Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമെഡിക്കൽ കോളജ് കൂടിയാൽ...

മെഡിക്കൽ കോളജ് കൂടിയാൽ മാത്രം അസുഖം മാറില്ല

text_fields
bookmark_border
മെഡിക്കൽ കോളജ് കൂടിയാൽ മാത്രം അസുഖം മാറില്ല
cancel
camera_alt

സർക്കാർ ആശുപത്രിയിലെ വാർഡിൽ സ്ഥലമില്ലാത്തതിനെത്തുടർന്ന് വരാന്തയിൽ കിടക്കുന്ന രോഗികൾ (ഫോട്ടോ: മുസ്തഫ അബൂബക്കർ)

സംസ്ഥാന ബജറ്റിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ സമ്മിശ്രമായ പ്രതികരണങ്ങൾക്കാണ് വഴിതുറന്നത്. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജും ഹരിപ്പാട് പുതിയ മെഡിക്കൽ കോളജും യാഥാർഥ്യമാക്കുമെന്ന പ്രഖ്യാപനം ഒരു വശത്ത് നടത്തുമ്പോൾ തന്നെ, നിലവിലുള്ള മെഡിക്കൽ കോളേജുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ തുക വകയിരുത്തേണ്ടി വരുന്ന വൈരുധ്യവും ഇതേ ബജറ്റിൽ ദൃശ്യമാണ്. സത്യത്തിൽ കേരളത്തിന്റെ ആരോഗ്യരംഗത്തിന് അടിയന്തരമായി വേണ്ടത് പുതിയ കെട്ടിടങ്ങളല്ല, മറിച്ച് നിലവിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും താലൂക്ക്-ജില്ലാ ആശുപത്രികളെയും ആധുനികവൽക്കരിച്ച് ശക്തിപ്പെടുത്തലാണ്.

സംസ്ഥാനത്ത് ഇപ്പോൾ 14 സർക്കാർ മെഡിക്കൽ കോളജുകളും 22 സ്വകാര്യ മെഡിക്കൽ കോളജുകളും ഉൾപ്പെടെ 36 മെഡിക്കൽ കോളജുകൾ പ്രവർത്തിക്കുന്നുണ്ട്. നിലവിലുള്ളവ പോലും കൃത്യമായ ജീവനക്കാരോ സൗകര്യങ്ങളോ ഇല്ലാതെ വീർപ്പുമുട്ടുമ്പോൾ, കേവലം ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം പുതിയ മെഡിക്കൽ കോളജുകൾ സ്ഥാപിക്കുന്നത് ബുദ്ധിയല്ല. ഒരു മെഡിക്കൽ കോളജിന്റെ പ്രാഥമിക ലക്ഷ്യം മെഡിക്കൽ വിദ്യാർഥികളുടെ ഗുണനിലവാരമുള്ള പഠനമാണ്. ആ പഠന പ്രക്രിയയുടെ ഭാഗമായി മികച്ച ചികിത്സാ സൗകര്യം ലഭ്യമാകുന്നു എന്ന് മാത്രം. ഒരു പുതിയ മെഡിക്കൽ കോളജ് ആരംഭിച്ച് മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ഭീമമായ തുക ആവശ്യമാണ്. എന്നാൽ, ഇതിന്റെ പത്തിലൊന്ന് മതിയാകും നിലവിലുള്ള ജില്ലാ/താലൂക്ക് ആശുപത്രികളെ മികച്ച സ്പെഷ്യാലിറ്റി - സൂപ്പർ സ്പെഷ്യാലിറ്റി കേന്ദ്രങ്ങളാക്കി മാറ്റാൻ!

റഫറൽ സംവിധാനത്തിന്റെ പോരായ്മകൾ

കേരളത്തിലെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ശാസ്ത്രീയമായ റഫറൽ സംവിധാനത്തിന്റെ അഭാവമാണ്. ഒരു സാധാരണ പനി സങ്കീർണമായാൽ പോലും ജനങ്ങൾ മെഡിക്കൽ കോളജുകളിലെ ഒ.പിയിലേക്ക് ഓടുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇത് മെഡിക്കൽ കോളജുകളിൽ അനാവശ്യമായ തിരക്കിനും, അവിടെയുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സമയനഷ്ടത്തിനും കാരണമാകുന്നു. ഗുരുതര രോഗങ്ങളുമായി എത്തുന്നവർക്ക് യഥാസമയം ചികിത്സ നൽകാൻ കഴിയാത്തവിധം ജീവനക്കാർ സമ്മർദത്തിലുമാവും.

