Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകണ്ണൂര്‍ ഇനിയും...

കണ്ണൂര്‍ ഇനിയും വഷളാവാനില്ല

text_fields
bookmark_border
കണ്ണൂര്‍ ഇനിയും വഷളാവാനില്ല
cancel

മന$ശാസ്ത്രകാരന്മാരെല്ലാം സംഘര്‍ഷത്തെ കഴുകാന്‍ സംഗീതവും കലയും ചികിത്സയായി നിര്‍ദേശിക്കാറുണ്ട്. കണ്ണൂരിന് ഈ ചികിത്സപോലും ഫലിക്കുന്നില്ല എന്നായാല്‍ പിന്നെ ആരാണ് ജില്ലയെ നന്നാക്കുക? കൗമാരകേരളത്തെ ഏഷ്യയിലെ മറ്റേതൊരു കാര്‍ണിവലിന്‍െറയും മുകളില്‍ പ്രതിഷ്ഠിച്ച ഒരു കലാമാമാങ്കം മാറോട് ചേര്‍ത്തുകൊണ്ടാണ് കണ്ണൂര്‍ അതിന്‍െറ രാഷ്ട്രീയ ദൗര്‍ബല്യത്തിന്‍െറ നാണംകെട്ട കളികളിച്ചത്. കണ്ണൂര്‍ ഇതിനെക്കാള്‍ ഇനി വഷളാവാനുണ്ടോ എന്ന് ചോദിച്ചുപോകും. കലോത്സവം മണ്ണും വിണ്ണും ത്രസിച്ചുനില്‍ക്കുമ്പോള്‍ ഈ കൊല എന്തിനായിരുന്നു, ആരായിരുന്നു എന്നതുപോലും വിവാദമാണ്.

ജില്ലയുടെ ആതിഥേയത്വ മഹിമയെക്കുറിച്ച്ആയിരം നാവോടെ പറയാനാവും. മലയാളനോവലുകളുടെ മാതാവായ ഇന്ദുലേഖ പിറന്ന സൗഭാഗ്യമുണ്ടീ നാടിന്. അനുഷ്ഠാനകലകളുടെയും നാടന്‍ സര്‍ഗാവിഷ്കാരങ്ങളുടെയും കുലീനഭൂമിയാണിത്. നാടുവാഴിത്തത്തിന്‍െറ കുശുമ്പുകളാല്‍ പരസ്പരം വാളും പരിചയുമേന്തി നില്‍ക്കുമ്പോഴും  കവിസദസ്സുകളും സാഹിത്യചര്‍ച്ചകളും പൂരക്കളിയും അറബിപ്പാട്ടുംകൊണ്ട്  സായാഹ്നങ്ങളെ സമ്പന്നമാക്കിയ രാജസ്വരൂപങ്ങളുടെ ഭൂമിയാണിത്. കോലത്തിരി-അറക്കല്‍-ചിറക്കല്‍-കോട്ടയം രാജവംശങ്ങള്‍ നട്ടുവളര്‍ത്തിയ  സാംസ്കാരിക പാരമ്പര്യം ഇന്നും പാരസ്പര്യത്തിന്‍െറ പശിമയില്‍ ചേര്‍ത്തുവെക്കുന്നു പഴയതലമുറ.  പോരാട്ടങ്ങളുടെ പെരുമയുള്ളതാണ് കണ്ണൂരിന്‍െറ രാഷ്ട്രീയം. കേരളത്തിന്‍െറ ബര്‍ദോളിയായി ഉപ്പുകുറുക്കല്‍ സമരത്തിന്‍െറ കേന്ദ്രമായ പയ്യന്നൂര്‍ മുതല്‍ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെ തീച്ചൂളകള്‍ എരിഞ്ഞ പോരാട്ടങ്ങളുടെ ഗരിമയുണ്ട് ഈ നാടിന്. ഇപ്പോഴത്തെ രക്തച്ചൊരിച്ചില്‍ ഇതൊന്നിനോടും ചേര്‍ത്തുവെക്കാനാവാത്ത വിധം പങ്കിലമാണ്.

