ജനുവരി 6: ലോക യുദ്ധ അനാഥദിനം; യുദ്ധം തളര്‍ത്തുന്ന ബാല്യങ്ങള്‍
text_fieldsമനുഷ്യപുരോഗതിയുടെ അവകാശവാദങ്ങള്‍ക്കിടയിലും ലോകം ഇന്നും യുദ്ധങ്ങളുടെയും അധിനിവേശങ്ങളുടെയും പിടിയിലാണ്. ജനുവരി 6 ‘ലോക യുദ്ധ അനാഥ ദിനം’ ആയി ആചരിക്കപ്പെടുമ്പോള്‍, അത് കേവലം ഒരു കലണ്ടര്‍ ദിനമല്ല, മറിച്ച് മുറിവേറ്റ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ നിലവിളിയാണ്. യുദ്ധം കവര്‍ന്നെടുത്ത ബാല്യങ്ങളെക്കുറിച്ചും അവരെ ഈ അവസ്ഥയിലേക്ക് തള്ളിയിട്ട രാഷ്ട്രീയ ഗൂഢാലോചനകളെക്കുറിച്ചും ഒരു പുനര്‍ചിന്തനം ഇവിടെ അനിവാര്യമാണ്.
ഫ്രഞ്ച് സംഘടനയായ ‘എസ്.ഒ.എസ് ഇന്ഫന്റ്സ് എന്‍ ഡിട്രെസ്സസ്’ ആണ് ലോക യുദ്ധ അനാഥ ദിനം സ്ഥാപിച്ചത്. യുദ്ധക്കെടുതി അനുഭവിക്കുന്ന കുട്ടികളുടെ ദയനീയാവസ്ഥയിലേക്ക് ലോകശ്രദ്ധ തിരിക്കാനും അവര്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കാനും വേണ്ടിയാണ് ഈ സംഘടന മുന്‍കൈ എടുത്തത്. യുദ്ധങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്നവരെക്കാള്‍ കൂടുതല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് സിവിലിയന്മാരും, അതില്‍തന്നെ ഏറ്റവും ദുര്‍ബലരായ കുട്ടികളുമാണെന്ന തിരിച്ചറിവില്‍നിന്നാണ് ഈ ദിനാചരണം ആരംഭിച്ചത്.
യുനൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ടിന്റെ (UNICEF) കണക്കുകള്‍ പ്രകാരം ലോകമെമ്പാടുമുള്ള അനാഥരുടെ എണ്ണം ഭീതിജനകമാണ്. യുനിസെഫിന്റെ കണക്കനുസരിച്ച് ഏകദേശം 140 ദശലക്ഷത്തിലധികം യുദ്ധത്താല്‍ അനാഥരാക്കപ്പെട്ടവര്‍ ലോകമെമ്പാടുമുണ്ട്. പ്രാദേശികമായി ഈ കണക്കുകൾ ഇങ്ങനെ പറയാം: ഏഷ്യ: 61 ദശലക്ഷം, ആഫ്രിക്ക: 52 ദശലക്ഷം, ലാറ്റിന്‍ അമേരിക്കയും കരീബിയനും: 10 ദശലക്ഷം
കിഴക്കന്‍ യൂറോപ്പും മധ്യേഷ്യയും: 7.3 ദശലക്ഷം
സമ്പന്ന രാജ്യങ്ങളില്‍ അനാഥരുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും, യുദ്ധങ്ങളോ പ്രധാന രോഗങ്ങളോ പടര്‍ന്നുപിടിച്ച പ്രദേശങ്ങളില്‍ ഈ സംഖ്യ കുതിച്ചുയരുകയാണ്. ഇതില്‍ 95 ശതമാനം കേസുകളിലും അനാഥരായ കുട്ടികള്‍ അഞ്ച് വയസ്സിന് മുകളിലുള്ളവരാണ്. പലരും മാതാപിതാക്കളുടെ അഭാവത്തില്‍ മുത്തച്ഛന്റെയോ മറ്റ് ബന്ധുക്കളുടെയോ കൂടെയാണ് താമസിക്കുന്നത്. എന്നാല്‍, വേണ്ടത്ര പരിചരണമോ ഭക്ഷണമോ പാര്‍പ്പിടമോ ഇല്ലാതെ ഇവര്‍ രോഗങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാകുന്നു.
അഭയാർഥികളാക്കപ്പെടുന്ന ജീവിതങ്ങള്‍ യുദ്ധത്തിന്റെ മറ്റൊരു ദുരന്തഫലമാണ്. സ്വന്തം വീടും തൊഴിലും സമ്പാദ്യങ്ങളും ഉപേക്ഷിച്ച് പ്രാണരക്ഷാർഥം പലായനം ചെയ്യേണ്ടിവന്നവരാണിവര്. യുനിസെഫ് കണക്കനുസരിച്ച് ലോകത്തിന്റെ വിവിധ സംഘര്‍ഷ മേഖലകളില്‍ ലക്ഷക്കണക്കിന് കുട്ടികള്‍ ഇത്തരത്തില്‍ യുദ്ധത്തിന്റെ ആഘാതം നേരിട്ടുകൊണ്ട് കഴിയുന്നു. ശാരീരികമായ പരിക്കുകള്‍ക്കൊപ്പം വിദ്യാഭ്യാസത്തിന്റെയും പോഷകാഹാരത്തിന്റെയും അഭാവം ഇവരുടെ ഭാവി നശിപ്പിക്കുന്നു.
