Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightന്യൂനപക്ഷവും ഭരണഘടനയെ...

ന്യൂനപക്ഷവും ഭരണഘടനയെ തോൽപിച്ച ഹിന്ദുത്വ മതഭ്രാന്തും

text_fields
bookmark_border
nehru-liyakath
cancel
camera_alt1950? ??????? ????????? ????????? ??? ????? ?????? ???? ?????? ???????????????

കോളനിവാഴ്ചക്കുശേഷവും ഇന്ത്യയിൽ ഗവർണറായി തുടർന്ന ഏക ബ്രിട്ടീഷ് ഉദ്യോഗസ്​ഥനായിരുന്നു സർ ആർച്ച്ബാൾഡ് നെയ്. 1 946–48കാലയളവിൽ മദിരാശി ഗവർണരായിരുന്ന അദ്ദേഹം ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈകമീഷണറുടെ ദൗത്യമേറ്റെടുത്ത് ഡൽഹിയിലേക്ക് പറക്കാനിരിക്കെ മദിരാശി നിയമസഭയുടെ സംയുക്ത സമ്മേളനം വിളിച്ചുകൂട്ടി കുറെ അനുഭവങ്ങളും പാഠങ്ങളും പങ്കുവെച്ചു. മുഖ്യമായും അദ്ദേഹത്തിന് സംസാരിക്കാനുണ്ടായിരുന്നത് മുസ്​ലിം ന്യൂനപക്ഷത്തെ സംബന്ധിച്ചായിരുന്നു. പല ഉന്നതവ്യക്തികളുമായും സ്വകാര്യ സംഭാഷണത്തിലേർപ്പെടുമ്പോൾ മുസ്​ലിംകളെ വിശ്വസിക്കരുതെന്നും അവർ ഒരുമിച്ചുജീവിക്കാൻ കൊള്ളാത്തവരുമാണെന്നും താൻ അഭിപ്രായം നടത്തിയിരുന്നത്​ അദ്ദേഹം സങ്കടത്തോടെ അനുസ്​മരിച്ചു. ഒടുവിൽ അദ്ദേഹം ചില ഉപദേശങ്ങൾ നൽകി.

ന്യൂനപക്ഷങ്ങൾ എവിടെയെല്ലാം പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം സ്വസ്​ഥത നഷ്​ടപ്പെട്ടിട്ടുണ്ട്. കിഴക്കൻ യൂറോപ്പി​െൻറ അനുഭവങ്ങൾ ഉദാഹരണം. ഒരു രാജ്യത്ത് ഒരു ജനത ന്യൂനപക്ഷമാവുന്നത് അപരാധമല്ല. ന്യൂനപക്ഷങ്ങളോട് ഭരണകൂടവും അവിടത്തെ ഭൂരിപക്ഷവും ഉദാരതയോടെ പെരുമാറുകയാണെങ്കിൽ അവർ നന്ദി കാണിക്കാതിരിക്കില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്​ലിം അവസ്​ഥ വിവരിക്കെ, ചരിത്രകാരനായ വിൽഫ്രഡ് കാർട്ട്​വെൽ സ്​മിത്ത് ഒരു താക്കീതു നൽകി: ഇന്ത്യയിലെ നാലു കോടി മുസ്​ലിംകളെ (1948 ലെ കണക്ക്​​) മാറ്റിനിർത്തി മുന്നോട്ടുപോവാമെന്നാണ് ഭരണകൂടം കരുതുന്നതെങ്കിൽ, സ്വാസ്​ഥ്യം നഷ്​ടപ്പെട്ട നാളുകളായിരിക്കും രാജ്യത്തെ കാത്തിരിക്കുക.

