ​മാ​ണ്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ലി​ത് 24 ല​ക്ഷം വ​രെ​യാ​ണ്. മ​ല​പ്പു​റം പോ​ലെ​യു​ള്ള ജി​ല്ല​യി​ൽ ദേ​ശീ​യ ശ​രാ​ശ​രി​യു​ടെ മൂ​ന്നി​ര​ട്ടി​യി​ല​ധി​കം ജ​ന​സം​ഖ്യ​യും കാ​ണാം. ദേ​ശീ​യ ശ​രാ​ശ​രി പ​രി​ഗ​ണി​ച്ചാ​ൽ 20 വ​രെ ജി​ല്ല​ക​ൾ കേ​ര​ള​ത്തി​ൽ ആ​കാ​വു​ന്ന​താ​ണ്. പ​ല കേ​ന്ദ്ര ഫ​ണ്ടു​ക​ളും ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ല​ഭ്യ​മാ​വു​ക എ​ന്ന​തു​മോ​ർ​ക്കു​ക.

പു​തി​യ ജി​ല്ല​: ആവശ്യങ്ങൾ ഇങ്ങനെ

പു​തി​യ ജി​ല്ല രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള അ​ധി​കാ​രം സം​സ്ഥാ​ന സ​ർ​ക്കാ​റി​നാ​ണ്. അ​തി​നാ​വ​ശ്യ​മാ​യ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട​തും സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​തും അ​വ​ർ ത​ന്നെ​യാ​ണ്. പു​തി​യ ജി​ല്ല​ക​ൾ എ​വി​ടെ​യെ​ല്ലാം, ഏ​തെ​ല്ലാം താ​ലൂ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ഉ​ണ്ടാ​ക്ക​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​ത സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന ജി​ല്ല പു​നഃ​സം​ഘ​ട​ന ക​മീ​ഷ​നു​ക​ളു​ടെ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ഉ​ണ്ടാ​വേ​ണ്ട​ത്. എ​ന്നാ​ൽ, ഇ​ത്ത​ര​മൊ​രു ച​ർ​ച്ച​യോ പ​ഠ​ന​മോ സം​സ്ഥാ​ന ഭ​ര​ണ​കൂ​ടം ക​ഴി​ഞ്ഞ നാ​ലു​പ​തി​റ്റാ​ണ്ടാ​യി ഔ​ദ്യോ​ഗി​ക​മാ​യി ന​ട​ത്താ​ത്ത​തി​നാ​ൽ പു​തി​യ ജി​ല്ല​ക്ക് വേ​ണ്ടി​യു​ള്ള പ്രാ​ദേ​ശി​ക ജ​ന​വി​കാ​ര​ങ്ങ​ൾ ചി​ല​യി​ട​ങ്ങ​ളി​ൽ രൂ​പ​പ്പെ​ട്ടു. അ​തി​നു​ള്ള ജ​ന​കീ​യ ന്യാ​യ​ങ്ങ​ളും ക്രോ​ഡീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി കേ​ര​ള​ത്തി​ൽ ഉ​യ​ർ​ന്നു​വ​ന്ന ജി​ല്ല രൂ​പ​വ​ത്ക​ര​ണ ആ​വ​ശ്യ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത് താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്.

