ഇസ്രായേലിന്റെ അതിക്രമവും ഇന്ത്യയുടെ നിഷ്പക്ഷതയും
text_fieldsഇറാൻ ആക്രമണം കനത്തതിനെ തുടർന്ന് രാജ്യം വിടാനായി തെൽ അവീവിൽ അധികൃതർക്ക് മുന്നിൽ പേര് രജിസ്റ്റർ ചെയ്യുന്ന യൂറോപ്യൻ പൗരൻമാർ
ഇന്ത്യയെയും പാകിസ്താനെയും കൊണ്ട് താൻ ചെയ്യിച്ചത് പോലൊരു വെടിനിർത്തൽ കരാർ ഇസ്രായേലും ഇറാനും തമ്മിൽ ഉണ്ടാക്കണമെന്നും ഉണ്ടാക്കുമെന്നുമാണ് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രസ്താവിച്ചത്. ഇന്ത്യ - പാക് സംഘർഷം അവസാനിപ്പിച്ചത് ട്രംപിന്റെ മധ്യസ്ഥതയിലല്ലെന്ന കേന്ദ്ര സർക്കാറിന്റെയും ബി.ജെ.പിയുടെയും നിലപാട് സർവകക്ഷി സംഘം യു.എസിൽ പോയി അവതരിപ്പിച്ചശേഷവും സംഘർഷത്തിന് അറുതിവരുത്തിയത് താൻ തന്നെയാണെന്ന് ട്രംപ് അസന്ദിഗ്ധമായി ആവർത്തിച്ചിരിക്കുന്നു.
വിദേശവക്താവ് രൺധീർ ജയ്സ്വാളും വിദേശമന്ത്രി എസ്. ജയശങ്കറും തൊട്ട് കോൺഗ്രസ് എം.പിയായ ശശി തരൂർവരെയുള്ളവർ കേന്ദ്ര സർക്കാറിന്റെയും ബി.ജെ.പിയുടെയും ഭാഷ്യം വിദേശരാജ്യങ്ങളിൽ പോയിവരെ അവതരിപ്പിച്ചിട്ടും അതങ്ങനെയങ്ങ് പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറായിട്ടില്ല. ട്രംപിന്റെ അവകാശവാദം നിഷേധിക്കേണ്ടത് പ്രധാനമന്ത്രിയാണെന്ന് പറയുന്ന തരൂർ ഒഴികെയുള്ള കോൺഗ്രസ് അപ്പറഞ്ഞത് കളവെങ്കിൽ അതിലുള്ള പ്രതിഷേധം മോദി ട്രംപിനെയും യു.എസിനെയും അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.
ഇസ്രായേൽ ഇറാനെ കടന്നാക്രമിക്കുമ്പോൾ
ഒരു പ്രകോപനവുമില്ലാതെ ഇറാന് മേൽ ഇസ്രായേൽ നടത്തിയ കടന്നാക്രമണവും അതിന് മറുപടിയായി ഇറാൻ നടത്തിയ പ്രത്യാക്രമണവുമാണ് ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിച്ചതിലുള്ള ‘തന്റെ പങ്കാളിത്തം’ വീണ്ടും ഓർമിപ്പിക്കാൻ യു.എസ് പ്രസിഡന്റിനെ പ്രേരിപ്പിച്ചത്. അതേസമയം ആക്രമണം അവസാനിപ്പിക്കാൻ താങ്കൾ ഇസ്രായേലിനോട് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് ഇത്തരമൊരു പ്രസ്താവനക്ക് ശേഷവും ട്രംപിന്റെ മറുപടി. ഗസ്സ കൂട്ടക്കുരുതിക്ക് പിന്നാലെ ഇറാനിലേക്കും ഇസ്രായേലിനെ കയറൂരിവിട്ടിരിക്കുന്നത് യു.എസ് ആണല്ലോ. എന്നിട്ടും ഇന്ത്യാ -പാക് സംഘർഷം അവസാനിപ്പിക്കുന്നത് പോലൊരു താൽപര്യം ഇസ്രായേൽ - ഇറാൻ സംഘർഷം തീർക്കുന്ന കാര്യത്തിൽ ട്രംപിനില്ലെന്ന് സുവ്യക്തം.
