Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅധിനിവേശം + വംശഹത്യ =...

അധിനിവേശം + വംശഹത്യ = ഇസ്രായേൽ

text_fields
bookmark_border
അധിനിവേശം + വംശഹത്യ = ഇസ്രായേൽ
cancel

''ഇസ്രായേലികൾ ഇരകളായി നമ്മുടെ വീടുകൾ കൈയേറി നമ്മെ കൊലയാളികളാക്കി ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നു... ഞങ്ങളുടെ വീടുകൾക്കുമേൽ നിർമിക്കപ്പെട്ട വീടുകൾ. അവ പല ദൈവങ്ങളുടെയും പലതരം പ്രാണികളുടേതുമായ പ്രവാസ ദേശങ്ങളിൽ ചിതറിക്കിടക്കുന്ന ക്യാമ്പുകളിൽ ജീവിക്കുന്നതിനുള്ള ഞങ്ങളുടെ വിചിത്രമായ അഭിരുചി അറിയാനുള്ള സന്നദ്ധത ധീരോദാത്തമായി പ്രഖ്യാപിക്കുന്നു. ഞങ്ങളെ ഞങ്ങളുടെ വീടുകളിൽനിന്ന്​ പുറത്താക്കാനും, അവരുടെ ബുൾഡോസറുകൾ അയച്ച്​ ഞങ്ങളുടെ തന്നെ കൺമുന്നിൽ തകർക്കാനും ഞങ്ങൾ അവരോട്​ യാചിച്ചുവെന്ന മട്ടിൽ'' (റാമല്ല ഞാൻ കണ്ടു -മുരീദ്​ ബർഗൂനി)

ഇരകളെ അക്രമികളായി ചിത്രീകരിക്കുന്ന ചില മാധ്യമവായനകളും സമൂഹമാധ്യമ വാദങ്ങളും ഇസ്രായേലി ഭൂമിരാഷ്​ട്ര തന്ത്രങ്ങളും പുത്തൻ കഥകളല്ല. കോളനിയനന്തര ലോകക്രമം യൂറോപ്യൻ അധിനിവേശാധിഷ്​ഠിത മൂല്യബോധത്തെയും രാഷ്​ട്രീയ കുത്തകകളെയും സ്​ഥാനഭ്രഷ്​ടമാക്കി, പതിറ്റാണ്ടുകൾ പിന്നിട്ടുകഴിഞ്ഞിട്ടും ഒരു കൃത്രിമരാജ്യ സൃഷ്​ടിയിലൂടെ 'അധിനിവേശ'ത്തി​ന്‍റെ കുപ്പായം വെള്ളപൂശിയണിഞ്ഞ്​ ഒരു നാടിനെ ഉന്മൂലനം ചെയ്യാൻ, യൂറോപ്യൻ സയണിസ്​റ്റ്​ പ്രത്യയശാസ്​ത്രത്തി​ന്‍റെ ചുവടുപിടിച്ച്​ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതികളു​െട തുടർക്കഥയിലെ ഒരു പുതിയ അധ്യായം മാത്രമാണ്​ ഇന്ന്​ നാം ഫലസ്​തീൻ മണ്ണിൽനിന്നും കേട്ടുകൊണ്ടിരിക്കുന്നത്​.

വംശീയ ​േദശീയതയുടെയും മതമൗലികതയുടെയും സങ്കരസന്തതിയായ സയണിസം എന്ന പ്രത്യയശാസ്​ത്രം ഒരു രാജ്യനിർമിതിക്കായി ഉപയോഗിക്കുന്നിടത്ത്​ തുടങ്ങുന്നു ഫലസ്​തീ​ന്‍റെ ദുരിത കാലഘട്ടം. സ്വതന്ത്രവും സ്വന്തവുമായ ഒരു രാജ്യനിർമിതിക്കുള്ള മുഴുവൻ അസംസ്​കൃത വസ്​തുക്കളുമുണ്ടായിട്ടും ലോക ഭൂപടത്തിൽ ഒരു സ്​ഥാനവുമില്ലാതെ ചില്ലറ ഭൂപ്രദേശം എന്ന വിശേഷണത്തിലേക്ക്​ ചുരുക്കപ്പെട്ട ഫലസ്​തീനിലെ മനുഷ്യത്വ അവകാശ ലംഘനങ്ങളുടെയും കൂട്ടക്കുരുതികളുടെയും കഥ ഏകദേശം ഒരു നൂറ്റാണ്ടിൽ എത്തിനിൽക്കുന്നു.

