Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅഗ്നി അണയാത്ത 100...

അഗ്നി അണയാത്ത 100 ദിനങ്ങള്‍

text_fields
bookmark_border
അഗ്നി അണയാത്ത 100 ദിനങ്ങള്‍
cancel

ജൂലൈ എട്ടുവരെ ജീവചൈതന്യം തുടിച്ചുനില്‍ക്കുന്ന അന്തരീക്ഷമായിരുന്നു കശ്മീരിലുടനീളം കളിയാടിയിരുന്നത്. ഹരിതാഭ ചൂടിയ നെല്‍പാടങ്ങള്‍ കര്‍ഷകന്‍െറ പ്രതീക്ഷകള്‍ക്ക് തിളക്കമേകി. അപ്പിള്‍തോട്ടങ്ങളില്‍ കായ്കള്‍ വിരിയാന്‍ തുടങ്ങിയിരുന്നു. പ്രത്യാശ സര്‍വത്ര പ്രകടം. ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നത്തെിയവര്‍ സോത്സാഹം കശ്മീരി വയലേലകളില്‍ അധ്വാനങ്ങളില്‍ വ്യാപൃതരായിരുന്നു. വിനോദസഞ്ചാരികളുടെ പ്രവാഹത്താല്‍ ശ്രീനഗറില്‍ തിരക്കുകള്‍ തകൃതിയായി. ടൂറിസ്റ്റുകളാല്‍ ഹൗസ്ബോട്ടുകള്‍ നിറഞ്ഞുകവിഞ്ഞു. ഹോട്ടലുകളില്‍ അഡ്വാന്‍സ് ബുക്കിങ് വര്‍ധിച്ചു. പൊടുന്നനെയാണ് എല്ലാം കീഴ്മേല്‍ മറിഞ്ഞത്. ജൂലൈ എട്ടിന് ബുര്‍ഹാന്‍ മുസഫര്‍ വാനിയെ സൈന്യം വധിച്ചതോടെ അശാന്തിയുടെ കവാടങ്ങളാണ് തുറക്കപ്പെട്ടത്. ജനരോഷം അണപൊട്ടി ഒഴുകി. കാരണം അത്ര ചടുലമായിരുന്നു അയാളുടെ വ്യക്തിപ്രഭാവം. പ്രക്ഷോഭവീര്യത്തോടെ വന്‍ ജനക്കൂട്ടങ്ങളാണ് തുടര്‍ന്ന് തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടത്.

എല്ലാ സൈനികാതിക്രമങ്ങളോടുമുള്ള അടക്കിനിര്‍ത്തിയ പ്രതിഷേധവികാരം അവര്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ സൈന്യം കൂടുതല്‍ അടിച്ചമര്‍ത്തലുകളുമായി അവരെ നേരിട്ടു. അതിനകം വിളഞ്ഞ നെല്‍പാടങ്ങളില്‍ കൊയ്ത്ത് മുടങ്ങി. പാകമായ ആപ്പിളുകള്‍ ശേഖരിക്കപ്പെട്ടെങ്കിലും ദൂരദിക്കുകളിലേക്കയക്കാനുള്ള വാഹനങ്ങള്‍ പൊലീസ് തടയാന്‍ തുടങ്ങിയതോടെ ഫലങ്ങളില്‍ ഏറിയ പങ്കും അഴുകി മാലിന്യക്കൂനകളായി.
ബുര്‍ഹാന്‍ വെടിയേറ്റ് മരിച്ച് 100 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ജീവനും ജീവനോപാധികള്‍ക്കും വേണ്ടിയുള്ള രക്തപങ്കിലമായ പോരാട്ടത്തിന്‍െറ വലിയ അധ്യായമാണ് കശ്മീര്‍ ജനത പൂര്‍ത്തീകരിച്ചത്. സൈനിക വെടിവെപ്പില്‍ ഇതിനകം 91 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിപക്ഷവും 15നും 35നുമിടയിലുള്ള യുവാക്കളായിരുന്നു. 12,500ലേറെ പേര്‍ക്ക് പരിക്കേറ്റു. കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ക്ക് പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടു.