ഇന്നത്തെ ലോകസാഹചര്യത്തില്‍ യുദ്ധങ്ങള്‍ വെറുമൊരു അപ്രതീക്ഷിത സംഭവമല്ല, മറിച്ച് വന്‍ശക്തികളുടെ ആസൂത്രിതമായ നീക്കങ്ങളാണ്. വെനിസ്വേലപോലുള്ള രാജ്യങ്ങളില്‍ നാം കാണുന്ന സൈനിക ഇടപെടലുകള്‍ ഇതിന് തെളിവാണ്. എണ്ണയും മറ്റ് വിലപിടിപ്പുള്ള പ്രകൃതിവിഭവങ്ങളും ലക്ഷ്യമിട്ട് ഒരു രാജ്യത്തെ കീഴടക്കുകയും അവിടത്തെ ഭരണാധികാരികളെ തടവിലാക്കുകയും ചെയ്യുന്നത് ആധുനിക അധിനിവേശത്തിന്റെ ക്രൂരമായ മുഖമാണ്. ഇത്തരം അധിനിവേശങ്ങള്‍ ഒരു ജനതയെ മുഴുവന്‍ അടിമത്തത്തിലേക്കും ലക്ഷക്കണക്കിന് കുട്ടികളെ അനാഥത്വത്തിലേക്കും തള്ളിയിടുന്നു. വന്‍ശക്തികള്‍ തങ്ങളുടെ സാമ്പത്തിക ലാഭത്തിനായി മനഃപൂർവം യുദ്ധങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, അവിടെ അനാഥരാക്കപ്പെടുന്ന ഓരോ കുഞ്ഞും ഭരണകൂട ഭീകരതയുടെ സ്മാരകങ്ങളാണ്. അധിനിവേശത്തിലൂടെയും വിഭവക്കൊള്ളയിലൂടെയും മനഃപൂർവം സൃഷ്ടിക്കപ്പെടുന്ന അനാഥത്വമാണത്.
നിലവില്‍ ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന യുദ്ധങ്ങളില്‍ ഗസ്സയിലെയും സുഡാനിലെയും സിറിയയിലെയും കാഴ്ചകള്‍ നെഞ്ചുലക്കുന്നതാണ്. കഴിഞ്ഞ മാസങ്ങളില്‍ മാത്രം ഗസയില്‍ പതിനായിരക്കണക്കിന് കുട്ടികള്‍ കൊല്ലപ്പെട്ടു. ആശുപത്രികളില്‍ 'WCNSF' എന്ന ചുരുക്കപ്പേര് അഥവാ, ‘പരിക്കേറ്റ കുട്ടി, കുടുംബത്തില്‍ ആരും ജീവനോടെയില്ല’ ഒരു സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു.
പതിറ്റാണ്ടുകളായി തുടരുന്ന ആഭ്യന്തരയുദ്ധങ്ങളും വിദേശ ഇടപെടലുകളും സുഡാന്, സിറിയ എന്നീ രാജ്യങ്ങളിലെ ഒരു തലമുറയെത്തന്നെ ഇല്ലാതാക്കിയിരിക്കുന്നു.
ആയുധങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും വേണ്ടി കോടികള്‍ ഒഴുക്കുന്ന വന്‍ശക്തികള്‍, ആ തുകയുടെ ഒരു ചെറിയ ഭാഗമെങ്കിലും അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനായി മാറ്റിവെച്ചിരുന്നെങ്കില്‍ ഈ ലോകം മറ്റൊന്നായേനെ. യുദ്ധം ആഗ്രഹിക്കുന്ന ഭരണാധികാരികള്‍ക്ക് കുഞ്ഞുങ്ങളുടെ കണ്ണീരിന് തീര്‍ച്ചയായും മറുപടി നല്‍കേണ്ടിവരും. അധികാരം നിലനിര്‍ത്താന്‍ ചോരപ്പുഴകള്‍ ഒഴുക്കുന്നവര് ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റവാളികളാണ്.
‘യുദ്ധം ഒരിക്കലും വിജയികളെ നിശ്ചയിക്കുന്നില്ല, മറിച്ച് അവശേഷിക്കുന്നവരെ മാത്രം നിശ്ചയിക്കുന്നു’. യുദ്ധത്തിനുശേഷം അവശേഷിക്കുന്ന ആ കുഞ്ഞുങ്ങളുടെ കണ്ണീരില്‍ ഒരു രാഷ്ട്രവും വിജയിയാകുന്നില്ല. ജനുവരി 6, ലോക യുദ്ധ അനാഥ ദിനത്തില്‍ നമുക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടാകാവൂ, യുദ്ധമില്ലാത്ത ഒരു ലോകം. ഓരോ കുഞ്ഞിനും മാതാപിതാക്കളുടെ സംരക്ഷണത്തില്‍, ഭയരഹിതമായി വളരാന്‍ കഴിയുന്ന സമാധാനപൂർണമായ ഒരു പുലരിക്കായി നമുക്ക് കൈകോര്‍ക്കാം. സമാധാനം എന്നത് ആരുടെയും ഔദാര്യമല്ല, അത് ഓരോ കുഞ്ഞിന്റെയും മൗലികാവകാശമാണ്.
പ്രസിഡന്റ്, ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് (pulludan@gmail.com)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