1920കളിൽ ശക്തിപ്രാപിച്ച ബ്രിട്ടീഷ്​ മാൻഡേറ്റ്​ ഭരണകാലത്തും അതിനുമുമ്പുണ്ടായിരുന്ന ഓ​ട്ടോമൻ സാമ്രാജ്യത്വ കാലഘട്ടത്തിലും വിവിധ മതസ്​ഥർ (മുസ്​ലിം, ക്രിസ്​ത്യൻ, യഹൂദി) ഒരുമിച്ചു ജീവിക്കുന്ന ഒരു വിശാല പ്രദേശം, ഒരു രാഷ്​ട്രനിർമിതി എന്ന ബോധ്യം, ഫലസ്​തീനിൽ രൂപപ്പെട്ടില്ല എന്നു കാണാം. 1880നും 1887നും ഇടയിൽ ഫലസ്​തീനിലേക്കുണ്ടായ ചെറിയതോതിലുള്ള ജൂത കുടിയേറ്റങ്ങൾ 1897ലെ തിയോഡർ ഹെർസലി​ന്‍റെ ജൂതരാഷ്​ട്ര പ്രഖ്യാപനത്തോടെ പുതിയ മാനങ്ങളിൽ എത്തിച്ചേരുകയാണുണ്ടായത്​. ജൂതായിസത്തിന്​ അതീതമായി സയണിസം എന്നൊരു മതമൗലിക രാഷ്​ട്രീയവാദം രൂപപ്പെടുന്നതും യൂറോപ്യൻ രാജ്യങ്ങളിലും ലോകത്തി​ന്‍റെ നാനാഭാഗങ്ങളിലും കുടികൊണ്ടിരുന്ന, മുറിവേൽപ്പിക്കപ്പെട്ട, ചിതറിത്തെറിച്ച ജൂതസമൂഹത്തിന്​ ഒരു സ്വതന്ത്ര രാജ്യം എന്ന മതാധിഷ്​ഠിത രാജ്യനിർമിതി ചരിത്രത്തിൽ മറ്റൊരിടത്തും സമാനതകളില്ലാത്ത ദേശരാഷ്​ട്ര നിർമിതിയിലേക്ക്​ സയണിസവും അതിനോട്​ കൂട്ടുചേർന്ന്​ ഇസ്രായേലും എത്തിച്ചേരുന്നത്​ ഈ പ്രഖ്യാപനത്തെ പിന്തുടർന്നാണ്​ എന്ന്​ ചരിത്രം വ്യക്തമാക്കുന്നു.


'ജനവാസമില്ലാത്ത ഒരു നാട്​, നാടില്ലാത്ത ഒരു ജനതക്കായി (A land without a people for a people without a land) എന്ന തികച്ചും ആകർഷണവും നിഷ്​കളങ്കമായി തോന്നിക്കുന്നതുമായ ഒരു ആപ്​തവാക്യമാണ്​ സയണിസം ഇസ്രായേൽ നിർമിതിക്കായി കൂട്ടുപിടിച്ചത്​. ചരിത്രാതീതകാലം മുതൽ നിലനിന്ന ഒരു സമൂഹത്തെയും നാടിനെയും നിരാകരിച്ചുകൊണ്ടും നിഷ്​ക്രിയരാക്കിക്കൊണ്ടും കള്ളപ്രചാരണത്തിലൂടെ സൃഷ്​ടിച്ചെടുത്ത ഈ സമവാക്യം, പിന്നീട്​ അതി​ന്‍റെ ഫലപ്രാപ്​തിക്കായി ഒരു ജനതയുടെ നിഷ്​ഠുരമായ നിഷ്​കാസനത്തിൽ എത്തിച്ചേർന്നു നിൽക്കുന്നതായി ഇന്ന്​ കാണാം. ''സയണിസ്​റ്റുകൾ കണ്ണുംനട്ടിരിക്കുന്നത്​, പടിപടിയായുള്ള പരിപൂർണ ഫലസ്​തീൻ തുടച്ചുനീക്കലിലാണെന്നും ഒരു ജനതയുടെ മുഴുവൻ വംശീയ ശുദ്ധീകരണത്തിനാണെന്നും പ്രസിദ്ധ ജൂത റിവിഷനിസ്​റ്റ്​ ചരിത്രകാരനും എക്​സിറ്റർ യൂനിവേഴ്​സിറ്റി ​പ്രഫസറുമായ ഇലാൻ പാപ്പെ സാക്ഷ്യപ്പെടുത്തുന്നു. പ്ലാൻ ഡി (Plan dalet) എന്നാണ്​ ഇതിന്​ പേരിട്ടിരിക്കുന്നത്​ എന്നും പാപ്പെ വ്യക്തമാക്കുന്നുണ്ട്​.

