കാവാരികുളം കണ്ടന് കുമാരന്: നവോത്ഥാനത്തിലെ ധീര ശബ്ദം
text_fields
ജാതിവിരുദ്ധ പോരാട്ടങ്ങൾക്കും അധഃസ്ഥിത സമൂഹങ്ങളുടെ മുന്നേറ്റങ്ങൾക്കും നേതൃത്വം നൽകിയ നവോത്ഥാന പ്രവര്ത്തകൻ കാവാരികുളം കണ്ടന് കുമാരന് വിടപറഞ്ഞിട്ട് 90 വര്‍ഷം പൂർത്തിയാവുന്നു. ചരിത്രം രേഖപ്പെടുത്തിയവർ അറിയാതെ പോവുകയോ മനഃപൂര്‍വം വിസ്മരിക്കുകയോ ചെയ്ത കണ്ടന് കുമാരനെപ്പോലുള്ളവർ കേരള നവോത്ഥാനത്തിന്റെ നവജ്ഞാനാന്വേഷണങ്ങളിലൂടെയാണ് വീണ്ടും ചർച്ചയിലെത്തിയത്. ‘‘ഒരു രാജ്യത്തിന്റെ സാമ്പത്തിക നിലവാരം, ആ രാജ്യത്തെ തൊഴിലാളികളുടെ ജോലി...
ജാതിവിരുദ്ധ പോരാട്ടങ്ങൾക്കും അധഃസ്ഥിത സമൂഹങ്ങളുടെ മുന്നേറ്റങ്ങൾക്കും നേതൃത്വം നൽകിയ നവോത്ഥാന പ്രവര്ത്തകൻ കാവാരികുളം കണ്ടന് കുമാരന് വിടപറഞ്ഞിട്ട് 90 വര്‍ഷം പൂർത്തിയാവുന്നു. ചരിത്രം രേഖപ്പെടുത്തിയവർ അറിയാതെ പോവുകയോ മനഃപൂര്‍വം വിസ്മരിക്കുകയോ ചെയ്ത കണ്ടന് കുമാരനെപ്പോലുള്ളവർ കേരള നവോത്ഥാനത്തിന്റെ നവജ്ഞാനാന്വേഷണങ്ങളിലൂടെയാണ് വീണ്ടും ചർച്ചയിലെത്തിയത്.
‘‘ഒരു രാജ്യത്തിന്റെ സാമ്പത്തിക നിലവാരം, ആ രാജ്യത്തെ തൊഴിലാളികളുടെ ജോലി ചെയ്യാന്‍ പറ്റുന്ന അവസ്ഥയെയും അവരുടെ നിലനിൽപിനെയും ആശ്രയിച്ചാണ് നില്‍ക്കുന്നത്. തൊഴിലാളികളാണ് രാജ്യത്തിന്റെ സാമ്പത്തിക നിലവാരം പിടിച്ചുനിർത്തുന്നത്’’-എന്ന വാക്കുകളില്‍നിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയബോധ്യം വ്യക്തം.
ജന്മി-നാടുവാഴി ബന്ധങ്ങള്‍ അടിമത്വത്തെ ഊട്ടിയുറപ്പിക്കുന്ന, മണ്ണില്‍ പണിയെടുക്കുന്ന സമൂഹത്തിനുമേല്‍ എല്ലാത്തരം അധികാരങ്ങളും അതിലൂടെയുള്ള അടിച്ചമര്‍ത്തലും ക്രൂരമായി നിലനിന്നിരുന്ന ഒരു കാലത്ത് 1863 ഒക്ടോബര്‍ 25നാണ് കണ്ടൻ കുമാരന് ജനിക്കുന്നത്. അധഃസ്ഥിത സമൂഹങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശമോ അവസരങ്ങളോ ഉണ്ടായിരുന്നില്ല. പ്രൊട്ടസ്റ്റന്റ് മിഷനറിമാര്‍ ഇവിടെ ആരംഭിച്ച സ്കൂളുകളായിരുന്നു ഏക ആശ്വാസം. ബാല്യകാലത്ത് കാര്യമായി വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയ കണ്ടന് കുമാരന് തന്റെ പ്രവര്‍ത്തനങ്ങളില്‍ മറ്റ് വിഷയങ്ങളേക്കാളും വിദ്യാഭ്യാസത്തിനാണ് ഏറെ ഊന്നല്‍ നല്‍കിയത്.
