‘നൂറ്റാണ്ടി​െൻറ വഞ്ചന’

  • പദ്ധതി പൂർണമായും തിരസ്കരിച്ചിരിക്കുന്നു ഫലസ്തീൻ. പി.എൽ.ഒ സെക്രട്ടറി ജനറൽ സാഇബ് അരീകാത് ‘നൂറ്റാണ്ടി​െൻറ വഞ്ചന’ (Fraud of the Century) എന്നാണ് വിശേഷിപ്പിച്ചത്​. ഏറെക്കാലമായി പരസ്പരം പഴിചാരി, വേർപിരിഞ്ഞു നിൽക്കുന്ന ഹമാസ്, ഫതഹ് എന്നീ സംഘടനകളെ ഇത് യോജിപ്പിക്കാൻ സഹായകമാകുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്...

വരുന്ന മാർച്ച് രണ്ടിന്​ ഇസ്രായേലിൽ പാർലമ​െൻറ്​ തെരഞ്ഞെടുപ്പ് നടക്കും. ‘നെസറ്റി’ലേക്കുള്ള 23ാമത്തെ തെരഞ്ഞെടുപ്പ് മൂന്നാം തവണയാണ് നടക്കുന്നത്. കാവൽ പ്രധാനമന്ത്രിയായി തുടരുന്ന ബിന്യമിൻ നെതന്യാഹുവും  പ്രതിപക്ഷത്തെ  ബെന്നി ഗാൻറ്സും തമ്മിലാണ് പോര്. ​െസപ്​റ്റംബറിലെ തെരഞ്ഞെടുപ്പിനുശേഷം ഇരുനേതാക്കളും ചേർന്നു ഒരു ഐക്യകക്ഷി ഭരണത്തിനുള്ള  ശ്രമം നടത്തിയെങ്കിലും, തീവ്ര വലതുപക്ഷ കക്ഷികളെ  ഉൾപ്പെടുത്താനുള്ള നെതന്യാഹുവി​​െൻറ നിർബന്ധം കാരണം, അത് വിജയിച്ചില്ല. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് പ്രസിഡൻറ്​ റൂവൻ റിവ്ളിൻ വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.