തലശ്ശേരി മേഖലയായിരുന്നു ആദ്യത്തെ കലാപഭൂമി. കലാപത്തില്‍നിന്ന് മോചനം നേടാന്‍  ആ നാട്ടുകാര്‍ കണ്ടുപിടിച്ച മരുന്നായിരുന്നു തലശ്ശേരി കാര്‍ണിവല്‍. കാര്‍ണിവലിന്‍െറ സൗകുമാര്യത്തില്‍ എല്ലാ വിദ്വേഷവും കഴുകാന്‍ അവര്‍ ശ്രമിച്ചു. ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. തൊണ്ണൂറുകളിലെ രാഷ്ട്രീയ കലാപത്തിന്‍െറ പൊറുതിമുട്ടിയ മനസ്സില്‍ നിന്ന് രൂപപ്പെട്ട  സാംസ്കാരിക വാരമായിരുന്നു 1992ലെ  ‘മൈത്രീമേള’. കണ്ണൂരിനെ പ്രതിനിധാനംചെയ്ത അന്നത്തെ മന്ത്രിമാര്‍ എന്‍. രാമകൃഷ്ണനും എം.വി. രാഘവനും രാഷ്ട്രീയ കാലുഷ്യത്തില്‍ അവരുടെ തട്ടകം പണിതവരാണ്. അവര്‍ക്കുപോലും പിന്നെ കാര്യം മടുത്തു. ഇവരോടൊപ്പം  യശശ്ശരീരനായ ടി.കെ. ബാലന്‍ (സി.പി.എം) ജില്ല കൗണ്‍സില്‍ പ്രസിഡന്‍റായിരിക്കെയാണ് മൈത്രീമേള സംഘടിപ്പിച്ചത്. അന്ന് നഗരസഭയെ നയിച്ചത് മുസ്ലിം ലീഗിന്‍െറ ഇപ്പോഴത്തെ ജില്ല പ്രസിഡന്‍റ് പി. കുഞ്ഞിമുഹമ്മദാണ്. അന്ന് കണ്ണൂരിനെ പ്രതിനിധാനംചെയ്ത് പാര്‍ലമെന്‍റംഗം മുല്ലപ്പള്ളി രാമചന്ദ്രന്‍.  ഇവര്‍ അഞ്ചുപേരും ചേര്‍ന്നാണ് ജില്ല കലക്ടര്‍ എം. രവികാന്തിന്‍െറ നേതൃത്വത്തില്‍ മൈത്രീമേള സംഘടിപ്പിച്ചത്.

1981ല്‍ പതിനാലുപേരെ യമപുരിക്ക് പറഞ്ഞയച്ചശേഷം ഓരോ വര്‍ഷവും നാലും മൂന്നും പേര്‍ വീതം കൊല്ലപ്പെടുന്നു എന്ന കണക്ക് മുന്നില്‍വെച്ചാണ് ഒരു രാഷ്ട്രീയ കൊലപാതകവുമില്ലാത്ത കണ്ണൂരിനുവേണ്ടി മൈത്രീമേള ഒരുക്കിയത്. കണ്ണൂരിന്‍െറ രാഷ്ട്രീയ വൈരം ഈ മേളയില്‍ എരിഞ്ഞുതീരട്ടെ എന്ന് എല്ലാവരും ആശിച്ചു. വാണിദാസ് എളയാവൂര്‍ ചീഫ് എഡിറ്ററായ മേളയുടെ സ്മരണിക നല്‍കിയ സന്ദേശവും അതായിരുന്നു. എന്നാല്‍, കലാവിഷ്കാരങ്ങള്‍  കൊലപാതക  മനസ്സിനെ ശാന്തമാക്കുന്നില്ല എന്ന് അന്ന് തന്നെ തെളിഞ്ഞതാണ്.