ഹോളോകോസ്​റ്റ്​ ഒരു ചരിത്രയാഥാർഥ്യമാണെന്നിരിക്കെ, ഒരു മൃദു ജൂതവികാരവും പ്രീണിത ജൂതവിഭാഗത്തോടുള്ള അനുകമ്പയും അന്താരാഷ്​ട്രതലത്തിൽ തന്നെ ജൂതരാഷ്​ട്രം നേടിയെടുക്കുന്നതിനുള്ള സ്വീകാര്യത ഉറപ്പുവരുത്താൻ സയണിസ്​റ്റ്​ പ്രവർത്തകരെ സഹായിക്കുകയുണ്ടായി. എന്നാൽ, ഹോളോകോസ്​റ്റിനെ ഒരു ആയുധമാക്കി ഉപയോഗിക്കുകയാണ്​ അവർ ചെയ്​തത്​. ചരിത്രത്തോടുള്ള പാതകമാണ്​ യഥാർഥത്തിൽ സയണിസം നടപ്പിൽവരുത്തിയത്​. യൂറോപ്പി​ന്‍റെ വിവിധ ഭാഗങ്ങളിൽ വംശീയ കലാപത്തിൽ കൊന്നൊടുക്കപ്പെടുകയും പാപ്പരാക്കപ്പെടുകയും ചെയ്​ത ലക്ഷക്കണക്കിന്​ ജൂത കൂട്ടക്കൊല ചരിത്രാന്വേഷകരും പൊതുസമൂഹവും ഒരുപോലെ അപലപിക്കുന്ന ഒരു ചരിത്രവസ്​തുതന്നെയാണ്​. എന്നാൽ, ഈ മനുഷ്യക്കുരുതിക്ക്​ പരിഹാരം സമാനമായ രീതിയിൽ മറ്റൊരു നിരപരാധി വിഭാഗത്തി​ന്‍റെ വംശീയ കൂട്ടക്കൊലയാണോ എന്ന്​ ഫലസ്​തീൻ ചരിത്രവും വർത്തമാനവും ഗഹനമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്ന ഏതൊരു ജനാധിപത്യവാദിയും മനുഷ്യത്വവാദിയും ഒരുപോലെ ചോദിക്കുന്ന ചോദ്യമാണ്​. ലോകത്ത്​ മഹത്തരമെന്ന്​ സ്വയം അവകാശപ്പെടുകയും വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്ന മറ്റൊരു ജനാധിപത്യ ഭരണകൂടമാണ്​ മറ്റു പ്രബലശക്​തികളുടെ പിന്തുണയോടെ ഇത്​ നടപ്പാക്കുന്നത്​ എന്നതാണ്​ മറ്റൊരു വിരോധാഭാസം. യു.എൻ അടക്കമുള്ള അന്താരാഷ്​ട്ര സംഘടനകളും യൂറോപ്യൻ ശക്തികേന്ദ്രങ്ങളും ഇതിൽ കുറ്റകരമായ മൗനം പാലിക്കുന്നു. ''ഇസ്രായേലിന്​ സ്വയം പ്രതിരോധിക്കാനുള്ള അധികാരമു​െണ്ടന്ന'' അമേരിക്കൻ പ്രസിഡൻറി​ന്‍റെ പ്രതികരണം അത്യന്തം നിരാശജനകവുമാണ്​. ഇതിൽ കൂടുതൽ പ്രതീക്ഷിക്കാൻ ആവുകയുമില്ല.