മൂ​വാ​റ്റു​പു​ഴ

1982 പ​ത്ത​നം​തി​ട്ട ജി​ല്ലാ രൂ​പ​വ​ത്​​ക​ര​ണ സ​ന്ദ​ർ​ഭ​ത്തി​ൽ ത​ന്നെ മൂ​വാ​റ്റു​പു​ഴ ജി​ല്ല എ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നു​വ​ന്ന​താ​ണ്. കേ​ര​ള​ത്തി​ലെ അ​ടു​ത്ത ജി​ല്ല മൂ​വാ​റ്റു​പു​ഴ ആ​യി​രി​ക്കു​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ൻ 1982ൽ ​പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ടു​ക്കി​യി​ൽ ഉ​ൾ​പ്പെ​ട്ട ദേ​വി​കു​ളം, തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളും മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, പി​റ​വം നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളും പെ​രു​മ്പാ​വൂ​രി​ന്റെ ഭാ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മൂ​വാ​റ്റു​പു​ഴ ജി​ല്ല എ​ന്ന ക​ൺ​സ​പ്റ്റ്. മൂ​വാ​റ്റു​പു​ഴ കേ​ന്ദ്ര​മാ​ക്കി ഒ​രു കാ​ർ​ഷി​ക ജി​ല്ല രൂ​പ​പ്പെ​ട്ടാ​ൽ എ​റ​ണാ​കു​ള​ത്തി​ന്റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യു​ടെ വി​ക​സ​ന വ​ള​ർ​ച്ച​ക്ക് അ​ത് ഉ​പ​കാ​ര​പ്പെ​ടു​മെ​ന്ന് മൂ​വാ​റ്റു​പു​ഴ ജി​ല്ല രൂ​പ​വ​ത്​​ക​ര​ണ​ത്തി​നാ​യി പ​ഠ​നം ന​ട​ത്തി​യ ഡി. ​ബാ​ബു പോ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ എം.​എ​ൽ.​എ ആ​യി​രു​ന്ന ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ നി​യ​മ​സ​ഭ​യി​ൽ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​പ്പോ​ൾ അ​ന്ന​ത്തെ യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ഇ​തി​നാ​യി പ​ഠ​നം ന​ട​ത്താ​ൻ പ്ര​ത്യേ​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. മേ​ഖ​ല​യു​ടെ സ​മ​ഗ്ര​വി​ക​സ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി മൂ​വാ​റ്റു​പു​ഴ ജി​ല്ല രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ ഭാ​ഗ​മാ​യി​ട്ടും വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ എ​ന്നും അ​വ​ഗ​ണ​ന​യാ​ണ് മൂ​വാ​റ്റു​പു​ഴ ഉ​ൾ​പ്പെ​ടു​ന്ന കി​ഴ​ക്ക​ൻ മേ​ഖ​ല നേ​രി​ടു​ന്ന​തെ​ന്ന് ഈ ​വി​ഷ​യ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ലും കാ​ണാം.

നെ​യ്യാ​റ്റി​ൻ​ക​ര

തി​രു​വ​ന​ന്ത​പു​രം ജി​ല്ല വി​ഭ​ജി​ച്ച് നെ​യ്യാ​റ്റി​ൻ​ക​ര, കാ​ട്ടാ​ക്ക​ട താ​ലൂ​ക്കു​ക​ൾ ചേ​ർ​ത്ത ജി​ല്ല രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് മ​റ്റൊ​രാ​വ​ശ്യം. വി​ഴി​ഞ്ഞം തു​റ​മു​ഖം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ​തോ​ടെ ഈ ​ആ​വ​ശ്യ​ത്തി​ന് ശ​ക്തി​യേ​റി. നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ രൂ​പ​വ​ത്ക​ര​ണ സ​മി​തി അ​ര​ല​ക്ഷം ജ​ന​ങ്ങ​ളു​ടെ ഒ​പ്പു​ശേ​ഖ​രി​ച്ച് 2024ൽ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​മു​ള്ള ജ​ന​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​ത് ഈ ​താ​ലൂ​ക്കു​ക​ളി​ലാ​ണ്. ഇ​തി​ന് മാ​റ്റം വ​രു​ത്താ​നും ഇ​വി​ട​ങ്ങ​ളി​ലെ അ​വി​ക​സി​ത മേ​ഖ​ല​ക​ളു​ടെ വ​ള​ർ​ച്ച​ക്കും നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ല യാ​ഥാ​ർ​ഥ്യ​മാ​വേ​ണ്ട​തു​ണ്ടെ​ന്നാ​ണ് ജി​ല്ല രൂ​പ​വ​ത്ക​ര​ണ സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. സി.​പി.​എം നേ​താ​വാ​യ മു​ൻ എം.​എ​ൽ.​എ കെ. ​ആ​ൻ​സ​ല​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ പ്ര​ക്ഷോ​ഭ​ത്തി​ന്റെ മു​ൻ​നി​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

വ​ട​ക​ര

വ​ട​ക​ര താ​ലൂ​ക്കി​ലെ വ​ലി​യ ജ​ന​സം​ഖ്യ മു​ൻ​നി​ർ​ത്തി​യും ഇ​വി​ടെ​നി​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്കു​ള്ള ദൂ​രം പ​രി​ഗ​ണി​ച്ചും വ​ട​ക​ര, നാ​ദാ​പു​രം, കു​റ്റ്യാ​ടി, പേ​രാ​മ്പ്ര ഭാ​ഗ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ജി​ല്ല വേ​ണ​മെ​ന്നൊ​രു ആ​വ​ശ്യ​മു​ണ്ട്. ച​രി​ത്ര​പ​ര​മാ​യും സാം​സ്കാ​രി​ക​മാ​യും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഇ​ത​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഈ ​മേ​ഖ​ല​ക്കു​ള്ള സ​വി​ശേ​ഷ​ത​യും പു​തി​യ ജി​ല്ലാ പ​രി​ഗ​ണ​ന​യി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​രു​ന്നു.