22കാരനായ ബുര്‍ഹാന്‍െറ മരണത്തോട് ഇത്ര വ്യാപകമായ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് ജനങ്ങള്‍ തയാറാകുമെന്ന് സൈനികര്‍ പ്രതീക്ഷിച്ചതേയുണ്ടായില്ല. കാരണം, ഏതാനും വര്‍ഷമായി സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ കുറഞ്ഞുവരുകയായിരുന്നു. ആറുവര്‍ഷമായി സൈന്യത്തിന് പിടികൊടുക്കാതെ നടക്കുകയായിരുന്നു വാനി. ഈ കാലയളവില്‍ ജനഹൃദയങ്ങളില്‍ അയാള്‍ ഹീറോ ആയി ഇടം പിടിക്കുകയും ചെയ്തു. സാമൂഹികമാധ്യമങ്ങളിലെ ത്രസിപ്പിക്കുന്ന പോസ്റ്ററുകള്‍ വഴി സ്വതന്ത്ര കശ്മീരിനുവേണ്ടിയുള്ള ആഹ്വാനങ്ങള്‍ അയാള്‍ മുഴക്കിയിരുന്നു. ഇതര ഭീകരസംഘടനാ നേതാക്കളില്‍നിന്ന് വ്യത്യസ്തമായി വിഡിയോകളിലും ചിത്രങ്ങളിലും അയാള്‍ മുഖാവരണങ്ങള്‍ അണിയാതെതന്നെ പ്രത്യക്ഷപ്പെട്ടു.

ജൂലൈ എട്ടിന് വെടിയേറ്റ ബുര്‍ഹാന്‍െറ രക്താഭിഷിക്തമായ മൃതദേഹചിത്രം വൈറലായതോടെ ജനങ്ങള്‍ തെരുവുകളിലേക്ക് ഒഴുകി. ശ്രീനഗറില്‍നിന്ന് 40 കി.മീറ്റര്‍ അകലെയുള്ള അയാളുടെ ജന്മഗ്രാമത്തില്‍ മൃതദേഹം ഒരു നോക്കുകാണാന്‍ രണ്ടരലക്ഷം പേരാണ് തടിച്ചുകൂടിയത്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അതിനിടെ പ്രതിഷേധറാലികള്‍ അരങ്ങേറി. ജനക്കൂട്ടം പൊലീസ് പോസ്റ്റുകള്‍ കൈയേറി. ഇതിനോടുള്ള സുരക്ഷാ വിഭാഗത്തിന്‍െറ പ്രതികരണം മൃഗീയമായിരുന്നു. ആദ്യദിവസംതന്നെ നാലു യുവാക്കള്‍ വെടിയേറ്റു മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പരിക്കേറ്റ് ആശുപത്രികളിലത്തെി. വെടിവെപ്പ് വാര്‍ത്തകള്‍ പടര്‍ന്നശേഷവും ജനങ്ങള്‍ പ്രതിഷേധം അവസാനിപ്പിച്ചില്ല. മുറിവേറ്റരാല്‍ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. വൈകുന്നേരത്തോടെ മരണം 18 ആയി ഉയര്‍ന്നു. ഇന്‍റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. യഥാര്‍ഥ സംഭവങ്ങള്‍ ആരുമറിയാന്‍ പാടില്ളെന്നായിരുന്നു ഭരണകര്‍ത്താക്കള്‍ ആഗ്രഹിച്ചത്.

ഹുര്‍റിയത്ത് നേതാക്കള്‍ സംയുക്ത ചെറുത്തുനില്‍പ്പ് പരിപാടികള്‍ക്ക് രൂപം നല്‍കി. പ്രതിഷേധ റാലികള്‍ക്കായി അവര്‍ പ്രത്യേക കലണ്ടര്‍തന്നെ തയാറാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും കമ്പോളങ്ങളും അടഞ്ഞുകിടന്നു. ചെറുത്തുനില്‍പ്പ് ഗ്രൂപ്പിന്‍െറ കലണ്ടര്‍ പ്രകാരം ജനങ്ങള്‍ തെരുവുകളിലേക്കിറങ്ങി. കണ്ണീര്‍വാതകവും പെല്ലറ്റ് ഗണ്ണും ഉപയോഗിച്ചും അമിത ബലപ്രയോഗം നടത്തിയും കര്‍ഫ്യൂ പ്രഖ്യാപിച്ചുമാണ് സൈന്യം പ്രക്ഷോഭകരെ നേരിട്ടത്.
ശ്രീനഗര്‍ മേഖലയില്‍ തുടര്‍ച്ചയായി 54 ദിവസം കര്‍ഫ്യൂ നിലനിന്നു. ഒരുപക്ഷേ, ചരിത്രത്തിലെ ഏറ്റവും നീണ്ട നിരോധാജ്ഞയാകാം ഇത്. ഈ കടുത്ത സാഹചര്യങ്ങളെ മനോദാര്‍ഢ്യം കൊണ്ടും ഇച്ഛാശക്തികൊണ്ടും മാത്രമാണ് കശ്മീര്‍ ജനത മറികടക്കുന്നതെന്ന് പ്രമുഖ ഗ്രന്ഥകാരന്‍ ഗുലാം നബി ഗൗഹര്‍ നിരീക്ഷിക്കുന്നു.