സയണിസം രൂപപ്പെട്ടതിനുശേഷം ദേശീയ ജൂതരാഷ്​ട്ര നിധി രൂപവത്​കരിച്ച്​ യൂറോപ്പിലും ലോകത്തി​ന്‍റെ വിവിധ ഭാഗങ്ങളിലുമായി വ്യന്യസിക്കപ്പെട്ട ഒരു ഡയസ്​പോറിക്​ കമ്യൂണിറ്റിയെ മുഴുവൻ തിരികെ കൊണ്ടുവന്ന്​, ഫലസ്​തീനി​െല തദ്ദേശീയരെ തുരത്തി ഇസ്രായേൽ രാജ്യം സൃഷ്​ടിച്ചെടുത്തത്​, ജർമനിയും അമേരിക്കയും അടക്കമുള്ള വൻ ശക്തികളുടെ സഹായത്തിലൂ​െടയാണ്. ഫലസ്​തീനിലെ ബ്രിട്ടീഷ്​ ഭരണത്തി​നെ തുരത്തിയാണ്​ ഇസ്രായേൽ രൂപവത്​കൃതമായതെങ്കിലും ബ്രിട്ടീഷ്​ പിന്തുണയും ഇതോടൊപ്പം ചേർത്തു​വായിക്കേണ്ടതുണ്ട്​. ഐതിഹ്യവും തെറ്റിദ്ധാരണജനകമായ ആപ്​തവാക്യങ്ങളും കൂട്ടിച്ചേർത്ത്​ ഇ​സ്രായേൽ എന്ന രാജ്യസൃഷ്​ടിക്കു ഫലസ്​തീൻ മണ്ണ്​ സ്​ഥാപിച്ചെടുക്കു​േമ്പാൾ ആദ്യം കാൽവെപ്പ്​, പിന്നീട്​ അധിനിവേശം, തുടർന്ന്​ സ്​ഥിരപ്പെടൽ എന്ന അധിനിവേശ തത്ത്വമാണ്​ സയണിസം പ്രയോഗിച്ചത്​. അക്രമം, ഭൂപ്രദേശ കീഴ്​പ്പെടുത്തൽ, ജനനിയന്ത്രണം എന്നീ മൂന്നു അടിസ്​ഥാന കാര്യങ്ങളാണ്​ എല്ലാ സാമ്രാജ്യത്വശക്തികളും സർവസാധാരണമായി ഉപയോഗിക്കുന്നത്​. ഇത്​ ഈ ഉത്തരാധുനിക കോളനിയാനന്തര കാലഘട്ടത്തിലും ഫലസ്​തീൻ മണ്ണിൽ ഇസ്രായേൽ അനുഷ്​ഠിച്ചുപോരുന്നു.

ഉൽപത്തി പുസ്​തകത്തിലെ പരാമർശം മുൻനിർത്തി (11:3, 12:1, 12:67, 15, 18, 19, 20, 21) ജൂതന്മാർക്ക്​ സ്വതന്ത്ര രാഷ്​ട്രം എന്ന ലക്ഷ്യം മുൻനിർത്തി 1930കളിൽ ഇസ്രായേൽ സംഘർഷം ശക്തിപ്പെടുത്തുകയും യാസിർ അറഫാത്തി​ന്‍റെ നേതൃത്വത്തിലുള്ള ഫലസ്​തീൻ വിമോചന സംഘടന (പി.എൽ.ഒ) സമാധാനപരമായ പ്രശ്​നപരിഹാരത്തിന്​ (ഇതിനെതിരെ എതിർപ്പുകൾ ഫലസ്​തീനിൽനിന്നുതന്നെ ഉയർന്നുവന്നിട്ടുണ്ട്​) 1947ൽ യു.എൻ, പ്രത്യേക പരിഗണന നൽകി യുനൈറ്റഡ്​ നേഷൻസ്​ സ്​പെഷൽ കമീഷൻ ഓൺ ഫലസ്​തീൻ (യു.എൻ.എസ്​.സി.പി) രൂപവത്​കരിച്ച്​ ഫലസ്​തീനെ വിഭജിച്ച്​ ഇസ്രായേൽ എന്ന ഒരു സ്വതന്ത്ര രാജ്യ സൃഷ്​ടി പ്രഖ്യാപിക്കുകയും ചെയ്​തു. വിവിധ മതസ്​ഥരുടെ ആരാധനാ കേ​​ന്ദ്രമായി നിലനിൽക്കുന്ന ജറൂസ​ലമിനെ അന്താരാഷ്​ട്ര നിയന്ത്രണത്തിൽ കൊണ്ടുവരാനും തീരുമാനമായി. തുടർന്ന്​ 1948 മേയ്​ 14ന്​ ബ്രിട്ടീഷ്​ ഭരണം അവസാനിപ്പിക്കുകയും 1948 മേയ്​ 15ന്​ ഇസ്രായേൽ ഒരു സ്വതന്ത്രരാഷ്​ട്രമായി സ്വയം പ്രഖ്യാപിക്കുകയുമാണുണ്ടായത്​.