സർ ആർച്ച്ബാൾഡും ഡബ്ല്യു.സി.സ്​മിത്തും പങ്കുവെച്ച ആശങ്കകളെല്ലാം മറികടന്നാണ് സ്വതന്ത്ര ഇന്ത്യ മുന്നോട്ടുചലിച്ചത്. പാകിസ്താൻ മുസ്​ലിംരാജ്യമായി പ്രഖ്യാപിക്കപ്പെട്ടതിനാൽ ഇന്ത്യ ഹിന്ദുരാഷ്​ട്രമായി മാറണമെന്ന തീവ്രവലതുപക്ഷത്തി​െൻറ– വി.ഡി. സവർക്കറുടെയും എം.എസ്​. ഗോൾവാൾക്കറുടെയും ശിഷ്യന്മാരുടെ- മോഹങ്ങൾ തള്ളിക്കളഞ്ഞാണ് നെഹ്റു മതേതര ജനാധിപത്യ ഇന്ത്യക്ക് ഉൗടും പാവും നൽകിയത്. ഹൈന്ദവ പാരമ്പര്യവാദികളായ ഡോ. രാജേന്ദ്രപ്രസാദിനെയും ഡോ. എസ്​. രാധാകൃഷ്ണനെയുമൊക്കെ രാഷ്​ട്രപതി പദവികളിൽ പ്രതിഷ്ഠിച്ചപ്പോഴും, രാജ്യം ഭരണഘടന വിഭാവന ചെയ്യുന്ന സമത്വത്തി​െൻറയും മതതുല്യതയുടെയും പാതയിൽനിന്ന് വ്യതിചലിക്കാതിരിക്കാൻ ആ ക്രാന്തദർശി പരമാവധി പരിശ്രമിച്ചു. മുസ്​ലിംകൾക്കുള്ള പ്രത്യേക മണ്ഡലങ്ങൾ ഒഴിവാക്കിയെങ്കിലും ജനസംഖ്യയുടെ അടിസ്​ഥാനത്തിൽ സീറ്റ് സംവരണം ചെയ്യാൻപോലും ഒരു ഘട്ടത്തിൽ ധാരണയുടെ വക്കിലെത്തിയിരുന്നു.

ആ നീക്കം അട്ടിമറിച്ചത് ന്യൂനപക്ഷകാര്യ ചുമതലയുള്ള സർദാർ പട്ടേലാണ്. യു.പിയിൽനിന്നുള്ള വനിത അംഗം ബീഗം ഐജാസ്​ റസൂലിനെവെച്ച് അദ്ദേഹം കരുക്കൾ നീക്കിയപ്പോൾ മുഹമ്മദ് ഇസ്​മാഈൽ സാഹിബി​െൻറയും ബി. പോക്കർ സാഹിബി​െൻറയും തന്ത്രങ്ങൾ പാളി. ഇരുരാജ്യങ്ങളിലെയും കലുഷിതാവസ്​ഥയിൽ ന്യൂനപക്ഷങ്ങളുടെ അരക്ഷിതത്വം കണ്ട് മനംനൊന്ത നെഹ്റു തലപുകഞ്ഞാലോചിച്ചതി​െൻറ ഫലമാണ് 1950ൽ ഒപ്പിട്ട നെഹ്റു –ലിയാഖത്ത് അലി ഖാൻ കരാർ. ന്യൂനപക്ഷങ്ങളുടെ മാഗ്​നകാർട്ടയായാണ് അന്ന് ആഗോളമാധ്യമങ്ങൾ അതിനെ വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തങ്ങളുടെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ബാധ്യസ്​ഥരാണെന്ന് ഇരു ഭരണകർത്താക്കളും അന്ന് ശപഥമെടുത്തു.1950 ഏപ്രിലിൽ പാർലമ​െൻറിൽ സംസാരി​െക്ക, പശ്ചിമബംഗാളിൽ മുസ്​ലിംകൾ നേരിടുന്ന ഭീതിദാവസ്​ഥ വിവരിച്ച നെഹ്റു ഗദ്ഗദകണ്ഠനായി. ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ഫ്രാങ്ക് ആൻറണി കൊൽക്കത്തയിൽ നടമാടിയ വർഗീയകലാപത്തെ കുറിച്ച് വിവരി​െക്ക, മുസ്​ലിംകൾ മരണത്തി​െൻറ നിഴലിലാണ് നിമിഷങ്ങൾ തള്ളിനീക്കുന്നതെന്ന് വ്യക്തമാക്കിയത് സഭയെ ശബ്​ദായമാനമാക്കി.