തി​രൂ​ർ

കേ​ര​ള​ത്തി​ൽ ജ​ന​സം​ഖ്യ​യി​ൽ ഒ​ന്നാ​മ​തും ഭൂ​വി​സ്‌​തൃ​തി​യി​ൽ മൂ​ന്നാ​മ​തു​മു​ള്ള ജി​ല്ല​യാ​ണ് മ​ല​പ്പു​റം. ജി​ല്ല ഭ​ര​ണ​കൂ​ട സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും വി​ക​സ​ന വി​ഭ​വ​ങ്ങ​ളു​ടെ വി​ത​ര​ണ സൗ​ക​ര്യ​വും ജ​ന​സം​ഖ്യാ​നു​സൃ​ത​മാ​യ വി​ക​സ​ന ല​ഭ്യ​ത​യു​മെ​ല്ലാം പ​രി​ഗ​ണി​ച്ച് മ​ല​പ്പു​റം ജി​ല്ല​യെ വി​ഭ​ജി​ച്ച് തി​രൂ​ർ ജി​ല്ല രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. തി​രൂ​ർ, തി​രൂ​ര​ങ്ങാ​ടി, പൊ​ന്നാ​നി താ​ലൂ​ക്കു​ക​ൾ ചേ​ർ​ന്നാ​ണ് തി​രൂ​ർ ജി​ല്ല വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. തീ​ര​ദേ​ശ മേ​ഖ​ല എ​ന്ന സ​വി​ശേ​ഷ​ത​യും ഈ ​താ​ലൂ​ക്കു​ക​ൾ​ക്കു​ണ്ട്. മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​റ്റ് താ​ലൂ​ക്കു​ക​ളി​ലെ പ്ര​ധാ​ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം മ​ല​യോ​ര മേ​ഖ​ല​യാ​ണ്. അ​വ മ​ഞ്ചേ​രി കേ​ന്ദ്രീ​ക​രി​ച്ചൊ​രു ജി​ല്ല​യാ​യി മാ​റു​ക എ​ന്ന​താ​ണ് പു​തി​യ ജി​ല്ല​യെ​ക്കു​റി​ച്ചു​ള്ള പ​ല നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. നി​യ​മ​സ​ഭ​യി​ൽ അ​ഡ്വ. കെ.​എ​ൻ.​എ. ഖാ​ദ​ർ മ​ല​പ്പു​റ​ത്ത് പു​തി​യ ജി​ല്ല വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു. മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്ത് ഈ ​വി​ഷ​യ​ത്തി​ൽ പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടു​മു​ണ്ട്. ജി​ല്ല​യി​ലെ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും മ​ത സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി പ്ര​ക്ഷോ​ഭ കാ​മ്പ​യി​നു​ക​ളും ന​ട​ത്തി​യി​രു​ന്നു. മ​ല​പ്പു​റ​ത്തെ മു​ൻ ക​ല​ക്ട​റും അ​സി​സ്റ്റ​ന്റ് ക​ല​ക്ട​റു​മെ​ല്ലാം അ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ ഈ ​ആ​വ​ശ്യ​ത്തെ പ​ര​സ്യ​മാ​യി പി​ന്തു​ണ​ച്ചി​രു​ന്നു. പു​തി​യ സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​ത്തി​ന് മു​ന്നി​ലി​പ്പോ​ൾ മ​ല​പ്പു​റം ജി​ല്ലാ യു.​ഡി.​എ​ഫ് ക​മ്മി​റ്റി​യും ഇ​തു​ന്ന​യി​ച്ചി​രി​ക്കു​ക​യാ​ണ്.

