Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകശ്‍മീരിൽ കേന്ദ്രം...

കശ്‍മീരിൽ കേന്ദ്രം മറച്ചുപിടിക്കുന്നതെന്ത്?

text_fields
bookmark_border
കശ്‍മീരിൽ കേന്ദ്രം മറച്ചുപിടിക്കുന്നതെന്ത്?
cancel

ശ്രീനഗറിൽനിന്നു ഡൽഹിയിലേക്കുള്ള വിമാനം പറന്നുയർന്ന ശേഷം തികഞ്ഞ നിശ്ശബ്​ദതയായിരുന്നു അകത്ത്​. സംഭവിക്കാൻ പ ാടില്ലാത്തതെന്തൊക്കെയോ ജമ്മു-കശ്മീരിൽ നടക്കുന്നു എന്ന് മുമ്പുള്ള രണ്ടു മണിക്കൂറുകൾകൊണ്ട് ഞങ്ങൾക്ക് മനസ്സില ായി. വിമാനത്താവളത്തിൽ ഭയം മൂലം ആരും ഒന്നും സംസാരിക്കാൻ തയാറാകുന്നില്ല. തങ്ങളെ ആരൊക്കെയോ നിരീക്ഷിച്ചുകൊണ്ടിര ിക്കുന്നു എന്ന​ു പ്രദേശവാസികളായ യാത്രക്കാർ ചുറ്റുമുള്ളവരെ ഭയപ്പെടുന്നപോലെ. വിമാനം പുറപ്പെട്ട് ഏതാനും മിനി റ്റുകൾ കഴിഞ്ഞപ്പോൾ ഒരു മധ്യവയസ്ക ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു മുന്നോട്ടുവന്നു ഞങ്ങളുടെ സംഘത്തെ നയിച്ച രാ ഹുൽ ഗാന്ധിക്ക്​ അരികിൽ നിന്നു. പതിയെ ഒരു തേങ്ങലോടെ അവർ എന്തൊ​െക്കയോ പറയാൻ തുടങ്ങി. അതൊരു നിലവിളിയായി ഉയരാൻ അധി കനേരം വേണ്ടിവന്നില്ല.

ഉറ്റവരെയും ജനിച്ചുവളർന്ന മണ്ണും നഷ്​​ടമായെന്ന് വിലപിച്ചുകൊണ്ട്, എന്താണ് തങ്ങൾ ചെയ് ത തെറ്റെന്ന് നിങ്ങൾ പറഞ്ഞുതരണമെന്നു രാഹുലിനു മുന്നിൽ അവർ ഹൃദയം തകർന്നു പൊട്ടിക്കരഞ്ഞു. ‘എ​​െൻറ സഹോദരൻ ഹൃദ്രോ ഗിയാണ്. കഴിഞ്ഞ പത്തുദിവസമായി ഡോക്ടറെ കാണാൻപോലും കഴിയുന്നില്ല. കുട്ടികൾക്ക് വീടിനു പുറത്തിറങ്ങാനാകുന്നില്ല... ’ അങ്ങനെ ആഴ്ചകളായി അടക്കിവെച്ചിരുന്ന സങ്കടമെല്ലാം അവർ രാഹുലിനു മുന്നിൽ പെരുമഴയായി പെയ്തു. അവരെ ആശ്വസിപ്പിക്കാനാകാതെ ഞങ്ങൾ കുഴങ്ങി. ബന്ധുക്കൾ എവിടെയാണെന്നു പോലും അവർക്കറിയില്ല. ഭക്ഷണമോ വെള്ളമോ കിട്ടുന്നില്ല. ആരും തമ്മിൽ സംസാരിക്കാറില്ല. എപ്പോഴും റോന്തുചുറ്റുന്ന സായുധസൈനികർ മാത്രമാണ് താഴ്വരയിലെ പാതകളിൽ അവശേഷിക്കുന്നതെന്ന്​ അവർ തേങ്ങലോടെ പറഞ്ഞുകൊണ്ടേയിരുന്നു. ഈ മാസം ആദ്യം ജമ്മു-കശ്മീരിനു പ്രത്യേക പദവി നൽകിയ വകുപ്പ്​ 370 റദ്ദാക്കിയതിനെ തുടർന്ന് അവിടത്തെ സമാധാനാന്തരീക്ഷമെല്ലാം നഷ്​ടപ്പെ​െട്ടന്ന്​ അവർ വിലപിക്കുന്നു. ഇന്നലെ വരെ മിത്രങ്ങളായവർപോലും ശത്രുക്കളായി. എന്താണ് സംഭവിക്കുന്നതെന്ന്​ അവർക്കറിയില്ല. വാർത്താമാധ്യമങ്ങളില്ല. ഫോണും ഇൻറർനെറ്റുമെല്ലാം വിഛേദിക്കപ്പെട്ടിട്ട്​ ആഴ്ചകളായി. നാടുപേക്ഷിച്ചു പലായനം ചെയ്യുന്ന ഒരു അഭയാർഥിയെപോലെ എല്ലാം ഇട്ടെറിഞ്ഞു പോകുന്ന നിരവധി കശ്മീരികളിൽ ഒരാൾ മാത്രമാണവർ.

