Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഒരുമയും സമരവും

ഒരുമയും സമരവും

text_fields
bookmark_border
ഒരുമയും സമരവും
cancel
മതസൗഹാർദത്തെപ്പോലും പൊറുപ്പിക്കില്ലെന്ന നിലപാടാണ് സംഘ്പരിവാർ പുലർത്തുന്നത്. ക്ഷേത്രവും മസ്ജിദും അടുത്തുനിൽക്കുന്നത് അവരുടെ സൈദ്ധാന്തികർക്കുപോലും സഹിക്കുന്നില്ല

മരുഭൂമിയിലെ ചുട്ടുപഴുത്ത മണൽപരപ്പിന്റെ ആഴങ്ങളിൽ മഴകാത്തുകിടക്കുന്ന വിത്തുകളെക്കുറിച്ച് കേട്ടിട്ടുണ്ട്. അതുപോലെയാണ് തെരഞ്ഞെടുപ്പുകാലം! പലവിധ കാരണങ്ങളാൽ പ്രത്യക്ഷമായി രാഷ്ട്രീയജീവിതത്തിലേക്ക് പ്രവേശിച്ചിട്ടില്ലാത്തവർപോലും ഒന്ന് ഉഷാറാവും. നാല് വാക്ക് പറഞ്ഞിട്ട്തന്നെ കാര്യം എന്നൊരു മനോഭാവം ജീവിതത്തെ സജീവമാക്കും. മുദ്രാവാക്യങ്ങൾകൊണ്ട് തെരുവുകൾ, നഗരങ്ങൾ, ഇടവഴികൾ, നിരത്തുകൾ മുഖരിതമാകും. ചുവരുകൾ വർണചിത്രങ്ങൾകൊണ്ട് നിറയും. വിജയ-പരാജയങ്ങളെക്കുറിച്ചുള്ള വാതുവെപ്പുകൾ തുടരും. ചുരുക്കിപറഞ്ഞാൽ പലതരം ആശയങ്ങൾ പ്രചാരണപ്രവർത്തനങ്ങളുടെ ആകാശങ്ങളിൽ ചിറകടിച്ചു പറക്കും. പ്രത്യക്ഷരാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്ന് വിട്ട്നിൽക്കുന്നവർപോലും, തിരഞ്ഞെടുപ്പല്ലേ ഒരുകൈ നോക്കിയിട്ട് ബാക്കികാര്യം എന്ന നിലപാടിലെത്തും. എന്തൊക്കെ പരിമിതികളുണ്ടാവാമെങ്കിലും, തെരഞ്ഞെടുപ്പ് ഒരു മഹോത്സവം തന്നെയാണ്.

ആശയപരമായി പലചേരികളിലുള്ളവർപോലും വോട്ട് ചോദിക്കുമ്പോൾ ഒന്നാകും. ഇതുവരെ വീടുകളിൽപോവാൻ കഴിയാത്തവർപോലും വീട്കയറി കാല്കഴയുന്ന അവസ്ഥയിലെത്തും. ഇനിയൊരു പതിനഞ്ച്കൊല്ലം കഴിഞ്ഞാലും വോട്ടുണ്ടാവാൻ സാധ്യതയില്ലാത്ത കൊച്ചുപുള്ളകളെപ്പോലും കൊഞ്ചിക്കും. ഇതൊക്കെയും തിരഞ്ഞെടുപ്പ് കഴിഞ്ഞാലും നിലനിൽക്കുമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് എതിർ-അനുകൂലചേരികളിൽ നിൽക്കുന്നവർ ഒരുപോലെ പറഞ്ഞുപോവും. പറയുന്നത് പ്രസകതമാണ്, എന്നാൽ ചിലപ്പോഴെങ്കിലും പറഞ്ഞുപോവുന്നതാവും കൂടുതൽ പ്രസകതം. ചേർത്തു നിർത്തുന്ന വാ എന്നൊരൊറ്റ വാക്ക് മതിയാവും, പൂക്കൾവിടർന്ന് സുഗന്ധം പരത്തുന്ന ഒരു പൂന്തോപ്പുണ്ടാവാൻ! എന്നാൽ അധികാരം വളരെ സൂക്ഷ്മത പുലർത്തുന്നില്ലെങ്കിൽ വിഷം തുപ്പും.