എല്ലാ വർഷവും മേയ്​ 15, ഇസ്രായേൽ ദേശീയദിനം ആയി കൊണ്ടാടു​േമ്പാൾ, പ്രസ്​തുത ദിവസം ഫലസ്​തീൻകാർ നഷ്​ടദിനം അഥവാ ദുരന്തദിനം (നക്​ബ) ആയിട്ടാണ്​ സ്​മരിക്കുന്നത്​. ഇതിന്​ സുവ്യക്തമായ കാരണങ്ങളുണ്ട്​. ഇസ്രായേൽ സൃഷ്​ടിക്കപ്പെടു​േമ്പാൾ ആ നാട്ടിലുണ്ടായിരുന്ന ഒമ്പതുലക്ഷം തദ്ദേശീയവാസികളിൽ ഏതാണ്ട്​ ഏഴര ലക്ഷത്തോളം പേർ ആട്ടിയോടിക്കപ്പെടുകയും ജന്മനാട്ടിലും സമീപ രാഷ്​ട്രങ്ങളിലും അഭയാർഥികളാ​ക്കപ്പെടുകയും ചെയ്​തു. ലബനാൻ, സിറിയ, സൗദി അറേബ്യ, ജോർഡൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ ഒരിക്കൽപോലും ജന്മനാട്ടിൽ തിരിച്ചെത്താൻ കഴിയാതെ ജീവിക്കുന്ന അനേകായിരം ഫലസ്​തീൻ അഭയാർഥികളുണ്ട്​. തുടർന്ന്​ 1967ലെ ആറു ദിന യുദ്ധത്തിൽ ഇ​സ്രായേൽ, ഫലസ്​തീൻ സ്വാധീനമുണ്ടായിരുന്ന കിഴക്കൻ ജറൂസ​ലമും ഗോലാൻ കുന്നുകളും വെസ്​റ്റ്​ബാങ്കി​ന്‍റെയും ഗസ്സയുടെയും സിംഹഭാഗങ്ങളും കീഴ്​പ്പെടുത്തുകയും സാമ്രാജ്യം വികസിപ്പിക്കുകയും ​അവിടെയുണ്ടായിരുന്ന സ്വദേശികളെ ആട്ടിയോടിക്കുകയോ കൊന്നൊടുക്കുകയോ അഭയാർഥികളാക്കി ഭൂപടത്തിൽ പോലും ഇടമില്ലാത്ത ഒരു സമൂഹമാക്കി മാറ്റപ്പെടുകയോ ​െചയ്യുകയുണ്ടായി. ജന്മനാട്ടിലെ വലിയൊരുഭാഗം അധിനിവേശ ഫലസ്​തീൻ ആക്കി മാറ്റപ്പെട്ടപ്പോൾ, ലോകത്ത്​ തുല്യതയില്ലാത്ത അഭയാർഥി സമൂഹമായി മാറി ഫലസ്​തീനികൾ. ഇസ്രായേലിലും ഫലസ്​തീനിലും അധിനിവേശ ഫലസ്​തീനിലും ജീവിക്കുന്ന ഫലസ്​തീനികളെ യഥാർഥത്തിൽ എന്തു​ നാമകരണം ചെയ്യണം എന്നതുതന്നെ ഒരു പ്രസക്ത ചോദ്യമാണ്​. അവർ അഭയാർഥികളല്ല. മറിച്ച്​ സ്വന്തം നാട്ടിൽ അഭയാർഥിത്വത്തി​ന്‍റെ തിക്തരസം പേറി ജീവിക്കുന്ന പൗരന്മാരാണ്​. മറിച്ചുള്ള നാമകരണം പോലും ചരിത്രത്തെ അപായപ്പെടുത്തലാണ്​. ഇസ്രായേൽ എന്ന രാഷ്​​സൃഷ്​ടിയും അവരുടെ ജൂതരാഷ്​ട്ര തന്ത്രങ്ങളും ആഴത്തിൽ മനസ്സിലാക്കു​േമ്പാൾ മേൽപറഞ്ഞ കാര്യങ്ങൾ വ്യക്തമാണ്​. ഇലാൻ പാപ്പെ, ബെന്നി മോറിസ്​, നോർമൻ ഫിങ്കൽസ്​റ്റീൻ​, അവി ഷ്​ളെയിം, നോം ചോംസ്​കി തുടങ്ങിയവരുടെ നിരീക്ഷണങ്ങളും പഠനങ്ങളും ഇവിടെ ചർച്ചാവിഷയമാക്കേണ്ടതുണ്ട്​.