ജമ്മു-കശ്മീർ ഗവർണർ സത്യപാൽ മാലികി​​െൻറ ക്ഷണമനുസരിച്ച്​ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ താഴ്വരയിലെ സ്ഥിഗതികൾ നേരിട്ടറിയാൻ ചെന്ന ഞങ്ങളുടെ പ്രതിനിധിസംഘത്തെ വിമാനത്താവളത്തിനു പുറത്തിറങ്ങാൻ അനുവദിക്കാതെ പ്രദേശവാസികളിൽ നിന്നകറ്റി നിർത്താനാണ് ഭരണകൂടം ശ്രമിച്ചത്. എന്നാൽ, മടക്കയാത്രയിൽ കശ്മീരികളായ നിരവധി പേർ അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു തികഞ്ഞ നിസ്സഹായതയോടെ, കണ്ണീരോടെ, വാതോരാതെ ഞങ്ങളോട് പറഞ്ഞുകൊണ്ടേയിരുന്നു. അക്ഷരാർഥത്തിൽ ഒരു തുറന്ന ജയിലിലെ പോലെയാണ് തങ്ങൾ ഇപ്പോൾ കശ്മീരിൽ ജീവിക്കുന്നതെന്നു, പലരും പ്രതിപക്ഷ സംഘത്തോടും വിമാനത്തിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരോടും പറഞ്ഞു. പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് ജനങ്ങൾ അങ്ങേയറ്റം ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. അതേക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ ശേഷമാണ് രാഹുൽഗാന്ധി ജമ്മു-കശ്മീരിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ചത്. എന്നാൽ, അന്ന് രാഹുലിനോട് ഗവർണർ പറഞ്ഞത്, ‘ഞാൻ വിമാനം അയച്ചുതരാം, ഇവിടെ വന്ന് കാര്യങ്ങൾ നിരീക്ഷിച്ച് മനസ്സിലാക്കൂ’ എന്നാണ്. വിമാനമൊന്നും വേണ്ട, യാത്ര ചെയ്യാനും ജനങ്ങളെയും മുഖ്യധാര രാഷ്​ട്രീയനേതാക്കളെയും സൈനികരേയും കാണാനും അനുമതി മതിയെന്ന്​ രാഹുൽ മറുപടി നൽകി. തുടർന്നാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ്, ഡി.എം.കെ നേതാവ് തിരുച്ചി ശിവ, എൻ.സി.പി, തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി തുടങ്ങിയ പ്രതിപക്ഷപാർട്ടികളുടെ പ്രതിനിധികൾ അടക്കം ഞങ്ങൾ 12 പേരടങ്ങുന്ന പ്രതിനിധിസംഘം ശ്രീനഗറിൽ വിമാനമിറങ്ങിയത്. ബഡ്​ഗാം ജില്ല മജിസ്ട്രേറ്റി​​െൻറ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥസംഘം ഞങ്ങളെ തടഞ്ഞു. തുടർന്ന് എയർപോർട്ടിൽ നിന്നുതന്നെ മടങ്ങണമെന്നും പ്രതിനിധി സംഘത്തിന് പുറത്തിറങ്ങാൻ അനുമതി നിഷേധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി വളരെ പ്രകോപനപരമായ ഒരു ഉത്തരവ് വായിച്ചു കേൾപ്പിച്ചു. ഇതുതന്നെ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനവും ജനാധിപത്യവിരുദ്ധവുമായിരുന്നു.