ഇത്തവണ 57ാം കേരള സ്കൂള്‍ കലോത്സവം കണ്ണൂരില്‍ അരങ്ങേറുമ്പോഴും ജനങ്ങളുടെ മനസ്സില്‍ ഒരുമയുടെ സ്വപ്നങ്ങളുണ്ടായിരുന്നു. സംഘാടനത്തില്‍ എല്ലാ രാഷ്ട്രീയ ചായ്വുമുള്ള അധ്യാപക സംഘടനകള്‍ക്ക് ഉത്തരവാദിത്തമുള്ളതിനാല്‍ രാഷ്ട്രീയ നേതൃത്വം ഒരുമനസ്സോടെയാണ് മേളയെ വരവേറ്റത്. കലോത്സവ നടത്തിപ്പില്‍ കണ്ണൂരിന്‍െറ ഒരുമയും ആതിഥ്യമഹിമയും പെരുപ്പിച്ചു പറയാന്‍ നേതാക്കള്‍ക്ക് ആയിരം നാവും ഉണ്ടായി. പക്ഷേ, കലോത്സവത്തിന്‍െറ ചരിത്രത്തില്‍ ഒരിക്കല്‍പോലും ഇല്ലാത്ത അനിഷ്ട സംഭവമാണ് ജില്ലയില്‍ നടന്നത്.

കൊലപാതകം സി.പി.എം നിരാകരിച്ചു എന്നത് നേരാണ്. പക്ഷേ, പൊലീസ് കേസെടുത്ത് നടപടിയുമായി നീങ്ങുന്നത് സി.പി.എമ്മുകാരെ പ്രതിചേര്‍ത്താണ്. കുടുംബവഴക്കുള്ള ഒരാളാണ് കൊല്ലപ്പെട്ടതെന്നും, കുടുംബവഴക്കില്‍ ഒരു പക്ഷത്ത് ചേര്‍ന്ന് ആര്‍.എസ്.എസുകാരാണ് കൊന്നതെന്നും സി.പി.എം ആരോപിക്കുന്നു. കൊലപാതകം നിര്‍ഭാഗ്യകരമാണ്. എന്നാല്‍, 12,000 വിദ്യാര്‍ഥികളും രക്ഷിതാക്കളും സന്നാഹവും ഒരു നഗരത്തില്‍ ഒത്തുചേര്‍ന്ന സാഹചര്യത്തില്‍ സംഘ്പരിവാര്‍  പ്രഖ്യാപിച്ച  ഹര്‍ത്താല്‍ പ്രതിഷേധമാണോ, ആരോടൊ ഉള്ള പ്രതികാരമോ ആയാല്‍ പോലും അത് ചെന്നു തറച്ചത് കൗമാരകേരളത്തിന്‍െറ നെഞ്ചിലാണ്. കണ്ണൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഭീതി തോന്നുന്നവര്‍ക്ക് അതിന്‍െറ നേര്‍ക്കാഴ്ച നല്‍കി എന്നത് മാത്രമല്ല ഇതിന്‍െറ ഫലം,  കലാകേരളത്തെ  അപമാനിച്ചുവിടുകകൂടിയായിരുന്നു എന്ന് വേണം. പറയാന്‍. വിലാപയാത്ര, കലോത്സവ വേദിക്ക് മുന്നിലേക്ക് നയിച്ചതും, അതുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം നീണ്ട സംഘര്‍ഷവും ഇത്തരം സാഹചര്യത്തില്‍  ഭരണകൂടം എല്ലാവരുടെയും വിശ്വാസവും അനുസരണവും നേടിയെടുക്കാന്‍ കഴിയാത്തവിധം ദുര്‍ബലമാണ് എന്ന് വ്യക്തമാക്കുന്നതായി.