ഇക്കഴിഞ്ഞ റമദാൻ അവസാന വാരത്തിൽ അൽ-അഖ്​സ പള്ളി കേന്ദ്രീകരിച്ചുണ്ടായ സംഘട്ടനവും തുടർന്നുണ്ടായ ഇസ്രായേൽ ആ​ക്രമണവും ഒരു ഒറ്റപ്പെട സംഭവമല്ല. തദ്ദേശീയർക്കെതിരെ ദിനേനയെന്നോണം ചങ്ങലയായി സംഭവിച്ചുകൊണ്ടിരിക്കുന്ന ആ​ക്രമണ പരമ്പരയിൽ ഏറ്റവും അടുത്തത്​ എന്നുവിളിക്കാം. 20 ഫലസ്​തീൻ കുടുംബങ്ങളെ അവരുടെ വീട്ടിൽനിന്നും കുടിയൊഴിപ്പിക്കുന്ന കോടതിവിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്​ ഉണ്ടായ ഫലസ്​തീൻ ചെറുത്തുനിൽപും അൽഅഖ്​സ പള്ളിയിലെ ആക്രമണവും ഹമാസി​ന്‍റെ മുന്നറിയിപ്പും തുടർന്ന്​ ഇസ്രായേൽ സംഘർഷം ശക്തിപ്പെടുത്തിയപ്പോൾ ഹമാസി​ന്‍റെ ഭാഗത്തുനിന്നുണ്ടായ പ്രത്യാക്രമണവും പിന്നീടങ്ങോട്ട്​ ഇസ്രായേൽ നടത്തുന്ന നരമേധവും കോവിഡ്​ കാലഘട്ടത്തിൽ അൽ അഖ്​സ പള്ളിയിൽ തടിച്ചുകൂടിയ ജനത്തെ ഒഴിപ്പിക്കാനുള്ള ഇസ്രായേൽ സൈനിക ഇടപെടൽ മാത്രമായി, നിഷ്​കളങ്കമായി വായിക്കപ്പെടുന്നു. കേരളമടക്കമുള്ള ലോക ജനതയോട്​ വികലമാക്കപ്പെട്ട ചരിത്രത്തി​െൻറ വക്താക്കളാകരുത്​ എന്നു മാത്രമേ പറയാൻ സാധിക്കൂ. ഫലസ്​തീന്​ ഇടമില്ലാത്ത ലോകരാജ്യ പട്ടികയിൽ ഇത്തരത്തിലുള്ള ഇസ്ര​ായേലിനെ പെടുത്താമോ എന്നതും ഒരു ചോദ്യമാണ്​.

'നീണ്ട ചരിത്രനിർമാണ പ്രക്രിയ'യിൽ യഥാർഥത്തിൽ ഫലസ്​തീന്​ നഷ്​ടപ്പെട്ടത്​ സ്വന്തം രാജ്യവും സ്വത്വവും ശരീരങ്ങളും (ജനതയും) ആണെന്നിരിക്കെ, കോളനിയനന്തര കാലഘട്ടമെന്നു ചരിത്രവും സിദ്ധാന്തങ്ങളും സാഹിത്യവും സാംസ്​കാരിക പഠനങ്ങളും ഉദ്​ഘോഷിക്കുന്ന ഈ കാലഘട്ടത്തിൽ, ഇന്നും പ്രാകൃതമായി തുടർന്നുകൊണ്ടിരിക്കുന്ന കോളനിവത്​കരണത്തിലൂടെ, ഈ പോസ്​റ്റ്​ മില്ലെനിയൻ യുഗത്തിലും നമ്മുടെ കണ്ണിനുമുന്നിൽ ഇസ്രായേൽ ദിനേനയെന്നോണം ബുൾഡോസ്​ ചെയ്യുന്നത്​ നൂറുകണക്കിന്​ ഗ്രാമങ്ങളും പട്ടണങ്ങളും അവിടെയുള്ള മനുഷ്യ സസ്യലതാദികളുമാണ്​. ഇലൻ പാപ്പെ വംശീയഹത്യ എന്നു വിളിച്ചതും ഇതിനെ തന്നെയാണ്. ഇന്നിപ്പോൾ നമ്മുടെ നാട്ടിലെ ഒരു ആരോഗ്യപ്രവർത്തകയുടെ വേർപാടി​ന്‍റെ വേദനയിൽ നാം എത്തിനിൽക്കു​േമ്പാൾ കാര്യങ്ങൾ വസ്​തുനിഷ്​ഠമായി വിലയിരുത്താൻ നാം ആർജവം കാണിക്കേണ്ടതുണ്ട്​.