വിമാനം ലാൻഡ് ചെയ്യാൻ താഴ്ന്നു പറക്കുമ്പോഴേ ഒഴിഞ്ഞ നിരത്തുകളും യുദ്ധസമാനമായ സൈനികവ്യൂഹങ്ങളും തെളിഞ്ഞുകാണാമായിരുന്നു. കശ്മീരിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും സാധാരണനിലയിലാണ് ജനജീവിതമെന്നുമുള്ള രീതിയിൽ കേന്ദ്ര സർക്കാർ പുറത്തുവിടുന്ന വാർത്തകൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നു ഞങ്ങൾക്ക് ഈ സന്ദർശനത്തോടെ ഒരിക്കൽക്കൂടി ബോധ്യമായി. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നുവെന്ന് സർക്കാർ കള്ളം പറയുകയാണെന്ന് ശ്രീനഗർ സ്വദേശിയായ ഡൽഹി യൂനിവേഴ്സിറ്റിയിലെ ബിരുദവിദ്യാർഥിനി പറഞ്ഞു. അവളുടെ അച്ഛൻ പൊലീസുകാരനാണ്. അതുകൊണ്ടാണ് അവൾക്കു സ്വതന്ത്രമായി യാത്രചെയ്യാൻ കഴിയുന്നതെന്നും പക്ഷേ, ഇന്നലെ വരെ സ്നേഹത്തോടെ പെരുമാറിയിരുന്ന നാട്ടുകാർ, ഭരണകൂടത്തിനൊപ്പം നിൽക്കുന്ന പൊലീസുകാരനായ പിതാവിനെ ഇപ്പോൾ വെറുക്കുകയാണെന്നും അവൾ പറഞ്ഞു. സ്കൂളുകൾ തുറന്നെന്ന പ്രതീതിയുണ്ടാക്കാൻ സ്കൂൾബസുകൾ വരിവരിയായി നിരത്തിലിറക്കി ഫോട്ടോ മാധ്യമങ്ങൾക്കു സർക്കാർ കൊടുക്കുകയാണെന്നും ഇത്തരത്തിൽ യാഥാർഥ്യവുമായി പുലബന്ധമില്ലാത്ത വാർത്തകളാണ് കശ്മീരിൽനിന്നും പുറത്തുവരുന്നതെന്നും ആ പെൺകുട്ടി പറയുന്നു.