ഇറാനുമായി തങ്ങൾ നടത്തുന്ന ആണവ നിർവ്യാപന ചർച്ച അട്ടിമറിച്ചും ഇറാന്റെ ഭാഗത്തുനിന്ന് ചർച്ച നയിക്കുന്നവരെ കൊലപ്പെടുത്തിയും ഇറാനിലെ മാധ്യമസ്ഥാപനങ്ങൾക്ക് മുകളിലും ബോംബിട്ടും പേ പിടിച്ച് പായുന്ന ഇസ്രായേലിനെ പിടിച്ചുകെട്ടാൻ ട്രംപിന് തൽക്കാലം താൽപര്യമില്ല. പശ്ചിമേഷ്യയിൽ എന്തും ചെയ്യാൻ ഇസ്രായേലിന് നൽകിയ സ്വാതന്ത്ര്യം പാകിസ്താന് നേരെയുള്ള ആക്രമണങ്ങളിലും സംഘർഷത്തിലും തന്റെ മിത്രം ഡോണൾഡ് ട്രംപ് ഇന്ത്യക്ക് അനുവദിച്ചുനൽകാത്തതിൽ നരേന്ദ്ര മോദിക്ക് ഒട്ടും കുണ്ഠിതമില്ല. സ്വാതന്ത്ര്യലബ്ധി തൊട്ട് പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെല്ലാം ചവിട്ടിയെറിഞ്ഞ് എന്ത് അരുതായ്മ ചെയ്താലും ഇസ്രായേലിനെ വിമർശിക്കാൻ തങ്ങളൊരുക്കമല്ലെന്ന നിലപാട് കൈക്കൊണ്ടിരിക്കുകയാണ് ഇന്ത്യ.
ഗസ്സയിലെ വെടിനിർത്തലിനുള്ള വോട്ടെടുപ്പിൽ കൈപൊക്കാതിരുന്ന മോദിയുടെ ഇന്ത്യ ഇറാനെതിരായ ആക്രമണത്തെ അപലപിക്കുന്ന ഷാങ്ഹായ് സഹകരണ കൂട്ടായ്മ (എസ്.സി.ഒ)യുടെ പ്രമേയത്തിൽനിന്ന് വിട്ടുനിന്ന് അന്തർദേശീയ സമൂഹത്തെ ഒരിക്കൽകൂടി അമ്പരപ്പിച്ചിരിക്കുന്നു. ഗസ്സയിലേത് പോലെ യുദ്ധനിയമങ്ങളും അന്തർദേശീയ മര്യാദകളും കാറ്റിൽപറത്തി ഇറാന്റെ പരമാധികാരത്തിനുമേൽ ഇസ്രായേൽ നടത്തിയ കടന്നാക്രമണത്തെ അപലപിക്കാതെ വിട്ടുനിന്നതിലൊതുങ്ങിയില്ല ഇന്ത്യയുടെ ഇസ്രായേൽ സ്നേഹം. ഈ അപലപന പ്രമേയത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇന്ത്യ പ്രത്യേകം പ്രസ്താവനയിറക്കുകയും ചെയ്തു.
അപലപിക്കാനില്ലാതെ ആശങ്കയിലൊതുക്കി
സൈനിക മേധാവികളെയും സൈനിക ക്യാമ്പുകളെയും ആണവ ശാസ്ത്രജ്ഞരെയും ആണവനിലയങ്ങളെയും ലക്ഷ്യമിട്ട് ജൂൺ 13ന് ഇറാനുമായുള്ള സംഘർഷത്തിന് തുടക്കമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണം അന്തർദേശീയ നിയമത്തിന്റെയും ഐക്യരാഷ്ട്ര സഭ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് എസ്.സി.ഒ പ്രമേയം കുറ്റപ്പെടുത്തിയിരുന്നു. ഇറാന്റെ പരമാധികാരത്തിന് മേലുള്ള ഈ കടന്നുകയറ്റം മേഖലാ, അന്തർദേശീയ സുരക്ഷ തകർക്കുമെന്നും ലോകസമാധാനത്തിനും സുസ്ഥിരതക്കും ഗുരുതര ഭീഷണിയാകുമെന്നും 10 അംഗരാജ്യങ്ങളുള്ള ഷാങ്ഹായ് സഹകരണ കൂട്ടായ്മ മുന്നറിയിപ്പ് നൽകി.