ട്രംപും നെതന്യാഹുവും തെരഞ്ഞെടുപ്പ്​ നേരിടുകയാണ്. രണ്ടുപേരും ആരോപണവിധേയർ. വിശ്വാസവഞ്ചനയുടെയും കൈക്കൂലിയുടെയും പേരിൽ നെതന്യാഹുവിനെതിരെ കേസുകളുണ്ട്. രണ്ടു വർഷത്തെ വിശദ അന്വേഷണങ്ങൾക്കുശേഷമാണ് അറ്റോണി ജനറൽ അവിഷാ മണ്ടേൽ ബ്ലിറ്റ്സ് അദ്ദേഹത്തി​​െൻറമേൽ കുറ്റം ചുമത്തിയത്. എന്നാൽ,  ‘പ്രധാനമന്ത്രി’യെന്ന പദവി ഉപയോഗിച്ച് അദ്ദേഹം തൽക്കാലം വിചാരണയിൽനിന്നു മാറിനിൽക്കുകയാണ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഈ പ്രതിരോധം  നഷ്​ടമാകും. അതിനാൽ എങ്ങനെയെങ്കിലും തെരഞ്ഞെടുപ്പിൽ വിജയിക്കുകയെന്നത് നെതന്യാഹുവിനു മർമപ്രധാനമാണ്. ഈയൊരു സന്ദർഭത്തിലാണ് അദ്ദേഹത്തി​​െൻറ സ്വന്തം ഡോണൾഡ്​ ട്രംപ്​  രക്ഷാധികാരിയായി എത്തിയത്​. ജനുവരി 28ന് നെതന്യാഹുവിനെ അരികിൽ നിർത്തി പ്രസിഡൻറ്​ ട്രംപ് വൈറ്റ് ഹൗസിൽനിന്നു ‘നൂറ്റാണ്ടി​​െൻറ കരാർ’  (The Century Deal) പ്രഖ്യാപിച്ചു. വൈറ്റ്ഹൗസ് വിളംബരത്തിനു മുമ്പുതന്നെ, സംഗതികൾ വിശദമായി മനസ്സിലാക്കാനും ട്രംപിനെ കാണാനുമായി ‘ബ്ലൂ ആൻഡ്​ വൈറ്റി’​​െൻറ നേതാവ് ബെന്നി ഗാൻറ്​സ് വാഷിങ്ടൺ സന്ദർശിച്ചിരുന്നു. കരാർപ്രഖ്യാപനം തെരഞ്ഞെടുപ്പ് കഴിഞ്ഞു വേണമെന്നായിരുന്നു അദ്ദേഹത്തി​​െൻറ പക്ഷം. മാത്രമല്ല, അത് നടപ്പിൽ  വരുത്താൻ കടമ്പകൾ ഏറെയുണ്ടെന്നും പറഞ്ഞു. പക്ഷേ,  നെതന്യാഹുവി​​െൻറ സമ്മർദത്തിനു വഴങ്ങി പെട്ടെന്നുതന്നെ ട്രംപ് കരാർ പ്രഖ്യാപിച്ചു. ഇത് ഇസ്രായേലി​​െൻറ തെരഞ്ഞെടുപ്പിനു ഒരു പുതിയ ദിശാബോധം നൽകിയതായി മനസ്സിലാകുന്നു. എല്ലാം നെതന്യാഹുവി​​െൻറ കൈപ്പിടിയിൽ ഒതുങ്ങുകയാണെന്ന് പ്രവചിക്കപ്പെടുന്നു.
‘‘കഴിഞ്ഞ മൂന്നു വർഷമായി ഞാൻ വാഷിങ്ടണിൽ ഇസ്രായേലി​​െൻറ ആവശ്യങ്ങൾ ഉണർത്തുകയായിരുന്നു. ഇപ്പോഴാണ്​ അത്​ കൈവന്നത്​. ഇതൊരു ചരിത്രനിമിഷമാണ്. ഇസ്രായേലി​​െൻറ ഭാവി ഭദ്രമാക്കുന്ന ഇത്തരം  അനുകൂല സന്ദർഭം ഇനി വരില്ല’’ -എന്നിങ്ങനെയാണ് നെതന്യാഹു പ്രതികരിച്ചത്. കരാറിനു രൂപം നൽകിയത് അദ്ദേഹത്തി​​െൻറ സ്വന്തക്കാരായ, ട്രംപി​​െൻറ പ്രത്യേക ദൂതൻ ജെയ്സൺ ഗ്രീൻബ്ലാത്, ട്രംപി​​െൻറ മരുമകനും ഉപദേശകനുമായ ജാരദ് കുഷ്​നർ, ഇസ്രായേലിലെ അമേരിക്കൻ അംബാസഡർ ഡേവിഡ് ഫ്രീഡ്മാൻ എന്നിവരാണ്.  ഇസ്രായേൽ മീഡിയ കരാറിനെ ‘ഏറ്റവും  ഉദാരമായ സമ്മാനം’ എന്ന് വിശേഷിപ്പിച്ചു. പ്രതിരോധമന്ത്രി നഫ്താലി ബെന്നറ്റ് ഇത് താമസംവിനാ നടപ്പാക്കേണ്ടതാണെന്ന്​ അഭിപ്രായപ്പെട്ടു.