വിഭവോന്നതി.കൃത്യവൈഭവംശുഭവ്യാഖ്യാതി ജയങ്ങൾ മേൽക്കുമേൽപ്രഭവിഷ്ണതയെന്നിവറ്റയാൽപ്രഭവിക്കാം ദുരഹന്തയാർക്കുമേ

എന്നുള്ള കുമാരനാശാന്റെ മുന്നറിയിപ്പ് മറ്റാര് മറന്നാലും വിജയികൾ മറക്കരുത്. വിഭവങ്ങളുണ്ടാവുന്നതും, കാര്യങ്ങൾ കൃത്യം ചെയ്യാനുള്ള കഴിവും, പലപ്രകാരേണ വന്നുചേരുന്ന പ്രശസ്തിയും ജയങ്ങൾക്ക് മേലുള്ള ജയവും അതിൽതന്നെ ഒരു തെറ്റല്ല. എന്നാൽ ആശാൻ ഇപ്പറഞ്ഞ നന്മകളെയെല്ലാം, എന്നിവറ്റ എന്നൊരൊറ്റ വാക്കിലൊതുക്കിയത്, ജനങ്ങളിൽനിന്നും ആവശ്യപ്പെടുന്നത് വലിയൊരു ജാഗ്രതയാണ്. പറഞ്ഞുവരുന്നത് തെരഞ്ഞെടുപ്പ് കാലത്തെ സൗഹൃദം തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കുറയുകയല്ല, ശക്തിപ്പെടുകയാണ് വേണ്ടതെന്നാണ്. അതുകൊണ്ട്തന്നെ തെരഞ്ഞെടുപ്പ് കാലത്തെ ബൂത്തുകൾ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജാഗ്രതാസമിതികളായി മാറണം. അധികാരികൾ ഉച്ചരിക്കുന്ന വാക്കുമുതൽ അവർ പുലർത്തുന്ന മൗനംവരെ, നടപ്പിലാക്കുന്ന നയങ്ങൾമുതൽ, നടപ്പിലാക്കാൻ മടിക്കുന്ന കാര്യങ്ങൾവരെ തെരഞ്ഞെടുപ്പിന് ശേഷവും സംവാദവിധേയമാവണം.

ആശയമുക്തമായ വിപണികേന്ദ്രിത പരസ്യപ്രളയത്തേയും, വിദ്വേഷവും വെറുപ്പും വളർത്തുന്ന വിഷപ്രസരണത്തേയും പ്രാണൻകൊടുത്തും പ്രതിരോധിക്കണം. ഒപ്പം ഈ രണ്ട് വിപൽപ്രവണതക്കെതിരെ തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല, സകലസമയത്തും നിരന്തരം പൊരുതുന്നത് ആരാണെന്ന് ഒരു ആത്മപരിശോധനക്ക് മുതിരുകയും ചെയ്യണം. ഒരു ഇടതുപക്ഷ സാംസ്കാരികപ്രവർത്തകനായ എന്നോട് യാത്രകൾക്കിടയിൽ പാതി തമാശയായും കാര്യമായും ചില സുഹൃത്തുക്കൾ പതിവായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എവിടെയാ ഇന്ന് പ്രസംഗം ഫാഷിസത്തിന്നെതിരെ ആയിരിക്കും; നിനക്കിത് നിർത്താറായില്ലേ ചിലർ ഒരുപടികൂടി കടന്ന് പറയും: നിങ്ങളുടെയൊക്കെ പ്രസംഗംകൊണ്ടാണ് ഫാഷിസം ഇവ്വിധം വളർന്നത്! പറഞ്ഞുവരുന്നത് സർവരും ഒന്നിച്ച്നിന്ന് ഫാഷിസത്തെ തോൽപിക്കണം.

അതോടൊപ്പം ഫാഷിസത്തിന്നെതിരെ പോരാടുന്ന മതനിരപേക്ഷ ശക്തികളെ കലവറകൂടാതെ, മറ്റെന്ത് അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും പിന്തുണക്കണം. മതനിരപേക്ഷതയുടെ പച്ചതുരുത്തായി നിലനിൽക്കുന്ന കേരളത്തിൽ നിന്നുപോലും സി. രാധാകൃഷ്ണനെപോലുള്ള ശ്രദ്ധേയനായ ഒരെഴുത്ത്പ്രതിഭ പറയുന്നത്, സംഘപരിവാർ സ്ഥാനാർഥികളായ ശോഭസുരേന്ദ്രനും ആർ ശ്രീലേഖയും നിലപാടുള്ള സ്ത്രീകൾ, അവരെ ജയിപ്പിക്കണം എന്നാണ്! 2002 ആഗസ്റ്റിൽ ഇന്ത്യൻ പ്രസിഡന്റായിരുന്ന കെ.ആർ. നാരായണൻ പറഞ്ഞത് ഇന്ത്യയുടെ പരമോന്നത പദവിയിലിരുന്നിട്ടും ഗുജറാത്ത് വംശഹത്യാകാലത്ത് ഞാനാകെ നിസ്സഹായനായിരുന്നു എന്നാണ്.