താലൂക്ക് ആശുപത്രികളിൽ തന്നെ മികച്ച കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി അടക്കമുള്ള സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമായാൽ മെഡിക്കൽ കോളജുകളിലെ തിരക്ക് പകുതിയായി കുറയും. ഇതിനൊപ്പം സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രാദേശികമായ അസന്തുലിതാവസ്ഥയും പരിഹരിക്കപ്പെടണം. ദക്ഷിണ-മധ്യ കേരളത്തെ അപേക്ഷിച്ച് വടക്കൻ കേരളത്തിലെയും മലയോര-തീരദേശ മേഖലകളിലെയും സർക്കാർ ആശുപത്രികൾ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ പിന്നിലാണ്. പുതിയ വലിയ പ്രഖ്യാപനങ്ങൾക്ക് പകരം ഈ പ്രദേശങ്ങളിലെ താലൂക്ക്, ജില്ലാ ആശുപത്രികളെ വികസിപ്പിക്കുകയാണ് വേണ്ടത്.

ജീവനക്കാരുടെ കുറവും പരിശോധന സൗകര്യങ്ങളുടെ അഭാവവും

പല സർക്കാർ ആശുപത്രികളിലും അത്യാധുനിക മെഷീനുകൾ ഉണ്ടെങ്കിലും അവ പ്രവർത്തിപ്പിക്കാൻ റേഡിയോഗ്രാഫർമാരോ ലബോറട്ടറി ടെക്നീഷ്യൻമാരോ ഉണ്ടാകാറില്ല.പല ഗ്രാമീണ സർക്കാർ ആശുപത്രികളിലും കിടത്തി ചികിത്സക്ക് ബെഡും വാർഡും ഉണ്ട്, പക്ഷേ ആവശ്യത്തിന് ഡോക്ടറോ നഴ്സോ മറ്റു ജീവനക്കാരോ ഇല്ല എന്ന വലിയ പ്രതിസന്ധി നിലനിൽക്കുന്നു.ആധുനിക ഡയഗ്നോസ്റ്റിക് സൗകര്യങ്ങളായ സി.ടി. സ്കാൻ, എം.ആർ.ഐ. സ്കാൻ, മികച്ച ഡയാലിസിസ് യൂണിറ്റുകൾ, കാത്ത് ലാബുകൾ എന്നിവ താലൂക്ക് തലത്തിൽ തന്നെ തടസമില്ലാതെ ലഭ്യമാക്കേണ്ടതുണ്ട്. ഒപ്പം, പാവപ്പെട്ട രോഗികൾക്ക് മരുന്നുകൾ സൗജന്യമായി ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും വേണം. ഒരു സർക്കാർ ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗിക്ക് വിദഗ്ദ്ധ പരിശോധനകൾക്കായി പുറമെയുള്ള സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നത് പൊതുജനാരോഗ്യ സംവിധാനത്തിന്റെ പരാജയമാണ് കാണിക്കുന്നത്.

വികേന്ദ്രീകൃത വികസനവും ഹോം കെയറും

കേരളത്തിന്റെ മാറുന്ന രോഗാതുരതക്കനുസരിച്ചുള്ള മാറ്റങ്ങളാണ് നമ്മുടെ ആരോഗ്യനയത്തിൽ ഉണ്ടാകേണ്ടത്. ജീവിതശൈലി രോഗങ്ങളും വാർധക്യസഹജമായ അസുഖങ്ങളും ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്ത് അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ വലിയ ആശുപത്രികൾക്ക് പകരം പ്രാദേശികമായ പരിചരണമാണ് ആവശ്യം.

കിടപ്പിലായ രോഗികൾക്കും പ്രായമായവർക്കും താങ്ങാകുന്ന 'ഹോം കെയർ' / പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ തദ്ദേശീയ തലത്തിൽ (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി) കൂടുതൽ ശക്തിപ്പെടുത്തുകയും വേണം. വാർധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് വീട്ടിൽ തന്നെ പ്രാഥമിക ചികിത്സയും ഫിസിയോതെറാപ്പിയും ഉറപ്പാക്കാൻ കഴിഞ്ഞാൽ അത് വലിയൊരു ആശ്വാസമായിരിക്കും. ആശാ വർക്കർമാരുടെയും കുടുംബശ്രീയുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തത്തോടെ ഈ വികേന്ദ്രീകൃത ആരോഗ്യ മാതൃക കൂടുതൽ വിപുലീകരിക്കേണ്ടതുണ്ട്.

(ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ മെഡിക്കൽ ഡയറക്ടറാണ് ലേഖകൻ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam articlehealth sector keralaKerala State Budgetmedical collegeTreatment facility
News Summary - Just adding more medical colleges won't cure the disease
Next Story