ഈ കൊലവിളി അവസാനിക്കുമെന്ന അമിതമോഹമൊന്നും ആര്‍ക്കുമില്ല. കാരണം, അത്രത്തോളം തരംതാണുപോയിട്ടുണ്ട് ചില താല്‍പര്യങ്ങള്‍. ഓരോ കൊലയുടെയും, കൊലപാതക ചരിത്രത്തിന്‍െറയും പിന്തുടര്‍ച്ചകളില്‍നിന്ന് തെന്നിമാറാനാവാത്ത വിധം കുരുക്കിലകപ്പെട്ടു കിടക്കുകയാണ് നേതൃത്വങ്ങള്‍. 1972 മുതല്‍ 45 വര്‍ഷത്തിനിടയില്‍ ജില്ലയില്‍ രാഷ്ട്രീയത്തിന്‍െറ പേരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുനൂറ് കവിയും. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കൊലപാതകങ്ങളില്ലാത്ത വര്‍ഷം കടന്ന് പോയിട്ടില്ല.

കയ്യൂര്‍, കരിവള്ളൂര്‍, കാവുമ്പായി, മൊറാഴ പോരാട്ടങ്ങളില്‍ കര്‍ഷകരെ രക്തസാക്ഷിത്വത്തിലത്തെിച്ച് കമ്യൂണിസ്റ്റുകള്‍ അഭിമാനകരമായ സാമൂഹിക നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ ജില്ലയാണിത്. ബ്രിട്ടീഷ് സേനയെക്കാള്‍ ക്രൂരമായ പീഡനം അന്ന് കോണ്‍ഗ്രസുകാരില്‍നിന്ന് കമ്യൂണിസ്റ്റുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. തമ്പ്രാക്കന്മാരുടെ കരണത്തടിക്കാന്‍ കീഴാളന് ചങ്കൂറ്റം നല്‍കിയ കമ്യൂണിസ്റ്റ് മുന്നേറ്റം പിന്നീട് പാരമ്പര്യമായ വൈരമായി നിലനിന്നു. ’70വരെയും കോണ്‍ഗ്രസുകാരുടെ പേശീബലത്തോടാണ് കമ്യൂണിസ്റ്റുകള്‍ പോരാടിയത്. അറുപതുകളില്‍ ജനസംഘത്തിന്‍െറ വരവോടെ പുതിയ എതിരാളി കമ്യൂണിസ്റ്റുകളുടെ മുന്നിലത്തെി.

ബീഡിതൊഴിലാളികളില്‍ കേന്ദ്രീകരിച്ച കമ്യൂണിസ്റ്റുകള്‍ മംഗലാപുരം കേന്ദ്രീകരിച്ച ഗണേശ്ബീഡി കമ്പനിയുടെ ചൂഷണത്തിനെതിരായി സമരം ചെയ്ത് തുടങ്ങിയതോടെ ബീഡിമുതലാളിമാരുടെ സേവകരായിരുന്ന ജനസംഘവുമായി അവര്‍ മുഖാമുഖമായി. ഗണേശ്ബീഡിയെ കെട്ടുകെട്ടിക്കുന്നതിന് കേരളദിനേശ് ബീഡി സഹകരണ സംഘത്തിന് രൂപം നല്‍കി സി.പി.എം പ്രതിരോധിച്ചതോടെ ഈ മേഖലയിലെ വീറും വാശിയും വര്‍ധിച്ചു. 1967 മുതല്‍ ആര്‍.എസ്.എസ് ശാഖകള്‍ ജില്ലയില്‍ സജീവമായപ്പോള്‍ രംഗം കൂടുതല്‍ സങ്കീര്‍ണമായി. പിന്നീട് ഓരോ വര്‍ഷവും കൊലപാതകങ്ങളുടെ പരമ്പരകളായിരുന്നു. പാര്‍ട്ടിഗ്രാമങ്ങള്‍ നിലനിര്‍ത്താനും വെട്ടിപ്പിടിക്കാനുമുള്ള പോരാട്ടത്തില്‍ സംഘ്പരിവാര്‍ ഇന്നിപ്പോള്‍ ഏറെ മുന്നിലാണ്.     l

Show Full Article
TAGS:kannur kannur politics 
News Summary - kannur never bad than now
Next Story