ചരിത്രാന്വേഷകരും ചിന്തകരും സാക്ഷ്യപ്പെടുത്തുന്നത്​ ലോകം കണ്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വർണ വർഗ വിവേചനമാണ്​ ഫലസ്​തീനിൽ നടക്കുന്നത്​ എന്നാണ്​. ഇസ്രായേലിൽ രണ്ടാം ക്ലാസ്​ പൗരന്മാരായി ജന്മനാട്ടിൽ അഭയാർഥിത്വം വഹിച്ച്, വീട്​, വൈദ്യുതി, വെള്ളം, തൊഴിൽ തുടങ്ങിയ അടിസ്​ഥാന ജീവിതാവശ്യങ്ങൾക്കായി ഇസ്രായേലി​​ മിലിട്ടറി ഫോഴ​്​സിനു മുന്നിൽ മുട്ടുമടക്കി, അനാവശ്യമായി തുറുങ്കിലടക്കപ്പെടുന്ന ഒരു ജനസമൂഹം ജനാധിപത്യ ലോകക്രമത്തിനു മുന്നിലെ ഏറ്റവും അപഹാസ്യമായ വസ്​തുതകളിൽ ഒന്നാണ്. അധിനിവേശ ഫലസ്​തീനു ചുറ്റും തീർത്ത, ഇന്നും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വേർതിരിവി​ന്‍റെ മതിൽ, സമാനതകളില്ലാത്ത വംശീയ ചേരിതിരിവി​ന്‍റെ പ്രതീകമാണ്​. തദ്ദേശീയർക്ക്​ ഒരു റോഡ്​, ഇസ്രായേലി വിഭാഗത്തിന്​ മറ്റൊന്ന്​, ദിനേന വർധിച്ചുകൊണ്ടിരിക്കുന്ന മിലിട്ടറി ചെക്ക്​​പോയൻറുകൾ, കർശനമായ പരിശോധനകൾ, ചെക്ക്​പോയൻറുകളിൽ മരിച്ചുവീഴുന്ന ശരീരങ്ങൾ, എ,ബി,സി തുടങ്ങിയ വിവിധ വിഭാഗങ്ങളായി തിരിച്ച്​ സ്വദേശികൾക്ക്​ ഭ്രഷ്​ട്​ കൽപിച്ച സ്​ഥലങ്ങൾ, ബോംബിട്ട്​ നശിപ്പിക്കപ്പെടുന്ന വീടുകൾ, കൃഷിസ്​ഥലങ്ങൾ, സ്​കൂളുകൾ, ​ആരാധനലായങ്ങൾ, വർഷങ്ങളായി തമ്മിൽ കാണാൻപോലും സാധ്യമാകാത്ത കുടുംബാംഗങ്ങൾ, ജീവൻ പൊലിയുന്ന കുഞ്ഞുങ്ങൾ, സ്​ത്രീകൾ, യുവാക്കൾ, ആരോഗ്യപ്രവർത്തകർ ഇവയെല്ലാം ഫലസ്​തീനിൽ നിത്യയാഥാർഥ്യങ്ങൾ. ഒരു സാധാരണ മനുഷ്യ​ന്‍റെ സ്വയംപ്രതിരോധം പോലും ഒരു ഭീകര​ന്‍റെ പ്രഖ്യാപനമായി മുദ്രകുത്തപ്പെട്ട്​ ജയിലിലടക്കപ്പെടാൻ നിമിഷങ്ങൾ മതി, ഇവിടം.


ഇസ്രായേലും അവരുടെ വക്താക്കളും സൃഷ്​ടിച്ചെടുക്കുന്ന രേഖീയമായ ചരിത്ര സമവാക്യങ്ങളും മിത്തുകളും നിഷ്​പ്രഭമാണെന്നു മനസ്സിലാക്കാൻ ആധുനിക സമൂഹത്തിന്​ നിഷ്​പ്രയാസം കഴിയും. കൃത്യമായ ചരിത്ര അവലോകനം മാത്രം മതി, യാഥാർഥ്യങ്ങൾ ചേർത്തുവെക്കു​േമ്പാൾ ഒരു ജനാധിപത്യ രാജ്യമായി നിലനിൽക്കാൻപോലുമുള്ള നൈതികമൂല്യമില്ലാത്ത ഒരു രാജ്യമാണ്​ ഇസ്രായേൽ എന്നു നിസ്സംശയം പറയാം.