കശ്മീരിലെ സ്ഥിതി പുറത്തറിയാതിരിക്കാൻ കേന്ദ്രസർക്കാർ എന്തൊക്കെയോ മറയ്ക്കുന്നുണ്ട്. അല്ലെങ്കിൽ, പ്രതിപക്ഷ നേതാക്കളായ ജനപ്രതിനിധികളടക്കമുള്ള നേതാക്കളെ എന്തിനാണ് കുറ്റവാളികളെ പോലെ തടഞ്ഞുവെക്കുന്നത്? താഴ്വരയിലെ ജനജീവിതം ശാന്തമാണെങ്കിൽ അത് ലോകം അറിയട്ടെ. അവിടെ പഴയപോലെ സഞ്ചാരികളും പുറത്തുനിന്നും പല ആവശ്യങ്ങളുമായി വരുന്ന യാത്രക്കാരും എത്തട്ടെ. വാർത്ത വിനിമയമാർഗങ്ങൾ തുറന്നുകൊടുക്കട്ടെ.അതിനൊന്നും സർക്കാർ തയാറല്ല. പക്ഷേ, അന്തർദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്ന കശ്മീരി​​െൻറ ഞെട്ടിക്കുന്ന നേർചിത്രങ്ങൾ ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങൾ മൂടിവെക്കുന്നുവെന്നതാണ് അതിശയിപ്പിക്കുന്നത്. കാരണമൊന്നും പറയാതെ നിരവധി പേരെയാണ് സൈന്യവും പൊലീസും അറസ്​റ്റ്​ ചെയ്തും അല്ലാതെയും തടങ്കലിലാക്കുന്നത്. തെരുവുകളിൽ പ്രതിഷേധിക്കുന്നവരെ അതിക്രൂരമായാണ് ഭരണകൂടം കൈകാര്യം ചെയ്യുന്നത്. പെല്ലറ്റ് അക്രമങ്ങളിലും മറ്റും പരിക്കേറ്റു നിരവധിപേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. രോഗികൾക്കു ചികിത്സ നിഷേധിക്കപ്പെട്ടും മറ്റുമുണ്ടാകുന്ന മരണനിരക്ക് വേറെയുമുണ്ട്. അവിടെ നടക്കുന്ന നീതി നിഷേധങ്ങൾ, ഇനിയൊരിക്കലും പുറത്തുവരാത്ത തരത്തിൽ മാധ്യമങ്ങൾ അവഗണിക്കുകയാണ്. എല്ലാം സമാധാനപരമാണെന്ന തരത്തിൽ, കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്ന രീതിയിൽ സെൻസർ ചെയ്ത വാർത്തകൾ മാത്രമാണ് പുറത്തുവരുന്നതെന്നാണ് ഞങ്ങൾ കണ്ട തദ്ദേശീയർ പലരും പറഞ്ഞത്.

സൈനികർക്കും അർധസൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കും നേരെ പലയിടത്തും കല്ലേറ് നടക്കുന്നുണ്ട്. ശ്രീനഗറിൽ മാത്രം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ഇരുനൂറിലധികം കല്ലേറ് സംഭവങ്ങൾ ഉണ്ടായെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടിടത്തായിപ്പോയ കുടുംബാംഗങ്ങൾക്കുപോലും പരസ്പരം ബന്ധപ്പെടാനാവാത്ത അവസ്ഥയാണ് കശ്മീരിൽ. അവരൊക്കെ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയാനാവാത്ത അവസ്ഥ. തൊട്ടടുത്ത ഗ്രാമത്തിൽ അല്ലെങ്കിൽ പുറം ലോകത്തെന്താണ് നടക്കുന്നതെന്ന് ആർക്കുമറിയില്ല.
ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന രാജ്യസഭയിലെ പ്രതിപക്ഷനേതാവും ജമ്മു -കശ്മീരിലെ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിനെ ഇതു മൂന്നാം തവണയാണ് ജനിച്ചമണ്ണിൽ കാലുകുത്താൻ അനുവദിക്കാതെ മടക്കിയയച്ചത്. മുമ്പ്​ സഹപ്രവർത്തകനായ മുഹമ്മദ് യൂസുഫ് തരിഗാമിയെ കാണാൻ ശ്രീനഗറിലെത്തിയ സീതാറാം യെച്ചൂരിയെയും ഡി. രാജയേയും വിമാനത്താവളത്തിൽ തടഞ്ഞു​െവച്ചിരുന്നു. തങ്ങൾക്കു അനഭിമതരായവർ അവിടെ പോകാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ജനങ്ങളോട് അവർ സംസാരിച്ചാൽ സത്യം പുറത്തുവരും എന്നവർ ഭയക്കുന്നു. മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട അവസ്ഥയിലൂടെയാണ് കശ്മീരിലെ ജനസമൂഹം കടന്നു പോകുന്നതെന്നും പ്രതിനിധി സംഘത്തിന് നേരിൽ ബോധ്യപ്പെട്ടു. കശ്മീരിന് മാത്രമല്ല, ഇന്ത്യയിൽ പ്രത്യേക പദവിയുള്ളതെന്ന്​ ഒാർക്കണം. അരുണാചൽപ്രദേശ്, സിക്കിം, നാഗാലാ‌ൻഡ്, മഹാരാഷ്​ട്ര, ഗുജറാത്ത് തുടങ്ങി പത്തു സംസ്ഥാനങ്ങൾക്കു കൂടി പ്രത്യേക പദവിയുണ്ട്. പക്ഷേ, കശ്‍മീരിനെ മാത്രം രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി ഇപ്പോൾ വിഭജിക്കേണ്ടതി​​െൻറ അടിയന്തര സാഹചര്യമെന്താണെന്നു കശ്മീരിലെ ജനങ്ങൾക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.