ഒരുപക്ഷേ, കശ്മീരികളാകും ഏറ്റവും വലിയ കരുതിവെപ്പുകാര്‍. ആറുമാസത്തോളം കഠിനശൈത്യം നിലനില്‍ക്കാറുള്ള മേഖലയാണ് കശ്മീര്‍. ഈ ഘട്ടത്തില്‍ ജനങ്ങള്‍ അധികമായി പുറത്തിറങ്ങാറില്ല. എന്നാല്‍, ഫലങ്ങളും ധാന്യങ്ങളും ഉണക്കി ഭദ്രമായി കരുതിവെക്കുന്ന ശീലം പ്രതികൂലാവസ്ഥയിലെ അതിജീവനത്തിന് അവര്‍ക്ക് തുണയാകുന്നു. ഇതേ കരുതിവെപ്പ് രീതിയാണ് വര്‍ത്തമാന ദുരിതഘട്ടത്തിലും അവരുടെ അവലംബം. സോപോറിലെ കോളജ് പ്രഫസറായ റഫീഖ് അഹ്മദിന്‍െറ നിരീക്ഷണം നോക്കുക. ‘കശ്മീരികളുടെ ജീവിതരീതിയില്‍ മൗലികമാറ്റങ്ങള്‍തന്നെ ദൃശ്യമായിരിക്കുന്നു. ദൈനംദിന കര്‍മങ്ങളെ അവരിപ്പോള്‍ തലതിരിച്ചിട്ടിരിക്കുകയാണ്.  തുടര്‍ച്ചയായ കര്‍ഫ്യൂ, കണ്ടാലുടന്‍ വെടി തുടങ്ങിയ മുറകള്‍ വീടകങ്ങളില്‍ തങ്ങാന്‍ ജനത്തെ നിര്‍ബന്ധിതരാക്കി. അതിനാല്‍ രാത്രിയെ പകലും പകലിനെ രാത്രിയുമായി കണക്കാക്കയാണവര്‍. രാത്രി ഷിഫ്റ്റ് ജോലിക്കാരെ പോലെ ഉറക്കം പകല്‍ സമയത്തേക്ക് മാറ്റിയിരിക്കുകയാണ് സാധാരണക്കാര്‍പോലും. വെളുപ്പിനും സന്ധ്യാസമയത്തും മാത്രം പുറത്തിറങ്ങി ഉറ്റ ബന്ധുക്കളെ കണ്ടെന്നിരിക്കും.

അങ്ങനെ ചെറുത്തു നില്‍പിന്‍െറയും അതിജീവനത്തിന്‍െറയും യാഥാര്‍ഥ്യങ്ങളോട് സമരസപ്പെടുന്നതിന്‍െറയും പുതിയ ഗാഥകള്‍ രചിക്കുകയാണ്  കശ്മീര്‍ ജനത.’
2005ലെ  ഭൂകമ്പത്തെയും 2014ലെ പ്രളയത്തെയും പതറാതെ അഭിമുഖീകരിച്ചവരാണവര്‍. 2014ലെ പ്രളയക്കെടുതികളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സഹായം ലഭ്യമായത് ഏറെ വൈകി 2016 മാര്‍ച്ചിലായിരുന്നു. പ്രകൃതി ദുരന്തവേളകളില്‍ ധാന്യങ്ങളും പച്ചക്കറികളും ട്രക്കുകളില്‍ അയച്ച് ഗ്രാമീണ കര്‍ഷകര്‍ ദുരിതബാധിതര്‍ക്ക് താങ്ങുംതണലുമായി. ജനമുന്നേറ്റത്തെ അടിച്ചമര്‍ത്താന്‍ സൈന്യം അതിക്രമങ്ങള്‍ അഴിച്ചുവിടുമ്പോള്‍ ഇതേമാതൃകയില്‍ അവര്‍ ഇരകളുടെ പക്ഷത്ത് നിലയുറപ്പിച്ചു. ആശുപത്രികള്‍ക്ക് മുമ്പില്‍ റിലീഫ് ക്യാമ്പുകള്‍ തുറന്ന് സന്നദ്ധസേവകര്‍ രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കി.