പടിഞ്ഞാറും കിഴക്കും മുഖ്യമായും കൂട്ടക്കൊലകൾക്ക് കാർമികത്വം വഹിച്ചത് ആർ.എസ്​.എസായിരുന്നു. എന്നിട്ടാണ് നവംബർ ഒമ്പതിന് പൗരത്വനിയമ ഭേദഗതിബിൽ ലോക്സഭയിൽ അവതരിപ്പിക്കവെ അമിത് ഷാ തട്ടിവിട്ടത്, നെഹ്റു–ലിയാഖത്ത് അലി ഖാൻ കരാർ പാകിസ്​താൻ പരാജയപ്പെടുത്തിയതു കൊണ്ടാണ്​ ഇമ്മട്ടിലൊരു നിയമം അനിവാര്യമായി വന്നതെന്ന്. കഴിഞ്ഞ എഴുപത് വർഷത്തിനിടയിൽ മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്​താനിലും ‘പീഡിപ്പിക്കപ്പെടുന്ന’ തങ്ങൾക്ക് അഭയം നൽകണമെന്ന് ഏതെങ്കിലും കോണിൽനിന്ന് മുറവിളി ഉയർന്നതായി കേട്ടിട്ടില്ല. 140 ലക്ഷം മനുഷ്യർ അവരുടെ ആവാസവ്യവസ്​ഥയിൽനിന്ന് വലിച്ചെറിയപ്പെട്ടപ്പോൾ ചുരുങ്ങിയ 20ലക്ഷം ജീവനുകൾ വിഭജനത്തി​െൻറ കാട്ടുതീയിൽ വെന്തെരിഞ്ഞു. ഏഴുലക്ഷം ഹിന്ദുക്കൾ 1950ന് മുമ്പ് ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു. ഇവിടെനിന്ന് ആറുകോടി മുസ്​ലിംകളാണ് ‘പുണ്യഭൂമി’ തേടി പോയത്.

ഗരിമയാർന്ന രാഷ്​ട്രപ്രമാണം
നമ്മുടെ രാജ്യത്തെ മഹത്തരമാക്കുന്ന ഘടകം ബൃഹത്തും അധുനാധുനികവുമായ ലിഖിത ഭരണഘടനയാണ്. ജാതീയ ഉച്ചനീചത്വങ്ങളുടെ പാപപങ്കിലമായ സഹസ്രാബ്​ദങ്ങളെക്കുറിച്ച് ആഴത്തിൽ അറിവുള്ള ബാബാസാഹബ് അംബേദ്​കറുടെ ബുദ്ധിവൈഭവത്തിൽ വാർന്നുവീണ റിപ്പബ്ലിക്കൻ ആശയങ്ങൾ തീവ്രവലതുപക്ഷത്തി​െൻറ സകല പിന്തിരിപ്പൻ കാഴ്ചപ്പാടുകളെയും പുറംകാലു കൊണ്ട് ചവിട്ടിമെതിക്കുന്നതായിരുന്നു. ഭൂരിപക്ഷം വരുന്ന സമൂഹത്തെ പിടിപെട്ട മാരകരോഗങ്ങളെ കുറിച്ച് അംബേദ്​കർ പൂർണ ബോധവാനായിരുന്നു.

ദേശീയവിമോചന പ്രസ്​ഥാനം പ്രഫുല്ലമാക്കിയ സകല വിചാരധാരകളെയും കടഞ്ഞെടുത്ത് സാമൂഹികസമത്വത്തി​െൻറയും മതസ്വാതന്ത്ര്യത്തി​െൻറയും ഉജ്വല മാതൃകൾ ലോകത്തിനു മുന്നിൽ കാഴ്ചവെച്ച ഭരണഘടനയെന്ന ജീവിതരേഖ ആധുനികതയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിനുള്ള ആയുധവും ഇന്ധനവുമായിരുന്നു. രാജ്യത്ത് ലഭിക്കാവുന്ന ഏറ്റവും പ്രാപ്തരായ 300 അംഗങ്ങൾ 1946 ഡിസംബർ ഒമ്പതു മുതൽ ’49 ഡിസംബർ 26വരെ 11 സെഷനുകളിലായി 165 ദിവസം കൂടിയിരുന്നാണ് 395 അനുച്ഛേദങ്ങളും 12 ഡെഷ്യൂളുകളുമുള്ള ഭരണഘടനക്ക് അന്തിമരൂപം നൽകുന്നത്.