ഞങ്ങൾ പോകുന്നത് നിയമലംഘനം നടത്താനല്ലെന്ന്​ ആദ്യമേ തന്നെ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചിരുന്നു. എന്നിട്ടും മൂന്നു മണിക്കൂറോളം എം.പിമാരടക്കമുള്ള സംഘത്തെ എയർപോർട്ടിൽ അന്യായമായി തടഞ്ഞുവെച്ചു. തിരികെ പോരാൻ നിർബന്ധിതമായ ഘട്ടത്തിൽ കശ്മീരിലെ സാഹചര്യങ്ങൾ സംബന്ധിച്ചു ആശങ്കയറിയിച്ചുകൊണ്ടും മൗലികാവകാശങ്ങൾ ലംഘിച്ചു ഞങ്ങളെ തടഞ്ഞുവെച്ച ഭരണകൂടത്തി​​െൻറ ഭരണഘടനാവിരുദ്ധമായ നടപടിക്കെതി​െരയും പ്രതിനിധിസംഘത്തിലെ 12 പേരും ഒപ്പിട്ട നിവേദനം ഗവർണർക്കു കൈമാറാൻ ജില്ല മജിസ്ട്രേറ്റിനെ ഏൽപിച്ചാണ് മടങ്ങിയത്.

രാജ്യത്തി​​െൻറ അഖണ്ഡത ഊട്ടിയുറപ്പിക്കുന്നതിനു എന്നുപറഞ്ഞു നടപ്പിലാക്കിയ ഈ നടപടി കാരണം കശ്മീരിലെ ജനത മാതൃരാജ്യത്തിനെതിരായി എന്നതാണ് വസ്തുത. കശ്മീരിൽ അരാജകത്വമുണ്ടാക്കി തദ്ദേശീയരെ ഇന്ത്യക്കെതിരെ പോരാടാൻ പ്രേരിപ്പിക്കുകയാണ് എക്കാലവും പാകിസ്​താൻ ചെയ്തുവരുന്നത്. ഒപ്പം കശ്മീരിലെ ജനത ഇന്ത്യക്കെതിരാണെന്ന പ്രചാരണമാണ് അന്താരാഷ്​ട്രവേദികളിലടക്കം എന്നും പാകിസ്​താൻ ഉയർത്തുന്നത്. ആ വാദങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്ന തരത്തിൽ കശ്മീർ ജനതയെ രാജ്യത്തിനെതിരെ നീങ്ങാൻ പ്രോത്സാഹനം നൽകുന്ന നടപടിയാണ് ബി.ജെ.പി സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

(എ.ഐ.സി.സി ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir issuearticlekc venugopalCentre govt.
News Summary - Kashmir issue - Centre hide Facts - KC Venugopal- Article
Next Story