എങ്കിലും നിരവധി വിട്ടുവീഴ്​ചകൾക്കു തയാറായി, 1948 ലെ യു.എൻ വിഭജന ഫോർമുല ഉൾക്കൊണ്ട്​ സമാധാന ജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന തദ്ദേശീയർക്കുനേരെ സെക്യൂരിറ്റി സമവാക്യങ്ങൾ സൃഷ്​ടിച്ച്​, ആ​ക്രമണം അഴിച്ചുവിടുന്ന അധീശത്വ ശക്തിയായ ഇസ്രാ​േയലി​ന്‍റെ ലക്ഷ്യം സമാധാനമോ സുരക്ഷയോ അല്ല. വിശാല ഇസ്രായേൽ എന്ന വിശാല ലക്ഷ്യപൂർത്തീകരണത്തിനായി മിത്തുകളുടെ പിൻബലത്തിൽ ഫലസ്​തീനും മറ്റു പല അറബ്​ രാജ്യങ്ങളും കീഴടക്കി സാമ്രാജ്യത്വ ശക്തിയായി തുടരുക എന്ന ആഗ്രഹപൂർത്തീകരണത്തിലേക്ക്​ ഇസ്രായേൽ നടന്നടുക്കു​േമ്പാൾ അതിൽ ഇനിയും അനേകായിരം മനുഷ്യർ മരിച്ചുവീഴും. നെക്രോ പൊളിറ്റിക്കൽ തന്ത്രമുറയാണ്​ ഇസ്രായേലി​ന്‍റെ മാർഗം എന്നു ഇതിനോടകം പലരും വ്യക്തമാക്കിയിട്ടുണ്ട്​.

ആയുധക്കച്ചവടവും ബുദ്ധിപരമായ വ്യാപാരങ്ങളും നിലനിൽക്കാൻ ആഗോള ശക്തികൾക്ക്​ ഇസ്രായേലിനോടുള്ള ഉദാര സമീപനം കൂടിയേ തീരൂ. എഴുപതുകളിലെയും അതിനുമുമ്പുമുള്ള ഇന്ത്യൻ നിലപാടിൽ വന്ന വ്യതിയാനങ്ങളും പല അറബ്​ രാജ്യങ്ങളുടെയും കുറ്റകരമായ മൗനവും നിരാശ ജനിപ്പിക്കുന്നു.

എന്നാൽ, ലോകത്തി​ന്‍റെ വിവിധ കോണുകളിൽനിന്നും ജൂതസമൂഹത്തിനിടയിൽ നിന്നുപോലുമുള്ള ഐക്യദാർഢ്യ റാലികളും പ്രഖ്യാപനങ്ങളും നേരിയ പ്രതീക്ഷക്കു വകനൽകുന്നുണ്ട്​. ഫലസ്​തീൻ ഒരു യഹൂദ-ഇസ്​ലാം മതപ്രശ്​നമായി ചുരുക്കാൻ കഴിയുന്ന ഒന്നേയല്ല. ഇതൊരു രാഷ്​ട്രീയ പ്രശ്​നമാണ്​. കോളനിയനന്തര കാലഘട്ടത്തിലും സാമ്രാജ്യത്വ ശക്തി വികസിപ്പിച്ചെടുക്കാൻ വംശീയഹത്യയും മറ്റ്​ പല ആധുനിക തന്ത്രങ്ങളും പ്രയോഗിക്കുന്ന ഒരു ജനാധിപത്യ ഭരണകൂടമെന്ന്​ സ്വയം വിശേഷിപ്പിക്കുന്ന രാജ്യത്തി​ന്‍റെ ചെയ്​തികൾക്കെതിരെ, ഒരു മനുഷ്യത്വ രാഷ്​ട്രീയവും രാഷ്​ട്രീയ പരിഹാരങ്ങളുമാണ്​ ആവശ്യം.

മഞ്ചേരി കൊരമ്പയിൽ അഹമ്മദ് ഹാജി മെമ്മോറിയൽ യൂനിറ്റി വിമൻസ് കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യക്ഷയും ഫലസ്തീൻ സാഹിത്യ ഗവേഷകയുമാണ് ലേഖിക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestineisraelZionism
Next Story