അറിവും വിഭവാധികാരവും നേടുക എന്ന ലക്ഷ്യത്തില്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിനൊപ്പം പുതുവല്ഭൂമിയും വനഭൂമിയും അടിത്തട്ട് സമൂഹങ്ങള്‍ക്കുവേണ്ടി കണ്ടെത്തി അതിന്മേല് അവകാശം നേടിയെടുക്കുകയും ചെയ്തു.

സംഘടനയും സമുദായ പരിഷ്കരണവും
ജാതീയമായ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സവര്‍ണ വിഭാഗങ്ങളാൽ നിരന്തരം വേട്ടയാടപ്പെട്ട അധഃസ്ഥിത സമൂഹങ്ങളെ സാമൂഹികമായി പരിഷ്കരിക്കാൻ ലക്ഷ്യമിട്ട് 1911 ആഗസ്റ്റ് 29ന് അദ്ദേഹം ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന പറയര് സംഘം രൂപവത്കരിച്ചു. സവർണ ജാതീയ വാദികൾ സംഘടനയുടെ യോഗങ്ങള്‍ നടന്നിരുന്ന ഭജനമഠങ്ങള്‍ കണ്ടുപിടിച്ച് അഗ്നിക്കിരയാക്കി. നിരന്തരം ഇത്തരം എതിര്‍പ്പുകളെ നേരിട്ട് തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും സംഘടനയുടെ ശാഖകള്‍ പ്രവര്‍ത്തനം ശക്തമാക്കി. ജാതിവ്യവസ്ഥ അപരിഷ്കൃതമാണെന്നും അത് ഇല്ലാതാക്കുമ്പോള്‍ മാത്രമാണ് സമുദായത്തിലും സമൂഹത്തിലും പരിഷ്കരണം സാധ്യമാകൂ എന്ന ആശയമാണ് സംഘടനയിലൂടെ കണ്ടൻ കുമാരന് അനുയായികളെ പഠിപ്പിച്ചത്.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍
അധഃസ്ഥിത കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ സാധുജന പരിപാലന സംഘം രൂപവത്കരിച്ചതു മുതൽതന്നെ നിരവധി സമരങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. അധഃസ്ഥിത സമൂഹങ്ങളിലെ കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്ന് 1907ലും 1910ലും ഉത്തരവുകള്‍ ഇറങ്ങുന്നുണ്ടെങ്കിലും സവര്‍ണരുടെ എതിര്‍പ്പുമൂലം അത് പ്രാവര്‍ത്തികമാക്കാന്‍ വീണ്ടും വര്‍ഷങ്ങളെടുത്തു. സ്കൂള്‍ പ്രവേശനം വൈകിയതോടെ കണ്ടന് കുമാരന്റെ നേതൃത്വത്തില്‍ തങ്ങളുടെ കുട്ടികള്‍ക്ക് സ്വന്തമായി വിദ്യാഭ്യാസം നല്‍കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു.