പ്രക്ഷോഭകരെ വിരട്ടാനാണ് മാരകമല്ലാത്ത കണ്ണീര്‍ വാതകവും പെല്ലറ്റ് ഗണ്ണും ആശ്രയിക്കാറുള്ളതെന്നാണ് സൈനികരുടെ അവകാശവാദം. എന്നാല്‍, കണ്ണ് ഉള്‍പ്പെടെ അവയവങ്ങള്‍ തകര്‍ക്കാന്‍  ഉന്നമിട്ട് ബോധപൂര്‍വമാണ് സുരക്ഷാവിഭാഗം പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചുവരുന്നത് എന്ന കാര്യം സ്പഷ്ടമാണ്. പരിക്കേറ്റ ആയിരങ്ങളുടെ അനുഭവകഥ ഇക്കാര്യം സ്ഥിരീകരിക്കുന്നു. പെല്ലറ്റ് ഗണ്ണിലെ ചീളുകളാല്‍ എത്രപേര്‍ക്ക് പരിക്കേറ്റു എന്ന കണക്ക് തിട്ടപ്പെടുത്താനാവില്ല. പെല്ലറ്റ് കാറ്റ്ട്രിജുകള്‍ വായുവില്‍ പൊട്ടിത്തെറിക്കുമ്പോള്‍ നാനാഭാഗത്തേക്കും ചിതറിത്തെറിക്കുന്ന ലോഹച്ചീളുകള്‍ സമീപസ്ഥരുടെ ശരീരത്തില്‍ തറച്ചുകയറുമ്പോള്‍ കണ്ണുകളോ കാതോ കൈകാലുകളോ കിഡ്നികളോ എന്നന്നേക്കുമായി തകര്‍ന്നുപോകാം. മര്‍മപ്രധാന അവയവങ്ങളില്‍  പെല്ലറ്റുകള്‍ പതിച്ചാല്‍ മരണം വരെ സംഭവിക്കാം.

നിര്‍ണായകമായ രാഷ്ട്രീയ ഇടപെടലുകളിലൂടെ പ്രതിസന്ധിക്ക് പരിഹാരം ആരായാനുള്ള നീക്കങ്ങളോടുള്ള കേന്ദ്രസര്‍ക്കാറിന്‍െറ വൈമുഖ്യം പ്രശ്നത്തെ കൂടുതല്‍ രൂക്ഷമാക്കിയിരിക്കുന്നു. സമരവീര്യം ക്ഷയിച്ച് ജനം സ്വയം  പിന്മാറുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് അധികൃതര്‍. അടിക്കടി കൂടുതല്‍ സൈനികരെ വിന്യസിക്കുന്ന അധികൃതര്‍ ഹൈവേകള്‍ അടച്ചിടുന്നതുമൂലം ചരക്കുഗതാഗതം പൂര്‍ണമായി സ്തംഭിക്കുന്നത് പതിവുകാഴ്ച മാത്രം. ഇത്തരം നടപടികള്‍ കശ്മീരിന്‍െറ സമ്പദ്ഘടനയെ അമ്പേ തകര്‍ക്കുന്നതായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  ആളോഹരി നഷ്ടം 120 കോടിയോളം രൂപവരെ വരുമെന്നാണ് ഒരു വിലയിരുത്തല്‍. അടിച്ചമര്‍ത്തല്‍രീതി മാത്രമാണോ സര്‍ക്കാര്‍ വിജയിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ഓരോ മുക്കുമൂലയിലും നടക്കുന്ന അതിരുകടന്ന സേനാവിന്യാസം നല്‍കുന്ന സൂചന അതാണ്. ഹൈവേകളില്‍ സദാ സുരക്ഷാസേനയുടെ സാന്നിധ്യമുണ്ട്. അവര്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍  കവചിത വാഹനങ്ങളും മൊബൈല്‍ ബങ്കറുകളും യഥേഷ്ടം. യുദ്ധ ഭൂമിക്ക് സമാനമായരീതിയിലാണ് മിക്കയിടങ്ങളിലെയും സുരക്ഷാ സന്നാഹങ്ങള്‍. സൈനികര്‍ക്ക് എവിടെയും ചെന്നുകയറാം. ജനങ്ങളെ പിടികൂടി മര്‍ദിക്കാം. അവരുടെ സ്വത്തുവകകള്‍ നശിപ്പിക്കാം. മഹ്ബൂബയുടെ ന്യായവാദങ്ങള്‍