1946 ഡിസംബർ 13നു ഭരണഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിവരിക്കുന്ന പ്രമേയം അവതരിപ്പിച്ച്​ നെഹ്റു പറഞ്ഞു: ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായിരിക്കും. പൗരന്മാർക്ക് നീതിയും സാമൂഹികമായും രാഷ്​ട്രീയമായും സാമ്പത്തികമായും തുല്യപദവി ഉറപ്പുനൽകും. നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണ്. ചിന്തക്കും ആവിഷ്കാരത്തിനും വിശ്വാസത്തിനും ആരാധനക്കും ജോലിക്കും കൂട്ടായ്മക്കുമുള്ള സ്വാതന്ത്ര്യം തുല്യമായിരിക്കും’. ഒരു കാര്യം തറപ്പിച്ചുപറഞ്ഞു: ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക–ഗോത്രവർഗവിഭാഗങ്ങൾക്കും മതിയായ പരിരക്ഷ ഉറപ്പുനൽകും. ഗാന്ധിജിയിൽനിന്നും ഇന്ത്യയുടെ ഗതകാല പാരമ്പര്യത്തിൽനിന്നും മാത്രമല്ല, ഫ്രഞ്ച്, അമേരിക്കൻ, റഷ്യൻ വിപ്ലവങ്ങളിൽനിന്നു കൂടിയാണ് നാം പുതുരാഷ്​ട്രത്തിനായി ഉൗർജം സംഭരിക്കുന്നതെന്ന് നെഹ്റു വികാരഭരിതനായി ഉണർത്തി.

കോൺസ്​റ്റിറ്റ്യുവൻറ്​ അസംബ്ലി പിരിച്ചുവിടുന്നതി​െൻറ തലേന്നാൾ, 1949 ഡിസംബർ 25ന് മഹത്തായ രാഷ്​ട്രീയപ്രമാണം പൂർത്തിയാക്കിയ ആഹ്ലാദത്തിനിടയിൽ അംബേദ്​കർ നൽകിയ മുന്നറിയിപ്പുകളിൽ ചിലത് അയവിറക്കേണ്ട സന്ദർഭമാണിത്. അദ്ദേഹം പറഞ്ഞു: മറ്റൊരു രാജ്യത്തുമില്ലാത്ത ഭക്തിയും വ്യക്തിപൂജയും ഇന്ത്യൻ രാഷ്​ട്രീയത്തിൽ വൻതോതിൽ സ്വാധീനം ചെലുത്താനിടയുണ്ട്. മതത്തിൽ ഭക്തി​െകാള്ളാം. അതുവഴി ആത്മീയമോക്ഷം ലഭിച്ചേക്കാം. എന്നാൽ, രാഷ്​ടീയത്തിൽ അത് അധ$പതനത്തിലേക്കും സ്വേച്ഛാധിപത്യത്തിലേക്കുമുള്ള വഴിയായി മാറുമെന്നുറപ്പാണ്. ഇന്ദിര ഗാന്ധിയുടെ ജീവിതവും നരേന്ദ്ര മോദിയുടെ വർത്തമാനകാലാനുഭവങ്ങളും അംബേദ്​കറുടെ ദീർഘദൃഷ്​ടി എത്ര യാഥാർഥ്യമാണെന്ന് തെളിയിക്കുന്നു.

മതാന്ധതയിൽ ചാമ്പലാവുന്ന ഭരണഘടനാമൂല്യങ്ങൾ
പൗരസമത്വം ഉദ്ഘോഷിച്ച മഹത്തായ ഒരു ഭരണഘടനയെ അട്ടിമറിക്കാൻ തുടക്കം മുതൽ ആർ.എസ്​.എസ്​ ശ്രമിക്കുന്നുണ്ടായിരുന്നു. കാലഘട്ടത്തെ കൈക്കുമ്പിളിലൊതുക്കിയ മഹാരഥന്മാരായ രാഷ്​ട്രശിൽപികളുടെ മുന്നിൽ അത് വിലപ്പോയില്ല. വി.ഡി. സവർക്കറും എം.എസ്.​ ഗോൾവൾക്കറും വിഭാവന ചെയ്യുന്ന ഹിന്ദുരാഷ്​ട്രത്തി​െൻറ ഭരണഘടന മനുസ്​മൃതിയാണ്. അംബേദ്​കർ രൂപം നൽകിയ ഭരണഘടനയെയോ ഭരണഘടന പ്രഖ്യാപിച്ച ദേശീയ പതാകയെയോ ദേശീയ ഗാനത്തെയോ ഇതുവരെ സംഘ്പരിവാർ അംഗീകരിച്ചിട്ടില്ല.