ഭൂ​വി​സ്തൃ​തി​ക്കൊ​പ്പം ജ​ന​സം​ഖ്യ​യും മ​ല​പ്പു​റ​ത്ത് പ​ല​നി​ല​ക്ക് ഭ​ര​ണ​നി​ർ​വ​ഹ​ണ സ്തം​ഭ​നം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. മ​ല​പ്പു​റം ജി​ല്ല രൂ​പ​വ​ത്​​ക​രി​ക്കു​മ്പോ​ൾ ഔ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ച് 13,94,000 ആ​യി​രു​ന്നു ജ​ന​സം​ഖ്യ. 2011ലെ ​സെ​ൻ​സ​സ് അ​നു​സ​രി​ച്ച് ജി​ല്ല​യി​ലെ ജ​ന​സം​ഖ്യ 41,12,920 ആ​ണ്. മ​ല​പ്പു​റ​ത്തെ ജ​ന​സം​ഖ്യാ വ​ർ​ധ​ന​വി​ന്റെ നി​ര​ക്ക് 13.45% ആ​ണ്. ഇ​ത​നു​സ​രി​ച്ച് 2025ൽ 45-50 ​ല​ക്ഷം വ​രെ ജി​ല്ല​യി​ലെ ജ​ന​സം​ഖ്യ എ​ത്തി​യി​ട്ടു​ണ്ടാ​കും. ഇ​ത് ഇ​ന്ത്യ​യി​ലെ ചി​ല ചെ​റു​കി​ട സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​സം​ഖ്യ​യേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്.

ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളു​ടെ മൊ​ത്തം ജ​ന​സം​ഖ്യ 42,80,937 ആ​ണ്. ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി നോ​ക്കു​മ്പോ​ൾ ഈ ​മൂ​ന്ന് ജി​ല്ല​ക​ളി​ലു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ളു​ടെ അ​ത്ര​യും എ​ണ്ണം മ​ല​പ്പു​റം ജി​ല്ല​ക്ക് മാ​ത്ര​മാ​യി അ​നു​വ​ദി​ക്കേ​ണ്ട​തു​ണ്ട്. അ​തൊ​രി​ക്ക​ലും ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന​തു​ത​ന്നെ അ​നീ​തി​യു​ടെ​യും വി​വേ​ച​ന​ത്തി​ന്റെ​യും അ​ട​യാ​ള​മാ​ണ്. ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ ത​ല​വ​ൻ ക​ല​ക്ട​റാ​ണ്. ജി​ല്ല​യി​ലെ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ പ്ര​തി​നി​ധി​യും ജി​ല്ല മ​ജി​സ്ട്രേ​റ്റും കൂ​ടി​യാ​ണ് ക​ല​ക്ട​ർ. മ​ല​പ്പു​റം ജി​ല്ല​യി​ലെ ക​ല​ക്ട​ർ 41 ല​ക്ഷം ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ടി​വ​രു​മ്പോ​ൾ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ 41 ല​ക്ഷം ജ​ന​ങ്ങ​ളു​ടെ സേ​വ​ന​ത്തി​നാ​യി മൂ​ന്ന് ക​ല​ക്ട​ർ​മാ​രും അ​നു​ബ​ന്ധ ഓ​ഫി​സു​ക​ളു​മു​ണ്ട്.

ഭൂ​വി​സ്തൃ​തി പ​രി​ഗ​ണി​ച്ച് പാ​ല​ക്കാ​ട് ജി​ല്ല വി​ഭ​ജി​ച്ച് ഷൊ​ർ​ണൂ​ർ ജി​ല്ല രൂ​പ​വ​ത്ക​രി​ക്കു​ക​യോ, മ​ല​പ്പു​റ​ത്ത് പു​തി​യ ജി​ല്ല വ​രു​മ്പോ​ൾ പാ​ല​ക്കാ​ടി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ൾ അ​തി​നോ​ട് ചേ​ർ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വും ഇ​തി​നോ​ട് ചേ​ർ​ത്തു പ​റ​യേ​ണ്ട​താ​ണ്. ഇ​ങ്ങ​നെ സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​യ​രു​ന്ന പ്രാ​ദേ​ശി​ക ജ​ന​കീ​യ ആ​വ​ശ്യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ ജി​ല്ല പു​നഃ​സം​ഘ​ട​നാ ക​മീ​ഷ​നെ നി​യ​മി​ക്കാ​നും ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​നും പു​തി​യ സ​ർ​ക്കാ​ർ കാ​ല​താ​മ​സം വ​രു​ത്തി​ക്കൂ​ടാ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabarkeralamNew Districts
News Summary - Kerala is demanding new districts
Next Story