ആദ്യമൊക്കെ സംഘടനയുടെ ശാഖകള്‍ കേന്ദ്രീകരിച്ച് അക്ഷരാഭ്യാസം തുടങ്ങി. മുതിര്‍ന്നവര്‍ക്ക് നിശാപാഠശാലയും ആരംഭിച്ചു. അവിടെനിന്ന് സ്കൂളുകള്‍ സ്ഥാപിക്കുന്നതുവരെയെത്തി അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍. പൊതു വിദ്യാലയങ്ങളില്‍ അധഃസ്ഥിത വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും അതിനൊപ്പം തുടര്‍ന്നു. തിരുവിതാംകൂറില്‍ വിവിധ ഭാഗങ്ങളിലായി 52 ഏകാധ്യാപക സ്കൂളുകളാണ് കണ്ടന് കുമാരന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചത്. കുന്നത്തൂര്‍, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, പീരുമേട്, മാവേലിക്കര, കരുനാഗപ്പള്ളി, അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് പ്രധാനമായും സ്കൂളുകള്‍ തുടങ്ങിയത്. ഏത് സമയത്തും സവര്ണരാൽ ആക്രമിക്കപ്പെടുമായിരുന്ന അക്കാലത്ത് ഇത്തരമൊരു പ്രവര്‍ത്തനം ഏറെ ശ്രമകരമായിരുന്നു. എന്നാല്‍, അത് സാമൂഹിക മാറ്റത്തിനുള്ള പ്രധാന ചുവടുവെപ്പായിത്തീർന്നു. ഇങ്ങനെ സ്ഥാപിച്ച സ്കൂളുകള്‍ പിന്നീട് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.
പ്രജാസഭ പ്രവര്‍ത്തനങ്ങള്‍
1917 ഫെബ്രുവരി 17നാണ് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രജാസഭയില്‍ കണ്ടൻ കുമാരന് ചരിത്ര പ്രസിദ്ധമായ പ്രസംഗം നടത്തിയത്. അധഃസ്ഥിത സമൂഹത്തിന്റെ നിരവധി പ്രശ്നങ്ങള്‍ അദ്ദേഹം പ്രജാസഭയില്‍ ഉന്നയിക്കുകയും പരിഹാരം നേടിയെടുക്കുകയും ചെയ്തു.
വിദ്യാഭ്യാസം പോലെ അധഃസ്ഥിത സമൂഹങ്ങള്‍ക്ക് ഭൂമി നേടിയെടുക്കുന്ന പ്രവര്‍ത്തനങ്ങളിലും കണ്ടന് കുമാരന് ശ്രദ്ധ കേന്ദ്രീകരിച്ചു. വനഭൂമി വെട്ടിത്തെളിച്ച് കൃഷിചെയ്യുക എന്നതായിരുന്നു അദ്ദേഹം ആദ്യം സ്വീകരിച്ച നിലപാട്. പിന്നീട്, ആവശ്യത്തില്‍ കൂടുതല്‍ ഭൂമി കൈയടക്കിവെച്ചിരിക്കുന്ന ജന്മിമാരിൽ നിന്ന് അത് പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന വിപ്ലവാത്മകമായ ആവശ്യം ഉന്നയിച്ചു. പ്രമാണിമാര്‍ ഇതിനെതിരെ രംഗത്തുവന്നെങ്കിലും കണ്ടന് കുമാരന് പകർന്നുനല്‍കിയ അവകാശ ബോധം സമുദായ അംഗങ്ങള്‍ക്ക് കരുത്തേകി. കണ്ടന് കുമാരന്റെ ശ്രമഫലമായി കോട്ടയം, ഇടുക്കി ജില്ലകളിലുള്‍പ്പെട്ട നെടുങ്കാവുവയല്‍, കൂവക്കാവ്, നെടുമ്പ്രത്തുകാവ്, പീരുമേട് പ്രദേശങ്ങളില്‍ ഏക്കര്‍കണക്കിന് ഭൂമിയാണ് സര്‍ക്കാര്‍ പതിച്ചുനല്‍കിയത്. 1934 ഒക്ടോബര്‍ 16നായിരുന്നു വിയോഗം. പിന്നാക്ക ജനതയുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കായി പടപൊരുതിയ നായകരെ വിസ്മരിക്കുകയും തമസ്കരിക്കുകയും ചെയ്യുന്നത് ആ വ്യക്തികളോടല്ല, ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