കരാറി​​െൻറ ഭാഗമായി ജോർഡൻ താഴ് വരയും ഒപ്പം ‘പടിഞ്ഞാറേ കര’യിൽ അന്യായമായി ഇസ്രായേൽ പടുത്തുയർത്തിയ പാർപ്പിടസമുച്ചയങ്ങളും ഇസ്രായേൽ അധികാരപരിധിയിൽ വരും. ജറൂസലം ഇസ്രായേൽ തലസ്ഥാനമായിരിക്കും. എന്നാൽ, സുരക്ഷിത വലയങ്ങൾക്കു പുറത്ത്  ജറൂസലമി​​െൻറ വടക്കു കിഴക്കൻ അതിർത്തിയിൽ ഫലസ്തീനും ഒരു തലസ്ഥാനം അനുവദിക്കുമെന്ന് പറയുന്നു. അതിനു സമ്മതമല്ലെങ്കിൽ ജറൂസലമി​​െൻറ മുഴുവൻ ഭാഗവും ഇസ്രായേലി​​േൻറത് മാത്രമായി നിലനിൽക്കും! കരാറി​​െൻറ ഭാഗമായി സാമ്പത്തികപദ്ധതികളും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗസ്സയിൽ പുതിയ ഹാർബർ പണിയുമത്രേ. ഫലസ്തീൻ, ഇസ്രായേൽ, ജോർഡൻ, ഈജിപ്ത്, ലബനാൻ എന്നീ രാഷ്​ട്രങ്ങൾക്കിടയിൽ  അതിർത്തി വരമ്പുകളില്ലാത്ത വാണിജ്യബന്ധങ്ങൾക്ക് തുടക്കം കുറിക്കുമെന്നും  ഗൾഫ്​ രാഷ്​ട്രങ്ങളുടെ സഹായത്തോടെ വരുന്ന പത്തു വർഷങ്ങൾക്കിടയിൽ അമ്പത്  ബില്യൺ ഡോളറി​​െൻറ നിക്ഷേപം സുസാധ്യമാക്കുമെന്നും അമേരിക്ക വാഗ്ദാനം  ചെയ്യുന്നു. എന്നാൽ, ഇതിനു പകരം ഫലസ്തീനികൾക്ക് സ്വന്തം ഭവനങ്ങളിലേക്ക്  തിരിച്ചുചെല്ലാനുള്ള അവകാശം നിഷേധിക്കുമത്രേ! 
വാസ്തവം പറഞ്ഞാൽ, ഫലസ്തീനെ ഭീതിപ്പെടുത്തി സ്വന്തമാക്കുന്നതിനാണ്  പ്രസിഡൻറ്​ ട്രംപ് തുനിഞ്ഞിരിക്കുന്നത്. ഇസ്രായേലി​​െൻറ സുരക്ഷിതത്വവും അധിനിവേശ ഭൂമിയിൽ അവർക്ക് അധികാരവും കരാർ ഉറപ്പാക്കുന്നു. ഐക്യരാഷ്​ട്രസഭയുടെ 242 ാം പ്രമേയം കരാർ തൃണവത്​ഗണിക്കുന്നു. അന്താരാഷ്​ട്ര നിയമങ്ങൾ  യുദ്ധത്തിലൂടെ പിടിച്ചെടുത്ത ഭൂമിയിൽ പാർപ്പിടങ്ങൾ ഉണ്ടാക്കുന്നത്​ അംഗീകരിക്കുന്നില്ല. എന്നാൽ, കരാറനുസരിച്ചു വെസ്​റ്റ്​ ബാങ്കിൽ പടുത്തുയർത്തിയ പാർപ്പിടങ്ങൾ ഇസ്രായേൽ നിയന്ത്രണത്തിലായിരിക്കും. തുച്ഛമായ സാമ്പത്തിക നേട്ടങ്ങൾ എടുത്തുകാട്ടി ഫലസ്തീനെ വശപ്പെടുത്താനുള്ള ഒരുതരം പ്രലോഭനവും ‘വൈകാരിക ഭീഷണി’(black mailing)പ്പെടുത്തലും അല്ലാതെ മറ്റൊന്നുമല്ലിത്.

പദ്ധതി പൂർണമായും തിരസ്കരിച്ചിരിക്കുന്നു ഫലസ്തീൻ. പി.എൽ.ഒ സെക്രട്ടറി ജനറൽ സാഇബ് അരീകാത് ഇതിനെ ‘നൂറ്റാണ്ടി​​െൻറ വഞ്ചന’ (Fraud of the Century) എന്നാണ് വിശേഷിപ്പിച്ചത്​. ഏറെക്കാലമായി പരസ്പരം പഴിചാരി, വേർപിരിഞ്ഞു നിൽക്കുന്ന ഹമാസ്, ഫതഹ് എന്നീ സംഘടനകളെ ഇത് യോജിപ്പിക്കാൻ  സഹായകമാകുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്. കരാർ പ്രഖ്യാപിക്കപ്പെട്ട  ഉടൻതന്നെ മഹ്​മൂദ് അബ്ബാസ്, ഇസ്മാഇൗൽ ഹനിയ്യയുമായി സംസാരിച്ചത് ശുഭലക്ഷണമായി കരുതപ്പെടുന്നു. അതെത്ര ഫലപ്രദമാകുമെന്നു ഇപ്പോൾ പ്രവചിക്കാനാവില്ല. ഏതായാലും വെസ്​റ്റ്​ ബാങ്കും ഗസ്സയും തിളച്ചുമറിയുകയാണ്. ഫലസ്തീൻ യുവാക്കളും ഇസ്രായേൽ സേനാംഗങ്ങളും തമ്മിലുള്ള പോർവിളികളാൽ മേഖല വീണ്ടും പ്രക്ഷുബ്​ധമായിരിക്കുന്നു.

Loading...
COMMENTS