അതേസമയം മുഖ്യമന്ത്രിക്കസേരയില്‍  സുന്ദരമായി വാഴുന്നതില്‍ മാത്രമാണ് മഹ്ബൂബ മുഫ്തിയുടെ ആനന്ദം. കാരണം ആറുവര്‍ഷത്തേക്ക് ആ കസേരക്ക് ഇളക്കമുണ്ടാകില്ളെന്ന് ബി.ജെ.പി അവര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നു. ഒക്ടോബര്‍ നാലിന് അധികാരത്തില്‍ ആറുമാസം പൂര്‍ത്തീകരിച്ച അവര്‍ സൈനികാതിക്രമങ്ങളെ പരസ്യമായി ന്യായീകരിക്കുന്ന പ്രസ്താവനകളാണ് പുറത്തുവിട്ടത്. വെടിയേറ്റു മരിച്ച കുട്ടികള്‍ പാലും മിഠായിയും വാങ്ങാന്‍ പോയവരല്ളെന്ന അവരുടെ പരിഹാസം ഇപ്പോള്‍ കുപ്രസിദ്ധമാണ്. ജനം മരിച്ചുവീഴുന്നതില്‍ അശേഷം പശ്ചാത്താപം ഇല്ലാത്ത നിസ്സംഗതയുടെ പ്രതിരൂപമായി പലരും മുഖ്യമന്ത്രിയെ കാണുന്നതില്‍ അസ്വാഭാവികതയില്ല. സഖ്യകക്ഷിയായ ബി.ജെ.പിയുടെ നിര്‍ദേശങ്ങള്‍ ഭയഭക്തിപൂര്‍വം പിന്‍പറ്റുന്ന മഹ്ബൂബ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറയും സര്‍വകക്ഷി പ്രതിനിധികളുടെയും സാനിധ്യത്തില്‍ സംഭാഷണങ്ങള്‍ നടത്തിയിരുന്നുവെങ്കിലും തുടര്‍ സംഭാഷണങ്ങള്‍ക്കായുള്ള ആത്മാര്‍ഥ യത്നങ്ങള്‍ ഉണ്ടായില്ല.

സെപ്റ്റംബര്‍ 18ലെ ഉറി സൈനികാക്രമണവും തുടര്‍ന്ന് യു.എസില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് നടത്തിയ ഇന്ത്യാ വിരുദ്ധ പരാമര്‍ശവും സ്ഥിതിഗതികള്‍ വീണ്ടും മൂര്‍ച്ഛിക്കാനിടയാക്കി. നിരന്തരം നിഷ്ഠുരതകള്‍ക്കിരകളാക്കപ്പെടുന്ന കശ്മീര്‍ ജനതക്ക് മുന്നില്‍ രക്ഷാമാര്‍ഗങ്ങള്‍ ഒന്നും തന്നെ ഇല്ളേ? ഈ ചോദ്യത്തിന് മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകന്‍ താരിഖ് മിര്‍ നല്‍കുന്ന ഉത്തരം പ്രസക്തമാണ്. ‘കശ്മീരിലെ ദുരിതങ്ങള്‍ക്ക് അറുതിയുണ്ടാകാന്‍ ഒരു പോംവഴിയുണ്ട്. പാകിസ്താനുമായും കശ്മീര്‍ ജനതയുമായും ഭരണകര്‍ത്താക്കള്‍ സാര്‍ഥകമായ സംഭാഷണങ്ങള്‍ ആരംഭിക്കുക എന്നതാണത്’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir issue
News Summary - kashmir protest
Next Story