മതസൗഹാർദത്തെപ്പോലും പൊറുപ്പിക്കില്ലെന്ന നിലപാടാണ് പൊതുവിൽ സംഘപരിവാർ പുലർത്തുന്നത്. ക്ഷേത്രവും മസ്ജിദും അടുത്തുനിൽക്കുന്നത് അവരുടെ സൈദ്ധാന്തികർക്കുപോലും സഹിക്കുന്നില്ല. കേരളമാണെങ്കിൽ അക്കാര്യത്തിൽ എന്നും ഇന്ത്യക്കൊരു മാതൃകയാണ്. ഒരു അയ്യപ്പനും മറ്റൊരു വാവരും മാത്രമല്ല, എല്ലാ മസ്ജിദും ക്ഷേത്രവും ചർച്ചുമെല്ലാം ഇവിടെ ഐക്യത്തിലാണ്. ഹെഡ്ഗെവാർ മുതലുള്ള സംഘനേതാക്കൾക്കുപോലും ഇതൊന്നും പക്ഷേ സഹിക്കുന്നില്ല. കാശിവിശ്വേശ്വര ക്ഷേത്രത്തിന്നടുത്ത് മസ്ജിദും ഗംഗയുടെ കരയിൽ മിനാറും നിൽക്കുന്നു. ഹിന്ദുക്കളുടെ മനസ്സിൽ ഈ ചോദ്യംതന്നെ ഉയരുന്നില്ല. അവരുടെ ഉള്ളിൽ അതുസംബന്ധിച്ച് വേദനയും ഉണ്ടാകുന്നില്ല. നിശ്ചയമായും സംഘം ഈ സ്ഥിതി മാറ്റാനാണാഗ്രഹിക്കുന്നത്. (ഡോക്ടർ ഹെഡ്ഗെവാർ ജീവചരിത്രത്തിൽനിന്ന്).

അമ്പ് ഏത് നിമിഷവും മുതുകിൽ തറയ്ക്കാംപ്രാണനുംകൊണ്ട് ഓടുകയാണ് (അയ്യപ്പൻ)

തീ വന്ന് വിറകിനോട് ചോദിക്കുന്നു, എനിക്ക് നീ ഒരു ചാൻസ് തരുമോ? അതുപോലെയാണ് ബി.ജെ.പി, കേരളത്തിലെ ക്രിസ്ത്യാനികളോട് അവസരം ചോദിക്കുന്നത്. കേരളമേ നിങ്ങൾ അവസരം കൊടുക്കാതിരിക്കുക. നമ്മുടെ കേരളം കരിഞ്ഞ് ഭസ്മമാകും (അരുന്ധതിറോയി).

വീടിന് പെയിന്റടിക്കുമ്പോഴാണ്, ആദ്യമായി പുട്ടി എന്നൊരു വാക്ക് കേൾക്കുന്നത്. കക്ഷിയെ നേരിൽ കാണുകയും ചെയ്തു. എന്നാൽ ആ വാക്കിന്റെ സാംസ്കാരികതലം മനസ്സിലായത്, നിയോമി ക്ലീനെ വായിച്ചപ്പോഴാണ്. ‘People without memory are putty’. അതായത് ഓർമകളില്ലാത്ത മനുഷ്യർ മറ്റുള്ളവരുടെ കൈയിലെ കളിപ്പാട്ടമാവും. ആർക്കും എങ്ങിനെയും ഉപയോഗിക്കാനാവുംവിധം കർതൃത്വം നഷ്ടപ്പെട്ടവരാകും. അവരെക്കൊണ്ട് അവർക്കുപോലും ഒരുപകാരവും ഉണ്ടാവില്ല. ഫാഷിസ്റ്റുകൾക്കെതിരെ പ്രാണൻകൊടുത്ത് പൊരുതിമരിച്ച രക്തസാക്ഷികളുടെ സ്മരണകളെപ്പോലുമവർ കളങ്കപ്പെടുത്തും. ഉന്തും തള്ളും മുതൽ കണ്ണുരുട്ടൽവരെ, രണ്ടുപേർ തമ്മിലുള്ള അടിപിടി മുതൽ അധിനിവേശങ്ങളെവരെ അവർ ഒരേ പട്ടികയിൽ പെടുത്തും.