എന്നാൽ, മേൽ പ്രസ്താവനയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇന്ത്യ ഭാഗമായിട്ടില്ലെന്നും തങ്ങളുടെ നിലപാട് കൂട്ടായ്മയെ അറിയിച്ചതാണെന്നും തൊട്ടുപിന്നാലെ വിദേശ മന്ത്രാലയം പ്രസ്താവന ഇറക്കി. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും ഇരുവിഭാഗവും സംഘർഷം കുറച്ചുകൊണ്ടുവരണമെന്നും ആ ദിശയിലുള്ള പരിശ്രമം അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നുമുള്ളതാണ് തങ്ങളുടെ നിലപാടെന്നും എസ്.സി.ഒക്കുള്ള മറുപടിയെന്നോണം ഇന്ത്യ വ്യക്തമാക്കി. അപലപനത്തിന് പോലും മുതിരാതെ ‘‘ഇറാനും ഇസ്രായേലിനുമിടയിൽ ഈയിടെയുണ്ടായ സംഭവവികാസങ്ങളിൽ അങ്ങേയറ്റം ആശങ്കയുണ്ട്’’ എന്ന് മാത്രമാണ് ഇന്ത്യ ഇതുവരെ നടത്തിയ ശക്തമായ പ്രതികരണം.
നിഷ്പക്ഷം എന്നാൽ നീതിയുടെ പക്ഷം
ഇന്ത്യക്ക് ചേർച്ചയുള്ള ഒരു വിദേശനയമില്ലെന്ന് ‘വിരോധാഭാസ പ്രധാനമന്ത്രി’ എന്ന് പേരിട്ട തന്റെ കൃതിയിലെഴുതി വെച്ചത് മോദിയുടെ നയതന്ത്ര ദൗത്യ സംഘത്തിന്റെ തലവനായ മുൻ വിദേശ സഹമന്ത്രി ശശി തരൂർതന്നെയാണ്. നരേന്ദ്ര മോദിയുടെ വിദേശയാത്രകളും അവിടെ നടത്തുന്ന പ്രസ്താവനകളും രാജ്യത്തിനകത്ത് അദ്ദേഹത്തിന്റെ കുടുസ്സായ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ പര്യാപ്തമാണെങ്കിലും വിദേശരാജ്യങ്ങൾക്ക് മുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായയുയർത്താൻ പര്യാപ്തമല്ലെന്നാണ് ശശി തരൂർ പറഞ്ഞുവെച്ചിരുന്നത്. തരൂർ അന്ന് നടത്തിയ നീരീക്ഷണത്തിൽനിന്ന് കേന്ദ്ര സർക്കാറും ബി.ജെ.പിയും അണുവിട മാറിയിട്ടില്ലെന്ന് ഇസ്രായേലിനോടുള്ള നയതന്ത്ര അനുരാഗം കാണിക്കുന്നു.
കാലുഷ്യം നിറഞ്ഞ വർത്തമാന ലോക സാഹചര്യങ്ങളിൽ കാര്യങ്ങളെത്തി നിൽക്കുമ്പോൾ ശശി തരൂർ അതെഴുതിയ സമയത്തേക്കാൾ വിദേശനയം കൂടുതൽ ദുർബലമായി തീർന്നിരിക്കുകയാണ്. സാമ്പത്തിക മേധാവിത്തമോ സൈനിക ശക്തിയോ ആയിരുന്നില്ല ഇന്ത്യയെ നാളിതുവരെ വിദേശ രാജ്യങ്ങൾക്കുമുമ്പിൽ വിശ്വഗുരുവാക്കി തീർത്തിരുന്നത്. മറിച്ച് അന്തർദേശീയ സംഘർഷങ്ങളിലും രാജ്യാന്തര തർക്കങ്ങളിലും സ്വാതന്ത്ര്യ ലബ്ധി തൊട്ടേ നീതിയുടെ പക്ഷത്തുനിന്ന് കൈക്കൊണ്ട നിലപാടുകളായിരുന്നു. നീതിയുടെ പക്ഷമായിരുന്നു ഇന്ത്യക്ക് നിഷ്പക്ഷം. എന്നാൽ, വിദേശരാജ്യങ്ങളിലെ ഭരണാധികാരികൾ അണിയിക്കുന്ന പതക്കങ്ങളിലാണ് ഇന്ത്യയുടെ വിശ്വഗുരുസ്ഥാനം എന്ന വിശ്വാസക്കാരനായ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അത്തരമൊരു നീതിബോധം അലട്ടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