1999–2004 കാലഘട്ടത്തിൽ എ.ബി. വാജ്പേയിയുടെ ഭരണകാലത്ത് ഭരണഘടന മാറ്റിയെഴുതാൻ ശ്രമങ്ങൾ നടന്നെങ്കിലും രാഷ്​ട്രപതി കെ.ആർ. നാരായണൻ ആ നീക്കം പരാജയപ്പെടുത്തി. ഭരണഘടന പരാജയപ്പെട്ടിട്ടില്ല എന്നും നമ്മളാണ് അതിനെ തോൽപിക്കാൻ ശ്രമിക്കുന്നതെന്നും നാരായണൻ തുറന്നടിച്ചു. 2014ൽ അധികാരത്തിലേറിയതു മുതൽ നാഗ്പുരിലെ ഹെഡ്ഗേവാർ ഭവനിൽ ഭരണഘടന എങ്ങനെ അട്ടിമറിക്കാം എന്ന ഗവേഷണം തുടരുന്നുണ്ടായിരുന്നു. മോദിയുടെ രണ്ടാമൂഴത്തിൽ പാർലമ​െൻറിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ചു ഭരണഘടനയുടെ അടിസ്​ഥാന ചട്ടക്കൂട് പൊളിച്ചെഴുതാനും ‘ഹിന്ദുത്വ’ സിദ്ധാന്തങ്ങൾക്കനുസൃതമായി മതേതര സങ്കൽപത്തെ കുഴിച്ചുമൂടാനും തീരുമാനിച്ചുറച്ചതി​െൻറ പരിണതിയാണ് പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വപ്പട്ടിക എന്ന ‘ഷിൻഡ്​ലേഴ്സ്​ ലിസ്​റ്റും’. മതാന്ധതയും വെള്ളം ചേർക്കാത്ത മുസ്​ലിം വിരുദ്ധതയുമാണ് ഈ നീക്കത്തി​െൻറ മുഖ്യപ്രചോദനം.

എന്നിട്ടും അമിത് ഷായും രാം മാധവും (ബി.ജെ.പി ജനറൽ സെക്രട്ടറി) പച്ചക്കളളം പറയുകയാണ്; ‘ന്യൂനപക്ഷങ്ങളുടെ താൽപര്യം സംരക്ഷിക്കാനാണ് ഈ നിയമനടപടിയെന്ന്. ശ്രീലങ്ക, ചൈന, മ്യാന്മർ, തിബത്ത്​ എന്നീ അയൽരാജ്യങ്ങളിൽനിന്ന് പ്രാണരക്ഷാർഥം അഭയാർഥികളായെത്തുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് മാനുഷികപരിഗണനപോലും നൽകാൻ തയാറല്ലാത്ത ഭരണകൂടമാണ്, ‘ഇസ്​ലാം ഭൂരിപക്ഷ ’ രാജ്യമായ പാകിസ്​താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള മുസ്​ലിം ഇതര വിഭാഗങ്ങൾക്ക് പീഡനത്തി​െൻറ പേരു പറഞ്ഞു പൗരത്വം ദാനം ചെയ്യാൻ അമിതാവേശം കാട്ടുന്നത്. മതത്തെ പൗരത്വത്തിനുള്ള മാനദണ്ഡമാക്കിയതോടെ നമ്മുടെ ഭരണഘടനമൂല്യങ്ങളെ ആർ.എസ്​.എസ്​ ചവിട്ടിമെതിച്ചിരിക്കുകയാണ്. ഈ ക്രൂരത തുടരുന്നതോടെ രാജ്യത്തിന് നഷ്​ടപ്പെടുന്നത് അതി​െൻറ അടിസ്​ഥാന ജീവിതരേഖയാണ്. ഹിന്ദുരാഷ്​ട്രത്തി​െൻറ പിറവി സംഭവിക്കുന്നത് ആ ദുരന്തത്തോടെയായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jawaharlal NehruMalayalam ArticleCitizenship Amendment ActLiyakath Ali Khan
News Summary - Jawaharlal Nehru Liyakath Ali Khan Citizenship Amendment Bill -Malayalam Article
Next Story