പ്രബുദ്ധകേരളമിപ്പോൾ അത്തരം പുട്ടികളുടെയും പറുദീസയാണ്. 2006ൽ അമേരിക്കക്കാരോട് ബിൻലാദിൻ വായിക്കാൻ ആവശ്യപ്പെട്ടത് വില്യംബ്ലമിന്റെ ‘റോങ്സ്റ്റേറ്റ്, എ ഗൈഡ് ടു ദി വേൾഡ്സ് ഓൺലി സൂപ്പർപവർ’ എന്ന സാമ്രാജ്യത്വവിരുദ്ധപഠന ഗ്രന്ഥമാണ്. പറഞ്ഞത് ബിൻ ലാദിനാണെങ്കിലും അതൊരു വലിയ ഓർമപ്പെടുത്തലായിരുന്നു. ‘തെമ്മാടിരാഷ്ട്രം’ എന്ന പേരിൽ രവീന്ദ്രൻ മുവാറ്റുപുഴ ആ ഗ്രന്ഥം മലയാളത്തിൽ പരിഭാഷപ്പെടുത്തിയിട്ടുള്ളത് ഓർമിക്കുന്നു. നമുക്ക് ആശയപരമായി പൊരുത്തപ്പെടാൻ കഴിയാത്തവരാണെങ്കിലും, പ്രസക്തമായതൊന്നും തള്ളി കളയേണ്ടതില്ല. ദൽഹിയിലെ പക്ഷികൾ സുകൃതം ചെയ്തവരാണ്. അവർക്ക് വിസർജ്യം ചെയ്യുവാൻ മഹാത്മാഗാന്ധിയുടെയും രവീന്ദ്രനാഥടാഗോറിന്റെയും പുഷ്കിന്റെയും, അംബേദ്ക്കറുടെയും ശിരസ്സുകളുണ്ട്ലോകത്തിലെ മറ്റേതു രാജ്യത്തെ പക്ഷികൾക്കാണ് ഈ സൗഭാഗ്യമുള്ളത്? ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമാണ് അമേരിക്ക.

അവിടത്തെ അബ്രഹാംലിങ്കന്റെ തലയിൽ കാക്കകൾക്ക് അപ്പിയിടാൻ കഴിയുമോ. (ദൽഹിഗാഥകൾ: എം മുകുന്ദൻ). സ്മരണകളുടെ ആൽബം മറിക്കുമ്പോൾ പ്രശസ്ത പ്രതിഭ എം. മുകുന്ദന്റെ ചോദ്യം കൃത്യമാണ്. അതേസമയം കാക്കക്ക് കാഷ്ഠിക്കാൻ കഴിയാതിരുന്ന ആ അബ്രഹാം ലിങ്കൺ, ഇപ്പോൾ ഒരു പടക്കപ്പലായി മാറി, സ്വയം കാഷ്ഠമല്ല, സാക്ഷാൽ വിഷം ലോകമാകെ വിസർജ്ജിക്കുകയാണ്. ഇത്രയും പറയുന്നത് എന്റെ ഒരനുഭവം പങ്കുവെക്കാനാണ്. പ്രശസ്തലോകപ്രതിഭ ഹെബർമാസ് മരിച്ചപ്പോൾ, ഞാൻ ഒരനുസ്മരണം പറയാൻ എഴുന്നേറ്റപ്പോഴേക്കും പിറകിൽ നിന്ന് ഒരിടതുപക്ഷ സാംസ്കാരികപ്രവർത്തകൻ ഉച്ചത്തിൽ ഇസ്രായേലിനെ പിന്തുണച്ചയാളാണ് എന്ന് വിളിച്ചു പറഞ്ഞു. അതോടെ അനുസ്മരണം ഒരൊറ്റ വാക്യത്തിലൊതുക്കി. മതനിരപേക്ഷ ശക്തികൾ ജയിച്ചാൽ ഫാഷിസ്റ്റുകൾ എങ്ങനെ തലകുത്തിനിന്നാലും മനുഷ്യജീവിതത്തിലൂടെ ഒഴുകുന്ന ഒരുമയുടെ പുഴയെ കുടിച്ചുവറ്റിക്കാൻ അവർക്കൊരിക്കലും കഴിയില്ല. ‘No matter, how sharp your teeth are, you can’t bite water’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sangh Parivarreligious harmonykeralamCulture
News Summary - Kerala and it's own Culture
Next Story